*ദേവൂട്ടി* (നീണ്ട കഥ )
ദേവൂട്ടി (നീണ്ടകഥ )
JP Kalluvazhi
Part 1
അന്ന് 2017ഡിസംബർ 25 ക്രിസ്തുമസ് ദിവസമാണ്. വൈകുന്നേരം 4മണിക്ക് തന്നെ ഞാൻ അമ്പലപറമ്പിലെക്ക് ഇറങ്ങി.
പറഞ്ഞപോലെതന്നെ മുരളി, അമ്പലപറമ്പിലെ ആൽത്തറയിൽ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ട് 4മണിക്ക് തന്നെ എത്തണം എന്ന് തലേദിവസം രാത്രി വിളിച്ചുപറഞ്ഞിരുന്നു.
എന്നെ കണ്ടതും അവൻ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റു ജെപി ഏട്ടാ എന്ന് വിളിച്ചു കൈയിൽപിടിച്ചു. വാ ഇവിടെതന്നെ ഇരിക്കാം എന്ന് പറഞ്ഞു അവിടെ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നു.
എന്തായിരിക്കും ഇവന് ഇത്ര സീരിയസ് ആയി പറയാൻ ഉള്ളതെന്ന് ഒരു രൂപവും കിട്ടുന്നില്ല.
മുരളിയും ഞാനും തമ്മിൽ ചെറുപ്പം മുതലുള്ള പരിചയമാണ്. എന്റെ നാട്ടുകാരൻ, എന്നേക്കാൾ 10 വയസ്സിൽ ഇളപ്പമുണ്ട്.
ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തതു നാട്ടിലെ വായനശാലയിലെ സന്ദർശനങ്ങൾ ക്കിടയിലാണ്. പിന്നെ വായനശാലയുടെ വാർഷികം വരുമ്പോൾ, ഫണ്ട് കളക്ഷൻ മറ്റു തയ്യാറെടുപ്പുകൾ തുടങ്ങി എല്ലാകാര്യങ്ങൾക്കും ഒപ്പത്തിനൊപ്പം ഉണ്ടാകും. എന്തു കാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കുക എന്നത് അവന്റെ ഒരു രീതിയാണ്. കഴിഞ്ഞവർഷമായിരുന്നു അവന്റെ പെങ്ങളുടെ വിവാഹം. അന്ന് പങ്കെടുത്തതിന് ശേഷം അവനെ അങ്ങനെ കാണാൻ പറ്റിയിട്ടില്ല. ഒന്നുകിൽ ഞാൻ നാട്ടിൽ ഉണ്ടാകുമ്പോൾ അവൻ ഉണ്ടാകില്ല അല്ലെങ്കിൽ നേരെ തിരിച്ചും.
"കുറേകാലമായി അല്ലെ മുരളി നമ്മൾ തമ്മിൽ കണ്ടിട്ട്. എന്താ ഇത്ര കാര്യമായി പറയാനുള്ളത്.. പറഞ്ഞോളൂ.. "
"ജെപി ഏട്ടാ എന്റെ ജീവിതത്തിലെ ചില അപൂർവനിമിഷങ്ങൾ, ചില കണ്ടുമുട്ടലുകൾ, അതിന്റെ ഭാഗമായി അല്ലെങ്കിൽ ബാക്കിയായി ഇന്നും തുടരുന്ന ചില വിങ്ങലുകൾ എന്നൊക്കെ പറയാം ഇതുവരെ അതിനെകുറിച്ചൊന്നും ഞാൻ ജെപി ഏട്ടനോട് പങ്കുവെച്ചിട്ടില്ല"
."എന്താ മുരളി എന്തിനാ നീ ഇങ്ങനെ വളച്ചൊടിച്ചു പറയുന്നത്? എന്തായാലും പറയൂ. "
"കുറേഏറെ പറയാനുണ്ട് ജെപി ഏട്ടാ.. ജെപി ഏട്ടന് ഇന്ന് വേറെ തിരക്കൊന്നും ഇല്ലല്ലോ? "
"ഇല്ല പറഞ്ഞോ മുരളി "
"കുറേ കാലങ്ങൾക്കു മുൻപ് തികച്ചും യാദൃച്ഛികമായാണ് ദേവൂട്ടിയെ ഞാൻ കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രം ക്ഷേത്രത്തിനു മുൻപിലുള്ള.. പൂക്കടയിൽ വെച്ച് കണ്ടുമുട്ടിയത്.അവൾ.. ഇപ്പോൾ ആലത്തൂരിൽ ഉണ്ട്."
"ദേവൂട്ടി.. ആരാ മുരളി ഈ ദേവൂട്ടി..?
"എല്ലാം വിശദമായി പറയാം ജെപി ഏട്ടാ"..
അങ്ങനെ മുരളി ദേവൂട്ടിയെ കണ്ടതുമുതലുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞുതുടങ്ങി.
5വർഷം മുൻപ് ആയിരുന്നുവല്ലോ, ഈ ഹോമിയോപതി മെഡിസിൻ കമ്പനിയിൽ കമ്പനിയുടെ ഏരിയ സൂപ്പർവൈസർ ആയി എനിക്ക് ജോലികിട്ടുന്നത്.
ആദ്യ നിയമനം നഗർകോവിലിൽ. . നഗർകോവിൽ,തിരുനെൽവേലി, തൂത്തുകുടി ഏന്നീ മൂന്നു ജില്ലകളിലെ കോഴിഫാം , കാലിഫാം തുടങ്ങിയവ കണ്ടെത്തി കർഷകർക്ക് ഞങ്ങളുട വിവിധ മരുന്നുകൾ പരിചയപെടുത്തണം.
ആദ്യകുറച്ചു ദിവസങ്ങളിൽ നാഗർകോവിലിലെ മീനാക്ഷിപുരം ബസ്സ്റ്റാൻഡിന് അടുത്തുള്ള ശ്രീമുരുകൻ ലോഡ്ജിൽ താമസിച്ചു.കുറച്ചു ദിവസം കഴിഞ്ഞപ്പോ ൾതന്നെ ഹോട്ടൽ ഭക്ഷണത്തോട് അതൃപ്തി തോന്നിതുടങ്ങി. അവിടെ എവിടെയെങ്കിലും ഒരു ചെറിയ വീട് വാടകക്ക് കിട്ടിയാൽ ഭക്ഷണം സ്വയം പാചകം ചെയ്യാമല്ലോ എന്ന ആലോചനയിൽ അതിനുള്ള ശ്രമവും തുടങ്ങി.
അങ്ങനെ ഞങ്ങളുടെ ഒരു കസ്റ്റമർകൂടിയായ കർഷകസുഹൃത്തു വഴി ഞാൻ ശുചീന്ദ്രം ക്ഷേത്രത്തിനു മുൻപിൽ ഉള്ള ശ്രീദേവി ഫ്ലവർമാർട് എന്ന ആ പൂക്കടയിൽ എത്തുന്നതും പൂക്കടയുടെ ഉടമയുടെ മകളായ ശ്രീദേവി യെ അല്ലെങ്കിൽ "ദേവൂട്ടി"യെ ആദ്യമായി കാണുന്നത്
(Part 2)
അന്ന് ഏതാണ്ട് രാവിലെ 11 മണിയോടെയാണ് ഞാനും തേങ്ങാപട്ടണത്തുള്ള കർഷകസുഹൃത്തായ സെൽവരാജും കൂടി പൂക്കടയിൽ എത്തുന്നത്. കടയിൽ വലിയ തിരക്കില്ലാത്ത സമയം. മുല്ല, പിച്ചകം, ചെണ്ടുമല്ലി, വാടാമല്ലി, റോസാ, താമര, ജമന്തി എന്നിങ്ങനെയുള്ള പലപ്പൂക്കളുടെയും നിറക്കാഴ്ച്ചയും മനം കവരുന്ന സുഗന്ധവും. അതിനിടയിൽ, വിരിഞ്ഞുനിൽക്കുന്ന ഒരു ചുവന്ന ആമ്പലിനെപോലെ മനോഹരിയായ ശ്രീദേവി മനോഹരമായ ഒരു പുഞ്ചിരിയോടെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഒരു വേള മറ്റുപുഷപങ്ങളെയെല്ലാം മറന്ന് അവളെതന്നെ അല്പസമയം ഞാൻ നോക്കിനിന്നു.
കാഴ്ചയിൽ ഏതാണ്ട് പതിനെട്ടുവയസ്സോളം പ്രായം തോന്നിപ്പിച്ചു. ചുവന്നകളറിലുള്ള പാവാടയും ബ്ലൗസും സ്വർണനിറത്തിലുള്ള ദാവണിയുമായിരുന്നു അവളുടെ വേഷം. മാറിലൂടെ മുന്നിലേക്ക് കിടന്നിരുന്ന പിന്നികെട്ടിയ നീണ്ട മുടിയിൽ കനകാംബരവും പിച്ചകവും ഇടകലർത്തികൊരുതത്തമാലയും ചൂടിയിരുന്നു. നെറ്റിയിലെ നീളംകുറഞ്ഞചന്ദനകുറിക്ക് നടുവിലായി രക്തചന്ദനംകൊണ്ടൊരു കുഞ്ഞുപൊട്ടും. ഞാൻ അറിയാതെ എന്റെ ആ സൗന്ദര്യാസ്വാദനത്തിന്റെ സമയം അല്പം കൂടിപോയോ എന്തോ.. ഒരു പക്ഷേ എന്റെ കൂടെ വന്ന സെൽവരാജിന് അങ്ങനെ തോന്നിയിരിക്കാം.
അയാൾ ശ്രീദേവിയോട് അച്ഛൻ എവിടെ ദേവി എന്ന് ചോദിച്ചു. ഉടനെ അവൾ മുൻപോട്ട് കൈ ചൂണ്ടികാണിച്ചു.. "ദാ അപ്പാ.. ".
ഞങ്ങൾ പിന്നോട്ട് നോക്കിയപ്പോൾ വെള്ള മുണ്ടും ഷർട്ടും ധരിച്ചു കൊണ്ട് ശ്രീദേവിയുടെ അച്ഛൻ കടയിലേക്ക് വരുന്നു.
സെൽവരാജ് എന്നെ അയാൾക്ക് പരിചയപ്പെടുത്തി. ഞാൻ ഒരു പാലക്കാട്‌കാരനാണ് എന്നു പറഞ്ഞപ്പോൾ അയാൾക്കും വലിയ സന്തോഷമായി. അയാളുടെ നാട് തൃശ്ശൂരിലെ വടക്കാഞ്ചേരിയിലാണ്. പേര് ശങ്കരനാരായണൻ. ഏതാണ്ട് 30 വർഷമായി ശുചീന്ദ്രത്തിൽ. ഇപ്പോൾ നാടും വീടും എല്ലാം ഇത് തന്നെ. പണ്ട് തോവാള പൂമാർക്കെറ്റിൽ ജോലിക്കു വന്നതാണ്. പിന്നെ കല്യാണവും, പൂക്കടയും, കുടുംബവുമൊക്കെ ആയി ഇവിടെ തന്നെകൂടി.ഒരു ചെറുവിവരണത്തിലൂടെ അയാളെ പരിചയപ്പെടുത്തിതന്നു.
സെൽവരാജ് വീടിന്റെ ആവശ്യം അറിയിച്ചു. ഒരല്പനേരം ചിന്തിച്ചു എന്നിട്ട് പറഞ്ഞു.. "ഞാൻ ബാച്ചിലേഴ്സിന് വീട് കൊടുക്കാറില്ല.. അത് പല പ്രശനങ്ങളും ഉണ്ടാക്കും.. പക്ഷേ.. ഇതിപ്പോ നമ്മൊളൊക്കെ ഒരേ നാട്ടുകാർ.. പിന്നെ സെൽവരാജും ഞാനും കാലങ്ങളായുള്ള ബന്ധമാണ്. അത് കൊണ്ട് നിങ്ങളെ മടക്കി അയക്കുന്നില്ല.പക്ഷേ എനിക്കൊരുതരത്തിലും തലവേദന ഉണ്ടാക്കരുത്".
അയ്യോ അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് ഞാനും പറഞ്ഞു. അങ്ങനെ ശ്രീദേവിയോട് കടയിൽ നില്ക്കാൻ പറഞ്ഞുകൊണ്ട് അയാൾ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് കൊണ്ടുപോയി. ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്.
അയാളുടെ T.V.S സ്കൂട്ടറിനു പിന്നാലെ, സെൽവരാജിന്റെ സ്കൂട്ടറിൽ ഞങ്ങളും.
ധാരാളം തെങ്ങുകളും കവുങ്ങുകളും നിറഞ്ഞ തോപ്പുകൾക്കു നടുവിലൂടെയുള്ള ഒരു മൺപാതയിലൂടെ ഒരു അഞ്ചുമിനുട്ട് സമയത്തെ യാത്ര.ഒരു വലിയ തെങ്ങിൻതൊപ്പിന് നടുവിലെ ഓടുമേഞ്ഞ ഒരുഇരുനിലവീട് ആയിരുന്നു അവരുടെ വീട്. ആ തോപ്പിന്റെ മുൻപിലെ അതിരിൽ മൺപാതയോട് ചേർന്നു നാലോളം ചെറിയ വീടുകൾ വാടകക്ക് കൊടുക്കുവാൻ വേണ്ടി പണിതീർത്തതാണ്. അതിൽ മൂന്നുവീട്ടിലും താമസക്കാർ ഉണ്ട്. ഇനിയുള്ള ഒരു ചെറിയ വീടാണ് എനിക്ക് വേണ്ടി കാണിച്ചുതന്നത്. ആ വീടും അന്തരീക്ഷവും എല്ലാം എന്തോ എനിക്ക് വല്ലാതെ ഇഷ്ടമായി. വാടകയും അഡ്വാൻസുമെല്ലാം പറഞ്ഞുറപ്പിച്ചു. പിറ്റേന്ന് എത്താം എന്ന് പറഞ്ഞുയാത്ര പറഞ്ഞിറങ്ങി.
സത്യത്തിൽ തമിഴ്നാട്ടിലേക്കാണ് നിയമനം എന്നറിഞ്ഞപ്പോൾ ആ ജോലി വേണ്ടെന്ന് വെച്ചാലോ എന്ന് കൂടി ആലോചിച്ചതാണ് ഞാൻ. കോളേജ് പഠനം കഴിഞ്ഞ ഉടനെ ആദ്യം കിട്ടിയ ഒരു ഓഫർ.. എന്തായാലും ഒരു കൈ നോക്കാം എന്ന് തോന്നി.
പക്ഷേ നാഗർകോവിൽ എത്തിയപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം പേരിൽ തമിഴ്നാടാണെങ്കിലും ബാക്കി എല്ലാം കേരളത്തിലേതു പോലെതന്നെ. ഭാഷയിൽ അല്പംമാത്രം തമിഴ്ചേർക്കും. പ്രകൃതിമനോഹരമായ പ്രദേശങ്ങൾ. ക്ഷേത്രങ്ങൾ, കടൽതീരങ്ങൾ, വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളുകൾ. ഒരു കാലത്തു കേരളത്തിൽ ഉൾപ്പെട്ടത് തന്നെആയിരുന്നത്രെ കന്യാകുമാരി. അന്ന് പാലക്കാട് തമിഴ്നാട്ടിലും. പിന്നീട്..അത് പരസ്പരം കൈമാറി കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായിമാറി.
പക്ഷേ തിരുനെവേലിയിലും തൂത്തുകുടിയിലും പോകുമ്പോൾ അല്പം പ്രയാസം തന്നെആയിരുന്നു. ഭാഷയും ഭക്ഷണവും ആളുകളുമെല്ലാം.
അങ്ങനെ അടുത്ത ദിവസം തന്നെ
ശ്രീദേവിയുടെ വീടിനോട് ചേർന്നുള്ള വാടകവീട്ടിലേക്ക് താമസം മാറി.പുതിയ ജോലിയും, അവിടുത്തെ ആ അന്തരീക്ഷവും,രസമുള്ള പല കാഴ്ചകളും എല്ലാത്തിനും പുറമെ ശ്രീദേവിയുടെ സാന്നിധ്യവും എന്റെ ജീവിതത്തിൽ നല്ല സന്തോഷമുള്ള, അല്ലെങ്കിൽ നിറപ്പകിട്ടാർന്ന നാളുകളായിരുന്നു എന്ന് തന്നെ പറയാം.
Part 3
അത്യാവശ്യം സൗകര്യം ഒക്കെയുള്ള വീടു തന്നെ ആയിരുന്നു അത്. ചെറിയ ഒരു ഉമ്മറ വരാന്ത, ഒരു ഹാൾ, ഒരു ബെഡ്‌റൂം, ഒരു കിച്ചൻ പിന്നിൽ വർക്ക് ഏരിയയും ബാത്റൂമും. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ ധാരാളംതന്നെ.
എപ്പോഴും
നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ്.
ഉമ്മറവരാന്തയിൽ കസേരയിലിരുന്നു അരതിണ്ണയിൽ കാലുംകയറ്റിയിരുന്നാൽ നേരം പോകുന്നതറിയില്ല.
ആകാശത്തെക്ക് നോക്കിയിരുന്നാൽ ദൂരെ കന്യാകുമാരിയിലെ കടലിനുമുകളിൽ വട്ടമിട്ടുപറക്കുന്ന പരുന്തുകളെയും മറ്റനേകം പക്ഷികളെയും കാണാം. പിന്നിലെ വർക്ക് ഏരിയയിൽ നിന്നാൽ ദേവൂട്ടിയുടെ വീടിന്റെ മുൻഭാഗവും കാണാം. തൊട്ടടുത്ത രണ്ടുവീട്ടിലെ ഒന്നിൽ കുംഭകോണത്തു നിന്നുള്ള ഒരു ഫാമിലിയും മറ്റൊന്നിൽ കോവിൽപട്ടണത്തുനിന്നുള്ളവരുമായിരുന്നു.
അവിടെ താമസം തുടങ്ങി ആദ്യ നാളുകളിൽ എപ്പോഴെങ്കിലും ദേവൂട്ടിയെ കണ്ടാൽ പരസ്പരം ഒരു പുഞ്ചിരിമാത്രം . കാര്യമായി സംസാരിക്കാനൊന്നും നിൽക്കില്ല. അങ്ങോട്ട് കേറിമിണ്ടാൻ എനിക്കും എന്തോ ഒരു വല്ലായ്മ. വഴിയിൽവെച്ചു കാണുമ്പോൾ ശങ്കരൻകുട്ടി അങ്കിൾ വല്ലതും ചോദിക്കും പറയും അത്രതന്നെ.
നേരത്തെ ജോലികഴിഞ്ഞുവരുന്ന ചില ദിവസങ്ങളിൽ ഞാൻ ക്ഷേത്രത്തിലേക്കിറങ്ങും. അവിടെ താമസം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഞാൻ ആദ്യമായി ക്ഷേത്രം കാണാനിറങ്ങുന്നത്. വൈകുന്നേരം ഏതാണ്ട് 5മണിയോട് കൂടി ക്ഷേത്രത്തിൽ എത്തി. എത്രകണ്ടാലും മതിവരില്ല എന്ന്തന്നെ പറയാം അത്രയും മനോഹരവും അതിശയം തോന്നിപ്പിക്കുന്നതുമാണ്,
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഒരുമിച്ചു വാഴുന്ന സ്ഥാണുമലയൻ ക്ഷേത്രം എന്ന
ശുചീന്ദ്രക്ഷേത്രം.
ക്ഷേത്രവഴിയിലേക്ക് കടക്കുമ്പോള്‍ തന്നെ വലതുവശം അതിവിശാലമായ ക്ഷേത്രക്കുളവും അതിന് നടുക്കായി ഒരു മണ്ഡപവും കാണാം.
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള
ക്ഷേത്രത്തിൻറെ പ്രവേശന ഗോപുരവും 25അടിയോളം ഉയരമുള്ള ഗോപുരവാതിലും, അതിൽ ദേവൻമാരുടേയും ദേവതകളുടേയും രൂപങ്ങൾ കൊത്തുപണിതത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു.
കവാടഭാഗത്ത് രണ്ടു ദ്വാരപാലകരും രണ്ട് വ്യാളികളുമുണ്ട് . അകത്ത് മൂന്ന് ദൈവങ്ങളുടെയും സങ്കല്‍പ്പമായ ലോഹ വിഗ്രഹം. ക്ഷേത്രത്തിനകത്തു
ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ മണ്ഡപത്തൂണുകള്‍,
ഒറ്റക്കല്ലില്‍ നിന്നും കൊത്തിയെടുത്ത,
സപ്തസ്വരങ്ങള്‍ പൊഴിക്കുന്ന
മണ്ഡപത്തൂണുകള്‍ ശരിക്കും ഒരു അത്ഭുതം തന്നെ .
ചുറ്റമ്പലത്തിനു കിഴക്കേ ഭാഗത്തുള്ള 18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠ അതിശയത്തോടെ ഞാൻ കുറേനേരം നോക്കിനിന്നുപോയി.
കുളത്തിന്റെ സൈഡിൽ അഗ്രഹാരതെരുവാണ്. ചില ദിവസങ്ങളിൽ രാവിലെയോ വൈകീട്ടോ അഗ്രഹാരതെരുവിലൂടെ നടക്കാനിറങ്ങും.പഴയകാലശൈലിയിൽ പണിതീർത്ത വീടുകളും, വീടിന്റെ മുന്പിലെ കോലമെഴുത്തുകളും അവിടെയുള്ളവരുടെ പ്രത്യേക സംസാരശൈ ലിയുമെല്ലാം ഒരു പുതിയ അനുഭവം നൽകി.
ചിലദിവസങ്ങളിൽ ദേവൂട്ടിയും ക്ഷേത്രത്തിൽ വരാറുണ്ട്. പ്രദക്ഷിണവഴിയിൽ വെച്ചു കണ്ടുമുട്ടുമ്പോൾ പതിവ്പോലെ പരസ്പരം ഒരു പുഞ്ചിരിമാത്രം.
മിക്ക ദിവസങ്ങളിലും അമ്പലത്തിനകത്തും പുറത്തുമായി പലപ്പോഴും, കാവി മുണ്ടും ഷാളുമണിഞ്ഞ ഒരു വൃദ്ധനെ കാണാറുണ്ടായിരുന്നു.അടുത്ത് വരുമ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കും രണ്ടുവഴിക്കു നീങ്ങും.അങ്ങനെ അധികം തിരക്കില്ലാത്ത
ഒരു ദിവസം ക്ഷേത്ര കുളത്തിന്റെ കല്പടവിൽ വെച്ചു ഞങ്ങൾ പരിചയപ്പെട്ടു.
"കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് സ്വദേശം. കഴിഞ്ഞ15 വർഷമായി ക്ഷേത്രവും ക്ഷേത്രപരിസരവുമായി കഴിയുന്നു.
കുടുംബത്തിന്വേണ്ടി കുറേക്കാലം വിദേശത്തു മരുഭൂമിയിൽ അധ്വാനിച്ചു. മക്കൾവലുതായി വലിയ നിലയിൽഎത്തി. അതിനിടയിൽ ഭാര്യമരണപ്പെട്ടു. മക്കൾക്ക് അച്ഛൻ ഒരു ബാധ്യതആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവിടെനിന്നും ഇറങ്ങി. എത്തിപ്പെട്ടതു ഈ തൃമൂർത്തി സംഗമ ക്ഷേത്രത്തിൽ. ഇനി അവസാനം വരെ ഇവിടെതന്നെ "ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹത്തിന്റെ ജീവിതകഥ പറഞ്ഞു.
പിന്നീടങ്ങോട്ടുള്ള പലദിവസങ്ങളിലെയും ഞങ്ങളുടെ കൂടിക്കാഴ്‌ചകൾ പല കഥകളും പുരാണങ്ങളും പങ്കുവെക്കുന്നതിലെത്തി.
അങ്ങനെ ഒരു ദിവസം അദ്ദേഹം ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഐതിഹ്യവും പറഞ്ഞു തന്നു.
"പണ്ട് അത്രി മഹർഷി പത്നി അനസൂയമൊത്ത് താമസിച്ചുകൊണ്ടിരുന്ന സ്ഥലമാണ് , ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രസ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന പതിവ്രതയായിരുന്നു അനസൂയ.
അങ്ങനെ ഒരിക്കൽ ആ നാട്ടിൽ മഴ പെയ്യാതായി. അതിൻറെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണല്ലോയെന്ന ചിന്ത മഹർഷിയെ വല്ലാതെ വിഷമിപ്പിച്ചു. മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻവേണ്ടി അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിൻറെ അഭാവത്തിൽ ആ വെള്ളം തനിക്ക് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.
ഭർത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവമഹർഷി നാരദൻ വഴി ലക്ഷ്മി, സരസ്വതി, പാർവ്വതി ഏന്നീ മൂന്ന് ദേവിമാരുടെ ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ ഒന്ന് പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ.ഞങ്ങളുടെ രീതി അതാണ്. അങ്ങനെ തന്നാൽ മാത്രമേ ഭിക്ഷ സ്വീകരിക്കൂ.
ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.
ഇതറിഞ്ഞ് വിഷമിച്ചുഭയന്ന് അവിടെയെത്തിയ ദേവിമാർ തങ്ങളുടെ ഭർത്താക്കാന്മാരെ പഴയ രൂപത്തിൽ തിരിച്ചു നൽകണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയിൽ അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെയാണ് ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടായതെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവത്രെ.
ഇത് കൂടാതെ മറ്റൊരു കഥ കൂടി അദ്ദേഹം പറഞ്ഞു തന്നു
ഇന്ദ്ര നിർമ്മിതമാണീ ക്ഷേത്രമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഗൌതമ മഹർഷിയുടെ ഭാര്യയായ അഹല്യയുടെ സൌന്ദര്യത്തിൽ മതിമറന്ന ഇന്ദ്രൻ കോഴി കൂകുന്ന ശബ്ദമുണ്ടാക്കിയതും മഹർഷി നേരം വെളുത്തെന്നു കരുതി സ്നാനത്തിന്നായി പോയപ്പോൾ കാമാതുരനായ ദേവേന്ദ്രൻ മഹർഷിയുടെ രൂപം പൂണ്ട് അഹല്യയെ പ്രാപിച്ചതും തിരിച്ചു വന്ന മഹർഷി ദേവേന്ദ്രനെ വിവസ്ത്രനായി തന്റെ ഭാര്യക്കൊപ്പം കണ്ട് അഹല്യയെ കല്ലായിപ്പോകട്ടെയെന്നും ഇന്ദ്രനെ സഹസ്രയോനിയുള്ളവനായി തീരട്ടെയെന്നും ശപിച്ചപ്പോൾ ശാപമോക്ഷത്തിന്നായി ഇന്ദ്രൻ പ്രാർത്ഥിച്ച സ്ഥലം. ശാപമോക്ഷം കിട്ടാനായി ഇന്ദ്രൻ ത്രിമൂർത്തികളെ പ്രത്യക്ഷപ്പെടുത്തി .ഇന്ദ്രനു ശുചിയേകാൻ അവരുടെ അനുഗ്രഹം കിട്ടിയ സ്ഥലത്ത് ഇന്ദ്രൻ പണിത ക്ഷേത്രമാണിത് എന്നുമുള്ള കഥ .
അങ്ങനെ പലദിവസങ്ങളിലായി ഒട്ടനവധി കഥകൾ അദ്ദേഹം പങ്കുവെച്ചു.
ഇടക്കെല്ലാം കന്യാകുമാരിയിൽ സൂര്യോദയം കാണാനും ഞാൻ പോകുമായിരുന്നു.
അങ്ങനെ അവിടെ ടഎത്തിയിട്ട് ഏതാണ്ട് 15ദിവസം കഴിഞ്ഞു.
ആ ജോലിയും യാത്രകളും,അവിടുത്തെ ക്ഷേത്രങ്ങളും കാഴ്ചകളും, ഭക്ഷണവും എല്ലാം ഞാൻ നന്നായി ആസ്വദിച്ചു എന്ന് തന്നെ പറയാം. എങ്കിലും ഒരു വിമ്മിഷ്ടം എന്റെയുള്ളിൽ. വേറൊന്നുമല്ല ആമ്പൽപോലെ മനോഹരിയായ ദേവൂട്ടി എന്ന ആ സുന്ദരികുട്ടിയോട് ഒന്ന് മിണ്ടണം എന്തെങ്കിലും സംസാരിക്കണം. എങ്ങനെ തുടങ്ങും എന്തു പറയും. ഒരെത്തും പിടിയും കിട്ടുന്നില്ല. പലപ്പോഴും വെറുതെ വീടിന്റെ വർക്ക് ഏരിയയിൽ നിന്ന് കൊണ്ട് അവൾ അറിയാതെ അവളെ നോക്കിനിന്നിട്ടുണ്ട്.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ ആദ്യമായി ദേവൂട്ടിയുടെ വീട്ടിൽ എത്തി. അല്ലെങ്കിൽ എത്തിപെട്ടു എന്ന് വേണമെങ്കിൽ പറയാം. അന്ന് മുതൽ ഞങ്ങൾക്കിടയിലെ മൗനം മുറിഞ്ഞു.അതു വരെ ഉണ്ടായിരുന്ന ആ ചെറു പുഞ്ചിരി പിന്നീടങ്ങോട്ട് പലപ്പോഴും പൊട്ടിച്ചിരികളായിമാറി.
അന്ന് അവളുടെ അച്ഛൻ വീട്ടിൽഉണ്ടായിരുന്നില്ല. എന്റെ അടുത്തവീടുകളിലുള്ളവരും എവിടെക്കോ പോയിരുന്നു.
* Part 4
ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു . 2012 ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ച. എനിക്ക് 23 വയസ്സ് തികയുന്ന ദിവസം.
തലേദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മയാണ് ഓർമിപ്പിച്ചത്. "എടാ നാളെ നിന്റെ നാളാണ് . രാവിലെ ഏതെങ്കിലും അമ്പലത്തിൽപോകാൻ മറക്കരുത്. "
അന്ന് രാവിലെ അല്പം നേരത്തെ എഴുന്നേറ്റു ക്ഷേത്രത്തിൽ പോയികുളിച്ചു തൊഴുതു. സാധാരണപോലെ ചോറും തക്കാളികറിയും വെച്ചു. ഒരു പായസം കൂടി ആവാം എന്ന് തോന്നി. .പായസം വെക്കാനൊന്നും എനിക്ക് അറിയില്ല എങ്കിലും ഒരു പരീക്ഷണം നടത്താം എന്ന് കരുതി സേമിയ വാങ്ങിവെച്ചിരുന്നു.
പാൽ തിളപ്പിക്കാൻ ഒരുങ്ങുമ്പോളാണ് ദേവൂട്ടിയുടെ "അണ്ണാ" എന്ന വിളികേൾക്കുന്നത്.
അത് കേട്ടതും ഞാൻ ഓടിപുറത്തുവന്നപ്പോൾ പേടിച്ചരണ്ട മുഖവുമായി ദേവൂട്ടിനിൽക്കുന്നു.
എന്നെ കണ്ടതും അവൾ "അണ്ണാ ഒന്ന് വീട്ടിലെക്ക് വാങ്കോ.. അമ്മ ബാത്‌റൂമിൽ വീണു "എന്ന് പറഞ്ഞു.
ഞാൻ വേഗം അവളുടെ കൂടെ വീട്ടിലെ ബാത്‌റൂമിൽ എത്തിയപ്പോൾ അവളുടെ അമ്മ വീണിടത്തുനിന്നും എഴുന്നേൽക്കാൻ പണി പ്പെടുന്നു. രണ്ടുപേരും കൂടി ശ്രമിച്ചിട്ടും പറ്റാത്തത് കൊണ്ടാണ് എന്നെ വിളിക്കാൻ വന്നത്.
ഞങ്ങൾ രണ്ടുപേരും കൂടി പിടിച്ചെഴുന്നേൽപിച്ചു. കാൽമുട്ടിന് കാര്യമായ പരിക്ക് പറ്റിയപോലെ പതുക്കെ കസേരയിൽ ഇരുത്തി.വേഗം ഒരു ടാക്സി വിളിക്കാൻ പറഞ്ഞു. ദേവൂട്ടി ഫോൺ ചെയ്തുഅധികം വൈകാതെതന്നെ ഒരു ടാക്സി എത്തി. നേരെ നാഗർകോവിൽ ശിവ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പരിശോധനയിൽ ചെറിയ ഒരു സർജറി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചു. അപ്പോഴേക്കും ദേവൂട്ടിയുടെ അച്ഛൻ അവിടെ എത്തി.
സർജറി കഴിഞ്ഞു ഏതാണ്ട് അഞ്ചുദിവസം കഴിഞ്ഞാണ് ദേവൂട്ടിയുടെ അമ്മയെ ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്തത്.പൂക്കടയിലെ കാര്യങ്ങളും ഹോസ്പിറ്റലും ഒക്കെ ആയി ദേവൂട്ടിയുടെ അച്ഛൻ ആകെ കുഴഞ്ഞുമറിയുന്ന ഒരവസ്ഥയിലായിരുന്നു . അത് കൊണ്ട്തന്നെ ആ ദിവസങ്ങളിൽ എന്റെ സാന്നിധ്യം അവർക്ക് ഒരു അനുഗ്രഹമായി മാറി എന്ന് അയാൾ പലപ്പോഴും പറഞ്ഞു. ഞാൻ ആണെങ്കിൽ വെകുന്നേരം 5 മണിയോടെ ഫ്രീ ആകും. പിന്നീട് ദേവൂട്ടിയുടെ അച്ഛൻ പൂക്കട അടച്ചുവരുന്നതു വരെ ഹോസ്പിറ്റലിൽ അവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. ദേവൂട്ടിയുടെ അമ്മക്ക് ബി. പി. പണ്ടേ ഉള്ളതാണ്. അതാണ് അന്ന് ബാത്‌റൂമിൽ തലചുറ്റി വീഴാൻ കാരണം.
എന്തായാലും ഈ ഒരു സംഭവത്തോടെ ഞാൻ അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെ ആയി എന്ന് തന്നെ പറയാം.
ദേവൂട്ടിയുടെ അച്ഛനും അമ്മയും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ജോലിയില്ലാത്ത സമയങ്ങളിൽ മിക്കവാറും ഞാൻ ദേവൂട്ടിയുടെ വീട്ടിലായിരുന്നു. സമയം ചിലവഴിച്ചിരുന്നത്.
പലപ്പോഴും ദേവൂട്ടിയുടെ അമ്മ പറയും. "മോൻ എന്തിനാ ഒറ്റക്ക് അവിടെ ഭക്ഷണമൊക്കെ ഉണ്ടാക്കാൻ നിൽക്കുന്നത്. ഇവിടെ നിന്നും കഴിച്ചാൽ പോരെ.? "
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. വെറുതെ ഒന്ന് ചിരിച്ചു.
അവരുടെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി തൈര്സാധത്തിന്റെ രുചി അറിയുന്നത്.
ഒരു ഒഴിവുദിവസം രാവിലെ അവിടെ പോയപ്പോൾ, ദേവൂട്ടി അവൾ ഉണ്ടാക്കിയതാണ് കഴിച്ചുനോക്ക് എന്ന് പറഞ്ഞു വിളമ്പിതന്നു.
പൊന്നിഅരിയിൽ തയ്യാറാക്കിയ ആ സ്വാദിഷ്ടവിഭവം ചെറു ചൂടോടെകഴിക്കാൻ എന്തു രുചി ആയിരുന്നെന്നോ.. ഞാൻ നന്നായി ആസ്വദിച്ചുകഴിക്കുന്നതും നോക്കികൊണ്ട് അവൾ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. വളരെ വേഗത്തിൽ തന്നെ, ഞാൻ പോലും അറിയാതെ പാത്രം കാലിയായി എന്ന് പറയാം. പാത്രത്തിലെ തീർന്നപ്പോൾ അവൾ ചോദിച്ചു "ഇനീം വേണമാ...? "
വേണം എന്നുണ്ട്..പക്ഷേ അവൾ എന്തു വിചാരിക്കും. അത് കൊണ്ട് മനസില്ലാ മനസ്സോടെ.. മതി വേണ്ട.. വേണ്ട .. എന്ന് പറഞ്ഞു.
"എന്താ ടേസ്റ്റ് ഇല്ലേ.? "
"നല്ല ടേസ്റ്റ്.. ഞാൻ ആദ്യമായാണ് കഴിക്കുന്നത്. രാവിലെ ഉപ്പ്‌മാവ് കഴിച്ചതാ..അത് കൊണ്ട് ഇപ്പോൾ വിശപ്പില്ല".. എന്ന് ഞാനും പറഞ്ഞു. സത്യത്തിൽ ഞാൻ രാവിലെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. വെറുതെ നുണപറഞ്ഞതാണ്.
തൈര് സാധം പോലെതന്നെ അവരുടെ ചില പ്രത്യേകവിഭവങ്ങളായ തക്കാളി സാധം, പുലാവ്, പൊങ്കൽ എന്നിവയൊക്കെ അവൾ എന്നെ വിളിച്ചു തരുമായിരുന്നു.
അങ്ങനെ പലതും പറഞ്ഞും ചിരിച്ചും ഏതാണ്ട് മൂന്നുമാസങ്ങൾക്കുള്ളിൽതന്നെ
ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവന്നു.
പിന്നീട് ചില ദിവസങ്ങളിൽ അവളും എന്നോടൊപ്പം ക്ഷേത്രദർശനത്തിനുകൂടാറുണ്ട്. അതു കഴിഞ്ഞു പൂക്കടയിലും അൽപ്നേരം ഞാൻ കൂടും. അങ്ങനെ മുല്ല മാല കോർക്കാനും അവൾ എന്നെ പഠിപ്പിച്ചു.
അന്നൊരിക്കൽ
ആ വൃദ്ധൻ ശുചീന്ദ്രത്തെകുറിച്ച് പറഞ്ഞുതന്ന കഥകളൊക്കെ അവളോട് പങ്കുവെച്ചപ്പോൾ അവൾക്ക് വല്ലാത്ത അതിശയം. അവൾ ഇതൊക്കെ ആദ്യമായി കേൾക്കുകയാണ്.
കൂടാതെ ജോലിക്കുള്ള യാത്രയിൽ ഞാൻ കണ്ടസ്ഥലങ്ങൾ അവിടുത്തെ പ്രത്യേകതകൾ എന്നിവ യൊക്കെ അറിയാനും കേൾക്കാനും നല്ല ഉത്സാഹമായിരുന്നു അവൾക്ക്.
തക്കലയിലെ പത്മനാഭപുരം പാലസ്, തൂത്തുകുടിയിലെ ഉപ്പുപാടങ്ങൾ, വള്ളിയൂ രിലെ കാറ്റാടിപാടങ്ങൾ എന്നിങ്ങനെ എല്ലാം വിശദമായി ചോദിച്ചുമനസിലാക്കും.
അവൾ അങ്ങനെ അധികമൊന്നും യാത്ര ചെയ്തിട്ടില്ല. എന്തിനേറെ പറയുന്നു.. ഇത്ര അടുത്ത് കിടക്കുന്ന കന്യാകുമാരിയിലെ സൂര്യോദയം തന്നെ വളരെ ചെറുപ്പത്തിൽ കണ്ട ഓർമയെ ഉള്ളൂ.
ഒരു ദിവസം അവൾ
കന്യാകുമാരിയിലെ സൂര്യോദയം ഒന്ന് കൂടി കാണാൻമോഹമുണ്ട്, അച്ഛൻ സമ്മതിച്ചാൽ എന്നെ കൊണ്ടുപോകുമോ എന്ന് ചോദിച്ചു.
കൊണ്ടുപോകാം എന്ന് ഞാനും പറഞ്ഞു. അച്ഛനോട് ചോദിച്ചപ്പോൾ എതിർപ്പൊന്നും ഉണ്ടായില്ല. അങ്ങനെ
ഒരു ഞായറാഴ്ചദിവസം ഞാനും ദേവൂട്ടിയും കൂടി കന്യാകുമാരിയിലേക്ക് യാത്രയായി. തങ്കസൂര്യോദയം കാണാൻ
*
Part 5
അന്ന് രാവിലെ 5മണിയോട് കൂടി ഞങ്ങൾ വീട്ടിൽനിന്നും ഇറങ്ങി.
ദേവൂട്ടിയുടെ അച്ഛന്റെ ടി. വി. എസ്. സ്കൂട്ടറിലായിരുന്നു യാത്ര. മഞ്ഞിൽകുളിച്ചുവരുന്ന ഇളംകാറ്റിന്റെ തലോടലേറ്റ്കൊണ്ട് ഏതാണ്ട് 6മണിയോടെ ഞങ്ങൾ കന്യാകുമാരിയിലെത്തി.
വണ്ടി പാർക്ക് ചെയ്തു നേരെ സൺറൈസ് വ്യൂ പോയിന്റ് ലക്ഷ്യമാക്കി നടന്നു. സൂര്യന്റെ ഉദയം അടുത്തെത്തി എന്നറിയിച്ചുകൊണ്ട് മൂന്നു സമുദ്രങ്ങളും ആർത്തുല്ലസിക്കുന്നുണ്ടായിരുന്നു. ഇരുണ്ടവെളിച്ചത്തിൽ തങ്കസൂര്യനെ വരവേൽക്കാനായി ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ജനത്തിരക്കിനിടയിൽ അവിടെയുള്ള പുലിമുട്ടിൽ ഞങ്ങളും
അല്പം ഇടം കണ്ടെത്തി. കൂട്ടിയിട്ടിരുന്ന കരിങ്കൽകൂട്ടത്തിലൊന്നിൽ ഇരിപ്പുറപ്പിച്ചു. മുൻപിൽ ത്രിസാഗരങ്ങൾ ആരവത്തോടെ അലയടിക്കുന്ന മനോഹരകാഴ്ച.
ഇതെല്ലാം നോക്കികാണുമ്പോൾ ദേവൂട്ടിയുടെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം .
പതുക്കെ കിഴക്ക് വിവേകാനന്ദപാറക്കുസമീപങ്ങളിൽ സൂര്യദേവന്റ വരവറിയിച്ചുകൊണ്ട് ഇന്ത്യൻമഹാസമുദ്രം ചുവന്നു തുടുക്കാൻ തുടങ്ങി. കാഴ്ചക്കാരുടെ കയ്യടിയും ആർപ്പുവിളികളും കൂടിവരുന്നു.
ആ പരിസരമാകെ ചുവപ്പ്തൂകികൊണ്ട് ഒരു പൊൻതളികപോലെ ഉയർന്നു വരുന്ന ഉദയസൂര്യന്റെ വിസ്മയകാഴ്ചകണ്ടപ്പോൾ ദേവൂട്ടി ആരാധനയോടെ കൈകൂപ്പിനിന്നു.
കുറച്ചുനേരം ആ വിസ്മയ കാഴ്ചആസ്വദിച്ചശേഷം ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു. ക്ഷേത്രത്തിനടുത്തായി തന്നെയായിരുന്നു പിതൃദർപ്പണ സ്ഥലം , പിതൃക്കൾക്കായി ബലിയർപ്പിക്കാൻ കുറേ പേർ അവിടെ കാത്തു നിൽക്കുന്നു.
ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്.അതും വാങ്ങി.
വടക്കേ വാതിലിലൂടെ ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
ശ്രീ പാർവതിയുടെ അവതാരമാണത്രെ കന്യാകുമാരി.
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ഈ അവതാരത്തിൽമാത്രം ദേവി കന്യാകുമാരിയും ശുചീന്ദ്രനാഥനുമായുള്ള വിവാഹം നടന്നില്ലത്രെ.
അവരുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ച ദിവസം കോഴി കൂവുന്നതിന് മുൻപ്തന്നെ വിവാഹം നടക്കണം. അതുകൊണ്ട് കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു.പക്ഷേ അടുത്തദിവസം പുലർച്ചെ കന്യാകുമാരിയിൽ എത്തുന്നതിന്നു മുൻപ് തന്നെ കോഴികൂവി. അതു കേട്ട് ഭഗവാൻ തിരിച്ചുപോയത്രെ. അങ്ങനെ കല്ല്യാണം മുടങ്ങി. അവർ തമ്മിലുള്ള വിവാഹം മുടക്കാൻ വേണ്ടി നാരദൻ കോഴിയായി കൂവിയത്രെ .അങ്ങനെ കല്ല്യാണം മുടങ്ങിയ ദേവി ഇന്നും കന്യകയായി നിലകൊള്ളുന്നു എന്നതാണ് ഐതിഹ്യം.
ഞാൻ കണ്ട ദേവീരൂപങ്ങളിൽ ഏറ്റവും മനോഹരിയായ ദേവി കന്യാകുമാരി തന്നെ. എന്ത് മനോഹരമായി ഉടുത്തൊരുക്കിയിരിക്കുന്നു. സുന്ദരിയായ ദേവിയുടെ മൂക്കുത്തി ഒന്ന് കാണേണ്ടത് തന്നെയാണ്. എന്തൊരു ശോഭ.
ക്ഷേത്രത്തിൽ തൊഴുതു പ്രദക്ഷിണം വെച്ചശേഷം ഞങ്ങൾ നേരെ കടൽതീരത്തേക്കിറങ്ങി.
ദേവിയുടെ പാദാരവിന്ദങ്ങളിൽ ചുംബിക്കുവാനെന്നവണ്ണം മത്സരിച്ചോടിവരുന്ന തിരമാലകൾ..ത്രിവേണി സംഗമം. മൂന്നുകടലും ഒരുമിച്ചുകൂടി ചേരുന്ന ഇന്ത്യയുടെ തെക്കേ അറ്റത്തെമനോഹരതീരം.
മീൻപിടുത്തക്കാരുടെ ചെറുബോട്ടുകൾ തിരകളെ വകഞ്ഞുമാറ്റി അങ്ങോട്ടുമിങ്ങോട്ടും കുതിച്ചു പായുന്നു.
ഓടിയെത്തുന്ന
തിരമാലകൾ ഞങ്ങളെയും തൊട്ടുരുമ്മാൻ തുടങ്ങി, ദേവൂട്ടിയുടെ സ്വർണകൊലുസ് തിരമാലകളുടെ കുസൃതികണ്ടു കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു. ദേവൂട്ടി ആകെ ആവേശത്തിൽ ആയിരുന്നു. അവൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങാൻ തുടങ്ങി. അത് കണ്ടപ്പോൾ തിരകൾ ഒന്നുകൂടി വേഗത്തിൽ കുതിച്ചെത്തി.. ആ കുതിപ്പിൽ ഞങ്ങൾ രണ്ടുപേരും പകുതിയോളം നനഞ്ഞു. നനഞ്ഞ വസ്ത്രത്തിൽ എന്റെ മുന്നിൽ നിൽക്കുന്നതു കൊണ്ടോ എന്തോ അവളുടെ മുഖം ലജ്ജയിൽ ചുവന്നുതുടുത്തു.
പിന്നീട് ഞങ്ങൾ വിവേകാനന്ദപാറയിലേക്ക് തിരിച്ചു. അവൾ ആദ്യമായിട്ടാണ് ബോട്ടിൽ യാത്ര ചെയ്യുന്നത്. തിരമാലകളുടെകുതിപ്പിൽ ആടിയുലയുന്ന ബോട്ട്, ഇടക്കെല്ലാം അവൾ വല്ലാതെ ഭയന്നു. ചിലസമയങ്ങളിൽ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചുകൊണ്ടിരുന്നു.
വിവേകാനന്ദൻ ധ്യാനത്തിനിരുന്ന പരി പവനസ്ഥലം, കന്യാകുമാരിയുടെ കാൽപാദം എല്ലാം കണ്ടുകുറെ നേരം മൂന്നു കടലുകൾക്കും നടുവിലായി, കുറച്ചുനേരം മനോഹരമായ ആ പാറക്കുമുകളിൽ ചിലവഴിച്ചു. ചുറ്റോടുചുറ്റും കടൽ... സൂക്ഷിച്ചു നോക്കിയാൽ ഓരോ കടലിന്റെയും നിറവ്യത്യാസം തിരിച്ചറിയാം.
തിരികെ വന്നു വീണ്ടും കടൽത്തീരത്തുകൂടി അല്പനേരം നടന്നു. കടൽകക്കളിൽ തീർത്ത ആഭരണങ്ങളും, കൗതുകവസ്തുക്കളും വില്പനക്കു വെച്ചിരിക്കുന്ന കടകൾ, വഴിവാണിഭക്കാർ, കളിപ്പാട്ടവില്പനക്കാർ ആ കാഴ്ചകളെല്ലാം കണ്ടുനടന്നു.
ഇതിനിടയിൽ, നിമിഷനേരങ്ങൾക്കുള്ളിൽ ഫോട്ടോ തരാം എന്ന് പറഞ്ഞുകൊണ്ട്
ഒരു ഫോട്ടോഗ്രാഫർ ഒപ്പം കൂടി.ഒടുവിൽ അയാളുടെ നിർബന്ധം സഹിക്കാൻ പറ്റാത്തതു കാരണം ഞങ്ങൾ രണ്ടുപേരും ഒരു വെള്ളക്കുതിരക്കു മുൻപിൽ നിന്നുകൊണ്ടുള്ള ഒരു ഫോട്ടോ എടുത്തു.
കടൽകക്കകൾ കൊണ്ടലങ്കരിച്ച കണ്ണാടികൾ വിൽക്കുന്ന ഒരു കടയിൽനിന്നും ഒരു കണ്ണാടി ഞാൻ ദേവൂട്ടിക്കു വേണ്ടി വാങ്ങി.നടുവിൽ കണ്ണാടി ചുറ്റും കടൽകക്കൾ കൊണ്ടു ഒരു മയിലിന്റെ രൂപം തീർത്ത വളരെ മനോഹരമായ ഒരു കണ്ണാടി.
അങ്ങനെകാഴ്ചകൾ കണ്ടുനടന്നു സമയം പോയതറിഞ്ഞില്ല. രാവിലെ 10മണിക്ക്മുൻപ് തിരിച്ചുവരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇപ്പോഴേ മണി 12 കഴിഞ്ഞു. ഇനി വീട്ടിൽ എത്തുമ്പോൾ അവർ എന്തു പറയും ആകെ പ്രശനമാകുമോ എന്തോ ഒരു പേടി എന്റെയുള്ളിൽ.
തിരികെയുള്ള യാത്രയിൽ ദേവൂട്ടിയും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഇന്ന് അച്ഛനും അമ്മയും എന്ത് പറയും.. എനക്ക് ആകെ ഭയം എന്നിങ്ങനെയൊക്കെ. വീട്ടിൽ എത്തും തോറും ടെൻഷൻ കൂടി.. വിചാരിച്ചപോലെതന്നെ വീട്ടിൽ എത്തുമ്പോൾ ദേവൂട്ടിയുടെ അച്ഛനും അമ്മയും വീടിന്റെ മുൻപിൽ തന്നെഞങ്ങളെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
.. അതുകൂടി കണ്ടപ്പോൾ എന്റെ ടെൻഷൻ ഒന്നുകൂടി കൂടി...
മുറ്റത്തു പതുക്കെ വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി..
Part 6
വണ്ടിയിൽനിന്നും ഇറങ്ങിയതും തെല്ലൊരു ഭയപ്പാടോടെ അച്ഛനെയും അമ്മയെയും നോക്കികൊണ്ട് ദേവൂട്ടി വീട്ടിലേക്ക് കയറുവാൻ തുടങ്ങി.
അപ്പോൾ പിന്നിൽ നിന്നും അച്ഛൻ വിളിച്ചു..
ദേവൂട്ടീ കടലും കാഴ്ചകളും കണ്ടുനടന്നപ്പോൾ ഞങ്ങളെ മറന്നോ...?
തുടർന്ന് അമ്മയും തുടങ്ങി..
"മോളെ, അപ്പാ നിനക്കു സന്തോഷം ആയിക്കോട്ടെന്നു വിചാരിച്ചു സമ്മതം തന്നപ്പോൾ, നീ ഞങ്ങളെ പേടിപ്പിച്ചുലോ.. എന്തു പറ്റി ആവോന്നു വിചാരിച്ചു സമാധാനമില്ലാതെ ഇരിക്കയായിരുന്നു...
അവൾ ഒരു കുറ്റവാളിയെ പോലെ ഒന്നും മിണ്ടാതെ തലതാഴ്ത്തിനിന്നു..
"ഉം വേഗം പോയി ഡ്രസ്സ് മറിവാ.. "
അത് കേട്ടതും അവൾ വേഗം ഉള്ളിലേക്ക് പോയി.
ഇതൊക്കെ കണ്ടപ്പോൾ ഞാനും വല്ലാണ്ടായി..
"സോറി.. കുറച്ചു വൈകിപ്പോയി.. എന്ന് പറഞ്ഞുകൊണ്ടു
വണ്ടിയുടെ താക്കോൽ അച്ഛനെ ഏല്പിച്ചു.. പതുക്കെ എന്റെ മുറിയിലേക്ക് നടന്നു.. അപ്പോൾ പിന്നിൽ നിന്നും അമ്മയുടെ വിളി
"മോനെ വാ.. ഇനി ഭക്ഷണം കഴിച്ചിട്ട് പോകാം.. സമയം ഉച്ച കഴിഞ്ഞു.. ഇനി നീ എപ്പോ ഉണ്ടാക്കി കഴിക്കാനാണ്.. "
കുറേ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും.. അച്ഛനും കൂടി നിർബന്ധിച്ചപ്പോൾപിന്നെ.. അന്നത്തെ ഉച്ചഭക്ഷണം അവരോടൊപ്പം കഴിച്ചു.
ഭക്ഷണം കഴിക്കുമ്പോൾ, ദേവൂട്ടി അച്ഛനോടും അമ്മയോടും കന്യാകുമാരിയിലെ കാഴ്ചകളോരോന്നും ഉത്സാഹപൂർവ്വം വിവരിക്കുന്നുണ്ടായിരുന്നു. ആ യാത്ര അവൾക്ക് എത്രമാത്രം സന്തോഷംനൽകി എന്നത് അവളുടെ സംസാരത്തിൽനിന്നും വിവരണത്തിൽനിന്നും ഞാൻ വായിച്ചെടുത്തു.
ആ യാത്ര ഞങ്ങളുടെ അടുപ്പം ഒന്ന് കൂടി കൂട്ടി എന്ന് പറയാം.
എന്തിനെകുറിച്ചും ഏതിനെകുറിച്ചും, ചോദിക്കാം സംസാരിക്കാമെന്ന ഒരു സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ വളർന്നു. വൈകുന്നേരങ്ങളിലെ എന്റെ ഒഴിവുസമയങ്ങൾ മിക്കവാറും പൂക്കടയിൽതന്നെ ആയിരുന്നു. ദേവൂട്ടിയുടെ അച്ഛൻ മറ്റുചില ചെറിയപൂക്കടകളിൽ പൂക്കൾ സപ്ലൈ ചെയ്യുന്നുണ്ടായിരുന്നു. അവിടുത്തെ ഓർഡർ, കളക്ഷൻ തുടങ്ങി..പലപ്പോഴും ഓട്ടത്തിൽ തന്നെയായിരുന്നു .
വൈകുന്നേരങ്ങളിൽ പലപ്പോഴും പൂക്കട അടക്കുന്നവരെ ഞാനും അവളോടൊപ്പം അവിടെ ഇരിക്കും.കട അടച്ചു
തിരികെ വീട്ടിലേക്കു ഒരുമിച്ചു നടക്കും
തൂത്തുക്കുടി തിരുനെൽവേലി ജില്ലകളിൽ കൂടുതൽ ഫാർമേഴ്‌സ് ഉണ്ടായിരുന്നു. അതുകൊണ്ടു പലപ്പോഴും അവിടെപോകുമ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമേ തിരികെ വീട്ടിൽ വരൂ. ശനിയാഴ്ച വൈകുന്നേരം വന്നു തിങ്കളാഴ്ച രാവിലെ വീണ്ടും യാത്രതുടങ്ങും.
ആഴ്ചയിൽ ആകെ കിട്ടുന്ന ഞായറാഴ്ച ഡ്രസ്സ് അലക്കൽ, ഭക്ഷണം ഉണ്ടാക്കൽ എന്നിവ എല്ലാം കഴിഞ്ഞു ഒരു ഉച്ചമയക്കം. അത് കഴിഞ്ഞു വൈകുന്നേരം 5മണി മുതൽ കട അടക്കുന്നവരെ പൂക്കടയിൽ പോയിരിക്കും.
ഡ്രസ്സ് കഴുകി അയയിൽ ഉണങ്ങാൻ ഇട്ട് ഭക്ഷണവും കഴിഞ്ഞു ഉറങ്ങി എഴുന്നേറ്റു വരുമ്പോൾ എന്റെ ഡ്രസ്സ് എല്ലാം ഇസ്തിരിയിട്ട് മടക്കി പുറത്തു വരാന്തയിൽ വെച്ചിട്ടുണ്ടാവും. ഞാൻ ആവശ്യപെടാതെ
തന്നെ ദേവൂട്ടി എനിക്ക് വേണ്ടി ചെയ്യുന്നതാണ്. .
ജോലിയിൽ ഏതാണ്ട് ഒരു വർഷം ആകുന്നു.ആ ഏരിയയിൽ നല്ല ബിസിനസ് കിട്ടി തുടങ്ങി. കമ്പനിയിൽ എന്നെ കുറിച്ച് നല്ല അഭിപ്രായം. എന്നെ സംബന്ധിച്ച് ജോലിയും, ആ ഏരിയയും, പിന്നെ ദേവൂട്ടിയും എല്ലാം കൂടി ഞാനും വളരെ സന്തോഷത്തിൽ.
അങ്ങനെ ആ ഡിസംബറിലെ കമ്പനിയുടെ ആന്വൽ മീറ്റിംഗിൽ ഒരേ സമയം എനിക്ക് സന്തോഷവും ദുഃഖവും തരുന്ന ഒരു കാര്യമുണ്ടായി. ജോലിയിൽ പ്രൊമോഷനോടു കൂടിയ സ്ഥലം മാറ്റം. ഇനിമുതൽ ഏരിയ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ജില്ലകൾ.
ജനുവരി മുതൽ ആ ഏരിയയിൽ ജോലിതുടങ്ങണം. ഇനി 15ദിവസം മാത്രം നാഗർകോവിലിൽ. അത് കഴിഞ്ഞാൽ പിന്നെ എല്ലാം പാക്ക് ചെയ്തു പുതിയ സ്ഥലത്തേക്ക്.
മീറ്റിംഗ് കഴിഞ്ഞു തിരികെ വരുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ട്രെയിനിൽ ആയിരുന്നു തിരിച്ചു നാഗർകോവിലീലേക്ക് വന്നത്. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന പുറംകാഴ്ചകൾ. ഒന്നിലും സൗന്ദര്യം ആസ്വദിക്കുവാൻ പറ്റുന്നില്ല. പ്രൊമോഷനിൽ സന്തോഷിക്കാൻ പറ്റുന്നില്ല.
ദേവൂട്ടിയെ പിരിയുന്ന കാര്യംതന്നെ പ്രധാനവിഷയം.
വളരെ യാദൃച്ഛികമായി ഈ നാട്ടിൽ വച്ചുകണ്ടുമുട്ടി.
കേവലം ഒരു വർഷത്തെ പരിചയം.
ഇത്രയും അടുത്തിടപഴകി. സത്യത്തിൽ എനിക്ക് അവളോടുള്ള അടുപ്പം പ്രണയംതന്നെ അല്ലെ. അങ്ങനെ ഒന്ന് ഇത് വരെ തുറന്നുപറഞ്ഞിട്ടില്ല. ഇനി
അവൾ എന്നെ ആ രീതിയിൽ കാണുന്നുണ്ടാവുമോ...? അതോ ഒരു സാധാരണ സൗഹൃദം മാത്രമായിരിക്കുമോ..?
ഞാൻ ഇവിടെ നിന്നും പോകുന്നകാര്യം അറിഞ്ഞാൽ അവൾ വിഷമിക്കുമോ..?
പോകുന്നതിന് മുൻപ് അവളോട് എന്റെ പ്രണയം തുറന്നുപറഞ്ഞാലോ..?
അവൾക്കും പ്രണയം തന്നെ എങ്കിൽ എത്രനാൾ ഇങ്ങനെ പോകും?
അവൾക്ക് വിവാഹ പ്രായം ആയി. പക്ഷേ എനിക്ക് ഇനിയും ഒരുപാട് കാലം കാത്തിരിക്കണം. പ്രായം ആയില്ല എന്ന് മാത്രമല്ല വിവാഹം പ്രായം കഴിഞ്ഞുനിൽക്കുന്ന പെങ്ങളുണ്ട് വീട്ടിൽ. കൂടാതെ വേറെയും ബാധ്യതകൾ. ഇതിനിടയിൽ ഞാൻ അവൾക്ക് എന്ത് ഉറപ്പ് നൽകും.
അവൾ അത്രയും കാലം എനിക്ക് വേണ്ടി കാത്തുനിൽക്കുമോ.?
അവളുടെ അച്ഛനും അമ്മയും ഈ ബന്ധത്തിന് സമ്മതിക്കുമോ?
അങ്ങനെ ഒട്ടനവധി ചിന്തകൾ. ഒന്നിനും ഒരെത്തും പിടിയും കിട്ടുന്നില്ല.
എന്തായാലും ട്രെയിൻ നാഗർകോവിലിൽ എത്തുന്നതിന് മുൻപ് ഞാൻ ഒരു തീരുമാനത്തിൽ എത്തി. മറുപടിയും മറ്റും എന്തായാലും വേണ്ടില്ല എത്രയും വേഗം എന്റെ പ്രണയം അവളെ അറിയിക്കുക തന്നെ.
ഏതാണ്ട് 4മണിയോടെ
നഗർകോവിൽ സ്റ്റേഷനിൽ ട്രെയിൻ എത്തി. അവിടെനിന്നും ശുചീന്ദ്രത്തേക്കുള്ള ബസ് കയറി. ഇന്നല്ലെങ്കിൽ നാളെ തന്നെ ദേവൂട്ടിയോട് എന്റെ പ്രണയം തുറന്നു പറയണം എന്ന ഉറച്ചതീരുമാനത്തോടെ
*
Part 7.
അന്ന് ബസിൽ പതിവിൽ കൂടുതൽ തിരക്ക് ഉണ്ടായിരുന്നു. ഇന്നെന്താ ഇത്ര പ്രത്യേകത..എന്ന് ഞാൻ അമ്പരന്നു. പോകെ പോകെ റോഡിനിരുവശവും കൊടിതോരണങ്ങൾ കണ്ടപ്പൊഴാണ് ശുചിന്ദ്ര ത്ത് മാർഗഴി ഉത്സവം നടക്കുകയാണല്ലോ എന്ന ഓർമ്മവന്നത്.
9 ദിവസത്തെ ആഘോഷമാണ് മാർഗഴി. ഉത്സവം തുടങ്ങി രണ്ടാമത്തെ ദിവസമാണ് ഞാൻ മീറ്റിംഗ് നു വേണ്ടി നാട്ടിലേക്ക് തിരിച്ചത്. ഇന്നിപ്പോൾ ഏതാണ്ട് അഞ്ചുദിവസം കഴിഞ്ഞു. ജോലി കിട്ടിയതിനു ശേഷം നാട്ടിൽ വല്ലപ്പോഴും പോകും പെട്ടെന്ന് തന്നെ തിരിക്കും. ലീവ് അധികം എടുത്തിട്ടുണ്ടായിരുന്നില്ല. അത് കൊണ്ടു 4ദിവസത്തെ ലീവ് ഒരുമിച്ചെടുത്തു.പഴയ കൂട്ടുകാരെകണ്ടും ബന്ധുവീടുകളിൽ പോയും നന്നായി ആഘോഷിച്ചു. അതിനിടയിൽ ഇവിടുത്തെ ഉത്സവത്തിന്റെ കാര്യം മറന്നു.
വീട്ടിലേക്ക് പോകുമ്പോൾ ദേവൂട്ടി പ്രത്യകം ഓർമിപ്പിച്ചിരുന്നു. തേരോട്ടത്തിനുമുൻപ് തന്നെ എത്തണം എന്ന്. ഭാഗ്യം ഇനിയും രണ്ടുദിവസം ഉണ്ട്. ഞായറാഴ്ചയാണ് തേരോട്ടം.
ബസ് ശുചീന്ദ്രത്തെത്തി. ആ തിരക്ക് മുഴുവൻ ക്ഷേത്രത്തിലേക്കുള്ളതായിരുന്നു. ഭക്തജനങ്ങളും കച്ചവടക്കാരും നിറഞ്ഞ ക്ഷേത്രവും പരിസരവും ആകെ മാറിയിരിക്കുന്നു. ദേവൂട്ടിയുടെ പൂക്കടയിലും ഉണ്ട് നല്ല തിരക്ക്. അവളും കൂടെ അച്ഛനുമുണ്ട്. ആ തിരക്കിനിടയിൽ ഇനി ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് തോന്നി. നേരെ വീട്ടിലേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ ദേവൂട്ടിയുടെ വീട്ടിൽ പതിവില്ലാതെ വേറെ കുറച്ചുപേര്കൂടി ഉണ്ടായിരുന്നു. ആരാണെന്ന് മനസ്സിലായില്ല.
അന്ന് പതിവിലും വൈകിയാണ് ദേവൂട്ടിയും അച്ഛനും കടയിൽനിന്നും വീട്ടിൽ എത്തിയത്. വരുമ്പോൾ ഞാൻ ഉമ്മറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ദേവൂട്ടിയുടെ അച്ഛൻ.. "ആ മോൻ എപ്പോ എത്തി" എന്ന് ചോദിച്ചു.
6മണി കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞപ്പോൾ ദേവൂട്ടി എന്നോട് ചോദിച്ചു.
"എന്നിട്ടെന്താ കടയിൽ വരാഞ്ഞത്? നല്ല തിരക്കായിരുന്നു കടയിൽ. ഞായറാഴ്ചയാണ് തേരോട്ടം. അതിനു മുൻപ് വരാതിരിക്കുമോ എന്ന് വിചാരിച്ചിരിക്കായിരുന്നു ഞാൻ " .
"ഉം.. ചെറിയ ഒരു തലവേദന.. അതുകൊണ്ടു നേരെ ഇങ്ങോട്ട് പോന്നു. "
ആ.. എന്നിട്ടിപ്പോൾ കുറവുണ്ടോ.. ബാം വേണമോ "
"വേണ്ട.. ഇപ്പോൾ കുറവുണ്ട്.. "
അല്ല ദേവൂട്ടി.. ആരാ വീട്ടിൽ ഗസ്റ്റ്..?
ആ അത് അപ്പയുടെ സിസ്റ്റർ, മകൻ പിന്നെ അപ്പയുടെ പാലക്കാട് ഉള്ള ഫ്രണ്ടും ഫാമിലിയും. ഇന്ന് വന്നേ ഉള്ളു. രണ്ടു ദിവസം ഉണ്ടാകും. തേരോട്ടം കഴിഞ്ഞേ പോകൂ. ശരി നാളെ കാണാം എന്ന് പറഞ്ഞു അവൾ വേഗം വീട്ടിലേക്ക് നടന്നു.
പിറ്റേദിവസം.. ഉത്സവതിരക്കിലൂടെ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ടു ക്ഷേത്രത്തിലും പരിസരത്തുമായി വെറുതെ കറങ്ങിനടന്നു.. ഇടക്ക് കുറച്ചുനേരം കടയിലും സമയം ചിലവഴിച്ചു.
പ്രണയം പറയാൻ പറ്റിയ സാഹചര്യമല്ല.
ഈ തിരക്കിൽ അവളോട് എങ്ങനെ ഇത്തരം കാര്യം പറയും. എന്തായാലും ഉത്സവം കഴിയട്ടെ. രണ്ടുദിവസത്തെ കാര്യമല്ലേ അത് കഴിഞ്ഞുപറയാം എന്ന് തീരുമാനിച്ചു.
തേരോട്ടം ദിവസം ഉച്ചക്ക് അവരോടൊപ്പം ഊണ്കഴിക്കാൻ വേണ്ടി, ദേവൂട്ടിയുടെ അച്ഛൻ വിളിച്ചു.
അങ്ങനെ അവിടെ ചെന്നപ്പോൾ അതിഥികളെ പരിചയപ്പെടുത്തി.
ദേവൂട്ടിയുടെ അച്ഛന്റെ വകയിലെ ഒരു പെങ്ങൾ, അവരുടെ മകൻ, പിന്നെ പാലക്കാട് ഉള്ള രാമദാസൻ എന്ന പൂക്കച്ചവടക്കാരനും അയാളുടെ, ഭാര്യയും രണ്ടു പെൺമക്കളും.
ഏതാണ്ട് 20 വർഷങ്ങൾക്കുശേഷമാണത്രെ ആ പെങ്ങളെ കാണുന്നത്. അന്ന് നാട്ടിൽനിന്നും പോന്നതിനുശേഷം തിരികെ അങ്ങനെ എപ്പോഴും നാട്ടിൽ പോകാറില്ല. കുടുംബവുമായുള്ള പലബന്ധങ്ങളും മറന്നപോലെ ആയിരുന്നു.
രാമദാസനുമായി,
വള്ളിയൂർ പൂച്ചന്തയിൽ വെച്ചുള്ള പരിചയമാണ് കാലങ്ങൾക്കുശേഷമുള്ള അവരുടെ ഈ കണ്ടുമുട്ടലിനു അവസരം ഒരുക്കിയത്. അത് പറയുമ്പോൾ ദേവൂട്ടിയുടെ അച്ഛന് വല്ലാത്ത സന്തോഷം തന്നെയായിരുന്നു.
അതിഥികൾക്കുവേണ്ടി പലതരം വിഭവങ്ങൾ അവർ ഒരുക്കിയിരുന്നു.
വൻതിരക്കുതന്നെയായിരുന്നു തേരോട്ടം ദിവസം ക്ഷേത്രത്തിൽ.
ചെണ്ടമേളവും, പലതരം കോലങ്ങളുടെ എഴുന്നെള്ളിപ്പ്, ആർപ്പുവിളികൾ, ക്ഷേത്രത്തിലെ വലിയ തേര് കൊടിതോരണങ്ങൾകൊണ്ടു
നന്നായി അലങ്കരിച്ചിരുന്നു. അതും വലിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം എന്നിങ്ങനെ പല പല കാഴ്ചകൾ.തേര് വലിക്കാൻ പുരുഷൻമാർക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നു.
ദേവൂട്ടിയും കുടുംബവും അതിഥികൾക്കൊപ്പമാണ് തേരോട്ടം കാണാൻ പോയത്. അവരുടെകൂടെ എന്നെ വിളിച്ചുവെങ്കിലും ഞാൻ അവരോടൊപ്പം പോയില്ല. ഒറ്റക്കു നടന്നു കാഴ്ചകൾ കണ്ടു.
കാഴ്ചകൾ എല്ലാം മനോഹരമാണെങ്കിൽകൂടിയും എന്തോ എനിക്ക് വേണ്ടപോലെ ഒന്നും ആസ്വദിക്കുവാൻ കഴിഞ്ഞില്ല. വല്ലാത്ത ഒരു അസ്വസ്ഥത ഉള്ളിൽ.
ഉത്സവം കഴിഞ്ഞുപിറ്റേദിവസം രാവിലെ തന്നെ ഞാൻ തൂത്തുകുടിയിലേക്ക് പോയി. അവിടെ ചില അത്യാവശ്യജോലികൾ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. അതുകഴിഞ്ഞു മൂന്നാം ദിവസം രാവിലെ അവിടെനിന്നും തിരിച്ചു. ഏതാണ്ട് ഉച്ചക്ക് രണ്ടുമണിയോടെ വീട്ടിൽ എത്തി.
അന്ന് എനിക്ക് ചില കണക്കു കൂട്ടലുണ്ടായിരുന്നു.
ഇന്നെന്തായാലും ദേവൂട്ടിയെകാണണം എന്റെ മനസ്സിലുള്ളത് തുറന്നുപറയണം.ക്ഷേത്രത്തിലെ ഉത്സവതിരക്കെല്ലാം കഴിഞ്ഞു.
ഇന്ന്
വൈകുന്നേരം അല്പം നേരത്തെ ക്ഷേത്രത്തിലേക്ക് ഇറങ്ങാം. അപ്പോൾ പൂക്കടയിൽ വലിയ തിരക്ക് ഉണ്ടാവില്ല.എന്തായാലും പറയുക തന്നെ എന്നൊക്കെ.
വീടിനുപുറത്തു
എന്നെ കണ്ടതും ദേവൂട്ടി അവളുടെ വീട്ടിൽനിന്നും ഇറങ്ങിവന്നു.
"അണ്ണാ എപ്പോ വന്നു."
"ഇപ്പോൾ വന്നേ ഉള്ളു ദേവൂട്ടി. എന്താ ഗസ്റ്റ് ഒക്കെ പോയോ..? "
ഉം പോയി.. എന്ന് പറഞ്ഞുകൊണ്ട് അവൾ എന്നെതന്നെ കുറച്ചുനേരം നോക്കിനിന്നു.
"എന്താ ദേവൂട്ടി ഇങ്ങനെ നോക്കുന്നെ.? എന്ത് പറ്റി..? "
"അണ്ണാ.. ഇന്ന് 4മണിക്ക് പൂക്കടയിൽ വരുമോ...? എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.. "
"എന്താ ദേവൂട്ടി? "
"അവിടുന്ന് പറയാം.കടയിൽ തിരക്ക്ആവണതിനു മുൻപ് വരണം.. . ലേറ്റ് ആകരുത്.. "
ശരി വരാം എന്ന് ഞാൻ പറഞ്ഞതും അവൾ തിരിച്ചു വീട്ടിലേക്ക് പോയി.
ഞാൻ കണക്ക് കൂട്ടിയ പോലെ തന്നെ അവളും. അവൾക്കും എന്നോട് എന്തോ പറയാൻ ഉണ്ട്. എന്താകും..?
ഒരു പക്ഷേ എന്റെ ഉള്ളിലുള്ളതുപോലെ തന്നെയാകുമോ അവൾക്കും..? ഇതിനെയൊക്കെ അല്ലെ മനപൊരുത്തം എന്നൊക്കെ വിളിക്കുന്നത്..?
അഥവാ അങ്ങനെ ആണെങ്കിൽ എന്റെ സ്ഥലമാറ്റത്തിന്റെ കാര്യം പറഞ്ഞാൽ അവൾക്ക് എന്തുമാത്രം വിഷമം ഉണ്ടാകും..?
ഞാൻ ആകെക്കൂടി ആശയകുഴപ്പത്തിൽ ആയി..
അങ്ങനെ 4മണിക്ക് മുൻപായിതന്നെ ഞാൻ അവളുടെ പൂക്കടയിൽ എത്തി. അവൾക്ക് പറയാനുള്ളത് കേൾക്കാനും അതുകഴിഞ്ഞു എന്റെ ഉള്ളിലുള്ളത് അവളെ അറിയിക്കാനുംകൂടി.
Part 8
അന്ന് ഏതാണ്ട് 4മണിക്ക് മുൻപേ ഞാൻ പൂക്കടയിൽ എത്തി. അന്ന് പൂക്കടയിൽ അവളുടെ കൂടെ മറ്റൊരു പെൺകുട്ടികൂടെഉണ്ടായിരുന്നു. ഉത്സവസമയത്തും സ്കൂൾ അടക്കുന്ന സമയത്തുംദേവൂട്ടിക്കൊപ്പം സഹായത്തിന് കൂടുന്ന, ക്ഷേത്രത്തിനടുത്ത വീട്ടിലുള്ള കൌസല്യ എന്ന പെൺകുട്ടിയായിരുന്നു അത്.
എന്നെ കണ്ടതും ദേവൂട്ടി പതുക്കെ എഴുന്നേറ്റു. കൗസല്യയോട്
"നാൻ ഇപ്പ വരാം..ഇങ്കെതാൻ ഇരുക്ക വേണം വേറെ എങ്കെയും പോകകൂടാത് "
എന്നു പറഞ്ഞു പുറത്തുവന്നു..
"വാ അണ്ണാ നമുക്ക് കുളക്കരയിൽ പോകാം" എന്ന് പറഞ്ഞു നടന്നു തുടങ്ങി.. അവളോടൊപ്പം ഞാനും നടന്നു .
അന്ന് തീരെ തിരക്കില്ലാത്ത ദിവസമായിരുന്നു.
കുളവും കുളപടവുകളും തികച്ചും ശാന്തം...
ഏറ്റവും മുകളിലെ കുളപ്പടവിൽ അവൾ ഇരുന്നു. അടുത്തായി ഞാനും.
"എന്താ ദേവൂട്ടി.. എന്താ ഇത്ര സീരിയസ് ആയി.."
അവളുടെ നോട്ടം കുറച്ചു നേരം വിശാലമായകുളത്തിനു നടുവിലെ കൽമണ്ഡപത്തിൽ ഉടക്കിനിന്നു..
അല്പസമയം കഴിഞ്ഞപ്പോൾ അവൾ എനിക്കുനേരെ മുഖം തിരിച്ചു.. എന്നിട്ടുപതുക്കെ പറയാൻ തുടങ്ങി..
"അണ്ണാ.. എന്റെ ലൈഫിൽ വലിയ ഒരു ചേഞ്ച് വരുന്നു. "
അത് കേട്ടതും എന്റെ നെഞ്ചിൽ വല്ലാത്ത ഒരു പിടക്കൽ.. എന്താകും ഇവളുടെ ആ മാറ്റം.
ഞാൻ ഒരല്പം വിറയലോടെ, പതുക്കെ ചോദിച്ചു.
"എന്താ ദേവൂട്ടി, മാറ്റം.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.? ."
അവൾ വീണ്ടും മുഖം തിരിച്ചു...ഒരു ചെറുകല്ല് എടുത്തു വിശാലമായ ആ കുളത്തിലെക്കെറിഞ്ഞു. ആ കല്ല് കുളത്തിൽ ഓളമുണ്ടാക്കുന്നതും നോക്കി കുറച്ചുനേരമിരുന്നു.
തുടർന്നവൾ പറഞ്ഞുതുടങ്ങി.
.
ഉത്സവത്തിന് വന്ന അമ്മായിയുടെ മകനുമായി അവളുടെ വിവാഹം നിശ്ചയിച്ചു.
അമ്മായി അങ്ങനെ ഒരു ഇഷ്ടം പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവളുടെ സമ്മതം പോലും ചോദിക്കാതെ എല്ലാം പറഞ്ഞുറപ്പിച്ചു. അച്ഛന് കാലങ്ങൾക്കു ശേഷം പെങ്ങളെകണ്ടുമുട്ടിയ സന്തോഷം. അമ്മക്ക് എത്രയും വേഗം മകളുടെ കല്യാണം കാണാനുള്ള മോഹവും.
കാരണം അമ്മക്ക് എന്നും അസുഖവും ചികിത്സയുമാണല്ലോ, ഇനി ഞാൻ അധികം നാൾ ഉണ്ടാവില്ല.. എത്രയും വേഗം നടത്തണം എന്ന് എപ്പോഴും അമ്മ വെറുതെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഇത് വരെ പല ആലോചനകളും വന്നുവെങ്കിലും അച്ഛന് ഇഷ്ടപെട്ടിരുന്നില്ല.
ഇത് പെങ്ങളുടെ ഒരേ ഒരു മകൻ, കൂടാതെ നാട്ടിൽ റബ്ബർ, തെങ്ങ്, വാഴ തുടങ്ങി എന്തൊക്കെയോ കൃഷികൾ. ധാരാളം സ്ഥലം എന്നൊക്കെ കേട്ടപ്പോൾ പിന്നെ മറ്റൊന്നും ആലോചിചില്ല.. എല്ലാം പറഞ്ഞുറപ്പിച്ചു. മൂന്നുമാസത്തിനുള്ളിൽ വിവാഹം നടത്താം എന്ന് പറഞ്ഞാണ് അവർ യാത്ര പറഞ്ഞുപോയത്.
അവൾ പറഞ്ഞവസാനിച്ചപ്പോഴേക്കും ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയിരുന്നു.
എന്തോ വല്ലാതെ വിയർക്കുന്നപോലെ.., തൊണ്ടവരളുന്ന പോലെ... ഇനിയെന്തു പറയണം എന്നറിയുന്നില്ല...
അവളുടെ മുഖത്തും ഒരു ഉന്മേഷം ഒന്നും കാണുന്നില്ല..
വീണ്ടും അവൾ എന്നിലേക്ക് മുഖം തിരിച്ചു ..
"എനിക്ക് എന്തു ചെയ്യണം എന്ന് അറിയുന്നില്ല അണ്ണാ "
ഞാൻ ചോദിച്ചു.
"എന്താ
ദേവൂട്ടിക്ക് ഈ വിവാഹത്തിന് ഇഷ്ടമില്ലേ? "
"അങ്ങനെ ചോദിച്ചാൽ..ഞാൻ എന്താ പറയാ...
ആള് കാണാനും പെരുമാറ്റവുമൊക്കെ നല്ലത് തന്നെ..
പക്ഷേ..വിവാഹവും ജീവിതവും.. ഇങ്ങനെ ഒന്നും ആയിരുന്നില്ല..അതിനെകുറിച്ചുള്ള എന്റെ
. പ്രതീക്ഷ."
. എന്ന് പറഞ്ഞു വീണ്ടും ഒരു ചെറുകല്ല് എടുത്തു കുളത്തിലെക്കെറിഞ്ഞു. വെള്ളത്തിൽ വൃത്തങ്ങൾ തീർത്തുകൊണ്ട് ആ കല്ല് ആഴത്തിലേക്ക് ഊളിയിട്ടു.
അവൾ മൗനം തുടർന്നപ്പോൾ ഇനി എന്താകും അവൾ പറയാൻ പോകുന്നത് എന്ന വെമ്പൽ അടക്കാനാകാതെ ഞാൻ ചോദിച്ചു.
എന്താ ദേവൂട്ടി.. എന്തായിരുന്നു, വിവാഹത്തെ കുറിച്ച് നിന്റെ പ്രതീക്ഷ..?
അവൾ വീണ്ടും തുടർന്നു.. മറ്റൊന്നും അല്ല അണ്ണാ..
ഒരു പരിചയവും ഇല്ലാത്ത ആളുമായി.. പെട്ടെന്ന് ഒരു ജീവിതം.എന്ന് പറയുമ്പോൾ.. ..
വിവാഹത്തിന് മുൻപ് കുറച്ചെങ്കിലും പരസ്പരം മനസ്സിലാക്കിയ ഒരാൾ അതാണ് ഞാൻ ഉദ്ദേശിച്ചത്.. ..
"ഉം ശരിയാണ്. എങ്കിലും
അത് എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യമല്ല
"ദേവൂട്ടി..പലരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്.
ഞാൻ ഒന്ന് ചോദിച്ചോട്ടെ... ദേവൂട്ടിയുടെ മനസിൽ അങ്ങനെ ആരെങ്കിലും ഉണ്ടോ..?
ദേവൂട്ടി ഇഷ്ടപെടുന്ന ആരെങ്കിലും ഒരാൾ..?
അത് കേട്ടതും അവളിൽ ഒരു ഞെട്ടൽ പോലെ... അവൾ കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കി... എന്നിട്ട് പതുക്കെ ഇല്ല എന്നർത്ഥത്തിൽ രണ്ടുവശത്തെക്കും തലയാട്ടികൊണ്ട് പതുക്കെ .. മുഖം താഴ്ത്തി.
പിന്നീട് എനിക്ക് അവളോട് എന്തു പറയണം എന്ന് ഒരു രൂപവും കിട്ടുന്നില്ല. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി എന്തു പറയാൻ. ഒരു വശത്തു എന്റെ തീർത്താൽ തീരാത്ത ബാധ്യതകൾ.. മറുവശത്തു വിവാഹത്തിനുള്ള ഒരുക്കുമാനങ്ങൾ നടത്തികൊണ്ടിരിക്കുന്ന ദേവൂട്ടിയുടെ അച്ഛനും അമ്മയും.. ഇതിനിടയിൽ.. എന്റെ പ്രണയം തുറന്നു പറഞ്ഞിട്ടെന്ത് കാര്യം.. വെറുതെ ഒരു ആശയകുഴപ്പം ഉണ്ടാക്കുക,അല്ലെങ്കിൽ വെറുതെ അനാവശ്യപ്രശ്നങ്ങൾ വരുത്തിവെക്കുക എന്നല്ലാതെ കൂടുതൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല.
അവൾ കുളത്തിലേക്ക് തന്നെ നോക്കികൊണ്ടിരിക്കുന്നു.. ഞാൻ പതുക്കെ വിളിച്ചു.
"ദേവൂട്ടി.."
അവൾ തലയുയർത്തി എന്നെ നോക്കി.
"ഞാനും നിന്നോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് അതിനുവേണ്ടിതയ്യാറെടുത്തു വന്നപ്പോളാണ്.. നിന്റെ കാര്യങ്ങൾ അറിഞ്ഞത്. അത് കൊണ്ട് ഇനി അത് പറയുന്നതിൽ വലിയ പ്രസക്തി ഇല്ല..
പിന്നെ ഞാൻ ഇനി ഒരാഴ്ചയെ ഇവിടുണ്ടാവൂ.. എനിക്ക് സ്ഥലംമാറ്റം ആയി. നാട്ടിലേക്കാണ്. പാലക്കാട്.
നീ വെറുതെ ടെൻഷൻ അടിക്കേണ്ട.എല്ലാം ശരിയാകും. അച്ഛനും അമ്മയും തീരുമാനിച്ചുറപ്പിച്ചതല്ലേ.. അവരെ വിഷമിപ്പിക്കേണ്ട.. ഇത് നടക്കട്ടെ.. വാ.. എഴുന്നേൽക്ക്.. നമുക്ക് നടക്കാം എന്ന് പറഞ്ഞു ഞാൻ വേഗം എഴുന്നേറ്റു.
ഇത്രയും കാര്യങ്ങൾ ഒന്നിച്ചുപറഞ്ഞതുകൊണ്ടോ എന്തോ.. അവൾ ഒരു അന്ധാളിപ്പോടെ എന്നെതന്നെ നോക്കികൊണ്ട് എഴുന്നേറ്റു.
"അണ്ണാ എന്താ പറഞ്ഞത് ഇവിടുന്ന് പോകുന്നു എന്നോ..?
"അതെ കമ്പനി സ്ഥലമാറ്റം ഇനി പാലക്കാട്. ഏതായാലും നീ വിവാഹം കഴിഞ്ഞു വരുന്ന ആലത്തൂർ എന്ന സ്ഥലം പാലക്കാട് അടുത്ത് തന്നെയാണ്. പുതിയ സ്ഥലം പുതിയ ആളുകൾ എന്ന പേടി ഒന്നും വേണ്ട. ഞാനില്ലേ അവിടെ.. എന്ന് ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞൊപ്പിച്ചു.
"അണ്ണാ മറ്റെന്തോ പറയണം എന്ന് വിചാരിച്ചു എന്ന് പറഞ്ഞു.. എന്താ പറയൂ.. "
"ഇല്ല ദേവൂട്ടി ഇനി അത് വേണ്ട.. "
അപ്പോഴേക്കും ഞങ്ങൾ പൂക്കടക്ക് സമീപം എത്തിയിരുന്നു.
അവൾ വീണ്ടും..
"അണ്ണാ പ്ലീസ്.." എന്ന് തുടങ്ങി..
ഞാൻ അത് കേൾക്കാത്ത പോലെ നടന്നു. കടയിൽ എത്തിയപ്പോൾ,
ദേവൂട്ടി ഞാൻ വീട്ടിലേക്ക് പോകുന്നു. കുറച്ചു കണക്കുകൾ ശരിയാക്കാൻ ഉണ്ട് എന്ന് പറഞ്ഞുനടന്നു.
പിന്നീട് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ദേവൂട്ടിയുടെ വീട്ടിൽ പോയി.. സ്ഥലമാറ്റത്തിന്റെ കാര്യം അച്ഛനെയും അമ്മയെയും അറിയിച്ചു. അടുത്ത ഞായറാഴ്ച തിരിച്ചു പോകും. വാടക ബാക്കി എല്ലാം തീർത്തു.
അത് കഴിഞ്ഞപ്പോൾ അവർ ദേവൂട്ടിയുടെ വിവാഹകാര്യം എന്നെ അറിയിച്ചു. തീയതി ഉറപ്പിച്ച ശേഷം ഫോൺ ചെയ്തു അറിയിക്കാം. വിവാഹത്തിന് രണ്ടുദിവസം മുൻപേ എത്തണം എന്നും പറഞ്ഞു. ഞാൻ എത്താം എന്നും പറഞ്ഞു.
മോൾക്ക് പുതിയ സ്ഥലം, പുതിയ ആളുകൾ എന്നൊക്കെ പറഞ്ഞു വേവലാതിയായിരുന്നു. എന്തായാലും മോൻ അവിടെ അടുത്ത് തന്നെ ഉണ്ടല്ലോ.. അത് വല്ലാത്ത ഒരു സമാധാനമായി എന്ന് ദേവൂട്ടിയുടെ അമ്മ പറഞ്ഞു.
അങ്ങനെ അടുത്ത ഞായറാഴ്ച ഞാൻശുചീന്ദ്രത്തോട് വിട പറഞ്ഞു. ദേവൂട്ടിയുടെ അച്ചനാണ് സ്കൂട്ടറിൽ എന്നെ നാഗർകോവിൽ സ്റ്റേഷൻവരെ കൊണ്ട് വിട്ടത്.
വീടിന്റെ ഗേറ്റ് വരെ ദേവൂട്ടിയും അമ്മയും യാത്ര പറയാൻ വന്നു. സ്കൂട്ടറിൽ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞുനോക്കി.
വിചാരിച്ചപോലെ തന്നെ ദേവൂട്ടി അവിടെ തന്നെ നിൽക്കുന്നു. ഗേറ്റിൽ ചാരികൊണ്ട് കാഴ്ചയിൽ നിന്നും ഞങ്ങൾ മറയും വരെ എന്നെതന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
Part 9
നാട്ടിൽ തിരിച്ചെത്തി പുതിയ ഏരിയയിൽ വർക്ക് തുടങ്ങി. ആദ്യത്തെ കുറച്ചുദിവസങ്ങളിൽ വെറുതെ യാന്ത്രികമായി ഫീൽഡിൽ പോകുന്നു വരുന്നു എന്നല്ലാതെ ഒന്നിലും ഒരു ശ്രദ്ധകിട്ടുന്നില്ല. ഉറക്കവും നഷ്ടപ്പെടുന്നപോലെ. വല്ലാത്ത ഒരു നഷ്ടബോധം. ദേവൂട്ടിയെ മനസ്സിൽനിന്നും മായ്ച്ചുകളയുവാൻ പരമാവധി ശ്രമിച്ചുവെങ്കിലും അതിൽ വിജയം കാണുന്നില്ല. പഴയപോലെ
ബിസിനസ് പോരാ എന്ന് പറഞ്ഞുകൊണ്ട് കമ്പനിയിൽനിന്നുമുള്ള പ്രഷർ വേറെ.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഫാർമേഴ്‌സ്, കാലിതീറ്റ ഡിസ്ട്രിബുട്ടഴ്‌സ് തുടങ്ങിയവരെയൊക്കെ തേടിപിടിച്ചു ഒരു വിസിറ്റ് പൂർത്തിയാക്കാൻ തന്നെ മൂന്നുമാസത്തിൽകൂടുതൽ സമയം എടുത്തു.
അങ്ങനെ അവിടെനിന്നും പോന്നതിനുശേഷം നാലാമത്തെ മാസം ഒരു ദിവസം വൈകുന്നേരം ദേവൂട്ടിയുടെ അച്ഛന്റെഫോൺ കാൾ വന്നു.
"എന്താ മോനെ അവിടെ എത്തിയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ.. ഞങ്ങളെയൊക്കെ ഇത്രവേഗം മറന്നോ എന്ന് ചോദിചിട്ടാണ് സംസാരം തുടങ്ങിയത് തന്നെ.
എന്റെ ജോലിതിരക്ക് പലതും പെരുപ്പിച്ചു പറഞ്ഞു വിഷയം മാറ്റി. ദേവൂട്ടിയുടെ
വിവാഹം ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്. അടുത്ത മാസം അതായത് മെയ് മാസം 5 ഞായറാഴ്ചയാണ് വിവാഹം. രാവിലെ ശുചീന്ദ്രത്തിൽ വെച്ചു താലികെട്ട്. അടുത്തദിവസം ആലത്തൂരിലേക്ക് എല്ലാവരും വരും.
രണ്ടുദിവസം മുൻപ് തന്നെ വരണം. വിവാഹം കഴിഞ്ഞു ആലത്തൂർക്കു പോകാനും കൂടെ ഉണ്ടാകണം എന്ന് പറഞ്ഞു.
ഞാൻ വരാം എന്ന് വെറുതെ പറഞ്ഞു. ദേവൂട്ടിയുണ്ട് അടുത്ത്.. ഫോൺ അവൾക്ക് കൊടുക്കാം എന്ന് പറഞ്ഞു ഫോൺ കൈമാറി.
കുറച്ചുനേരം ഒരു നിശബ്ദത.. പിന്നെ ഞാൻ ദേവൂട്ടി എന്ന് വിളിച്ചു..
അവൾ" ഉം "എന്ന് മാത്രം
വീണ്ടും ഞാൻ.. "എന്താ നീ ഒന്നും മിണ്ടാതെ "
വീണ്ടും ഒരു നിശബ്ദത..
പിന്നെ അവൾ തുടർന്നു.
"അന്ന് പോയിട്ട് അണ്ണൻ.. ഇത് വരെ ഒന്ന് വിളിച്ചില്ലല്ലോ "
"ആ അത് പിന്നെ.. വേറെ കുറേ തിരക്കായിപോയി ദേവൂട്ടി.. അതോണ്ടാ.. "
"ഉം.. കല്യാണത്തിന് വരില്ലേ...? "
എന്താ പറയേണ്ടത് എന്നറിയാതെ.. ഞാൻ കുറച്ചു നേരം നിന്നു.
പിന്നെ "വരാം ദേവൂട്ടി "എന്ന് പറഞ്ഞൊപ്പിച്ചു.
ശരി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
വീണ്ടും ഒരുതരം അസ്വസ്ഥത.. പതുക്കെ.. പതുക്കെ മനസ്സിനെ ഒന്ന് പാകപ്പെടുത്തി എടുത്തതായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഓർക്കാപുറത്തു ഇങ്ങോട്ട് ഒരു ഫോൺകാൾ.
ആ ചിന്തയിൽ ഒരാഴ്ചയോളം വീണ്ടും മൂഡ് ഓഫ് ആയി എന്ന് പറയാം.
വിവാഹത്തിന് പോകണോ വേണ്ടയോ എന്ന കൺഫ്യൂഷൻ കുറേ ദിവസം കൂടെകൂടി. അങ്ങനെ ഏപ്രിൽ അവസാനം ആയപ്പോൾ ഒരു തീരുമാനം എടുത്തു. ഏതായാലും വിവാഹത്തിന് പോകുന്നില്ല. അതിന് മുൻപ് ഒന്ന് പോയി വരാം എന്ന്.
അങ്ങനെ ഏപ്രിൽ അവസാനത്തിലെ ഞായറാഴ്ച ഏതാണ്ട് വൈകുന്നേരം നാലുമണിക്ക്
ഞാൻ അവളുടെ വീട്ടിൽ എത്തി.
വീടും വീട്ടുകാരും
വിവാഹത്തിന്റെ ഒരുക്കുമാനത്തിലായിരുന്നു. വീട്ടിൽ പന്തൽപണിനടന്നുകൊണ്ടിരിക്കുന്നു. ആഭരണവും തുണികളും കണ്ടുപോകുന്ന അയൽക്കാരും മറ്റു പരിചയക്കാരും.
എന്നെ കണ്ടതും ദേവൂട്ടിയുടെ അച്ഛനും അമ്മയും വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. ആഭരണവും ഡ്രെസ്സുമെല്ലാം സന്തോഷത്തോടെ കാണിച്ചുതന്നു. എല്ലാം നോക്കികൊണ്ട് അമ്മക്ക് പുറകിലായി ദേവൂട്ടി നിൽക്കുന്നുണ്ട്. മൂന്നുനാലുമാസം കൊണ്ട് അവളുടെ സൗന്ദര്യം കുറച്ചുകൂടി കൂടിയപോലെ.
അടുത്ത ആഴ്ച
കമ്പനിയിൽ രണ്ടുദിവസത്തെ ഒഴിവാക്കാൻ പറ്റാത്ത മീറ്റിംഗ് ഉണ്ട്. മീറ്റിംഗ്ന് എത്തിയില്ലെങ്കിൽ വലിയ വിഷയമാകും.
അത് കാരണം കല്യാണത്തിൽ പങ്കെടുക്കാൻ പറ്റില്ല. അത് കൊണ്ട് അതിനു മുൻപെങ്കിലും ഒന്ന് വന്നുപോകാം എന്ന് കരുതി വന്നതാണ് എന്നൊക്കെ വെറുതെ പറഞ്ഞൊപ്പിച്ചു.
വിവാഹത്തിന് വരില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയസങ്കടം. അങ്ങനെ അവിടുന്ന് യാത്ര പറഞ്ഞു വേഗം ഇറങ്ങാൻ ശ്രമിച്ചപ്പോൾ ദേവൂട്ടിയുടെ അച്ഛൻ..
ഇപ്പോൾ തന്നെ മണി 6കഴിഞ്ഞു. ട്രെയിൻ പോയിക്കാണും. ഇനി രാത്രിയിൽ എന്തു ചെയ്യാനാ. ഒരു കാര്യം ചെയ്യാം ഏതായാലും നാളെ രാവിലെ 7മണിക്കുള്ള ട്രെയിനിൽ പോകാം. നീ താമസിച്ച വീട് അതെ പോലെതന്നെ ഒഴിഞ്ഞുകിടപ്പുണ്ട്. ഒന്നുകിൽ ഇവിടെ ഞങ്ങളോടൊപ്പം കൂടാം. അല്ലെങ്കിൽ നിന്റെ പഴയ വീട്ടിൽ തന്നെ, നിന്റെ ഇഷ്ടം പോലെ ആവാം. എന്തായാലും കല്യാണത്തിന് നീ വരില്ലല്ലോ അത് കൊണ്ട് ഇന്ന് നിന്നെ വിടുന്നകാര്യമില്ല. നാളെ പോകാം.
അച്ഛൻ ഇത് പറഞ്ഞപ്പോൾ അമ്മയും ദേവൂട്ടിയും അതേറ്റുപിടിച്ചു. അങ്ങനെ എല്ലാവരുടെയും നിർബന്ധം കാരണം അന്ന് എനിക്ക് അവിടെതന്നെ തങ്ങേണ്ടിവന്നു.
പണ്ടു
ഞാൻ താമസിച്ച ആ പഴയ വീട്ടിൽ ഒരു ദിവസം കൂടി.
"ദേവൂട്ടി മോന്റെ റൂം ഒന്ന് വൃത്തിയാക്കികൊടുത്തിട്ടു വാ "എന്ന് അമ്മ പറഞ്ഞപ്പോൾ അവൾ
അകത്തുനിന്നും രണ്ടു ബെഡ്ഷീറ്റ് എടുത്തുകൊണ്ട്.. എന്റെ കൂടെ ആ പഴയവീട്ടിലേക്ക് വന്നു.
Part 10.
വീട് തുറന്നു അകത്തുകയറിയപ്പോൾ ദേവൂട്ടി സോപ്പും ടവലും എന്റെ കയ്യിൽ തന്നുകൊണ്ട് പറഞ്ഞു. അണ്ണൻ കുളിച്ചോളൂ.. അപ്പോഴേക്കും ഞാൻ റൂം വൃത്തിയാക്കിവെക്കാം.
ഒന്നും വേണ്ട ദേവൂട്ടി അതൊക്കെ ഞാൻ തന്നെ ചെയ്തോളാം നീ വീട്ടിലേക്ക് പൊയ്ക്കോളൂ എന്ന് ഞാനും.
അപ്പോൾ അവൾ
"ഇന്നത്തെ ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അവിടെ വീട്ടിൽ തന്നെ കൂടമായിരുന്നില്ലേ എന്ന് ചോദിച്ചു.
ആ അതൊന്നും ശരിയാവില്ല എന്നു പറഞ്ഞുകൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.
കുളിച്ചു വരുമ്പോഴേക്കും ബെഡ്ഷീറ്റ് എല്ലാം മാറ്റി മുറിയിലെ പൊടിയെല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കിയിരുന്നു.
"ആ നീ ഇതുവരെയും പോയില്ലേ..? "
"അതെന്താ ഞാൻ ഇവിടെ നിന്നാൽ... ഞാൻ പോകാഞ്ഞിട്ട് അണ്ണന് ബുദ്ധിമുട്ട് ആയോ...? "
ഏയ്.. എനിക്കെന്ത് ബുദ്ധിമുട്ട് വെറുതെ ചോദിച്ചുന്നേള്ളൂ.. എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് അൽപനേരം നോക്കിനിന്നു.. എന്നിട്ട് പറഞ്ഞു.
"അണ്ണൻ വരുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.. എന്തായാലും വന്നസ്ഥിതിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ഡ്രസ്സ് ഒക്കെ മാറിയിട്ട് അങ്ങോട്ട് വാ.. "
അത് കേട്ടപ്പോൾ ഞാനാകെ വല്ലാണ്ടായി.
"എന്താ ദേവൂട്ടി? "
അപ്പോൾ അവൾ ഒരു ചെറുചിരിയോടെ
" അണ്ണാ പേടിക്കൊന്നും വേണ്ട.... വാ വന്നിട്ട് പറയാം "എന്ന് പറഞ്ഞു കൊണ്ട് വേഗം അവളുടെ വീട്ടിലേക്ക് ഓടി...
ആ ഓട്ടത്തിൽ അവളുടെ സ്വർണകൊലുസ് വളല്ലാതെ കിലുങ്ങിചിരിക്കുന്നുണ്ടായിരുന്നു.
എന്തോ കള്ളത്തരം ഒളിപ്പിച്ചു വച്ചപോലെ..അങ്ങനെ എന്തോ ഒരു തോന്നൽ..
ഞാൻ വീണ്ടും ആശയകുഴപ്പത്തിലായി.. ഇനിപ്പോ.. ഇവൾക്കെന്താവും... സംസാരിക്കാനുള്ളത്..?
അങ്ങനെ ഏതാണ്ട് 7മണിയോടെ ഞാൻ അവളുടെ വീട്ടിൽ എത്തി. മുറ്റത്തിട്ടിരുന്ന കസേരകളിലൊന്നിൽ ഞാനിരുന്നു.
എന്നെ കണ്ടതും ദേവൂട്ടി പുറത്തുവന്നു.
അണ്ണാ ഇരിക്കു ട്ടോ ഞാൻ ഇപ്പൊവരാം എന്ന് പറഞ്ഞു അകത്തേക്ക് തന്നെപോയി.
കുറച്ചു കഴിഞ്ഞു രണ്ടു പ്ലേറ്റ് പുലാവ് മായി അവൾ വന്നു. നല്ല ചൂടുള്ള പുലാവും സാലഡും.
ഒരു പ്ലേറ്റ് എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.
"അണ്ണന്റെ മറ്റൊരു ഫേവറേറ്റ്.. പുലാവ്.. ഇന്ന് കുറച്ചുകൂടി സ്പെഷ്യൽ ആയി ഉണ്ടാക്കിയതാണ്.. കഴിച്ചുനോക്ക്.. "
അവൾ മറ്റൊരു കസേര എന്റെ അടുത്തേക്ക് വലിച്ചിട്ടു അതിൽ ഇരുന്നു.
ഒരു സ്പൂൺ പുലാവ് രുചിച്ചു നോക്കിയതും മനസ്സിലായി, അവൾ പറഞ്ഞപോലെ ഒരു സ്പെഷ്യൽ ഐറ്റം തന്നെ. അണ്ടിപരിപ്പിന്റെയും സ്പെഷ്യൽ നെയ്യിന്റെയും കൂട്ട്.. എന്തൊരു കൈപുണ്യമാണ് ഈ പെണ്ണിന് എന്ന് പറഞ്ഞേക്കാം എന്ന് കരുതി ഇരിക്കുമ്പോളാണ് അടുക്കളയിൽ.. എന്തോ വീണുമറിയുന്ന ശബ്ദം. അത് കേട്ടതും ദേവൂട്ടി.. അമ്മേ എന്താ.. എന്ന് ചോദിച്ചു അകത്തേക്ക് ഓടി.. പുലാവ് അവിടെ വെച്ചു ഞാനും പിന്നാലെ ഓടി. അടുക്കളയിൽ അമ്മ വീണുകിടക്കുന്നു. ബി.പി. കൂടിയതാണ്.
വീണ്ടും പഴയപോലെ ടാക്സി വിളിച്ചു ഹോസ്പിറ്റലിലേക്ക്.
കല്യാണതിരക്കിനിടയിൽ പലപ്പോഴും മരുന്നു മറന്നുപോയി. അതാണ് കാരണം.
എന്തു പറയാൻ.. ഡോക്ടർ വന്നു ടെസ്റ്റ് എല്ലാം കഴിഞ്ഞു .. മരുന്നുകൊടുത്തു.. കുറച്ചു നേരത്തെ ഒബ്സെർവേഷനും കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മണി പന്ത്രണ്ടു കഴിഞ്ഞു.
പിന്നെ വേഗം കിടന്നു രാവിലെ 5മണിക്ക് എഴുന്നേറ്റു കുളിച്ചു ഡ്രസ്സ് മാറി അവരോട് യാത്രപറയാൻ ചെന്നപ്പോൾ ദേവൂട്ടിയും അച്ഛനും എനിക്കുള്ള ചായയും തയ്യാറാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
അമ്മയെ അവർ കിടക്കുന്നമുറിയിൽ ചെന്നുകണ്ടു യാത്ര പറഞ്ഞു.
ഇറങ്ങാൻ നേരം ഗേറ്റ് വരെ ദേവൂട്ടി ഒപ്പം വന്നു.
"ഇന്നലെ ദേവൂട്ടി എന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു. എന്താ ദേവൂട്ടി "?
അത് കേട്ടപ്പോൾ അവൾ ഒരു ദീർഘനിശ്വാസം എടുത്തു. എന്നിട്ടുപറഞ്ഞു...
കുറേ പറയാൻ ഉണ്ടായിരുന്നു... ഒന്നും നടന്നില്ല.. ഇനി വേണ്ട.. അണ്ണാ... അണ്ണൻ ലേറ്റ് ആക്കേണ്ട ട്രെയിൻ സമയം ആയി..
അവളുടെ അച്ഛൻ എന്നെ സ്റ്റേഷനിൽ എത്തിച്ചു.
ചൂളംവിളിച്ചുകൊണ്ടു കുതിച്ചുപായുന്ന ട്രെയിനിൽ പെരുമ്പറ മുഴങ്ങുന്ന ഇടനെഞ്ചുമായി ഞാൻ നാട്ടിൽ എത്തി.
ആ ഒരാഴ്ച തള്ളി നീക്കാൻ ഞാൻ വല്ലാത്തപാട്പെട്ടു.
അടുത്ത ഞായറാഴ്ചയാണ് ദേവൂട്ടിയുടെ വിവാഹം.
ശനിയാഴ്ച രാത്രി.. കിടന്നു എന്നല്ലാതെ ഉറക്കം ഒന്നുവന്ന് എത്തിനോക്കുന്നുപോലുമില്ല.. എങ്ങനെയോ തിരിഞ്ഞുംമറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
വേഗം കുളിച്ചു റെഡിയായി... പതിവില്ലാതെ എന്റെ കുളിയും പുറപ്പാടും കണ്ടപ്പോൾ അമ്മ
"ഇന്നെവിടേക്കാടാ നീ.. ഞായറാഴ്ചയായിട്ട്..? "
"ഇന്ന് ഒരു ഫ്രണ്ടിന്റെ വിവാഹമാണ് അമ്മേ.. വൈകുന്നേരം എത്താം" എന്ന് പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി. രാവിലെ 6:30 നു ഒറ്റപ്പാലത്തേക്ക് ഒരു ബസ് ഉണ്ട്. അതും ലക്ഷ്യമാക്കി ബസ് സ്റ്റോപ്പിലേക്ക് നടന്നുതുടങ്ങി.
Part 11
അന്ന് കൃത്യസമയത്തുതന്നെ ബസ് വന്നു. എവിടേക്ക് എന്ന് ഒരു ലക്ഷ്യമില്ലാത്തയാത്ര. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ആദ്യം കണ്ടത് ഗുരുവായൂർക്കുള്ള മയിൽവാഹനം ബസ് ആണ്. പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ആ ബസിൽ ഓടികയറി.
അന്ന് ഞായറാഴ്ചആയതുകൊണ്ടാവാം ഗുരുവായൂരിൽ നല്ലതിരക്കുണ്ടായിരുന്നു. ദർശനത്തിനുള്ള നീണ്ട ക്യൂ കിഴക്കേനടയിൽ നീണ്ടുവലിഞ്ഞു കിടക്കുന്നു. അതിനോടൊപ്പം കൂടാൻ തോന്നിയില്ല. നേരെ ഭഗവതിക്ഷേത്രപ്രവേശനവഴിയിലൂടെ ഉള്ളിൽകയറി. പുറത്തുകൂടി ഒന്ന് പ്രദക്ഷിണം വെച്ചുവന്നു
പ്രദക്ഷിണവഴിയിലെ പ്രസാദകൗണ്ടറിനടുത്ത ഒരു തൂണിനു സമീപം ഇരിപ്പുറപ്പിച്ചു.
ഒറ്റക്കും കൂട്ടായും
പ്രദക്ഷിണവഴിയിലൂടെ നടന്നുനീങ്ങുന്ന ഭക്തർ.
ചിലർ എന്തോ കാര്യസാദ്ധ്യത്തിനുള്ള അഭ്യർത്ഥനക്കും മറ്റുചിലർ കാര്യലാഭത്തിനുശേഷം കൃതഞ്ജത അറിയിക്കാനുമായിരിക്കാം പലർക്കും പല ഭാവങ്ങൾ.
ചില സ്ത്രീകൾ കാൽപാദം കൊണ്ട് അളന്നളന്നു പ്രദക്ഷിണം ചെയ്യുന്നു. എന്തായിരിക്കും അവർ അളന്നുകൂട്ടുന്നത് ചെയ്തുപോയ പാപങ്ങളോ അതോ മോഹഭംഗങ്ങളൊ...?
അവരുടെ ഉയർത്തിപിടിച്ച സാരിക്കും പാവടക്കും താഴെ കാണുന്ന കൊലുസുകൾ കണ്ടപ്പോൾ വീണ്ടും ദേവൂട്ടിയുടെ ഓർമ്മകൾ.
കുറച്ചു നേരം അവിടെ ഇരുന്നപ്പോൾ വീണ്ടും അസ്വസ്ഥത തലപൊക്കിതുടങ്ങി.
അവിടെ നിന്നും എഴുന്നേറ്റു പുറത്തുവന്നു.
നേരെ പടിഞ്ഞാറെ നടവഴി റോഡിലേക്ക് നടന്നു.
ആദ്യം കണ്ടത് കൊടുങ്ങല്ലൂരിലേക്കുള്ള ബസ് ആണ്. അതിൽ ഓടിക്കയറി.
കൊടുങ്ങല്ലൂരിലേക്ക് ടിക്കറ്റ് എടുത്തു.
അല്പസമയം പിന്നിട്ടപ്പോൾ ബസ് ചാവക്കാട് സ്റ്റേഷനിൽ എത്തി. എന്തോ അവിടെ ഇറങ്ങാൻ തോന്നി. ബസ് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ചാവക്കാട് ബീച്ചിൽ എത്തി.
ഉച്ചവെയിലിൽ ചുട്ടുനീറുന്ന മണൽപരപ്പിലൂടെ നടന്നുതുടങ്ങി കടലമ്മയുടെ അടുത്തേക്ക്. ആർത്തട്ടഹസിക്കുന്ന തിരമാലകൾ... ദൂരെ കടൽപരപ്പിൽ വരിവരിയായി നീങ്ങുന്ന.. ബോട്ടുകൾ.. എല്ലാം കണ്ടുകൊണ്ടങ്ങിനെ നനഞ്ഞമണലിൽ അൽപനേരമിരുന്നു. കടലമ്മ ഉപ്പുവെള്ളം വാരിവിതറി. ആ ഇരുപ്പു
വൈകുന്നേരം വരെ നീണ്ടുപോയി.
മത്സ്യബോട്ടുകൾ തീരത്തോടടുക്കുന്നു , ജനത്തിരക്കാൽ തീരമുണർന്നു. സൂര്യൻ കുങ്കുമനിറമണിഞ്ഞപ്പോൾ, ഞാൻ മെല്ലെ വീട്ടിലേക്ക് മടങ്ങി.
പിന്നെ ഏതാണ്ട് നാലുമാസം കഴിഞ്ഞുകാണും. രാവിലെ ജോലിക്കു പോകാൻ തുടങ്ങുകയായിരുന്നു. ഫോൺ ശബ്ദം കേട്ടപ്പോൾ തിരികെവന്നു അറ്റൻഡ് ചെയ്തു. ഫോൺ എടുത്തതും മറുതലക്കൽ അണ്ണാ എന്ന വിളിയോടെ ദേവൂട്ടി.
കുറച്ചു നേരം എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാൻ നിന്നു.
പിന്നെ ചോദിച്ചു. "ദേവൂട്ടി.. എവിടുന്നാ വിളിക്കുന്നത്..? "
"ഇവിടെ വീട്ടിൽനിന്ന്.. ആലത്തൂർ.. "
"ഉം.. നിനക്ക് സുഖമല്ലേ "
"ആ അണ്ണാ സുഖം ... അണ്ണൻ ഈ വഴി വരുമ്പോൾ വീട്ടിലേക്ക് വരുമോ.. "
ഉം വരാം..
അവൾ അഡ്രസ്സും വീട്ടിലേക്കുള്ള വഴിയും പറഞ്ഞുതന്നു.
അങ്ങനെ ഏതാണ്ട് ഒരു മാസത്തിനുശേഷം ഞാൻ അവളുടെ ആലത്തൂർ ഉള്ള വീട്ടിൽ എത്തി. അന്ന് ആ ഏരിയയിൽ ആയിരുന്നു എന്റെ വർക്ക്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ദേവൂട്ടിയെ വിളിച്ചു ചിലപ്പോൾ വരാം എന്ന് അറിയിച്ചിരുന്നു.
പുതിയങ്കം പോസ്റ്റ് ഓഫീസു കഴിഞ്ഞു ചിറ്റിലഞ്ചേരി റോഡിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കുമാറിയിട്ടായിരുന്നു അവരുടെ വീട്. ഒരു ഇരുനില ഓടിട്ട വീട്
തെങ്ങും കവുങ്ങും നിറഞ്ഞ പുരയിടം. മറ്റു പല പച്ചക്കറികൃഷികളും വലിയ കാലിതൊഴുത്തും എല്ലാം കൊണ്ടും ഒരു ഒരു കർഷകവീട് തന്നെ.
വൈകുന്നേരം നാലുമണിയോടെയാണ് ഞാൻ അവിടെ എത്തിയത്.
കോളിംഗ് ബെൽ അടിച്ചുകുറച്ചു സമയത്തിനുള്ളിൽ ദേവൂട്ടി വാതിൽതുറന്നു. അണ്ണാ എന്ന് വിളിച്ചുകൊണ്ട് നിറഞ്ഞചിരിയോടെ സ്വീകരിച്ചു.
ഒരു നേവി ബ്ലു നിറത്തിലുള്ള മാക്സി ആണ് അന്നവൾ ധരിച്ചിരുന്നത്.
അണ്ണാ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞുകൊണ്ട്
വേഗം ഉള്ളിലേക്ക് പോയി. അല്പം സമയത്തിനുള്ളിൽ അയാളെയും കൂട്ടി വന്നു. ഹരിദാസ് എന്നായിരുന്നു അയാളുടെ പേര്.
ചായകുടിച്ചതിന് ശേഷം അവരുടെ വിശാലമായ പറമ്പും കൃഷിയിടങ്ങളും ഞങ്ങൾ മൂന്നുപേരും കൂടി നടന്നുകണ്ടു.
എന്റെ പ്രോഡക്റ്റ് നെ കുറിച്ച് അയാൾ കൂടുതൽ ചോദിച്ചുമനസ്സിലാക്കി.
പിന്നീട് പലപ്പോഴും മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും ഞാൻ അവിടെപോകുമായിരുന്നു. പലപ്പോഴും ഉച്ചഭക്ഷണം അവിടെ നിന്നായിരുന്നു കഴിച്ചിരുന്നത്. ഹരിയേട്ടനും നല്ല പെരുമാറ്റമായിരുന്നു.
അദ്ദേഹത്തിന് കുറേ ഫാർമേഴ്‌സു മായി ബന്ധമുണ്ടായിരുന്നു.
ആലത്തൂർ, എരിമയൂർ, കണ്ണമ്പ്ര, കാവശ്ശേരി, കിഴക്കഞ്ചേരി, കൊട്ടായി,
കുത്തനൂർ തുടങ്ങി ആ ഭാഗത്തുള്ള കുറേ കർഷകരെ എനിക്ക് വേണ്ടി പരിചയപ്പെടുത്തി.
അങ്ങനെ ഏതാണ്ട് രണ്ടുവർഷം കടന്നുപോയി. ദേവൂട്ടിക്കൊരു കുഞ്ഞു ജനിച്ചു. നൂല്കേട്ട് ചടങ്ങിനു എന്നെയും വിളിച്ചു. അവരുടെ സന്തോഷത്തിൽ ഞാനും പങ്കുചേർന്നു.
പക്ഷേ വിധി അതിനെ തിരുത്താൻ പറ്റില്ലല്ലോ. ദേവൂട്ടിയുടെ ആ പുതിയ ജീവിതം പെട്ടെന്ന് തന്നെ മാറിമറഞ്ഞു.
കുറച്ചു നാളത്തെ സന്തോഷം അതിനുവിരാമമിട്ടുകൊണ്ട്,അവളുടെ ജീവിതത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്ര തുടങ്ങി.
Part 12
കുഞ്ഞുജനിച്ചു ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ അവളെ തേടിയെത്തിയ ആദ്യദുരന്തം. അമ്മ അലക്കുകല്ലിൽ തലയടിച്ചു വീണു. പഴയപോലെ ബി. പി. കേറിയതാണ്.
ആരും വീട്ടിൽ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് വിവരം കിട്ടിയില്ല. ഉച്ചഭക്ഷണത്തിന് ദേവൂട്ടിയുടെ അച്ഛൻ വീട്ടിൽ എത്തിയപ്പോളാണ് വിവരം അറിയുന്നത്.
ഹോസ്പിറ്റലിൽ എത്തിച്ചു മാസങ്ങളോളം വെന്റിലേറ്റർ, ഐസി. യു, മാറി മാറിയുള്ള ഹോസ്പിറ്റലുകൾ,, ചികിത്സ എന്നിങ്ങനെ എല്ലാം ശ്രമിച്ചു. വീട് ഒഴികെ പറമ്പും മറ്റു സ്വത്തുക്കളും വിറ്റുപെറുക്കി ലക്ഷങ്ങൾ ചിലവഴിച്ചും പരിചരിച്ചും അയാൾ ചെയ്തുനോക്കിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അവസാനം ദേവൂട്ടിയുടെ അച്ഛൻ ഒറ്റക്കായി. എല്ലാം ഒഴിവാക്കി ആലത്തൂർക്ക് വരാൻ ദേവൂട്ടിയും ഭർത്താവും കുറേ നിർബന്ധിച്ചുവെങ്കിലും അയാൾ ശുചീന്ദ്രം വിട്ടു വരാൻ തയ്യാറായില്ല.
അങ്ങനെ ആ ദുഃഖം അയവിറക്കികൊണ്ടിരിക്കുമ്പോൾ തന്നെ, ഏതാണ്ട് ആറു മാസത്തിനുള്ളിൽതന്നെ, മറ്റൊരു വലിയദുരന്തം അവളെ തേടിയെത്തിയത്.
ദേവൂട്ടിയുടെ ഭർത്താവും അമ്മയും കൂടി, അവരുടെ ജീപ്പിൽ പാലക്കാട് ഹോസ്പിറ്റലിൽ പോയി തിരികെവരുമ്പോൾ ജീപ്പിന്റെ നിയന്ത്രണം തെറ്റി വലിയ അപകടം ഉണ്ടായി. കൊടുവായൂർ ടൗണിൽ കൊല്ലങ്കോട് ജംഗ്ഷനിലുള്ള ടെലിഫോൺ പോസ്റ്റിൽ ജീപ്പ് ഇടിച്ചു..പെട്ടെന്ന് സ്റ്റീയറിങ് വളച്ചുതിരിച്ചപ്പോൾ അത് നേരെ ഓടിക്കയറിയത് അടുത്തുള്ള ഒരു തുണികടയിലേക്ക് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടു ജീപ്പ് ഒരു പുറത്തേക്ക് മറിഞ്ഞുവീണു.
ടെലിഫോൺ പോസ്റ്റിൽ ഇടിച്ചപ്പോൾ തന്നെ അവരുടെ അമ്മ നടുറോഡിൽ തലയടിച്ചു വീണു, ഒരിറ്റു വെള്ളം പോലും ഇറക്കാൻ കഴിയാതെ മരണത്തിനു കീഴടങ്ങി. തുണികടയിൽ നിന്നവർക്ക് പാതിജീവൻ കിട്ടി.. ഒരു പുറത്തെ കാലും കയ്യും ചതഞ്ഞരഞ്ഞു. ജീപ്പ്
മറിഞ്ഞപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ദേവൂട്ടിയുടെ ഭർത്താവിന്റെ നട്ടെല്ലും തകർന്നു .
കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ, ജീപ്പിന്റെ ഇൻഷുറൻസ് കാലാവധി രണ്ടുദിവസം മുൻപേ കഴിഞ്ഞിരുന്നു. പുതുക്കാൻ മറന്നുപോയതാണ്.
അപകടത്തിൽ, തുണികടയിൽ പരിക്ക് പറ്റിയവർക്കുള്ള നഷ്ടപരിഹാരം കൊടുക്കാൻ, ഹരിദാസിന്റെ വീടും സ്ഥലവും വിറ്റു കിട്ടിയ പണം കൊണ്ടുമാത്രം തികഞ്ഞില്ല. അവസാനം ദേവൂട്ടിയുടെ അച്ഛൻ അവരുടെ ശുചീന്ദ്രത്തുള്ള, ദേവൂട്ടി ജനിച്ചുവളർന്ന ആ വീട് വരെ വിറ്റു.അങ്ങനെ മറ്റുള്ളവർക്കു കൊടുക്കേണ്ട തുക ഒപ്പിച്ചെടുത്തു. ബാക്കി വന്ന അല്പം തുക കൊണ്ടു, ചിറ്റിലഞ്ചേരി റോഡിൽ അല്പം കൂടി ഉള്ളിലേക്ക് മാറി ഒരു മൂന്നു സെന്റ് സ്ഥലം വാങ്ങി. ഒരു ചെറിയ ഷീറ്റ് മേഞ്ഞ പുര അവർക്കായി വെച്ചു കൊടുത്തു.
അപകടത്തിൽ ഹരിദാസിന്റെ അരക്കു താഴെ ശേഷി ഇല്ലാതെയായി. ചികിത്സകൊണ്ടൊന്നും ഇനി വലിയ കാര്യമില്ല എന്ന് പറഞ്ഞു പല ഡോക്ടർമാരും കൈമലർത്തി. അങ്ങനെ ആ ചെറിയ വീട്ടിൽ അയാൾ ബെഡ് റെസ്റ്റിൽആയി. എല്ലാ വേദനയും സഹിച്ചു ദേവൂട്ടിയും.
കുറച്ചു ദിവസം അവരോടൊപ്പം കൂടിയ അവളുടെ അച്ഛനെ ഒരു ദിവസം രാവിലെ കാണാതായി. എവിടേക്കോ അയാൾ യാത്രയായി.
Part 13
ശരിക്കും ദേവൂട്ടി ഒറ്റപ്പെട്ടു എന്ന് പറയാം. കിടക്കയിൽ നിന്നും അനങ്ങാൻ കഴിയാത്ത ഭർത്താവ്, ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും. ഒരാൾ പോലും സഹായത്തിനില്ല. ഞാൻ
അവിടെ ചെല്ലുമ്പോൾ, അവളുടെ ആ അവസ്ഥ കാണുമ്പോൾ ഒരേസമയം സങ്കടവും അത്ഭുതവും തോന്നും.
മനോഹരമായ ഒരു പുഷ്പം പോലെ ചിരിച്ചു വിടർന്നുനിന്നിരുന്ന ഈ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ വന്നുവല്ലോ.
വെറും ഇരുപത്തിരണ്ടുവയസ്സ് മാത്രമുള്ള അവൾ എന്തൊക്കെചെയ്യണം.കുഞ്ഞിന്റെ മാത്രമല്ല ഭർത്താവിന്റെ പ്രാഥമികകാര്യങ്ങൾ നടക്കണമെങ്കിൽ അവൾ അടുത്ത് തന്നെവേണം. എല്ലാ വരുമാനവും പാടെ നിലച്ചു. കുഞ്ഞിനും ഭർത്താവിനുമുള്ള മരുന്നിനുവരെ പൈസ കണ്ടെത്തണം.ആകെകൂടി കോലം കെട്ടിരിക്കുന്നു.
ഞാൻ എനിക്ക് കഴിയാവുന്നപോലെ സഹായിക്കുമായിരുന്നുആദ്യതവണ കുറച്ചു തുക കൊടുത്ത പ്പോൾ അത് വാങ്ങാൻ അവൾക്ക് വലിയ വിഷമമായിരുന്നു. പിന്നെപിന്നെ വേറെ നിവർത്തിയില്ല എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവാം കൊടുക്കുമ്പോളെല്ലാം പാവം മടികൂടാതെ വാങ്ങി.
ഇതിനിടയിൽ ചെറിയ ഒരു വരുമാനമാർഗം അവൾ കണ്ടെത്തി. അവിടെ അടുത്ത് ഒരു പപ്പട നിർമ്മാണയുണിറ്റ് ഉണ്ട്. അവളുടെ അവസ്ഥമനസ്സിലാക്കിയ അതിന്റെ ഉടമ മാവ് അവളുടെ വീട്ടിൽ എത്തിച്ചുകൊടുക്കും.അങ്ങനെ ഒഴിവ് സമയം അവൾ പപ്പടം ഉണ്ടാക്കും. അങ്ങനെ അത്യാവശ്യത്തിനുള്ള എന്തെങ്കിലും വരുമാനം കിട്ടാൻതുടങ്ങി.
എന്തെങ്കിലും വലിയ ആവശ്യങ്ങൾ വരുമ്പോൾ അവൾ എന്നെ വിളിക്കും. ചിലപ്പോൾ ഭർത്താവിനെയോ, കുഞ്ഞിനെയോ ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ മറ്റോ ആകും. എനിക്ക് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പരമാവധി ഞാൻ അവിടെ എത്താറുമുണ്ട്.
അപകടംപറ്റി അനങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് അറിഞ്ഞതു മുതൽ അയാൾ പലപ്പോഴും എനിക്കിനി ജീവിക്കേണ്ട എന്ന് പറഞ്ഞുകരയുമായിരുന്നു. ദേവൂട്ടി അയാളെ പലതും പറഞ്ഞു ആശ്വസിപ്പിക്കും.
"നീ എവിടുന്നെങ്കിലും കുറച്ചു വിഷം കൊണ്ടുവാ. ഞാൻ അറിയാതെ ഭക്ഷണത്തിൽ ചേർത്ത് തന്നാൽ മതി. ഞാൻ ഇങ്ങനെ ഈ കിടക്കയിൽ കാലം കഴിച്ചുകൂട്ടിയിട്ടെന്താ കാര്യം. നിനക്ക് ചെറുപ്പമാണ്. നീ വേറൊരു ജീവിതം കണ്ടെത്തണം. എനിക്ക് മരിക്കാൻ സന്തോഷമേ ഉള്ളൂ" എന്നൊക്കെ പലപ്പോഴും അയാൾ പറഞ്ഞുകൊണ്ടിരുന്നു. ദേവൂട്ടിയും പിന്നെ അവിടെ ചെല്ലുമ്പോൾ ഞാനും പലതും പറഞ്ഞു അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അയാളുടെ അടച്ചുപിടിച്ച കൺപോളകൾക്കിടയിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടാവും.
അങ്ങനെ ഏതാണ്ട് ആറുമാസം പിന്നിട്ടപ്പോഴാണ് ഈ വലിയ ദുരന്തവും സംഭവിച്ചത്.
ആ ദിവസം അയാളുടെ
നീണ്ടു വളർന്ന താടിയും മീശയും വെട്ടിയൊതുക്കി ഷേവ് ചെയ്യുകയായിരുന്നു ദേവൂട്ടി. അതിനിടയിൽ കുഞ്ഞ് ഉറക്കത്തിൽ നിന്നും ഉണർന്നു കരച്ചിൽതുടങ്ങി. കുഞ്ഞിനെ വീണ്ടും ഉറക്കി തിരിച്ചുവന്നപ്പോൾ മുറിയിലാകെ രക്തം.ഷേവിങ് സെറ്റിലെ ബ്ലേഡ് എടുത്തു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതാണ്. അത് കണ്ടതും
അവൾ നിലവിളിച്ചുകൊണ്ടോടി.
എങ്ങനെയൊക്കെയോ ഒരു ടാക്സി വിളിച്ചു ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും ജീവൻ കൈവിട്ടിരുന്നു.
അങ്ങനെ ഹോസ്പിറ്റലിൽ നിന്നും ബോഡിയുമായി വീട്ടിലേക്കു തിരിച്ചുവരുമ്പോളാണ് അവൾ എന്നെ വിളിക്കുന്നത്. പാവം ഒന്നു സംസാരിക്കാൻ പോലും വയ്യാണ്ടായിരിക്കുന്നു. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
അതു കേട്ടതും ആ രാത്രിയിൽതന്നെ ചാറ്റൽ മഴകൊണ്ടുകൊണ്ട് ബൈക്കിൽ ഞാൻ അവിടെ എത്തി.
അങ്ങനെ ബാക്കിയുള്ള ചടങ്ങുകൾക്കും അവളോടൊപ്പം കൂടി.
ഇപ്പോൾ അവളും കുഞ്ഞും തീർത്തും ഒറ്റപ്പെട്ടു. എന്ക്ക് അവളെ അങ്ങനെ ഒറ്റക്ക് വിടാൻ കഴിയില്ല..
ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക്...എന്റെ കൂടെ കൂട്ടിക്കോട്ടേ... ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു.. ജെപി ഏട്ടാ... അവൾ എന്റെ കൂടെ വരില്ലേ..ജെപി ഏട്ടാ.. എനിക്ക് ഒരു രൂപവും കിട്ടുന്നില്ല. അത് കൊണ്ടാണ് ഞാൻ ജെപി ഏട്ടന്റെ അടുത്ത് വന്നത്. ജെപി ഏട്ടാ പറയൂ.. എന്ന് പറഞ്ഞു കൊണ്ട് അവൻ എന്റെ കണ്ണുകളിൽ തന്നെ നോക്കികൊണ്ട്, എന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു.
അങ്ങനെ അമ്പലപറമ്പിലെ ആൽത്തറയിൽ വൈകുന്നേരം 4മണി മുതൽ ഇരുന്നു സംസാരിക്കാൻ തുടങ്ങിയതാണ്.ഏതാണ്ട് ഒരു മണിക്കൂർ നീണ്ട അവന്റെ ജീവിതകഥയുടെ ഒരു ഭാഗം ഒട്ടും ചോർന്നുപോകാതെ എന്നോട് വിവരിച്ചു. ഇനി എന്റെ ഉപദേശപ്രകാരം മുന്നോട്ട് നീങ്ങാം എന്നതാണ് അവൻ ഉദ്ദേശിക്കുന്നത്.
എന്റെ സ്വന്തം കാര്യത്തിൽ പല തീരുമാനം എടുക്കുന്നതിലും ഞാൻ പരാജയപെട്ടിട്ടുണ്ട്. പക്ഷേ മറ്റുള്ളവർക്ക് ഞാൻ നൽകിയ പല ഉപദേശങ്ങളും അവരുടെ ജീവിതത്തിൽ നല്ല ഒരു മാറ്റം വരുത്തിയിട്ടുണ്ട് എന്നതാണ് രസകരം.
എന്നെ തേടി വന്ന മുരളിക്ക് എന്തു ഉപദേശം നൽകും എന്ന ആലോചന അൽപനേരം എന്നെ വിഷമിപ്പിച്ചു.
Part 14.
ഞാൻ പതുക്കെ തുടങ്ങി.
"മുരളി, പണ്ട് നിനക്ക് ദേവൂട്ടിയോട് പ്രണയമായിരുന്നു. അവൾക്കും നിന്നോട് അങ്ങനെ ഉണ്ടായിരുന്നിരിക്കാം.പക്ഷേ രണ്ടുപേരും പരസ്പരം തുറന്നുപറഞ്ഞിട്ടില്ല. മാത്രമല്ല അവൾ വേറൊരു ജീവിതം തുടങ്ങി, അതിൽ ഒരു കുഞ്ഞും ഉണ്ടായി. ഇപ്പോൾ ഇങ്ങനെയൊക്കെ ചില ദുരന്തങ്ങളും.
നീ കരുതുന്ന പോലെ ആകില്ല അവളുടെ മനസ്സിൽ ഇപ്പോൾ നിനക്കുള്ള സ്ഥാനം.
പണ്ട് ഉണ്ടായിരുന്ന ആ പ്രണയചിന്തയൊക്കെ എന്നോ അവൾ മറന്നിരിക്കാം. നീ വിളിച്ചാൽ അവൾ വരുമെന്ന് തോന്നുന്നില്ല. "
"ഇല്ല ജെപി ഏട്ടാ അവൾ വരും എനിക്കുറപ്പുണ്ട്. "
"മുരളി സത്യത്തിൽ ഇപ്പോൾ നിനക്ക് അവളോട് ഉള്ളതു ശരിക്കും പ്രണയമാണോ..? അതോ ഇപ്പോഴത്തെ അവളുടെ അവസ്ഥആലോചിച്ചുള്ള സഹതാപമോ.. ? "
അവൻ കുറച്ചുനേരത്തെ മൗനത്തിന് ശേഷം പറഞ്ഞു.
"അതിപ്പോ രണ്ടും ഉണ്ട് ജെപി ഏട്ടാ.. പ്രണയവും.. പിന്നെ അവളുടെ ഈ
ഒരവസ്ഥയെ കുറിച്ച് ആലോചിക്കുമ്പോൾ സഹതാപവും. "
"മുരളി സഹതാപം,ആ വികാരം അതിനു ആയുസ്സില്ല.. അതിന്റെ പേരിൽ ഒരു ബന്ധവും ഉണ്ടാക്കിയെടുക്കരുത്. നാളെ അവൾ നിനക്ക് ഇഷ്ടപെടാത്ത എന്തെങ്കിലും പറയുകയോ ചെയ്യുകയോ ഉണ്ടായാൽ.. ഈ സഹതാപവികാരം
അവിടെ അവസാനിക്കും. പിന്നെ ബന്ധങ്ങളിൽ വിള്ളൽ വന്നു തുടങ്ങും.
ശരിക്കും ഇന്നും നിന്നിൽ അവളോടുള്ള പ്രണയം ജീവിക്കുന്നുണ്ടെങ്കിൽ, മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല എങ്കിൽ നമുക്ക് ഇതിനെ കുറിച്ച് ആലോചിക്കാം. നീ നന്നായൊന്ന് ആലോചിച്ചു തീരുമാനം എടുക്കു. "
"ഇനി ആലോചിക്കാനൊന്നും ഇല്ല ജെപി ഏട്ടാ. ഈ വിവാഹത്തിന് എന്റെ വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ടാകും. അതെല്ലാം ഞാൻ പരിഹരിച്ചോളാം. അവളെ എനിക്ക് കൂടെ കൂട്ടണം. അവളോട് ഈ കാര്യം അവതരിപ്പിക്കാൻ.. എന്തോ എനിക്ക് ഒറ്റക്ക് വയ്യ. അവളോട് സംസാരിക്കാൻ ജെപി ഏട്ടനും കൂടെ വരണം. "
"ഓക്കേ ഞാൻ വരാം മുരളി. ഏതായാലും കുറച്ചുദിവസം കഴിയട്ടെ. ഇത്ര ദിവസം അല്ലെ ആയിട്ടുള്ളു. അവൾ ഇപ്പോൾ ഒരു പ്രത്യേക അവസ്ഥയിൽ അല്ലെ. പെട്ടെന്ന് തന്നെ നമ്മൾ ഇതേകുറിച്ച് സംസാരിക്കുന്നത് ശരിയല്ല. "
"ഓക്കേ ജെപി ഏട്ടാ എന്നാൽ ഒരു പത്തുദിവസംകൂടി കഴിയട്ടെ എന്നിട്ട് നമുക്ക് പോകാം" എന്ന് പറഞ്ഞു ഞങ്ങൾ അന്ന് പിരിഞ്ഞു.
പിന്നെ രണ്ടുദിവസം കഴിഞ്ഞതും വീണ്ടും മുരളി വിളിച്ചു.
"ജെപി ഏട്ടാ ദേവൂട്ടി വിളിച്ചിരുന്നു. ഒന്ന് കാണണം എന്തോ സംസാരിക്കാൻ ഉണ്ട് എന്നൊക്കെ. നാളെ നമുക്ക് ഒന്ന് പോയാലോ? പറ്റുമെങ്കിൽ ഞാൻ പറഞ്ഞകാര്യംകൂടി സംസാരിക്കാലോ ? "
ഓക്കേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം രാവിലെ ഞാനും മുരളിയും കൂടി ദേവൂട്ടിയുടെ വീട്ടിൽ എത്തി.
അവന്റെ കൂടെ എന്നെകൂടി കണ്ടപ്പോൾ ആദ്യം അവൾ ഒന്നമ്പരന്നു. പിന്നെ മുരളി എന്നെ അവൾക്ക് പരിചയപ്പെടുത്തിയപ്പോൾ പരിഭ്രമം മാറി.
മുരളിഅവളുടെ കുഞ്ഞിനെ എടുത്തു താലോലിച്ചു തുടങ്ങിയപ്പോൾ അവൾ വേഗം ഉള്ളിലേക്ക് പോയി. അല്പസമയത്തിനുള്ളിൽ രണ്ടു ഗ്ലാസ് കട്ടൻ ചായയുമായി വന്നു.
ചായ ബഞ്ചിൽ വെച്ചുകൊണ്ടു കുഞ്ഞിനെ വാങ്ങി, ഉമ്മറവാതിലിൽ ചാരിനിന്നു.
ചായകുടിക്കുന്നതിനിടയിൽ മുരളി തുടങ്ങി.
"എന്താ ദേവൂട്ടി, എന്താ പ്രത്യേകിച്ച് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..? "
അത് കേട്ടപ്പോൾ അവൾ എന്നെ ഒന്ന് നോക്കി.
അപ്പോൾ മുരളി പറഞ്ഞു.
ജെപി ഏട്ടൻ എന്റെ സ്വന്തം ഏട്ടനെ പോലെയാണ്. എല്ലാകാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. മടിക്കേണ്ട എന്തായാലും പറഞ്ഞോളൂ.
"അണ്ണാ.. ഞാനും കുഞ്ഞും ഇനി ഇവിടെ ഒറ്റക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു. "
അത് കേട്ടപ്പോൾ അന്ധാളിപ്പോടെ ഞാനും മുരളിയും പരസ്പരം നോക്കി.
"എന്താ ദേവൂട്ടി..? "മുരളി ചോദിച്ചു.
അവൾ മുറ്റത്തെ തുളസിത്തറയിലേക്ക് നോട്ടമിട്ടുകൊണ്ടു പറഞ്ഞുതുടങ്ങി.
"തിരിവില്ലാമലക്കടുത്തു' ശ്രീരാമ സേവാസമിതിയുടെ ഒരു ആശ്രമം ഉണ്ട്. സീതാശ്രമം എന്നപേരിൽ ആരും ഇല്ലാത്ത സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന ആശ്രമമാണ്. ഞാൻ അവരെ പോയി കണ്ടിരുന്നു. നാളെ ഞാനും കുഞ്ഞും അങ്ങോട്ട് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ആകട്ടെ. "
ഇത് കേട്ടതും മുരളി ഇപ്പോൾ കരയും എന്നപോലെ ആകെ പരിഭ്രമിച്ചു.
അപ്പോൾ ഞാൻ പറഞ്ഞു.
"ദേവൂട്ടി അങ്ങനെ ഒരു തീരുമാനം എടുക്കാൻ വരട്ടെ.
മുരളി, അവൻ നിന്നെയും കുഞ്ഞിനെയും അവനോടൊപ്പം അവന്റെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ തയ്യാറായി നിൽക്കുകയാണ്. അതുകൂടി സംസാരിക്കാൻവേണ്ടിയാണ് അവനോടൊപ്പം ഞാൻ കൂടി വന്നത്. "
അതു കേട്ടപ്പോൾ ഒരു അന്ധാളിപ്പോടെ അണ്ണാ..എന്ന് വിളിച്ചുകൊണ്ട് മുരളിയെ നോക്കി..
"അതെ ദേവൂട്ടി. ഞാൻ സീരിയസ് ആയി ആലോചിച്ചു തീരുമാനിച്ചത് തന്നെയാണ്. "
അവളുടെ നോട്ടം വീണ്ടും തുളസിത്തറയിലേക്ക് മാറി. പിന്നെ തുടങ്ങി.
"വേണ്ട, അണ്ണാ.. അതൊന്നും ശരിയാകില്ല.. "
"അതെന്താ ദേവൂട്ടി നിനക്ക് മുരളിയെ ഇഷ്ടമല്ലേ..? "
അതു കേട്ടപ്പോൾ അവളുടെ ദുഃഖംനിറഞ്ഞ..ആ മുഖം ഒന്ന് ചുവന്നപോലെ..അവൾ തുടർന്നു.
"ഒരുപാട് ഇഷ്ടംതന്നെ അന്ന് കണ്ടതു മുതൽ . ഇന്നുവരെയും...
പക്ഷെ ഇന്നത്തെ ഈ ഒരവസ്ഥയിൽ എനിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ പറ്റില്ല..അണ്ണാ
എങ്ങനെയെങ്കിലും മോനെ വളർത്തണം, കൂടെ കുറച്ചു പ്രാർത്ഥനയും മറ്റുമായി കഴിയണം അതാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്..
അതിൽ കൂടുതലൊന്നും എനിക്കിപ്പോ ചിന്തിക്കാൻ വയ്യ.."
എന്ന് പറഞ്ഞുകൊണ്ടവൾ കൺപോളകൾ അടച്ചുകൊണ്ട് വാതിലിൽ തലചായ്ച്ചുനിന്നു.കണ്ണുനീർ പതുക്കെ കവിളിലേക്ക് ഒഴുകിയിറങ്ങി.
പിന്നീട് പലതും പറഞ്ഞു അവളെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു എങ്കിലും അവൾ ആ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.
അവസാനം അവൾ പറഞ്ഞു.
"ഇപ്പോൾ ആശ്രമത്തിലേക്ക്പോകാനാണ് എന്റെ മനസ്സ് പറയുന്നത്. അതു കൊണ്ട് അണ്ണൻ അതിനു, എന്നെ അനുവദിക്കണം. "
അവസാനം മറ്റുവഴിയില്ല എന്ന് മനസ്സിലായപ്പോൾ മുരളി പറഞ്ഞു.
"ശരി ദേവൂട്ടിയുടെ ഇഷ്ടം പോലെ ചെയ്തോളൂ. അന്ന് നമ്മൾ കൂടുതൽ പരിചയപ്പെട്ടപ്പോൾ തുടങ്ങിയതാണ് എനിക്ക് നിന്നോടുള്ള പ്രണയം. എന്തോ എനിക്ക് അന്ന് അതു തുറന്നുപറയാൻ കഴിഞ്ഞില്ല...ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു. ഇപ്പോൾ നീ ആശ്രമത്തിൽ പൊയ്ക്കോളൂ.. എന്നെങ്കിലും മനസ്സിൽ മാറ്റം ഉണ്ടാകുന്നു എങ്കിൽ തിരികെ വരണം.. ഞാൻ നിനക്ക് വേണ്ടിതന്നെ കാത്തിരിക്കും...
മറ്റൊരു ജീവിതത്തെകുറിച്ച് ഞാനും ആലോചിക്കുന്നില്ല.. "
അതു കേട്ടപ്പോൾ അവൾ കൺപോളകൾക്കു മീതെ വലതുകൈപ്പത്തി അമർത്തിപിടിച്ചു.
"ശരി ഞങ്ങൾ ഇറങ്ങുന്നു ദേവൂട്ടി" എന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..
*****
അതുകഴിഞ്ഞു
ഇപ്പോൾ ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു.
അതെ മുരളി ഇനിയും വിവാഹം കഴിച്ചിട്ടില്ല. ദേവൂട്ടി അവന്റെ ജീവിതത്തിലേക്ക് വരും എന്ന് തന്നെ അവൻ ഉറച്ചു വിശ്വസിക്കുന്നു.
എനിക്കും അങ്ങനെതന്നെ തോന്നുന്നു. അവർ ഒരുമിക്കാൻ ഉള്ളവർ തന്നെയാണ്. അതുണ്ടാവും അടുത്ത് തന്നെ.
ആശ്രമത്തിൽ നിന്നും ഇടക്കെല്ലാം ഫോണിൽ വിളിക്കാനും മാസത്തിൽ ഒരിക്കൽ ആശ്രമത്തിൽ എത്തുന്ന വേണ്ടപ്പെട്ടവരെ കാണാനും അനുവാദം ഉണ്ട്. ആ അനുവാദങ്ങളെല്ലാം അവർ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയും തുടങ്ങിയിരിക്കുന്നു.
അതെ, അവർ ഒന്ന് വേഗം ഒരുമിച്ചങ്കിൽ എന്ന് ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്...
കഥ അവസാനിച്ചു. 🙏
By
JP Kalluvazhi