രാധേമ്മ
***************
എന്റെ വീട്ടിൽ നിന്നും കിഴൂർ ,കോതകുറുശ്ശി വാണിയംകുളം വഴി പോകുന്നതാണ് ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള ഷോർട്കട് ..ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഞാൻ ആ വഴി പോകാറുണ്ട് .
കൂനൻ മലയുടെയും അനങ്ങൻ മലയുടെയും തെക്കൻ സൗന്ദര്യത്തെ കണ്ടാസ്വദിച്ചു കൊണ്ട് ...കനാൽ പാതയിലൂടെ ...ഒരു യാത്ര ..സ്വപ്നം കണ്ടുകൊണ്ടുതന്നെ വണ്ടിയോടിക്കാം ....വാഹനങ്ങളുടെ തിരക്കില്ല പിന്നെ കനാലിനിരുവശവും ഇടവിട്ടിടവിട്ടുള്ള ...കുടിലുകളും ...അരമനകളും..വിശാലമായ പാടങ്ങളും ...ആടുകളും മാറ്റുകന്നുകാലികളും മേയുന്ന പച്ചപിടിച്ച കനാൽവരമ്പ് .അവയെ മേക്കുന്ന പെൺകിടാക്കളും മുത്തശ്ശിമുത്തച്ഛൻ മാരും ..
പിന്നെ കനാലിന്റെ അടിഭാഗത്തു കൂടെ ഒഴുകുന്ന ചെറുതോട് ..അവിടെ കൂടുതൽ വെള്ളമുള്ള ഭാഗത്തു കുളിക്കാനും അലക്കാനും വരുന്ന ഗ്രാമീണ സ്ത്രീകൾ ..ഒരു വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ...അവർ കുളിക്കിടയിൽ ..വേഗം എന്തെങ്കിലും തുണിയെടുത്തു നാണം മറക്കും .ആ വഴി പോകുന്നവരുടെ നോട്ടം അവിടെ എത്തും ...എത്താതിരിക്കില്ല ..അത് അവർക്കും അറിയാം .അത് കഴിഞ്ഞു കോതകുറുശ്ശി ജംഗ്ഷൻ .
അവിടെ എന്റെ പല ബാല്യകാല ഓർമ്മകളും ..അയവിറക്കി കൊണ്ടാണ് ഞാൻ ആ ഗതാഗതകുരുക്കിൽ നിന്നും വാണിയംകുളം റോഡിലേക്ക് തിരിയുക ..
പണ്ട് അഞ്ചു വയസ്സുമുതൽ എട്ട് വയസ്സ് വരെ പുതിയ കുപ്പായം,ചെരിപ്പ് ,വൈദ്യശാലയിൽ നിന്നും മരുന്ന് തുടങ്ങിയവക്കായി എന്റെ അമ്മമ്മയുടെയും അമ്മാവന്റെയും ..കൈപിടിച്ച് വന്ന ..ഞാൻ ആദ്യം കണ്ട ...വലിയ ടൌൺ ..അതാണ് കോതകുറുശ്ശി .
അവിടെനിന്നും ഒരു കിലോമീറ്റർ കൂടി പോയാൽ ..
പത്തംകുളം ..അവിടെ എത്തിയാൽ ..റോഡ് സൈഡിൽ തന്നെ ഒരു A.L.P സ്കൂൾ ഉണ്ട് ...അവിടെ എത്തുമ്പോൾ ..ഞാൻ അറിയാതെ തന്നെ എന്റെ നോട്ടം ..ആ സ്കൂളിന്റെ തിരുമുറ്റത്തെത്തും ..
അതെ ..എന്റെ ആദ്യ വിദ്യാലയം ..എന്നെ ആദ്യാക്ഷരം കുത്തിക്കുറിക്കാൻ പഠിപ്പിച്ച ...ഒന്നുമുതൽ നാലുവരെ ...ഞാൻ എന്റെ ബാല്യം അനുഭവിച്ച ..ഒട്ടേറെ രസകരങ്ങളും ..അന്ന് വലിയ വേദനയെങ്കിലും ഇന്ന് ഓർക്കുമ്പോൾ ..തമാശജനിപ്പിക്കുന്നതുമായ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച എന്റെ ആദ്യ പരിശീലന കളരി ..
അതുകൊണ്ടുതന്നെ ..ഏത് അര്ധരാത്രിക്കും..ആ വഴി വരുമ്പോൾ .. ഞാൻ ..അങ്ങോട്ടൊന്ന് നോക്കി പോകും ..ആ കാലം ..വളരെ രസകരമായിരുന്നെങ്കിലും ..ഒരു കാര്യം ..മാത്രം ..ഇന്നും എന്റെ മനസ്സിൽ ..മായാത്ത മുറിപ്പാടായി ...ഒരു നീറ്റലായി അവശേഷിക്കുന്നു ...അത് ..വേറൊന്നുമല്ല ...അതെ ..
രാധേമ്മ ......
ആ കുഞ്ഞു സ്കൂൾ ..ആ L.P.സ്കൂളിന്റെ തൊട്ടടുത്ത് ..ഒരു ഹാജ്യാരുടെ വീടുണ്ട് .വീടിനും ചുറ്റും നല്ല ഉയരത്തിൽ ചുറ്റുമതിൽ ..അതിന്റെ തെക്കേ അറ്റത്തുകൂടി ..ഒരു ചെറിയ ടാറിട്ട റോഡ് ...അത് പനമണ്ണയുടെ വിശാലതയിലേക്കുള്ള ഒരു മാർഗം ...ഇന്നും പനമണ്ണ എന്ന ഗ്രാമം എന്നത് എന്നിൽ അത്ഭുതവും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ഒന്നാണ് ...കോതകുറുശ്ശി, വരോട് ,കണ്ണിയംപുറം ,വാണിയംകുളം ,പത്തംകുളം .ഈ സ്ഥലങ്ങൾക്കിടയിൽ..ഒരു സമുദ്രത്തെ പോലെ പരന്നുകിടക്കുന്ന പ്രദേശമാണ് പനമണ്ണ ...കൃത്യമായി വഴിയറിയില്ലെങ്കിൽ കുടുങ്ങിയത് തന്നെ ..പലപ്പോഴും ഈ അടുത്തകാലത്ത്കൂടി വഴിതെറ്റി ഞാൻ കുടുങ്ങിയിട്ടുണ്ട് ...
ആ ഹാജ്യാരുടെ തെക്കേമതിലിന്റെ അരികിലൂടെയുള്ള റോഡിലൂടെ ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാൽ എന്റെ അമ്മമ്മയുടെ വീട്ടിൽ എത്താം ..അന്ന് റോഡ്,പാലം ഒന്നും ഇല്ലാട്ടോ ..ചെറിയ ഒരു ഇടവഴിപോലെ ...
പോകുന്ന വഴി ഇരുവശവും വിശാലമായ നെൽ്പ്പാടങ്ങൾ ..വടക്ക് എന്തിനോ വേണ്ടി വീർപ്പുമുട്ടി നിൽക്കുന്ന അനങ്ങൻ മല ..അതിന്റെ നെറുകയിൽ അങ്ങിങ്ങായി വലിയ ഉരുളൻ പാറകൾ ..നോക്കുമ്പോൾ പേടി തോന്നും ..ആ പാറക്കല്ലുകൾ ഇപ്പൊ ഉരുണ്ടുതാഴെ വീഴുമോ ...നമ്മുടെ അടുത്ത് എത്തുമോ എന്നൊക്കെ തോന്നിപോകും ...
അങ്ങിനെ ഒന്നര കിലോമീറ്റർ ദൂരം താണ്ടിയാൽ ..ഒരു ചെറിയ പടിപ്പുരയോട് കൂടിയ ഓടുമേഞ്ഞ വീട് കാണാം അതാണ് എന്റെ അമ്മമ്മയുടെ വീട് ...എന്റെ ബാല്യം അതിന്റെ മുക്കാൽ പങ്കും അവിടെയായായിരുന്നു. അവിടെനിന്നും കഷ്ടി ഒരു അര കിലോമീറ്റർ കൂടി പോയാൽ ഒരു ചെറിയ ജംഗ്ഷൻ ..ഒരു ആൽത്തറ ..പിന്നെ ചെറിയ ഒരു വായനശാല ..ഒരു പെട്ടിക്കട ...
പനമണ്ണയുടെ ചെറിയ ഒരു അംശം ...അവിടെനിന്നും തെക്കോട്ട് നോക്കിയാൽ ദൂരെ ..ഒരു വലിയ പടിപ്പുരയും ..അതിന്റെ പിന്നിലായി ഒരു ഇരുനിലയുള്ള ഓടിട്ട വീടും കാണാം ...അതാണ് പെരിയകളം എന്ന് പേരുള്ള ആ ഗ്രാമത്തിലെ ഏറ്റവും വലിയ ..എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും..ആശ്രയിക്കുകയും ചെയ്യുന്ന കർഷകതറവാട് ..ആ വീടിന്റെ മൂന്നു വശവും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ ..എല്ലാം അവരുടെയായിരുന്നു ..വീടിനു ചുറ്റും തിങ്ങിനിറഞ്ഞു തെങ്ങ് ,കവുങ്ങ് ,വാഴ തുടങ്ങിയവയും ...പടിപ്പുരക്ക് ഇടതു വശം വിശാലമായ കുളം ..എന്നിങ്ങനെ സർവ്വതും ..
കാലങ്ങൾക്കു മുൻപ് അവിടെ എത്തിപ്പെട്ട മഹേശ്വര ഉണ്ണിത്താന്റെ വീടാണ് അത് ..അയാളും ഭാര്യയും എന്നേ ഇഹലോകം വെടിഞ്ഞു .. അവിടെയുള്ളത് മകൻ സോമസുന്ദര ഉണ്ണിത്താനും ,മകൾ സരോജിനി ഇട്ടിയമ്മയും (അവരുടെ ജാതിയിൽ ആണുങ്ങളെ ഉണ്ണിത്താൻ എന്നും സ്ത്രീകളെ ഇട്ടിയമ്മ എന്നുമാണ് വിളിക്കുക )സരോജിനി ഇട്ടിയമ്മയുടെ ഒരേ ഒരു മകൾ രാധയും മാത്രമാണ് .സോമസുന്ദര ഉണ്ണിത്താൻ വിവാഹം കഴിച്ചിരുന്നില്ല .സരോജിനി ഇട്ടിയമ്മയെ 30 വയസ്സിൽ ..രാധ ക്കു 5വയസ്സ് പ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി ..അയാളെ കുറിച്ചു പിന്നെ ഒരു വിവരവുമില്ല .
എല്ലാം എന്റെ അമ്മായി പറഞ്ഞു തന്ന കഥയാണ് ട്ടോ ...
അന്നും ഇന്നും എന്റെ ഏറ്റവും നല്ല friend അമ്മായിയാണ് .എത്ര നല്ല നല്ല കഥകൾ പറഞ്ഞിരിക്കുന്നു ..
രാധ ..ഒരു നിറവിളക്ക് തന്നെ ആയിരുന്നത്രേ ...വീട്ടിൽ മാത്രമല്ല ...അവരെ അറിയുന്ന എല്ലാവർക്കും ...പട്ടുപാവാടയും അതിന് ചേരുന്ന ബ്ളൗസുമായിരുന്നത്രെ നിത്യവും ...അരക്കുതെഴെ എത്തുന്ന നീളമുള്ള മുടി പരത്തിയിട്ട് കൊണ്ട്...ചുണ്ടിൽ മായാത്ത ചിരിയോടെ അവൾ ആ നാട്ടിലെ കുഞ്ഞുകുട്ടികൾ മുതൽ മുതുമുത്തശ്ശികളുടെയടക്കം മനസ്സിൽ നിറഞ്ഞു നിന്നു ...പാടത്തെ ഞാറുനടീൽ , കൊയ്ത്ത് തുടങ്ങി എന്തിനും ഏതിനും പണിക്കാരിലൊരാളായിമാറി അവൾ ..എല്ലാവരിലും സന്തോഷം നിറച്ചുകൊണ്ട് ഓടി നടന്നു ...അങ്ങിനെ ആ നാട്ടിലെ എല്ലാവരും രാധയെ സ്നേഹപൂർവ്വം രാധമ്മ എന്ന് വിളിച്ചു തുടങ്ങി ...
ഓരോ വർഷവും ഓണത്തിനോടനുബന്ധിച്ചു അവിട്ടം ദിവസം പെരിയകളത്തിൽ വലിയ ആഘോഷമുണ്ടാകാറുണ്ടത്രെ ..ചുറ്റുവട്ടത്തുള്ള എല്ലാവര്ക്കും വിപുലമായ സദ്യ ഒരുക്കി ,രാധമ്മയുടെ നേതൃത്വത്തിൽ ആ പരിസരത്തുള്ള ബാലികമാരും യുവതികളും ചേർന്നൊരുക്കുന്ന തിരുവാതിരകളിയും തുമ്പി തുള്ളലും ,കയ്യൂക്കുള്ള ആണുങ്ങൾ രണ്ടുചേരിയായിനിന്നുകൊണ്ടുള്ള ഓണത്തല്ല് തുടങ്ങി രാവിലെ തുടങ്ങുന്ന ആഘോഷം രാത്രി 8 മണിയോടുകൂടിയെ അവസാനിക്കാറുള്ളു .രാധമ്മയായിരുന്നത്രെ ആ നാട്ടിലെ ആദ്യ ഡാൻസ് ടീച്ചർ .എല്ലാം ഞായറാഴ്ചകളിലും പെരിയകളത്തിൽ ഡാൻസ് ക്ലാസ് ഉണ്ടായിരുന്നു .അതും തികച്ചും സൗജന്യമായി .ആർക്കുവേണമെങ്കിലും അവിടെ പോയി പഠിക്കാം ..പഠിക്കാൻ വരുന്നവർക്കുള്ള ഭക്ഷണമടക്കം അവർ ഒരുക്കിയിരുന്നത്രെ .പിന്നെ വിഷു ദിവസം ആ പരിസരത്തുള്ളവർ പ്രത്യേകിച്ച് അവിടെ പണിക്ക് പോയിരുന്നവരുടെ വീട്ടിലിലുള്ളവർ നേരം പുലരുന്നതിനുമുൻപ് കണികാണാൻ കാത്തിരിക്കും ...രാധമ്മയെ ...അവൾ രാവിലെ 6മണിക്ക് മുൻപായി തന്നെ കുളിച്ചൊരുങ്ങി ..കയ്യിൽ പൊതിഞ്ഞുകെട്ടിയ നാണയതുട്ടുകളുമായി വിടർന്ന ചിരിയും വിശേഷം പറച്ചിലുമായി എല്ലാവീട്ടിലും കയറിയിറങ്ങും
കുഞ്ഞുകുട്ടികൾ മുതൽ മുത്തശ്ശീമുത്തച്ഛന്മാർക്ക് വരെ ആരെയും ഒഴിവാക്കാതെ വിഷുകൈനീട്ടം കയ്യിൽ വച്ചുകൊടുക്കുമായിരുന്നത്രെ ....പൂത്തുനിൽക്കുന്ന കൊന്നമരത്തെക്കാൾ മനോഹരമായിരുന്നത്രെ വിഷുദിവസങ്ങളിൽ രാധമ്മ ..
രാധമ്മയുടെ വിശേഷം പറയുന്നതിനിടയിൽ ഞാൻ എങ്ങിനെ
.എന്തിന് പനമണ്ണയിൽ അമ്മമ്മയുടെ വീട്ടിൽ എത്തി അവിടെ പഠിക്കാൻ നിന്നു എന്ന് പറയാൻ വിട്ടു.
എന്റെ അമ്മമ്മക്ക് രണ്ട് മക്കളാണ് .മൂത്തത് എന്റെ അമ്മ താഴെ അമ്മാവനും ..ഞാൻ അവിടെ എത്തുമ്പോൾ അമ്മാവന്റെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷം മാത്രേ ആയിട്ടുള്ളൂ . അന്ന് എന്റെ ഏട്ടൻ മൂന്നാം ക്ലാസ്സിലും ചേച്ചി അഞ്ചാം ക്ലാസ്സിലും ആയിരുന്നു. അമ്മമ്മക്ക് ..എന്തോ എന്നോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു .ഒരു തവണ അമ്മയുടെ കൂടെ അവിടെ പോയപ്പോൾ എന്നെ സ്കൂളിൽ ചേർക്കേണ്ട കാര്യം സംസാരിക്കുകയുണ്ടായി .അപ്പോൾ അമ്മമ്മ പറഞ്ഞു ..എടീ ..അവനെ ഇവിടുത്തെ സ്കൂളിൽ ചേർക്കാം .ഒരു നാലുവരെ എങ്കിലും ഇവിടെ നിൽക്കട്ടെ ...'അമ്മ അന്ന് ഒന്നും പറഞ്ഞില്ല ..പിന്നെ പലപ്പോഴും അമ്മമ്മയുടെ നിർബന്ധം കാരണം അമ്മ സമ്മതം മൂളി ..അച്ഛൻ ആദ്യം പറ്റില്ലാന്നൊക്കെ പറഞ്ഞു .ഒടുവിൽ അമ്മ എങ്ങിനെയൊക്കെയോ സമ്മതിപ്പിച്ചെടുത്തു .അങ്ങിനെ ഞാൻ അവിടെ എത്തി ..ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു അച്ഛന്റെയും അമ്മയുടെയും നടുവിൽ ചൂടുപറ്റിക്കൊണ്ട് ഉറങ്ങിയിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം ഒറ്റപ്പെട്ട പോലെ ....പിന്നെ പതുക്കെ പതുക്കെ അമ്മമ്മയെ കെട്ടിപിടിച്ചുകൊണ്ട് ഉറങ്ങാൻ ശീലിച്ചു ..ഞാൻ ഉറങ്ങുന്നവരെ അമ്മമ്മ കുറുക്കന്റെയും കോഴിയുടെയും പിന്നെ പോക്കാച്ചിത്തവളയുടെയും കഥ പറഞ്ഞു തരുമായിരുന്നു .ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ അച്ഛൻ വരും ..പാവം എന്നെ കാണാഞ്ഞിട്ട് പൊറുതിമുട്ടിയുള്ള വരവാണ് .അച്ഛൻ വന്നാൽ ഉമ്മറക്കോലായിൽ പായ വിരിച്ചാണ് ഞാനും അച്ഛനും കിടക്കുക ..ഞാൻ വേഗം അച്ഛന്റെ നെഞ്ചിൽ കയറി കിടക്കും .അച്ഛൻ അമ്മയുടെയും ചേച്ചിയുടെയും ഏട്ടന്റെയും പിന്നെ വീട്ടിലെ പട്ടികുട്ടിയുടെയും കാര്യങ്ങൾ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ ഉറങ്ങിയിരിക്കും .രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ അച്ഛൻ ഉണ്ടാകില്ല ..അമ്മമ്മയുടെ വീട്ടിൽ മുറ്റമൊഴിച്ചുള്ള ഭാഗത്തെല്ലാം ..വാഴ ,തെങ്ങു ,മുരിങ്ങ തുടങ്ങിയവയാണ് ...അമ്മമ്മക്ക് കുറെ ആടുകളും രണ്ടു പശുക്കളും ഉണ്ട് ..പിന്നെ ..മറ്റുപല കൃഷികളും ..സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം അച്ഛൻ വന്നു ..എനിക്കുള്ള സഞ്ചി water bottle ..ചോറ്റുപാത്രം പുതിയ കുപ്പായം ..പെന്സില് സ്ലേറ്റ് തുടങ്ങിയവയുമായി .പിറ്റേന്ന് രാവിലെ ഉറക്കം വിട്ടുണർന്നപ്പോൾ അച്ഛനെ കാണുന്നില്ല .. പശുവിന്റെ അമറൽ ..ആടിന്റെ കരച്ചിൽ ,കിളികളുടെ കൂകൽ ..ഇതെല്ലം കേട്ടുകൊണ്ട് ഞാൻ ആ വീടിനു ചുറ്റും അച്ഛനെ തേടി നടന്നു
.അപ്പോൾ അമ്മമ്മ പറഞ്ഞു ...കുട്ടാ അച്ഛൻ നേരത്തെ പോയീടാ ..നാളെ വരും ...ഞാൻ കരയാൻ തുടങ്ങി .അപ്പോൾ അമ്മായി..വന്നു കുട്ടാ ..വാ കുളിക്കാം ..ഇന്ന് സ്കൂൾ തുറക്കണ ദിവസാ ട്ടോ ..പുതിയ കുപ്പായം ഇട്ട് പോണ്ടേ ..വാ അമ്മായി കുളിപ്പിച്ച് തരാം ..
അങ്ങിനെ അന്ന് ഞാൻ ..ആദ്യമായി ..സ്കൂളിലേക്ക് പോകുന്ന ദിവസം .......
അമ്മായി കുളിപ്പിച്ച് ,പുതിയ കുപ്പായവയും ട്രൗസറും ഇടുവിച്ചു .തലമുടി ചീകി തന്നു .നല്ല മണമുള്ള പൗഡറും പിന്നെ ചന്ദനം ചാലിച്ചു ഒരു വട്ട പൊട്ടും .പിന്നെ എന്റെ കവിളിൽ ഒരുമ്മ തന്നുകൊണ്ട് പറഞ്ഞു ..ചന്തകുട്ടനായി ..കണ്ണാടിയിൽ പോയി നോക്ക് ..ഞാൻ കണ്ണാടിക്കു മുൻപിൽ പോയി നോക്കുമ്പോൾ അമ്മായി പറഞ്ഞപോലെ തന്നെ ..എന്നെ കാണാൻ നല്ല ചന്തമുണ്ട് ..എനിക്ക് സ്കൂളിൽ പോകാൻ ധൃതിയായി
അമ്മായി പ്ലേറ്റിൽ രണ്ടു ദോശയുമായി വന്നു .ഞാൻ ഒരു ദോശയുടെ പകുതി കഴിച്ചു ..മതി എന്ന് പറഞ്ഞു ..അമ്മമ്മ വന്നു ..കുട്ടാ ..മുഴുവൻ കഴിക്ക് ..കുറെ നടക്കാനുള്ളതാ ..ഞാൻ അത് കേൾക്കാതെ വേഗം കൈകഴുകാൻ ഓടി ..തിരിച്ചു വന്നപ്പോഴേക്കും അമ്മായി ചോറ്റുപാത്രത്തിൽ ചോറ് നിറച്ചു വന്നിരുന്നു ..എന്റെ മുന്നിൽ ഒന്നുകൂടി പാത്രം തുറന്നു കാണിച്ചു ..മോര് കൂട്ടി ഉടച്ച ചോറ് ..ഒരരികിൽ നെല്ലിക്ക അച്ചാറും മറ്റൊരരികിൽ കൂർക്ക ഉപ്പേരിയും ..നല്ല മണം മുഴുവൻ കഴിക്കണം ട്ടോ എന്നും പറഞ്ഞു സഞ്ചിയിൽ ചോറ്റുപാത്രം വച്ചു ..ആദ്യമായി സ്കൂളിലേക്കുള്ള യാത്ര
...അമ്മമ്മയും കൂടെ വന്നു .അമ്മമ്മയുടെ വീടിന്റെ തൊട്ടയൽ വക്കത്തുള്ള രവിയേട്ടന്റെ പടിക്കൽ എത്തി .രവിയേട്ടൻ അന്ന് രണ്ടാം ക്ലാസ്സിലെത്തിയിരുന്നു .രവിയേട്ടനോട് അമ്മമ്മ പറഞ്ഞു ..കുട്ടന്റെ എല്ലാ കാര്യവും നീ നോക്കണം ട്ടോ ..രവീന്ദ്രൻ എന്നാണ് രവിയേട്ടന്റെ പേര്. രവിയേട്ടന് ജീവിതത്തിൽ ആദ്യമായി കിട്ടിയ ഉത്തരവാദിത്തം എന്നെ നോക്കലായിരുന്നു എന്ന് തോന്നുന്നു .അതിന്റെ ഒരു ഗമ മുഖത്ത് കണ്ടു ..ഞാൻ നോക്കിക്കോളാം അമ്മമ്മേ എന്ന് പറഞ്ഞു എന്റെ കയ്യിൽ പിടുത്തമിട്ടു .രവിയേട്ടന്റെ നേരെ മുൻപിലുള്ള വീട്ടിലെ ഒരു കുട്ടിയും ഉണ്ടായിരുന്നു .പേര് സിനിമോൾ ..ഞങ്ങളെല്ലാം അവളെ ചിന്നുക്കുട്ടി എന്നാണ് വിളിച്ചിരുന്നത് .ചുവപ്പിൽ കറുത്ത പുള്ളികളുള്ള ഉടുപ്പും ,നെറ്റിയിൽ കറുത്തനിറത്തിൽ കുഞ്ഞു പൊട്ട് , മുടി ചുവന്ന റിബ്ബൺകൊണ്ട് മുറുക്കി രണ്ടുവശവും..ഒരു കൊമ്പുപോലെ തോന്നിപ്പിച്ചു അണിഞ്ഞൊരുങ്ങിയ
ഒരു ചന്തക്കാരി ആയിരുന്നു ചിന്നുക്കുട്ടി
അവിടുന്ന് കുറച്ചു കൂടി മുന്നോട്ട് പോയാൽ വേറൊരാൾ കൂടിയുണ്ട് .
രവിയേട്ടന്റെ ക്ലാസ്സിലുള്ള പ്രഹ്ലാദൻ ...എന്റമ്മോ ആ ഏട്ടന്റെ പേര് പറയാൻ അന്ന് ഞാൻ കുറെ കഷ്ടപ്പെട്ടു .പാവം എന്റെ അമ്മായിയുംഎന്നെ ആ പേര് പറഞ്ഞു പഠിപ്പിക്കാൻ കഷ്ടപ്പെട്ടു ...എത്ര ശ്രമിച്ചാലും ആ പേര് വേണ്ടപോലെ പറയാൻ പറ്റുന്നില്ലായിരുന്നു .കുണ്ടും കുഴിയും നിറഞ്ഞ ഇടവഴി താണ്ടി മുന്നോട്ട് പോയാൽ രണ്ടുവശവും പാടങ്ങൾ ..ഇതിനിടയിൽ ചെറിയ ഒരു തോടുണ്ട് ..തോടിനു കുറുകെ ഒരു വലിയ പനയുടെ തടി രണ്ടറ്റവും മുട്ടിച്ചിട്ടിരിക്കിന്നു ..അന്ന് പാലമൊന്നുമില്ല ..തോട്ടിൽ നിറയെ വെള്ളവും ..ഞാൻ പേടിച്ചു വിറച്ചു ..ചിന്നു കുട്ടിക്ക് ഒരു പേടിയുമില്ല ട്ടോ ...അവൾ വേഗം നടന്ന് അക്കരയെത്തി ..അതുപോലെ രവിയേട്ടനും പ്രഹ്ലാദ്ഏട്ടനുംവേഗം പാലം കടന്നു
..ഞാൻ കരയാൻ തുടങ്ങി ..ക്ക് ഇപ്പൊ അമ്മെ കാണണം എന്ന് പറഞ്ഞു അമ്മമ്മയുടെ മുഖത്തേക്ക് നോക്കി ..ഒടുക്കം അമ്മമ്മ എന്നെ ഒക്കത്തിരുത്തി പാലം കടത്തിതന്നു ..പതുക്കെ പതുക്കെ എന്റെ പേടി മാറി ..എങ്കിലും നല്ല മഴയുള്ള ദിവസങ്ങളിൽ അമ്മമ്മയോ അമ്മാമ യോ..സ്കൂളിൽ പോകുമ്പോഴും ..സ്കൂൾ വിടുമ്പോഴും എന്റൊപ്പം ഉണ്ടാവാറുണ്ട് ..ആ പാലം കഴിഞ്ഞു കുറച്ചു മുന്നോട്ട് നടന്നാൽ ഒരു ബാലവാടി യുണ്ട് .രവിയേട്ടന്റെ അമ്മ അന്ന് അവിടുത്തെ ബലവാടി ടീച്ചർ ആയിരുന്നു .അവിടുന്ന് ഒറ്റ ഓട്ടം കൊണ്ട് സ്കൂളിൽ എത്താം. അത്രയടുത്താണ് .എന്നെ സ്കൂളിൽ എത്തിച്ചു അമ്മമ്മ പോയി .പിന്നെ രവിയേട്ടൻ മാത്രമാണ് എന്റെ ഏക ആശ്രയം .പക്ഷെ അന്ന് ആ ആദ്യ ദിവസം തന്നെ വേദനിപ്പിക്കുന്ന അനുഭവമാണ് ഉണ്ടായത് ..സ്കൂളിലെ H.M..മാധവൻ മാഷ് എന്റെ പിരടിക്ക് അടിച്ചു .
രവിയേട്ടൻ എന്നെ ഒന്നാം ക്ലാസ്സിൽ കൊണ്ടിരുത്തി ..എന്നിട്ട് പറഞ്ഞു ..ഓരോ ക്ലാസ്സ് കഴിയുമ്പോളും ബെല്ല് അടിക്കും ..ആദ്യത്തെ രണ്ടു ബെല്ല് കഴിഞ്ഞാൽ മൂത്രമൊഴിക്കാൻ വിടും ..അപ്പൊ ഞാൻ വരാം ..എന്ന് .അങ്ങിനെ ഞാൻ അവിടെ ഇരുപ്പുറപ്പിച്ചു .ആദ്യം ഒരു ടീച്ചർ വന്നു .വസന്ത ടീച്ചർ
നല്ല പ്രായമുണ്ട് .കുറെ കഥകൾ പറഞ്ഞു .പോയി പിന്നെ വേണുമാഷ് ..കുറെ നല്ല പാട്ടുകൾ പാടി പോയി ബെല്ലടിച്ചു .രവിയേട്ടൻ വന്നു ..എന്നെകൂടെ കൂട്ടി മൂത്രമൊഴിച്ചു വന്നു ..വീണ്ടും ക്ലാസ്സിൽ ഇരുത്തി ..അപ്പൊ ഞാൻ .."രവി ഏട്ടാ എനിക്ക് വിശക്കുണ് ണ്ട് ..ട്ടോ എന്ന് പറഞ്ഞു
"നിക്ക് ..ഇനി രണ്ടു ബെല്ല് കൂടി കഴിയണം ..അത് കഴിഞ്ഞാൽ ..ചോറുണ്ണാം എന്ന് രവിയേട്ടൻ ..
ചോറുണ്ണാനുള്ള ബെല്ല് അടിക്കുമ്പോൾ ഞാൻ ചോറ്റുപാത്രം പൊക്കികാണിക്കാം ..അപ്പൊ നീ ചോറ്റുപാത്രം എടുത്ത് പുറത്തിറങ്ങിക്കോ ..നമുക്ക് ബാലവാടിയിൽ പോയിരുന്നു കഴിക്കാം അവിടെ അമ്മയുണ്ട് ..
ശരി ഞാൻ പോട്ടെ എന്ന് പറഞ്ഞു രവി ഏട്ടൻ പോയി .എന്റെ തൊട്ടടുത്ത ക്ലാസ് ആണ് രവി ഏട്ടന്റെ രണ്ടാം ക്ലാസ് .ഒരു ചെറിയ തട്ടിക വെച്ച് വേര്തിരിച്ചിരിക്കുന്നു .ഞങ്ങളുടെ ക്ലാസ്സിലെ ബോർഡിന്റെ പിന്നിൽ തന്നെ ..ഒന്ന് എത്തി നോക്കിയാൽ രവി ഏട്ടൻ ഇരിക്കുന്നത് തട്ടികയുടെ വിടവിലൂടെ കാണാം ..അടുത്ത ക്ലാസ് തുടങ്ങി ..ആമിന ടീച്ചർ വന്നു ..ആമിന ടീച്ചറുടെ സംസാരം വേറെ ഒരു തരത്തിൽ ആയിരുന്നു ..മുസ്‌ലിം ഭാഷ ആദ്യമായി ഞാൻ അന്നാണ് കേൾക്കുന്നത് ..നല്ല രസമുണ്ടായിരുന്നെങ്കിലും ..വിശപ്പ് ..വല്ലാതെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിവീണ്ടും ബെല്ലടിച്ചു ..ഞാൻ തട്ടികയുടെ വിടവിലൂടെ രവി ഏട്ടനെ എത്തിനോക്കി ..ചോറ്റുപാത്രം പൊക്കു ന്നില്ല ..അവിടെ കളിച്ചു ചിരിച്ചു ഇരിക്കുകയാണ് ..സമയം ആയില്ല എന്ന് മനസ്സിലായി. വീണ്ടും അടുത്ത മാഷ് ..മാധവൻ മാഷ് ..H.M.ആണെന്ന് പിന്നീട് മനസ്സിലായി .കണക്ക് പഠിപ്പിക്കാൻ വന്നതാണ് .
ബോർഡിൽ 1,2,3..എന്നിങ്ങനെ എന്തൊക്കെയോകുത്തികുറിക്കുന്നു ..എനിക്ക് ശ്രദ്ധ വരുന്നില്ല ..എന്റെ ശ്രദ്ധ മുഴുവൻ തട്ടികക്കപ്പുറം രണ്ടാം ക്ലാസ്സിലുള്ള രവിയേട്ടൻ എപ്പോൾ ചോറ്റുപാത്രം ഉയർത്തി കുലുക്കി കാണിക്കുമെന്നാണ് ...നോക്കി നോക്കി എന്റെ കഴുത്തു വേദനിക്കാൻ തുടങ്ങി ...ഞാൻ എന്റെ സഞ്ചിയുടെ കുടുക്ക് എപ്പോഴേ തുറന്ന് വെച്ചിരിക്കുകയാണ് ബെല്ലടിച്ചാൽ എടുത്തോടാനുള്ള സൗകര്യത്തിന് ബെല്ലടിച്ചു ..വീണ്ടും ഞാൻ എത്തി നോക്കി ..അതാ പറഞ്ഞപോലെ രവിയേട്ടൻ ..ചോറ്റുപാത്രം കുലുക്കി കാണിക്കുന്നു ..എനിക്ക് സന്തോഷം അടക്കാനായില്ല ..ഞാൻ വേഗം എന്റെ ചോറ്റുപാത്രം കയ്യിലെടുത്തു .എഴുന്നേറ്റ് നിന്ന് ...രവി ഏട്ടാ വേഗം വാ ..എന്ന് പറഞ്ഞു എന്റെ പാത്രവും കുലുക്കി ...കണക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന മാഷും മറ്റുകുട്ടികളും അന്തം വിട്ടു ...മാഷ് എന്താടാ ..എന്താ എന്ന് ചോദിച്ചുകൊണ്ട് എന്റെ അരികിലെത്തി ..എന്ത് പറയണം എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു ..മാഷ് എന്റെ പെരടിക്ക് ..ഒരടി തന്നു ..ഇരിക്കെടാ അവിടെ ബഞ്ചിൽ എന്ന് പറഞ്ഞു ..ഞാൻ വീണ്ടും കരഞ്ഞുതുടങ്ങി ....
അന്ന് കത്തിക്കാളുന്ന വിശപ്പുണ്ടായിട്ടുകൂടി ആദ്യമായി അടികിട്ടിയ സങ്കടം നെഞ്ചിൽ കൂടുകൂട്ടിയ കാരണം ..അമ്മായി തന്നുവിട്ട ചോറിന് അത്ര രുചി തോന്നിയില്ല എന്റെ അച്ഛൻ പോലും എന്നെ തല്ലിയിട്ടില്ല ....വീട്ടിൽ എത്തി അമ്മമ്മയോടും അമ്മായിയോടും സങ്കടം പറഞ്ഞു കരഞ്ഞു. അമ്മായി എന്റെ പിരടിയിൽ പതുക്കെ തടവി തന്നു ..ചായയും മിച്ചറും തന്നു ..അത് കുടിച്ചു നേരെ വീടിന്റെ പിന്നാമ്പുറത്തുള്ള ആട്ടിൻ കൂടിനടുത്തേക്ക് കൊണ്ട് പോയി ..അവിടെ അതിന്റെ അടുത്ത് ..പൂഴിമണ്ണിൽ ചെറിയ ചെറിയ കുഴികൾ ..അത് കാണിച്ചു കൊണ്ട് പറഞ്ഞു ..ഇത് കുഴിയാനയുടെ കുഴിയാണ് .."ഇതിൽ ആനയുണ്ടോ " എന്ന് ഞാൻ അതിശയത്തോടെ ചോദിച്ചപ്പോൾ ..അമ്മായി ചെറിയ ഒരു കോലെടുത്തു ഒരു കുഴിതോണ്ടിയപ്പോൾ ..ആനയുടെ മുതുകു പോലെ ശരീരമുള്ള ഒരു കുഞ്ഞു ജീവി പുറത്തുചാടി ..തലയും വാലും വളരെ ചെറുത് .."ഇതാണ് കുഴിയാന എന്ന് അമ്മായി പറഞ്ഞു ..ഞാൻ സൂക്ഷിച്ചു നോക്കി ..അത് മുന്പോട്ടും പിന്നോട്ടും നടക്കുന്നുണ്ട് ..ഇടക്ക് ഒരു പിടച്ചിലും ..അങ്ങിനെ അന്ന് ഞാൻ ആദ്യമായി കുഴിയാനയെ കണ്ടു. പിന്നീട് കുറെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത് ..നമുക്ക് ചുറ്റും പാറിപ്പറക്കുന്ന തുമ്പിയുടെ കുഞ്ഞാണ് കുഴിയാന എന്ന കാര്യം ..ഞാൻ എന്റെ സങ്കടമെല്ലാം മറന്നുറങ്ങി ...പിറ്റേദിവസം സ്കൂളിലേക്ക് പോകാൻ ഒരുങ്ങി ..ഇറങ്ങുമ്പോൾ അമ്മായി എന്റെ കയ്യിൽ ഒരു 10 പൈസ വച്ചു തന്നു ..മത്തങ്ങ മിടായി വാങ്ങാൻ ..സ്കൂളിനടുത്തുതന്നെ ഒരു ചെറിയ പെട്ടിക്കടയുണ്ട് .അവിടെനിന്നും അന്ന് ഞാൻ ആദ്യമായി മത്തങ്ങമിട്ടായി വാങ്ങി ..പ്ലാസ്റ്റികിൽ തീർത്ത കമ്പും രണ്ടിലകളും അതിന്റെ തലപ്പത്തു വെളുത്ത കളറിൽ നീല പച്ച ചുവപ്പുഎന്നീ കളറിൽ വരകൾ ഉള്ള നല്ല ചന്തവും സ്വാദുമുള്ള മിട്ടായി ...അന്നുമുതൽ ആ സ്കൂളിൽ നിന്നും പോരുന്നവരെ മത്തങ്ങമിട്ടായിക്കുള്ള 10 പൈസ തരാൻ അമ്മായി മറന്നിട്ടില്ല .
പതുക്കെ പതുക്കെ ഞാൻ ആ സ്കൂളിനോട് പൊരുത്തപെടാൻ തുടങ്ങി .
എന്റെ ക്ലാസ്സിൽ എന്റെ അടുത്തിരുന്നത് അസനാർ എന്നുപേരുള്ളവനായിരുന്നു .അവന് എപ്പോനോക്കിയാലും സിനിമാകഥ പറയാനേ നേരമുള്ളൂ .ഒരു ദിവസം അവൻ ജയന്റെ ഒരു സിനിമാകഥ പറഞ്ഞു .ആ സിനിമ ഞാനും കണ്ടതായിരുന്നു .അന്ന് മൂത്രമൊഴിക്കാൻ വിട്ട നേരത്തു അവൻ പറഞ്ഞു.. ഇന്ന് ഉച്ചക്ക് നമുക്ക് ചോറുണ്ടതിനു ശേഷം സിനിമക്കളി കളിച്ചാലോ ...അതിലെ നായകൻ ജയനും ..വില്ലൻ ബാലൻ .K.നായരുമായിരുന്നു .എന്നെ ജയൻ ആക്കുമെങ്കിൽ ഞാൻ റെഡി എന്ന് പറഞ്ഞു ..അവൻ സമ്മതിക്കുകയും ചെയ്തു ..അന്ന് ഏതാണ്ട് തറ ,പറ എന്ന് പഠിപ്പിക്കാൻ തുടങ്ങിയിട്ടേയുള്ളു ..ഉച്ചക്ക് ചോറുണ്ണാൻ വിടുമ്പോൾ വസന്ത ടീച്ചർ പറഞ്ഞു .എല്ലാവരും ചോറുണ്ടു വന്ന ഉടനെ സ്ലേറ്റിന്റെ രണ്ടുപുറവും നിറച്ചു തറ,പറ എന്ന് എഴുതണം .ഞാൻ രവിയേട്ടന്റെ കൂടെ ബലവാടിയിൽ പോയി ചോറുണ്ടു വന്നപ്പോഴേക്കും മിക്ക കുട്ടികളും എഴുതിക്കഴിഞ്ഞു ..ചിലർ എഴുതിക്കൊണ്ടേ ഇരിക്കുന്നു .അസനാരും എഴുതികഴിഞ്ഞിരുന്നു ...എന്നെ കണ്ടതും അവൻ പറഞ്ഞു ..ഞമുക്ക് സിലിമക്കളി കളിക്കേണ്ടെ ..ബാ . പോകാം ..ഞാൻ പറഞ്ഞു തറ ,പറ എഴുതിയിട്ടില്ല ..
ന്ന ജ്ജ് ബേഗം എയ്ത് ..ഞ്ഞി സമയം അധികം.. ല്ല
ഞാൻ വേഗം സ്ലേറ്റ് എടുത്തു ..മറ്റു കുട്ടികളൊക്കെ ഒരു പുറത്തു 20 ൽ കൂടുതൽ പ്രാവശ്യം എഴുതിയിരിക്കുന്നു ..ആ എഴുത്തു എഴുതിയാൽ ഇന്ന് സിനിമക്കളി മുടങ്ങും ..ആലോചിച്ചപ്പോ ..ഒരു ബുദ്ധി തോന്നി ..നീട്ടിവലിച്ചു വലിപ്പത്തിൽ എഴുതി ..തറ ..പറ ..ഒരു നാലു തവണ എഴുതിയപ്പോഴേക്കും സ്ലേറ്റിന്റെ ഒരു പുറം നിറഞ്ഞു ..അതുപോലെ .
മറ്റേ പുറവും ..വസന്ത ടീച്ചർ സ്ലേറ്റ് നിറച്ചു എഴുതാനെ പറഞ്ഞിട്ടുള്ളൂ ..എത്ര പ്രാവശ്യം എന്ന് പറഞ്ഞിട്ടില്ല ..സ്ലേറ്റ് അവിടെ വച്ച് ഞാനും അസനാരും കളി തുടങ്ങി ..ജയന്റെ വേഷം ഞാൻ തകർത്താടി .ബാലൻ K.നായർ എന്ന ആസനാരെ ഞാൻ ഇടിച്ചു പപ്പടമാക്കി .ബെല്ലടിച്ചു .കളി നിർത്തി ഞങ്ങൾ ക്ലാസ്സിൽ കയറി .വസന്ത ടീച്ചർ വന്നു .എല്ലാവരുടെയും slate കൊണ്ടുവരാൻ പറഞ്ഞു .എല്ലാവരും കാണിച്ചു .പലരും 20-30 പ്രാവശ്യം വരെ ഒരു പുറത്തു എഴുതിയപ്പോൾ ഞാൻ മാത്രം വെറും 4 തവണ ..പേടിച്ചു മടിച്ചു നിന്ന് അവസാനം എന്റെ സ്ലേറ്റ് .ടീച്ചറുടെമുൻപിലേക്ക് നീട്ടി ..രണ്ടുപുറവും ..നോക്കിയ ടീച്ചർ കലികൊണ്ട് തുള്ളി .അടുത്ത് നിന്ന അസനാരോട് വേഗം പോയി ഒരു വടി പൊട്ടിച്ചു വരാൻ പറഞ്ഞു .അസനാര് ഓടിപോയി ഒരു കമ്മ്യൂണിസ്റ്റ് ചെടിയുടെ കമ്പ് പൊട്ടിച്ചു കൊണ്ടുവന്നു ..നല്ല ബലമുള്ള വടി ... എന്റെ നീട്ടിപ്പിടിച്ച കുഞ്ഞുകൈപ്പത്തിയിൽ ടീച്ചർ അടിച്ചുകൊണ്ടേ ഇരുന്നു ..ഞാൻ കരഞ്ഞുകൊണ്ടേ ഇരുന്നു.
അതിനു ശേഷം കുറച്ചു ദിവസം ഞാൻ അസനാരോട് മിണ്ടാൻ പോയില്ല .
പിന്നെ ഒരു ദിവസം അവൻ മത്തങ്ങ മിട്ടായി വാങ്ങിതന്നപ്പോൾ ..ഞാൻ പിണക്കം മറന്നു ..
പിന്നെ രണ്ടാം ക്ലാസ്സ് തുറന്ന ദിവസവും അടി കിട്ടി ..അത് ആ ചിന്നുകുട്ടി കാരണം ...
ഒന്നാം ക്ലാസ് പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടിയ ദിവസം തന്നെ രാത്രി അച്ഛൻ എത്തി .പിറ്റേദിവസം രാവിലെ അച്ഛന്റെ കൂടെ പോകാം ..വീട്ടിലേക്ക് ..ഇനി രണ്ടുമാസം ..വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ഏട്ടന്റെ കൂടെയും ..പിന്നെ ആ വികൃതി പട്ടികൂട്ടിയുടെ കൂടെയും ...കളിച്ചുരസിക്കാം .എനിക്ക് വേണ്ട സാധനങ്ങൾ ഒക്കെ അടുക്കിപെറുക്കാൻ തുടങ്ങി ..എന്റെ സ്ലേറ്റും ..കളർ പെൻസിലും ഒക്കെ ഞാൻ ബാഗിൽ വെക്കാൻ തുടങ്ങിയപ്പോൾ അമ്മായി വന്നു തടഞ്ഞു ..എന്തിനാടാ കുട്ടാ ..ഇതൊക്കെ ..നീ ഇങ്ങോട്ടു തന്നെ വരുന്നതല്ലേ ...ഇതിവിടെ ഇരുന്നോട്ടെ ...അമ്മായി പറഞ്ഞപോലെ വേണ്ടത് മാത്രം ബാഗിൽ വച്ച് ..അന്ന് രാത്രി ..പതിവുപോലെ അച്ഛന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്നുറങ്ങി ..രാവിലെ നേരത്തെ അച്ഛൻ വിളിച്ചുണർത്തി ..ചായയും കുടിച്ചു ...കുപ്പായവും മാറ്റി അച്ഛന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു .
സ്കൂളിന് കൂടുതൽ അവധികിട്ടുന്ന ദിവസങ്ങെളിലെല്ലാം ഇത് പോലെ അച്ഛൻ എന്നെ കൊണ്ടുപോകാൻ വരുമായിരുന്നു .രണ്ടോമൂന്നോ ദിവസം വീട്ടിൽ ...അന്നെല്ലാം എനിക്ക് വീട്ടിൽ നല്ല സ്നേഹവും സ്വീകരണവുമാണ് ..ഞാൻ എന്നെങ്കിലും വരുന്നതല്ലേ ..അവന് സങ്കടമാകുന്ന ഒന്നും ചെയ്യരുത് എന്ന് അച്ഛനും അമ്മയും ഏട്ടനോടും ചേച്ചിയോടും എപ്പോഴും പറയുമായിരുന്നു ...അവർക്കും എന്നോട് നല്ല സ്നേഹമായിരുന്നു ..എങ്കിലും വെറുതെ അവരെ അടികൊള്ളിപ്പിക്കുവാൻ ഞാൻ നോക്കി . വെറുതെ ഒരു രസം ..ഏട്ടൻ ന്നെ അങ്ങിനെ ചെയ്തു ..ചേച്ചി അത് ചെയ്തില്ല എന്നൊക്കെ പല പരാതിയുമായി അമ്മയുടെ അടുത്ത് ചെല്ലും .അമ്മ അപ്പോൾ തന്നെ അവർക്ക് വേണ്ടപോലെ അടി കൊടുക്കും ..ഇന്ന് ഓർക്കുമ്പോൾ പാവം തോന്നുന്നു ..എന്റെ ചേച്ചിയും ഏട്ടനും ..ഈ പ്രായത്തിലും അവർ എന്നെ എത്രമാത്രം സ്നേഹിക്കുന്നു ..എനിക്കെന്തെങ്കിലും വിഷമം വരുമ്പോൾ ഓടിയെത്തുന്നു ..ആശ്വസിപ്പിക്കുന്നു ...പണ്ട് ഞാൻ നാടുവിട്ടു പല ജോലിയും തേടി ..തെണ്ടിത്തിരിഞ്ഞു നടക്കുമ്പോൾ ..എന്റെ ചിലവിനുള്ള പൈസ മുടക്കാതെ ഏട്ടൻ ആരുടെ അടുത്തെങ്കിലും ..കൊടുത്തയക്കുമായിരുന്നു .
ഇന്നും എനിക്ക് എന്തെങ്കിലും പ്രത്യേകിച്ച് ചിലവ് വരുന്ന സമയം വരുമ്പോൾ ഏട്ടൻ ഓടിയെത്തും .."എടാ ..പൈസ ഉണ്ടോ ..എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞോ "
ഇല്ല ഏട്ടാ ഒന്നും വേണ്ട എന്ന് ഞാൻ പറയും ..എനിക്കറിയാം ഏട്ടന്റെ ബുദ്ധിമുട്ടുകൾ ..ആകെ കൂടി കടത്തിലാ ..വയറിങ് ,പ്ലംബിംഗ് തുടങ്ങി രാവിലെ തുടങ്ങുന്ന പല പണികളും അവസാനിക്കുന്നതും തിരിച്ചു വീട്ടിലെത്തുന്നതും അര്ധരാത്രിക്കാവും ..പിന്നെ ഏട്ടത്തിയമ്മക്ക് കാലങ്ങളായുള്ള ചികിത്സ. ഏട്ടന്റെ മൂത്ത മകളുടെ കാര്യവും അത് പോലെ തന്നെ .എന്നും ആസ്പത്രിയും മരുന്നും എന്തൊക്കെ ആയാലും ഏട്ടന്റെ മനസ്സിൽ ഇന്നും ഞാൻ ആ പഴയ കുഞ്ഞനുജൻ തന്നെ ..
അങ്ങിനെ അച്ഛന്റെ കൂടെ അന്ന് രാവിലെ ഞാൻ വീട്ടിലെത്തി ..എല്ലാവരും ആ ദിവസം എന്നിൽ സന്തോഷം നിറക്കാൻ മത്സരിക്കുന്ന പോലെ ..അവിടെ ..വീടിന്റെ അടുത്ത് ..അച്ഛമ്മയുടെ വീടുണ്ട് ..അവിടെ വീടിന്റെ പിന്നാമ്പുറം വിശാലമായ ..മൈതാനം ..നല്ല കളിസ്ഥലം ..അടുത്തുള്ള എല്ലാ കൂട്ടുകാരും ..സംഗമിച്ചു പലതരം കളികൾ ..കള്ളനും പോലീസും ,ഒളിച്ചുകളി ,പന്ത്ഏറ് ..തുടങ്ങി ..എന്നെ പലതിലും കൂട്ടാറില്ല .ഞാൻ ചെറിയ കുട്ടി ആണ് എന്നാണ് എല്ലാവരും പറയാറ് ..എല്ലാറ്റിനും ഏട്ടൻ ഉണ്ടാവും ട്ടോ ..ഒരുദിവസം ഏട്ടന്റെ കൂടെ പോയപ്പോൾ ..പൂരക്കളിയുടെ ആലോചനയിലാ എല്ലാവരും ...ഞാനും കൂടെ കൂടി ..പരിയാനമ്പറ്റ പൂരം പോലെ ഒരു പൂരം ..കാള വേണം ,തേര് വേണം ,ചെണ്ട വേണം ..എന്നിങ്ങനെ ..അടുത്ത ഒരു ഞായറാഴ്ച്ച ..തന്നെ പൂരക്കളി പ്ലാൻ ചെയ്തു ..എന്റെ ഏട്ടനും അവന്റെ കൂട്ടുകാരൻ സന്തോഷേട്ടനും ..ഒരു ഇണകാളയും ആയി വരാമെന്നു പറഞ്ഞു ..പിന്നെ വേറെ ചിലർ ..ഒറ്റ കാള ,കുതിര ,വെളിച്ചപ്പാട് ,ചെണ്ട എന്നിങ്ങനെ ..ഞാനും പറഞ്ഞു ..ഒരു കാള കൊണ്ടുവരും എന്ന് ..ആരും സമ്മതിച്ചില്ല ..നീ ചെണ്ട കൊട്ടിക്കോ ..കാള യുണ്ടാക്കാനൊന്നും നിനക്കായിട്ടില്ല ..Amul ന്റെ ടിൻ കയറിൽ കെട്ടി കഴുത്തിൽ തൂക്കി വടികൊണ്ട് അടിച്ചാൽ മതി ചെണ്ടക്ക് ..എനിക്ക് അത് അത്ര ബോധിച്ചില്ല ..ഒടുക്കം ഏട്ടൻ വന്നു ..എടാ ...നീ തെരുണ്ടാക്കിക്കോ ..അതുമതി ..ഞാൻ സമ്മതിച്ചു ..അമുൽ ടിൻ ഏട്ടൻ തന്നെ കൊണ്ടുവന്നു ..അതിന്റെ നടുക്ക് ഒരു ചെറിയ ഒരു ഓട്ടയും ..അതിൽ കുത്തിയിറക്കാനുള്ള വടിയും തന്നു ..ചേച്ചിയോട് പറഞ്ഞിട്ട് ..ഈ വടിയിൽ കുറച്ചു മാല കെട്ടിത്തൂക്കിയാൽ മതി എന്നും പറഞ്ഞു ഏട്ടൻ കാളപണിക്കു പോയി ...ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ ചേച്ചി നീ പോയി കുറച്ചു മിട്ടായി കടലാസ്സ് പെറുക്കി വാ എന്ന് പറഞ്ഞു ..ഞാൻ ..വഴിയരികിലൂടെ നടന്ന് കുറെ മിടായി കടലാസ്സ് പെറുക്കി കൂട്ടി ..അത് കൂട്ടിക്കെട്ടി ചേച്ചി ഒരു മലയാക്കി ..പിന്നെ ചേച്ചിയുടെ പഴയ ..പലകളറിലുള്ള റിബ്ബൺ ..എല്ലാം കൂടി ആ വടിയിൽ കൂട്ടികെട്ടിയപ്പോൾ ..ഒരു ഉഗ്രൻ തേര് ...പരിയാനമ്പറ്റ കാവിലെ തേരിനുപോലും ഇത്ര ഭംഗിയില്ല ..എന്ന് എനിക്ക് തോന്നിപോയി ..അങ്ങിനെ ആ പൂരക്കളി അതിഗംഭീരമായി ...ഞങ്ങൾ ആഘോഷിച്ചു ..ഏട്ടൻമാർ ..എന്നോട് ..തേര് നന്നായിട്ടുണ്ട് കുട്ടാ എന്നുകൂടി പറഞ്ഞപ്പോൾ ..ഞാൻ ആകെക്കൂടി വല്ലാണ്ടായി. ഇതൊന്നു എന്റെ ക്ലാസ്സിലെ ..കൂട്ടുകാരോട് പറയേണ്ടേ ..അതിനു വേണ്ടി ഞാൻ കാത്തിരുന്നു ...സ്കൂൾ ഒന്ന് തുറക്കാൻ ...
വിചാരിച്ചപോലെ തന്നെ സ്കൂൾ തുറന്ന ദിവസം ഞാൻ എല്ലാവരോടും വിവരിച്ചു ..ഒരു പൂരം പോലെ തന്നെ ..ആ നാട്ടിൽ ഇത് പോലെ വലിയ ആഘോഷമൊന്നുമില്ല ..അത് കൊണ്ട് കേൾവിക്കാരും കാണിക്കാരും കൂടി ..
സ്കൂൾ തുറന്നദിവസം രണ്ടാം ക്ലാസ്സിലേക്ക് ഞാൻ വളരെ ഉത്സാഹപൂർവം രവിയേട്ടൻ ,പ്രഹ്ലാദേട്ടൻ,ചിന്നു കുട്ടി എന്നിവരോടൊപ്പം നടന്നുനീങ്ങി .പോകുന്ന വഴി എന്റെ നാട്ടുവിശേഷങ്ങൾ പലതും പറഞ്ഞു .ക്ലാസ് തുടങ്ങി ..ആദ്യ രണ്ടു ക്ലാസ് കഴിഞ്ഞു .എനിക്കാണെങ്കിൽ കൂട്ടുകാരോട് പൂരക്കളിയുടെ കാര്യങ്ങൾ പറയാൻ സമയം കിട്ടാത്ത വിമ്മിഷ്ടം .മൂന്നാമത്തെ പീരിഡിൽ ആമിന ടീച്ചർ വന്നു .എല്ലാവരോടും സ്ലേറ്റിൽ എന്തോ എഴുതാൻ പറഞ്ഞു .ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട് .അതുകഴിഞ്ഞു വരാം .അത് വരെ ആരും ശബ്ദമുണ്ടാക്കരുത് എന്ന് പറഞ്ഞു .പിന്നെ ചിന്നുകുട്ടിയുടെ അടുത്ത് എന്തോ സ്വകാര്യം പറഞ്ഞിട്ട് ടീച്ചർ പോയി .
ഇത് തന്നെ പറ്റിയ അവസരം എന്ന് കരുതി എന്റെ അടുത്തിരിക്കുന്ന രണ്ടുപേരോട് ഞാൻ പൂര കളിയുടെ കാര്യങ്ങൾ പറയാൻ തുടങ്ങി .തേരുണ്ടാക്കിയതും ,കാള കളിപ്പിച്ചതുമെല്ലാം..ആംഗ്യ സഹിതം വിസ്തരിച്ചു പതുക്കെ പതുക്കെ കേൾവിക്കാർ കൂടിതുടങ്ങി ..ചിന്നുക്കുട്ടി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു .ക്ലാസ്സിൽ ശബ്ദം കൂടാൻ തുടങ്ങി .കുറച്ചു കഴിഞ്ഞപ്പോഴേക്കും ടീച്ചർ എത്തി .
ടീച്ചറെ കണ്ടതും എല്ലാവരും ഓടി ബഞ്ചിൽ ഇരുന്നു .ടീച്ചർ കസേരയിൽ ഇരുന്നതിനു ശേഷം ."ഇവിടെ ആരൊക്കെയോ കലപില കൂട്ടിയിരുന്നല്ലോ ...സിനി മോളെ വരൂ ..ആരൊക്കെയാ ശബ്ദം ഉണ്ടാക്കിയത് ...
ചിന്നുക്കുട്ടി ടീച്ചറുടെ അടുത്തെത്തി ..എന്നിട്ട് അവളുടെ കൈ വിരൽ ആദ്യം ..എന്റെ നേർക്ക് നീണ്ടു ..ഞാൻ ഞെട്ടിപ്പോയി ..
ഞങ്ങൾ അടുത്തടുത്ത വീട്ടുകാർ ..ഒരുമിച്ചു സ്കൂളിലേക്ക് വന്ന് പോകുന്നവർ ...എന്നിട്ടും അവളെന്നെ ഒറ്റികൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല ...
ആമിന ടീച്ചർ എന്നെ നോക്കി .."ഇവിടെ വാടാ ..ഞാൻ പതുക്കെ പരുങ്ങി പരുങ്ങി ..ടീച്ചറുടെ അടുത്തെത്തി ..യ്യ് എന്തിനാടാ കലപില ണ്ടാക്കീത് ...എന്താ പറഞ്ഞെ ...
"അത് ഞാൻ പൂരക്കളിയുടെ കാര്യം പറഞ്ഞതാ "
യ്യ് ആരാ പൂരകളിക്കാരനാ ..ങ്ങട് നീട്ടെടാ ..അന്റെ കയ്യ് ..ടീച്ചർ നീളമുള്ള മരത്തിന്റെ scale എടുത്തു ..നീട്ടിപിടിച്ച കയ്യിൽ രണ്ടെണ്ണം പിന്നെ ..രണ്ടുകയ്യും ..കൂട്ടിപ്പിടിച്ചു തുടയിൽ ഒന്നും ..പോയിരിക്കെടാ അവിടെ എന്ന് പറഞ്ഞു ..അസനാര് ,വിനോദ് ,തുടങ്ങി കേൾവി ക്കാരായ മറ്റു പലർക്കും കിട്ടി ..അവർക്കൊക്കെ ഒന്നേ കിട്ടിള്ളൂ ട്ടോ
ഞാൻ എങ്ങലോടെ ..കണ്ണും തുടച്ചിരുന്നു ..പിന്നെ കുറച്ചു ദിവസങ്ങൾ ..ഞാൻ ചിന്നുക്കുട്ടിയോട് മിണ്ടാൻ പോയില്ല ....
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ എനിക്ക് സ്ലേറ്റ് മാക്കാനുള്ള മഷിത്തണ്ടും ..പിന്നെ ..കുറച്ചു കുന്നികുരുവും കൊണ്ട്തന്നു ..മഞ്ചാടി കുരു എന്റെയടുത്തു കുറച്ചുണ്ടായിരുന്നു .പക്ഷെ കുന്നിക്കുരു കാണുന്നത് അന്ന് ആദ്യമായിട്ടായിരുന്നു ...ചുവപ്പിൽ ഒരു കുഞ്ഞുകറുപ്പ് ..കണ്ടപ്പോൾ നല്ല ചന്തം തോന്നി ..അങ്ങിനെ ഞാൻ അവളോട് വീണ്ടും മിണ്ടാൻ തുടങ്ങി .
ആ വര്ഷം ഞങ്ങളുടെ സ്കൂളിൽ ഒരു പുതിയ ടീച്ചർ വന്നു .സുജ എന്നായിരുന്നു പേര് .നല്ല ടീച്ചർ കാണാനും ചന്തം ..എന്നെ ഒരു ദിവസം കുട്ടാ എന്ന് വിളിച്ചപ്പോൾ ശരിക്കും അന്തം വിട്ടു ഞാൻ ..എന്നെ വീട്ടിൽ വിളിക്കുന്ന പേര് എങ്ങിനെ ടീച്ചർക്ക് മനസ്സിലായി എന്ന് ആലോചിച്ചു ..പിന്നീട് മനസ്സിലായി ആ ടീച്ചർ എല്ലാ ആൺകുട്ടികളെയും കുട്ടാ എന്നും പെൺകുട്ടികളെ മോളൂ എന്നുമാണ് ആദ്യം വിളിച്ചു തുടങ്ങുക എന്ന് .
എല്ലാവരോടും നല്ല സ്നേഹം .എന്നെ അടിച്ചിട്ടേയില്ല ..ഞാൻ പലപ്പോഴും എന്തെങ്കിലും കാരണം ഉണ്ടാക്കി ടീച്ചറുടെ അടുത്തെത്തും ..പലകാര്യങ്ങളും ചോദിക്കാതെതന്നെ പറയും ..പുതിയ കുപ്പായവും കുടയും വാങ്ങിയത് ,ഗുരുവായൂർക്ക് പോയത് അമ്മമ്മയുടെ ആട് പ്രസവിച്ചത് തുടങ്ങി ..ടീച്ചർ ഒരു ചെറുചിരിയോടെ എല്ലാം കേട്ടിരിക്കും .ഞങ്ങളുടെ ക്ലാസ്സിൽ ഒരു സലിം ഉണ്ടായിരുന്നു .ഒരു പാവമാ ..ആരോടും അവൻ അങ്ങിനെ അധികം സംസാരിക്കാറില്ലായിരുന്നു .ഒരു ദിവസം ചോദിച്ചപ്പോഴാണ് അറിയുന്നത് അവന്റെ കഷ്ടപ്പാടുകൾ ..വാപ്പ അവൻ സ്കൂളിൽ ചേരുന്നതിനു മുൻപേ മരിച്ചു .ഒരു അനുജത്തിയുണ്ട് ..ഉമ്മക്കാണെങ്കിൽ എപ്പോഴും അസുഖം ..ഉമ്മ എന്നെങ്കിലും തീപ്പെട്ടി കമ്പനിയിൽ പണിക്കുപോയിട്ട് കിട്ടുന്നത് കൊണ്ടാണ് ജീവിക്കുന്നത് ..
ഒരുദിവസം എന്തിനോ വേണ്ടി ക്ലാസ്സിലെ എല്ലാകുട്ടികളോടും രണ്ടു രൂപ കൊണ്ടുവരാൻ പറഞ്ഞു ..ആ ദിവസം രാവിലെ അവൻ കരയുന്നു ..അവന്റെയടുത്തില്ല രണ്ടുരൂപ എന്ന് പറഞ്ഞിട്ട് ..പാവം തോന്നി ..അപ്പോൾ ആ വഴി സുജ ടീച്ചർ വരുന്നത് കണ്ടു ..ഞാൻ ഓടി ടീച്ചറുടെ അടുത്തെത്തി ..സലീമിന്റെ കാര്യം ടീച്ചറോട് പറഞ്ഞു .ടീച്ചർ അവനെ മാറ്റിനിറുത്തി സംസാരിച്ചു ..എന്നിട്ട് ടീച്ചറുടെ കയ്യിൽ നിന്നും രണ്ടു രൂപ എടുത്തു കൊടുത്തു ..അവന് കുറച്ചു സമാധാനമായി .പിന്നീട് പലപ്പോഴും ടീച്ചർ അവന്റെ വീട്ടിൽ എത്തി ഉമ്മക്ക് സഹായത്തിനായി എന്തെങ്കിലും കൊടുക്കാറുണ്ടത്രെ ..
ആ സ്കൂളിൽ നിന്നും പോന്നതിനു ശേഷം എന്റെ 25 -മത്തെ വയസ്സിലാണ് ഞാൻ ചിന്നുക്കുട്ടിയെ വീണ്ടും കാണുന്നത് ..അവളും മറ്റെവിടെയോ ആയിരുന്നു പിന്നീട് പഠിച്ചിരുന്നത് .അമ്മമ്മയുടെ വീട്ടിൽ വല്ലപ്പോഴും പോകുമ്പോഴെക്കെ ഞാൻ അവളെ കുറിച്ച് ഞാൻ ചോദിക്കാറുണ്ട് ..എങ്കിലും അന്ന് പിരിഞ്ഞതിനുശേഷം അന്നാണ് കാണുന്നത് .അവൾ സിറ്റ്ഔട്ടിൽ നിൽക്കുകയായിരുന്നു ..ഞാൻ വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തു ..അവൾ ആകെ മാറിക്കഴിഞ്ഞിരുന്നു ..എന്തൊരു സൗന്ദര്യം .
അന്തം വിട്ടു പോയി ഞാൻ ..സന്തോഷം അടക്കാൻ പറ്റിയില്ല ..വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു ഞാൻ .."ചിന്നുക്കുട്ടീ "അവൾ എന്നെ മനസ്സിലാകാത്ത പോലെ സൂക്ഷിച്ചൊന്നു നോക്കി
ഞാൻ വീണ്ടും "ചിന്നുക്കുട്ടിക്ക് എന്നെ ഓർമയില്ലേ ..പണ്ട് നമ്മൾ ഒരുമിച്ച് സ്കൂൾ പോയത് ..കുന്നിക്കുരു ..ഇത് കേട്ടതും അവൾ ..ഒരു മാതിരി ചുണ്ടുകോട്ടി ക്കൊണ്ട് ..വെയിലേറ്റ് വാടിയ കിളികൊക്കൻ മാങ്ങയുടേത് പോലെ.. പുച്ഛ രസം തുളുമ്പുന്ന ചിരിയും സമ്മാനിച്ച് വീടിനുള്ളിലേക്ക് കയറി ..എനിക്ക് മുൻപിൽ വാതിൽ പതിയെ ചാരിയടഞ്ഞു .
അമ്മായിയോട് ഞാൻ ഈ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മായി പറഞ്ഞു
."അവൾ ഇപ്പൊ പഴയ ചിന്നുക്കുട്ടിയൊന്നുമല്ലെടാ ..ഞങ്ങളോട് കൂടി മിണ്ടാറില്ല ..ഭർത്താവ് സിംഗപ്പൂർ ആണ് ...വലിയ ആളുകളായി ..
ഭർത്താവ് സിംഗപ്പൂരിൽ പോയാൽ പെണ്ണുങ്ങൾ ഇത്രക്ക് ഗമ കാണിക്കണമോ എനിക്കൊന്നും മനസ്സിലായില്ല ...
പണ്ട് ഞാനും രവിയേട്ടനുംകൂടി സ്കൂൾ അവധിയുള്ള ചില ദിവസങ്ങളിൽ അടുത്തുള്ള പാടത്തു കന്നുപൂട്ട് കാണാൻ പോകുമായിരുന്നു ..ഭയങ്കര പേടിയും കൗതുകവുമാണ് അന്ന് അത് കാണുമ്പോൾ ...കൂട്ടിക്കെട്ടിയ പോത്തുകളെ കണ്ടത്തിൽ നിറഞ്ഞ ചെളിയിൽ ഓടിക്കുന്ന കാഴ്ച്ച ..ഞാൻ ജീവിതത്തിൽ ആദ്യം കണ്ട സർക്കസ്സ് അതായിരുന്നു .
പണ്ട് രാധമ്മയുടെ വീട്ടിലുമുണ്ടായിരുന്നത്രെ തികഞ്ഞ നാലുപോത്തുകൾ ..അവരുടെ നിലം ഉഴുതുമറിക്കാൻ വേണ്ടി മാത്രമാണ്
പെരിയകളത്തിലെ സോമ സുന്ദര ഉണ്ണിത്താൻ ..ആ നാലുപോത്തുകളെ വളർത്തിയിരുന്നത് ..
.എങ്കിലും ..ആ മിണ്ടാ പ്രാണികൾ..ഉണ്ണിത്താനെ ഒരു ദിവസം കണ്ടില്ലെങ്കിൽ ..അവ അമറിക്കൊണ്ടേ ..ഇരിക്കുമത്രേ ...അതുപോലെ ..ഉണ്ണിത്താനും..എന്തോക്കെയോ .. വിമ്മിഷ്ടം ..അവയുടെ കുളി ...ഭക്ഷണം ..എന്നിവ ഒക്കെ നിത്യവും കഴിഞ്ഞേയുള്ളൂ ..ഉണ്ണിത്താന്റെ മറ്റു കാര്യങ്ങൾ ..എല്ലാറ്റിനെയും സ്നേഹിക്കുക പുല്ല് ..പുൽച്ചാടി തുടങ്ങി ..ആ പരിസരത്തുള്ള എന്തിനെയും അങ്ങിനെ ഒരു സാധു മനുഷ്യൻ ..നേരത്തെ പറഞ്ഞിരുന്നുവല്ലോ ..ഉണ്ണിത്താന് കുടുംബവും മക്കളുമില്ല ..പെങ്ങൾ സരോജിനി ഇട്ടിയമ്മയുടെ മകൾ രാധ ..ഉണ്ണിത്താന് വെറും മരുമകൾ മാത്രമല്ല ...സ്വന്തം മകൾ തന്നെ ആയിരുന്നത്രെ ..പെങ്ങളും മരുമകളും ..അദ്ദേഹത്തെ അത്രയധികം സ്നേഹിച്ചിരുന്നത്രെ ..
..പക്ഷെ ആ നാലു പോത്തുകൾ എത്ര ആഞ്ഞു ഉഴുതാലും ...തീരുമായിരുന്നില്ലത്രെ ..അവരുടെ നെൽപ്പാടങ്ങൾ ..അത്രയും വിശാലം ..അവർ മറ്റു പലസ്ഥലത്തുനിന്നും കന്നുപൂട്ടുകാരെ ഇറക്കി ..എന്നിട്ടും പല കണ്ടങ്ങൾ പിന്നെയും ബാക്കി ആയി .അന്ന് ട്രാക്ടർ അത്ര പ്രചാരത്തിലായിട്ടില്ലത്രെ ...ആ പരിസരത്തൊന്നുമില്ലായിരുന്നു ..ആയിടക്ക് ഉണ്ണിത്താന്റെ ഒരു അകന്ന ബന്ധു ..പാലക്കാട് മാത്തൂർ ഗ്രാമത്തിലുള്ള മുരളിമാധവ ഉണ്ണിത്താൻ ...അവർക്കും കണ്ണെത്താദൂരത്തോളം ...കോട്ടായി ,തേങ്കുറുശ്ശി ,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ..വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ ഉള്ളവരായിരുന്നത്രെ ..അവർ ഒരു ട്രാക്ടർ വാങ്ങിയതായി അറിഞ്ഞു .സോമസുന്ദരഉണ്ണിത്താൻ അവിടെ എത്തി ..അവരുടെ പണികഴിഞ്ഞു ..പെരിയ കാളത്തിലേക്ക് ..ട്രാക്ടർ ഒന്ന് എത്തിക്കാമോ എന്ന് ചോദിച്ചു ..
മുരളി മാധവ ഉണ്ണിത്താൻ സന്തോഷപൂർവ്വം സമ്മതിച്ചു.
ഉണ്ണിത്താൻ ..ജാതിയും കുടുംബവും ..അധികമെല്ലായിടത്തുമില്ലത്രെ ..അവിടെ ..ഇവിടെ ..വിരലിലെണ്ണാവുന്നവർ മാത്രം ..ഒരു ഉണ്ണിത്താൻ വന്നുചോദിക്കുമ്പോൾ മറ്റൊരു ഉണ്ണിത്താന് പറ്റില്ല എന്ന് പറയാൻ പറ്റില്ലല്ലോ ...നല്ല രീതിയിൽ സൽക്കരിച്ചു കൊണ്ട് ഒരാഴ്ചക്കുള്ളിൽ തന്നെ ട്രാക്ടർ അവിടെ എത്തും എന്ന ഉറപ്പുനൽകി കൊണ്ട് മാത്തൂർ ഉണ്ണിത്താൻ പനമണ്ണ ഉണ്ണിത്താനെ യാത്രയയച്ചു ...
പറഞ്ഞ പോലെ തന്നെ ഒരാഴ്ചക്കുള്ളിൽ തന്നെ
മുരളിമാധവ ഉണ്ണിത്താന്റെ മൂന്നാമത്തെ പുത്രൻ കൃഷ്‌ണനുണ്ണി ഉണ്ണിത്താൻ ട്രാക്ടറുമായി പനമണ്ണ പെരിയകളത്തിലെ നെൽപ്പാടം ഉഴുതുമറി ക്കാനെത്തി..
കൃഷിയുടെ തറവാട്ടിൽ നിന്നും വന്ന കൃഷ്‌ണനുണ്ണി ത്താൻ വേഗതയോടും വൃത്തിയോടെയും തന്നെ പെരിയകളത്തിലെ പാടങ്ങൾ ഉഴുതു മറിച്ചുകൊണ്ടിരുന്നു ..അന്നുവരെ ട്രാക്ടർ കണ്ടിട്ടില്ലാത്ത പരിസരവാസികളും,കുഞ്ഞു കുട്ടികളും . അവിടെ ആ കാഴ്ച്ച കാണാൻ എത്തി ..പഴയ കന്നുപൂട്ടുകാർ ..അല്പം വേവലാതിയുണ്ടെങ്കിൽ കൂടി ...ട്രാക്ടറിന്റെ സൂത്രപ്പണികൾ അന്നാദ്യമായി അതിശയത്തോടെ നോക്കിനിന്നു ...കൂട്ടമായി പറന്നുവന്ന വെള്ളകൊക്കുകൾ.. പെട്ടെന്ന് ഇരതടയുന്ന സന്തോഷം മറച്ചു വെക്കാനാകാതെ ട്രാക്ടറിനൊപ്പം പാറിപ്പറന്നു ..എല്ലാറ്റിനുമപരി ..ട്രാക്ടർ ഓടിക്കുന്ന ..കൃഷ്ണനുണ്ണിത്താൻ ...സാക്ഷാൽ ശ്രീകൃഷ്ണനെ പോലെ തന്നെ ..സുന്ദരനും ..ഏവരെയും ആകര്ഷിപ്പിക്കുന്നവനും
മുഖത്തു മായാതെ വിരിയുന്ന പുഞ്ചിരി ..എല്ലാം കൂടി ..പെരിയ കളത്തിൽ അന്ന് ..ഉത്സവപ്രതീതി തന്നെ ....എല്ലാ കാഴ്ചകളും കണ്ടുകൊണ്ട്തന്നെ ..എല്ലാവര്ക്കും ദാഹം ശമിപ്പിക്കുവാനുള്ള.. വെള്ളവുമായി രാധമ്മ ..
ആ വലിയ പടിപ്പുര വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട് ...
ദിവസങ്ങളോളം വേണ്ടിവന്നു ..കൃഷ്ണനുണ്ണിത്താനും ..അതുപോലെ ഉണ്ണിത്താന്റെ ട്രാക്ടറിനും ..പെരിയകളത്തിലെ വിശാലമായ കണ്ടങ്ങൾ ഉഴുതുമറിക്കാൻ ....
അടുത്ത് ..വേറെ മറ്റു സൗകര്യങ്ങൾ ..താമസത്തിനും ..ഭക്ഷണത്തിനും ആ ഗ്രാമത്തിലില്ലായിരുന്നു ..അത് കൊണ്ടുതന്നെ ഉണ്ണിത്താൻ ..പെരിയകളത്തിൽതന്നെ ..ഉണ്ടുറങ്ങി വിശ്രമിച്ചു ..അവിടെ മറ്റാരും അധികമില്ലാത്തതിനാൽ ..രാധമ്മക്ക് തന്നെ..കൃഷ്‌ണനുണ്ണി ഉണ്ണിത്താന്റെ ..ഭക്ഷണകാര്യങ്ങൾ ..ശ്രദ്ധിക്കാനും ..ഒരുക്കാനുമുള്ള ചുമതല വന്നു ...
എന്തിനധികം ...കൃഷ്ണനുണ്ണി ..പാടങ്ങൾ ..ഉഴുതുമറിച്ചതിനേക്കാൾ വേഗത്തിൽ ..നമ്മുടെ രാധമ്മയുടെ ഹൃദയത്തിൽ ...പ്രണയത്തിൻ വിത്തുകൾ ...പാകി ...
അങ്ങിനെ കൃഷ്ണനുണ്ണി രാധമ്മയുടെ മനസ്സിൽ പാകിയ പ്രണയത്തിൻ വിത്തുകൾ വളരെ വേഗം..ദിവസങ്ങൾക്കുള്ളിൽ തന്നെ .. മുളച്ചു ...ചെടിയായി ..കതിരായി ....
ട്രാക്ടറിന്റെ..ഉഴുതു മറിക്കൽ എല്ലാം കഴിഞ്ഞു കൃഷ്ണനുണ്ണി വരുമ്പോഴേക്കും ..രാധമ്മ .ചായകോപ്പയുമായി ..പൂമുഖത്തുഎത്തിയിരിക്കും ..ചായ കുടിച്ചു തീരുമ്പോഴേക്കും ..എണ്ണ സോപ്പ് ,തോർത്ത് ..എന്നിവ ..കൃഷ്ണനുണ്ണിക്ക് ..എത്തിച്ചിരിക്കും .. പെരിയകുളത്തിലെ ആവിശാലമായ കുളത്തിൽ കൃഷ്ണനുണ്ണി ..നീന്തിത്തുടിച്ചു ...കുളിച്ചു ..കുളിയെല്ലാം കഴിഞ്ഞു ..അയാൾ വെറുതെ ..ആ പടിപ്പുര വാതിലിൽ ..പാടവും ..ആകാശവും ...നോക്കിയിരിക്കുമ്പോൾ ..എന്തെങ്കിലും കാരണം കണ്ടെത്തി ..രാധമ്മയും അവിടെ എത്തും
രാധമ്മ ചോദിക്കും "എന്താ ..ഇവിടിങ്ങനെ ഒറ്റയ്ക്ക് "
""ഒന്നൂല്യ ..വെറുതെ ..ആകാശം നോക്കിയിരിക്കുമ്പോൾ ..ഒരു സുഖം ..
രാധമ്മയും ആകാശത്തേക്ക് നോക്കും ..
സായാഹ്നത്തിലെ സൂര്യൻ ..കുങ്കുമനിറം ..അവിടവിടെ ..തൂകിയിരിക്കുന്നു ..മനോഹരമായ ഒരു ചിത്രം വരച്ചു പോകാനുള്ള ഒരുക്കത്തിലാണ്..അസ്തമയസൂര്യൻ ...ഇതിനിടെ ..മാനംമുട്ടെ ഉയരത്തിൽ എന്തൊക്കെയോ വിശേഷങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ട് കൂടണയാൻ പറക്കുന്ന വെള്ള കൊക്കുകൾ ..
ഒറ്റക്ക് എന്തൊക്കെയോ പരിഭവം ..പറഞ്ഞുകൊണ്ട് പറക്കുന്ന കാക്കയമ്മ ..അതിനുപിന്നാലെ കൂട്ടത്തോടെ കലപില കൂട്ടി കൂടണയാൻ പറക്കുന്ന വേറെ ചില കാക്കക്കൂട്ടങ്ങൾ ...പൂക്കളെ ചുംബിച്ചു മതിതീരാത്ത ചില പൂതുമ്പികൾവെറുതെ വട്ടമിട്ട്പറക്കുന്നു ..ഇതെല്ലാം അവർക്ക് ..നല്ല കാഴ്ചകളും ...പല പല മധുരസല്ലാപങ്ങൾക്കുമുള്ള ..അവസരവും ഒരുക്കി
അങ്ങിനെ ആയിടക്ക് കൃഷ്ണനുണ്ണി ..വീട്ടിലേക്ക് ഒന്ന് പോയിവന്നു ..അവിടെ വീട്ടിൽ എത്തിയപ്പോൾ തന്നെ ...അയാൾ അടുക്കളയിൽ അമ്മക്കൊപ്പം കൂടി ..സാധാരണ അടുക്കളയിൽ എത്തിനോക്കാത്ത മകൻ അടുക്കളയിൽ ..വന്നു തേങ്ങാ ചിരകാനും ..പപ്പടം കാച്ചാനും ..വായതോരാതെ ..പനമണ്ണ പെരിയ കളത്തിലെ വിശാലമായ നെല്പാടങ്ങളെ കുറിച്ച് പറയാനും തുടങ്ങിയപ്പോൾ ..പാവം ആ ഇട്ടിയമ്മ ഒന്ന് അമ്പരന്നു ..പിന്നെ പതുക്കെ പതുക്കെ കൃഷ്ണനുണ്ണി കാര്യം അവതരിപ്പിച്ചു ..രാധമ്മയോടുള്ള ..ഇഷ്ടം
അച്ഛനോട് ...ഒന്ന് പറയ് അമ്മെ ..എന്നുള്ള അവന്റെ കെഞ്ചൽ കേട്ടപ്പോൾ ..ഇട്ടിയമ്മ ..ഒന്ന് പൊട്ടിച്ചിരിച്ചു ...അത്താഴം കഴിഞ്ഞു ഉണ്ണിത്താനുള്ള മുറുക്കാൻ ചെല്ലവുമായി ..ഇട്ടിയമ്മ..വിശാലമായ ഉമ്മറക്കോലായിലെ ചാരുകസേരയിൽ ഇരിക്കുന്ന .. ഉണ്ണിത്താന്റെ കൂടെ കൂടി ..കാര്യങ്ങൾ വേണ്ട പോലെ അവതരിപ്പിച്ചു ..എല്ലാം കേട്ട് കഴിഞ്ഞ ശേഷം ..ഉണ്ണിത്താൻ നീട്ടിയൊന്നു മൂളി ...ഉം .....
അച്ഛൻ ..ഒരു ഗൗരവക്കാരനാ ..എന്ത് പറയും എന്ന പേടിയോടെ ..കൃഷ്ണനുണ്ണി ..അമ്മയെയും ..കാത്തിരിക്കുകയായിരുന്നു ..അമ്മ തിരിച്ചു അടുക്കളയിൽ എത്തിയപ്പോഴേക്കും ...അയാളും ..ഓടി അമ്മയുടെ അരികിൽ എത്തി .
."എന്താ അമ്മെ ..അച്ഛൻ പറഞ്ഞത് ..എന്ന് വേവലാതിയോടെ ചോദിച്ചു ..
ഇട്ടിയമ്മ ഒരു ചെറുപുഞ്ചിരിയോടെ ..എല്ലാം പറഞ്ഞിട്ടുണ്ടെടാ ഉണ്ണീ ..ഒന്ന് മൂളി ..കൂടുതൽ ചോദിച്ചാൽ ...അറിയാലോ ..നിനക്ക് അച്ഛന്റെ കാര്യം ..ഉം എന്തായാലും ..നാളെ പറയും ..നീ ഉറങ്ങിക്കോ ..
കൃഷ്ണനുണ്ണി ഉറങ്ങാൻ കിടന്നു ...പക്ഷെ ഉറക്കം വരുന്നില്ല ...അച്ഛൻ സമ്മതിക്കിതാരിക്കുമോ .ട്രാക്ടർ പണിക്ക് പറഞ്ഞുവിട്ട ഞാൻ പ്രേമിച്ചുനടക്കായിരുന്നോ ...എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും .. രാധമ്മയെ ..മറക്കാൻ ..ഈ ജന്മത്തിൽ പറ്റുമെന്ന് ..തോന്നുന്നില്ല ..തിരിഞ്ഞും മറിഞ്ഞും കിടന്നു ..നിദ്രാദേവി അനുഗ്രഹിക്കുന്നില്ല ...മനസ്സുമുഴുവൻ ...രാധമ്മ ...
ട്രാക്ടർ പനമണ്ണ തന്നെയാണ് ..നാളെ..വൈകുന്നേരം അവിടെ എത്തിയാൽ മതി ..കുറച്ചുവൈകി എണീറ്റാലും കുഴപ്പമില്ല ...അങ്ങിനെ എങ്ങിനെയൊക്കെയോ ..അര്ധരാത്രിക്കുമുന്പായി ..അവനൊന്നുറങ്ങി ..പക്ഷെ അതിരാവിലെ തന്നെ ..ഉണ്ണിത്താൻ അവന്റെ മുറിവാതിൽക്കൽ എത്തി ...ഉച്ചത്തിൽ വിളിച്ചു ..
എടാ ..കൃഷ്ണനുണ്ണീ ...
അച്ഛന്റെ വിളി കേട്ടതും കൃഷ്ണനുണ്ണി ഞെട്ടി പിടഞ്ഞെഴുന്നേറ്റു ..വാതിൽ തുറന്നു ..മുന്നിൽ അച്ഛൻ ..
പേടിച്ചുപരിഭ്രമിച്ചു നിൽക്കുന്ന കൃഷ്ണനുണ്ണിയോട് ഉണ്ണിത്താൻ പറഞ്ഞു .വേഗം കുളിച്ചു റെഡി ആയിക്കോ ...പനമണ്ണ വരെപോയിട്ട് വരാം ...അത് കേട്ടതും..സോപ്പും തോർത്തും എടുത്ത് കൃഷ്ണനുണ്ണി ഓടിച്ചെന്ന് കുളത്തിലേക്ക് എടുത്തുചാടി നീന്തിത്തുടിച്ചു ...
.ശരീരത്തിന് പുറത്തും ..മനസ്സിനുള്ളിലും വല്ലാത്ത തണുപ്പ് ...
അങ്ങിനെ ഉണ്ണിത്താനും ഇട്ടിയമ്മയും മകൾ ഉമയും മൂത്തമകൻ മുരളീധരനും കൂടി കൃഷ്ണനുണ്ണിക്കൊപ്പം അംബാസിഡർ കാറിൽ പനമണ്ണയിൽ എത്തി .
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സോമസുന്ദര ഉണ്ണിത്താൻ ആദ്യം ഒന്ന് അന്ധാളിച്ചു ..കാര്യം അറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ തന്നെ അവരെ സ്വീകരിച്ചിരുത്തി ..നല്ലപോലെ സൽക്കരിച്ചു ..രാധമ്മയെ കണ്ടപ്പോൾ എല്ലാവര്ക്കും ഇഷ്ടവും സന്തോഷവുമായി ..
അങ്ങിനെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവരുടെ വിവാഹ നിശ്ചയം നടന്നു..അടുത്ത മേടത്തിൽ വിഷുകഴിഞ്ഞു മൂന്നാം ദിവസം പനമണ്ണ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ വച്ച് താലികെട്ടും പെരിയകളത്തിൽ സദ്യയും ..
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ രാധമ്മയും കൃഷ്ണനുണ്ണിയും അഴകൊത്ത ഇണപ്രാവുകളെ പോലെ പാറിപറന്നു ...കുറുകിയും കുണുങ്ങിയും പ്രണയം പങ്കുവെച്ചു ...
പെരിയകളത്തിലെ പടിപ്പുരവാതിൽ അവരുടെ കിന്നാരം കേട്ട് പുഞ്ചിരിതൂകി ...അവർക്കായി മധുര സംഗീതം ആലപിക്കാൻ വാഴത്തോപ്പിലെത്തുന്ന നീലകുയിലുകൾ മത്സരിച്ചു ..തെങ്ങോലയിൽ കൂടുകൂട്ടിയ തൂക്കണാം കുരുവികൾ തല പുറത്തേക്കിട്ട് രണ്ടുപേരുടെയും പ്രണയസല്ലാപങ്ങൾ കണ്ടു രസിച്ചു ...പാടവരമ്പിലെ തൊട്ടാവാടിയിലകൾ .അവരുടെ നന്മക്കുവേണ്ടി കൈകൂപ്പി പ്രാർത്ഥിച്ചു ...
ആ പരിസരത്തുള്ള മറ്റുകർഷകരും കൃഷ്ണനുണ്ണിയുടെ ട്രാക്ടറിനു വേണ്ടി സമീപിച്ചു .അതുകൊണ്ട് തന്നെ കൃഷ്ണനുണ്ണിക്ക് മിക്കവാറും ദിവസങ്ങളിൽ പെരിയകളത്തിൽ തന്നെ തങ്ങേണ്ടി വന്നു ..ചിലവൈകുന്നേരങ്ങളിൽ അവർ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ സന്ധ്യാദീപം തൊഴുകാൻ പോകുമായിരുന്നു .ദീപം തൊഴുത് അമ്പലം ചുറ്റിവരുന്ന അവരെ കാണുമ്പോൾ ദേവനും ദേവിയും അണിഞ്ഞൊരുങ്ങി വരുന്നപോലെയാണത്രെ നാട്ടുകാർക്ക് തോന്നിയിരുന്നത് .അതിനു ശേഷം അവർ വിശാലമായ അമ്പലകുളത്തിലെ കല്പടവുകളിൽ അൽപനേരം ഇളം കാറ്റേറ്റിരിക്കുമായിരുന്നു .ആ വഴി വരുന്ന ചിലർ കൗതുകത്തോടെയും മറ്റുചിലർ അല്പം അസൂയയുടെയും അവരെ നോക്കുമായിരുന്നു .അവർ ചെറുകല്ലുകൾ കുളത്തിലേക്ക് എറിയും.. അപ്പോൾ ഉണ്ടാകുന്ന ഓളം വെട്ടലിൽ ചില മൽസ്യങ്ങൾ അവരെ ഒന്ന് എത്തിനോക്കി പുഞ്ചിരി തൂകികൊണ്ട് പോകും
അങ്ങിനെ മനസ്സ് മനസ്സോടടുത്ത ഒരു പരിശുദ്ധ പ്രണയം തന്നെ ആയിരുന്നു രാധമ്മയും കൃഷ്ണനുണ്ണിയും തമ്മിൽ ..
ദിവസങ്ങൾ പെട്ടെന്ന് നീങ്ങി വിഷു അടുത്തു .പെരിയകളത്തിൽ കല്യാണത്തിനുള്ള ഒരുക്കുമാനങ്ങൾ തകൃതിയായി നടക്കുന്നു .എല്ലാറ്റിനും മേൽനോട്ടം വഹിച്ചു കൊണ്ട് ഉണ്ണിത്താൻ ഓടിനടക്കുന്നു .അടുക്കളപ്പുരയിൽ നെല്ലുകുത്തലും മറ്റുമായി പണിക്കാരോടൊപ്പം ഇട്ടിയമ്മയും .
വിളവെടുക്കാറായി നിൽക്കുന്ന പച്ചക്കറികൾ ..
പടിപ്പുരയോട് ചേർന്ന കൊയ്ത്തു കഴിഞ്ഞ വിശാലമായ കണ്ടത്തിൽ പന്തൽപണി നടക്കുന്നു .
വിഷുവിന്റെ രണ്ടുദിവസം മുൻപ് കൃഷ്ണനുണ്ണി അവിടെ എത്തി .കുറച്ചു ദിവസങ്ങൾക്കു മുൻപ് അയാളുടെ വീട്ടിലേക്ക് പോയതാണ് .ട്രാക്ടർ ഇവിടെ നിർത്തിയിട്ടാണ് പോയത് .അന്ന് അതെടുക്കാൻ വേണ്ടി വന്നതാണ് .എല്ലാവരോടും വിശേഷങ്ങൾ തിരക്കി രാധമ്മയോട് യാത്രപറഞ്ഞുകൊണ്ട് ട്രാക്ടറുമായി അയാൾ ഇറങ്ങി .
രാധാകൃഷ്ണസംഗമത്തിന് ഇനി അഞ്ചുനാൾ മാത്രം .ആ കാത്തിരിപ്പിന്റെ വേദനയും സുഖവും രണ്ടുപേരിലും ..
ഇതെല്ലാം പലപ്പോഴായി അമ്മമ്മയും അമ്മായിയും പറഞ്ഞു തന്നതാണ് ട്ടോ .രണ്ടാം ക്ലാസ് മുതൽ കേൾക്കുന്നതാണ് ഞാൻ രാധേമ്മയെ കുറിച്ചുള്ള കഥകൾ .എങ്കിലും കൂടുതൽ മനസ്സിലാക്കിയത് പത്താം ക്ലാസ്സ് result അറിഞ്ഞു മിട്ടായി കൊടുക്കാൻ അമ്മമ്മയുടെ വീട്ടിൽ എത്തിയപ്പോഴാണ് .
അന്ന് അവിടത്തെ ആ ചെറിയ സ്കൂളിൽ ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ടായിരുന്നില്ല .പെൺകുട്ടികൾക്ക് മാത്രം ഒരു ചെറിയ മറപ്പുര .ആൺകുട്ടികൾ നേരെ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തുള്ള ഓവുചാലിൽ മൂത്രമൊഴിച്ചുവരണം .അന്ന് ഞാൻ രണ്ടിലാകുമ്പോൾ നാലാം ക്ലാസ്സിലുള്ള മൂന്ന് ഏട്ടന്മാർ ഉണ്ടായിരുന്നു .റാഫി ,രാഗേഷ് ,രാമചന്ദ്രൻ എന്നിങ്ങനെ ആയിരുന്നു അവരുടെ പേര് .ഭയങ്കര വികൃതികൾ .ഞങ്ങൾക്കൊക്കെ നല്ല പേടിയായിരുന്നു .അവർ ഗ്രൗണ്ടിൽ കളിക്കാൻ വരുമ്പോൾ ഞങ്ങൾ കളി നിർത്തി അവർക്കു കളിക്കാനായി സ്ഥലം ഒഴിഞ്ഞു കൊടുക്കണം .ഇല്ലെങ്കിൽ തലക്ക് കിഴുക്കുകയോ ചെവിപിടിച്ചു തിരിക്കുകയോ ചെയ്യും .അതുകൊണ്ട് അവരെ കാണുമ്പോൾ തന്നെ ഞങ്ങൾ ഓടും .
ഒരു ദിവസം ഉച്ചക്ക് മൂത്രമൊഴിക്കാനായി റോഡ് മുറിച്ചു കടന്ന് ചെല്ലുമ്പോൾ അവിടെ ഓവ് ചാലിനടുത്തുള്ള വലിയ മാവിന്റെ ചുവട്ടിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു .ഞങ്ങളും എന്തെന്നറിയാൻ അങ്ങോട്ട് നീങ്ങി .റാഫി ,രാഗേഷ് ,രാമചന്ദ്രൻ തുടങ്ങിയ ഏട്ടൻ മാർ കല്ലെടുത്തു ആരെയോ എറിയുന്നു .ഞാൻ തിരക്കിനിടയിലൂടെ എത്തിനോക്കി . 60 വയസ്സിനോടടുത്ത ഒരു അമ്മമ്മ .സാരിയാണ് വേഷം .കൈ നിറയെ മുട്ടറ്റം വരെ എന്ന് തന്നെ പറയാം പലനിറത്തിലുള്ള കുപ്പിവളകൾ .കണ്ണെഴുതി പൊട്ടൊക്കെ തൊട്ട് .നല്ല വെളുത്ത നിറം .കയ്യിൽ ഒരു സഞ്ചിയിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട് .ഒരു പഴുത്ത മാങ്ങകടിച്ചു വലിക്കുന്നുണ്ട് . അവരെയാണ് ഇവർ എറിയുന്നത് .പ്രാന്തത്തി ..പ്രാന്തത്തിതള്ള എന്നിങ്ങനെ വിളിച്ചുകൂകുന്നുണ്ട് .ഏറുകൊണ്ട് മടുത്ത അവർ അവിടെനിന്നും എണീറ്റു ഓടാൻ തുടങ്ങി കുട്ടികളെ ആരെയും തിരിച്ചു എറിഞ്ഞില്ല എന്നുമാത്രമല്ല ..കുട്ട്യോള് നന്നാവട്ടെ ..കുട്ട്യോള് നന്നാവട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ഓടുന്നത് ..ചില ഏട്ടന്മാർ പിന്നാലെ ഓടി വീണ്ടും എറിയുന്നുണ്ട് ..എനിക്കാകെ സങ്കടം തോന്നി .
അന്ന് വീട്ടിൽ എത്തി ചായകുടിക്കുമ്പോൾ അമ്മമ്മയോടും അമ്മായിയോടും ഈ കാര്യം ഞാൻ പറഞ്ഞു .
അപ്പോൾ അവർ ..അയ്യോ അത് പാവം ആ രാധേമ്മ ആവും ..ഒന്നും ചെയ്യരുത് ട്ടോ ..ദൈവത്തിന്റെ ഓരോരോ കല്പനകൾ ..അതിനിങ്ങനെ ഒരു ഗതി വന്നല്ലോ എന്ന് അമ്മമ്മ .
അന്നുമുതലാണ് ഞാൻ രാധേമ്മയുടെ കഥ കേൾക്കുന്നതും അറിയുന്നതും .
പിന്നീട് ..അവിടെ നാലാംക്ലാസ്സ് വരെയും ഞാൻ രാധേമ്മ എന്ന ആ പ്രാന്തി തള്ളയെ പലയിടത്തും വച്ചും കണ്ടിട്ടുണ്ട് ..സ്കൂളിൽ നിന്നും വരുന്ന വഴി ..ഏതെങ്കിലും കടവരാന്തയിൽ ..അല്ലെങ്കിൽ ഏതെങ്കിലും വീടിന്റെ അരികിൻതിണ്ണയിൽ ചായയോ വെള്ളമോ കുടിച്ചിരിക്കുന്നതു കാണാം ..ചില ദിവസങ്ങളിൽ ഉച്ചക്ക് സ്കൂൾ വിടാറുണ്ട് ..വീട്ടിലേക്കു വരുന്നവഴിയിൽ ...
നട്ടുച്ചക്ക് അനങ്ങൻ മലയെ ലക്ഷ്യമാക്കി പാടവരമ്പിലൂടെ ആ പൊരി വെയിലും കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങുന്നത് കാണാം ..കയ്യിൽ എപ്പോഴും എന്തൊക്കെയോ കുത്തിനിറച്ച സഞ്ചിയും ഉണ്ടാകും ..
സ്കൂൾ ഇല്ലാത്ത ദിവസം അമ്മമ്മയുടെയോ അമ്മാമയുടെയോ കൂടെ കോതകുറിശ്ശിയിൽ നിന്നും എന്തെങ്കിലും വാങ്ങിവരുന്ന വഴിയിൽ ..വീടിന് അടുത്തെത്ത്തുന്നതിന് മുൻപ് ഒരു വലിയ നെല്ലിമരമുണ്ട് ...പലപ്പോഴും അവിടെ വെച്ചു കണ്ടിട്ടുണ്ട് ..അവിടെ ഒറ്റക്ക് നിന്ന് നൃത്തം ചവിട്ടുന്നത് കാണാം ..ഒപ്പം ഈണത്തിൽ തിരുവാതിരക്കളിപ്പാട്ടും പാടും ...
വീരവിരാട കുമാര വിഭോ..,കണ്ടാലെത്രയും കൗതുകം...എന്നിങ്ങനെ തുടങ്ങുന്ന പാട്ടുകൾ പാടി നൃത്തം ചവിട്ടുന്നത് കാണുന്നത് ഒരു കൗതുകം തന്നെ ..എങ്കിലും എനിക്ക് ഒരു പേടി ...പ്രാന്തിയല്ലെ ..അ മ്മമ്മ ആ പാട്ടും നൃത്തവും കണ്ട് ലയിച്ചു നിൽക്കും .അപ്പൊ ഞാൻ അമ്മമ്മയുടെ കൈ പിടിച്ചു കുലുക്കും. പോകാം അമ്മമ്മേ ..
അപ്പോൾ അമ്മമ്മ അവരോട് പറയും ..
രാധേമ്മേ വരൂ ..വീട്ടിൽ പോയി ചായ കുടിക്കാം ..അവർ ഒരു ദേഷ്യഭാവത്തിൽ നോക്കും ..എന്താ ങ്ങള് പറയണേ ..ഓണം അടുത്തു ..കുട്ടികളെ പഠിപ്പിക്കാനുള്ളതാ ..ഇപ്പൊ ചായ കുടിക്കാനൊന്നും സമയമില്ല ..എത്രാൾക്കാരാ കളികാണാൻ വരാന്ന് ഇങ്ങക്കറിയോ ....ഇത്തവണ കളി ഗംഭീരമാക്കണം ...വീണ്ടും പാട്ടു തുടങ്ങും ഒപ്പം ചുവടും ..അമ്മമ്മ ഒന്നും പറയാതെ പോരും ..
ചിലദിവസങ്ങളിൽ രാത്രി പട്ടികളുടെ നിർത്താതെയുള്ള കുരകേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും ..എന്താ മ്മമ്മേ അത് ..അമ്മമ്മ പറയും ..അത് ആ രാധേമ്മ ആവും ..പടിപ്പുരയിൽ ഉണ്ടാകും ..പേടിക്കേണ്ട നീ ഉറങ്ങിക്കോ ..ഇടക്കെല്ലാം രാധേമ്മ വീട്ടിൽ വരാറുണ്ട്
ചായയോ കഞ്ഞിയോ കുടിച്ചു പോകും .ചില ദിവസങ്ങളിൽ അമ്മമ്മയും അമ്മായിയും നിബന്ധിപ്പിച്ചു കുളിപ്പിക്കും .ജടപിടിച്ച മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ചു കുളിപ്പിക്കും .ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കൂ .കുളിയെല്ലാം കഴിഞ്ഞാൽ പറയും ..ഇന്ന് ചിലപ്പോൾ ഉണ്ണ്യേട്ടൻ വരും .ഞാൻ വേഗം പോട്ടെ ...എന്നെ കണ്ടില്ലെങ്കിൽ പിണങ്ങും..എന്ന് ഒരു ചെറുചിരിയോടെ പറഞ്ഞു പടിയിറങ്ങും ..
ആരെങ്കിലും പഴയ സാരിയോ ബ്ലൗസോ കൊടുക്കുമ്പോൾ ഒന്ന് കുളിക്കാൻ മനസ്സുകാണിക്കും .അതുവരെ മുഷിഞ്ഞ വസ്ത്രവുമായി നടക്കും .പലപ്പോഴും ചില വികൃതി പിള്ളേർ പിന്നാലെ നടന്ന് എറിഞ്ഞും മറ്റും ഉപദ്രവിക്കാറുണ്ടെങ്കിലും കുട്ടികളെ ഒന്നും ചെയ്യാറില്ല ..പക്ഷെ ചെറുപ്പക്കാരായ ആണുങ്ങൾ അടുത്തേക്ക് വന്നാൽ അവരോട് കോപിച്ചു ഉപദ്രവിക്കാൻ ശ്രമിക്കും ..അവരെ അനാവശ്യം വിളിക്കും ..ഒരു ദിവസം ചിന്നുക്കുട്ടിയെ പട്ടികടിക്കാൻ വന്നു .അവളുടെ പാവാടയിൽ പട്ടി കടിച്ചുതൂങ്ങിയപ്പോഴേക്കും അത് കണ്ട രാധേമ്മ ഓടിവന്ന് പട്ടിയെ പിടിച്ചു വലിച്ചു .അന്ന് ആ പട്ടിയുടെ കടിയെല്ലാം കൊണ്ടത് പാവം രാധേമ്മക്കായിരുന്നു .
പിന്നെ വേറൊരു കാര്യം ആ വഴിയിലൂടെ ഏതെങ്കിലും ട്രാക്ടർ വന്നാൽ കൈയിലുള്ള സഞ്ചിയെല്ലാം നിലത്തിട്ട് അതിന്റെ പിന്നാലെ ഉണ്ണ്യേട്ടാ ..നിക്ക് ...എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കുറേദൂരം ഓടും ..പിന്നെ തിരിച്ചുപോരും ...
"രണ്ടുദിവസം കഴിഞ്ഞാൽ കല്യാണായി ...എന്താ . ഈ ഉണ്യേട്ടൻ ഇങ്ങനെ ..എന്നൊക്കെ പിറുപിറുക്കും ..അങ്ങിനെ നാലാം ക്ലാസ്സുവരെ ..രാധേമ്മ..എന്റെ മനസ്സിൽ ഒരേ സമയം വേദനയും കൗതുകവും നിറക്കുന്ന ഒരു കഥാപാത്രമായി നിറഞ്ഞുനിന്നു .
പിന്നീട് പത്താംക്ലാസ് റിസൾട്ട് അറിഞ്ഞ ദിവസം അമ്മമ്മയുടെ വീട്ടിൽ എത്തിയപ്പോൾ ആരും അവിടെയില്ല .വീടുപൂട്ടിയിരിക്കുന്നു .തൊട്ടടുത്ത വീട്ടു മുറ്റത്തു നിന്നിരുന്ന കുട്ടിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു .അവരെല്ലാം പെരിയകളത്തിൽ ഉണ്ടാവും .അവിടെയുള്ള പ്രാന്തത്തി തള്ള ഇന്നലെ രാത്രി മരിച്ചു .അത് കേട്ടതും വല്ലാത്ത ഒരു പിടച്ചിൽ എന്റെയുള്ളിൽ ..എങ്കിലും ഞാനും പെരിയകളത്തിലേക്ക് നീങ്ങി .അവിടെ ചെറിയ ഒരാൾകൂട്ടം ഉണ്ടായിരുന്നു .പടിപ്പുരയോട് ചേർന്ന് തണലൊരുക്കി നിന്നിരുന്ന കൂറ്റൻ മാവ് വെട്ടേറ്റു വീണിരുന്നു .തെങ്ങിൻ തോപ്പ് അങ്ങിങ്ങായി തല കരിഞ്ഞും വീണും കിടക്കുന്നു ..ഉണങ്ങി കരിഞ്ഞ വാഴത്തോപ്പ് ...പൊട്ടി പൊളിഞ്ഞു കിടക്കുന്ന വീട് ..ആകെ കൂടി ഒരു പ്രേതഭൂമി തന്നെ .തെക്കേപറമ്പിൽ രാധേമ്മയുടെ ചിത കൊളുത്തി ...തീ നാളമായി പുകയായ് ചാരമായി പിന്നെ ഒരു ഓർമ്മ മാത്രമായി മാറി രാധേമ്മ .
അമ്മമ്മയുടെയും അമ്മായിയുടെയും മുഖത്തു വിഷാദം നിറഞ്ഞിരുന്നു
...വീട്ടിൽ എത്തി പതുക്കെ പതുക്കെ ..മറ്റു പല വിഷയങ്ങൾക്ക് ശേഷം വീണ്ടും രാധേമ്മയുടെ വിഷയത്തിലേക്ക് അമ്മായിയുംഅമ്മമ്മ യുമെത്തി ..രാധേമ്മയുടെ സമനില തെറ്റിയതെങ്ങിനെ എന്നുള്ള കാര്യം അന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..
അവർ രാധേമ്മയുടെ കഥ വീണ്ടും തുടങ്ങി ...അന്ന് കൃഷ്ണനുണ്ണി ട്രാക്ടർ എടുത്തു രാധമ്മയോട് യാത്രപറഞ്ഞു ..ഇറങ്ങിയ ശേഷം ..ഓർക്കാപുറത്തു ഒരു വേനൽ മഴ ..ഒപ്പം ശക്തിയായ ഇടിമിന്നലും ..ട്രാക്ടർ പനമണ്ണ വിട്ട് ഒറ്റപ്പാലം മെയിൻ റോഡിൽ എത്തുന്നതേയുള്ളൂ ...കഷ്ടകാലം എന്നോ ദൈവം മുൻകൂട്ടി നിശ്ചയിച്ചതോ എന്തോ ട്രാക്ടർ പെട്ടെന്ന് പണിമുടക്കി ..മുന്നോട്ട് നീങ്ങുന്നില്ല ..എൻജിൻ ഓഫ് ആയി ..എന്ത് പറ്റി എന്ന് നോക്കാൻ കൃഷ്ണനുണ്ണി വണ്ടിയിൽ നിന്നും താഴെയിറങ്ങിയതും ..തീപ്പൊരി വിതറുന്ന പോലെ അതിശക്തമായ ..ഇടിമിന്നൽ ...ആ മിന്നൽ രാധമ്മയുടെ ഉണ്ണ്യേട്ടന്റെ ജീവനും അപഹരിച്ചുകൊണ്ട്.. അത്യുച്ചത്തിൽ വീണ്ടും ഒത്തിരിനേരം അട്ടഹസിച്ചു കൊണ്ടിരുന്നു ...ആളാരെന്നറിയാതെ ചുരുണ്ടുകൂടിയ കൃഷ്ണനുണ്ണിയുടെ ജഡമാണ് പിറ്റെദിവസം പെരിയകളത്തിലുള്ളവർ ക്കു കാണേണ്ടി വന്നത്
..
എങ്ങിനെ രാധമ്മയെ ഈ വിവരം അറിയുക്കുമെന്നറിയാതെ ..ഉണ്ണിത്താനും ഇട്ടിയമ്മയും ..അവശരായി ..അവസാനം രാധമ്മയുടെ അടുത്ത കൂട്ടുകാരി പ്രമീളയെ ആ ദൗത്യം ഏല്പിച്ചു ...തുറിച്ച കണ്ണുകളോടെതന്നെ അവൾ ..എല്ലാം അവസാനം വരെ കേട്ടുനിന്നു ..കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊടിയുന്നില്ല ..ഒന്ന് പൊട്ടിക്കരയുവാനായി അവളുടെ വായതുറക്കുന്നില്ല ...കണ്ണൊന്നു ചിമ്മാതെ തന്നെ എല്ലാവരെയും ..ചുറ്റുപാടും തുറിച്ചുനോക്കുന്നു ...അവളൊന്നു കരഞ്ഞെങ്കിൽ ..വായ തുറന്നൊന്നു നിലവിളിച്ചെങ്കിൽ ...എന്ന് മനസ്സാവിലപിച്ചുകൊണ്ട് ..പ്രമീളയും ഇട്ടിയമ്മയും കാത്തുനിന്നു ...പക്ഷെ രാധമ്മ മിണ്ടിയില്ല ..ഭയപ്പാടോടെ ..ചുറ്റും നോക്കുന്നു ...ദിവസങ്ങളോളം ...ഉറക്കമില്ല ..മറ്റുനിത്യകാര്യങ്ങൾ ഓർമയില്ല ...മുറിക്കുള്ളിൽ ഒരുമൂലയിൽ ..ചേർന്നിരിക്കുന്നു ..ആരുവന്നാലും ..എന്തെങ്കിലും ചോദിച്ചാലും ..ഒരേ ഒരു തുറിച്ചുനോട്ടം മാത്രം ..ഒരു ചോദ്യത്തിനും മറുപടിയില്ല ..പ്രമീള ദിവസങ്ങളോളം അവളോടൊപ്പം ചിലവഴിച്ചു ...പഴയ നല്ല കാര്യങ്ങളും കഥകളും പറഞ്ഞു നോക്കി ..ഒരു മാറ്റവുമില്ല ... ഒരു ആഴ്ചക്കു ശേഷം രാധമ്മയെ പാലക്കാട് മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ..ഇട്ടിയമ്മക്കൊപ്പം പ്രമീളയും പറ്റാവുന്ന പോലെ കൂടി ..
പക്ഷെ ..ഇതിനിടയിൽ മറ്റൊരു ദുരന്തവും പെരിയകളത്തിൽ സംഭവിച്ചു ..കൃഷ്ണനുണ്ണിയുടെ മരണവും ..മകളെ പോലെ ..പൊന്നുപോലെ ..കണ്ടിരുന്ന മരുമകൾ രാധയുടെ ..അവസ്ഥ ..എല്ലാം കൂടി ആ പടുവൃദ്ധന്റെ ..സോമശേഖരഉണ്ണിത്താന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി ...എല്ലാം മറക്കാനായി പോത്തുകളെ.. മേക്കാനിറങ്ങിയ ...ഉണ്ണിത്താൻ ...അവയെ ആട്ടിപ്പായിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ പാടവരമ്പിൽ കുഴഞ്ഞുവീണു ....ആ വീഴ്ച്ച ..അയാളുടെ ആയുസ്സ് ശരീരത്തിനോട് വിടപറഞ്ഞു ...അയാൾ പരിപാലിച്ച ആ നാലുപൊത്തുകൾ അയാൾക്ക് ചുറ്റും നിന്നുകൊണ്ട് അത്യുച്ചത്തിൽ അമറിക്കൊണ്ടേയിരുന്നു .
ഹോസ്പിറ്റലിൽ ആയിരുന്ന രാധമ്മയെ അറിയിക്കാതെ തന്നെ അവളുടെ അച്ഛനെപോലെ യുള്ള ആ അമ്മാവന്റെ അന്ത്യകർമങ്ങൾ പെരിയകളത്തിൽ നടന്നു .
രാധമ്മക്ക് ഒരു വിധം സുഖപ്പെട്ടു ..വീട്ടിൽ എത്തി ...അവളുടെ ഉണ്ണ്യേട്ടൻ ...ആ ഓർമ്മ ബാക്കിയെങ്കിലും ..പാതിമനസ്സിൽ ..പിന്നെയും ..എന്തൊക്കെയോ ...
എങ്കിലും വീട്ടിൽ എത്തിയ പാടെ അവൾ അമ്മാമയെ തേടിയലഞ്ഞു ...തെഴുത്തിൽ പോയി നോക്കി ..പോത്തുകളും ഇല്ല അമ്മാവനുമില്ല ....ഇതിനിടയിൽ ആരോ ...അമ്മാവൻ യാത്രയായ വിവരം അറിയിച്ചു ...വീണ്ടും അവൾ തളർന്നു ...
പാവം ഇട്ടിയമ്മ ..പ്രായത്തിന്റെ വയ്യായ്ക ... കൂടെ മകളുടെ അവസ്ഥ ....എങ്ങിനെയൊക്കെയോ അവളെ സമാധാനിപ്പിക്കാൻ നോക്കി ....അവൾ ആവശ്യത്തിനുമാത്രം സംസാരിക്കും ..പിന്നെ അവളുടെ മുറിയിൽ അടച്ചിരിക്കും ....ഇട്ടിയമ്മ വീണ്ടും പ്രമീളയുടെ സഹായം തേടി ...അവൾ..അവൾക്ക് ഇല്ലാത്ത സമയം ഉണ്ടാക്കി പെരിയകളത്തിൽ എത്തി ..രാധമ്മയെ സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും പരിശ്രമിച്ചു ...അവൾ പതുക്കെ പുറത്തിറങ്ങാൻ തുടങ്ങി ..പക്ഷെ ..വരുന്നത് പടിപ്പുരയിലേക്ക് മാത്രം ....അവിടെ കുറെ നേരം ആകാശം നോക്കിയിരിക്കും ..പിന്നെ ഇട്ടിയമ്മ വന്നു നിർബന്ധിച്ചു വീട്ടിലേക്കുകൂട്ടിപോകണം ..അങ്ങിനെ ഒന്നുറങ്ങിക്കഴിഞ്ഞാൽ വീണ്ടും രാധമ്മ പടിപ്പുരയിൽ എത്തും ..ഒരുറക്കം കഴിഞ്ഞു ഇട്ടിയമ്മ നോക്കുമ്പോൾ മകളെ കാണാറില്ല ..അവൾ പടിപ്പുര വാതിൽ തുറന്നു ആകാശം നോക്കിയിരിക്കുകയാവും ..ചിലപ്പോൾ നട്ടുച്ചക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയി ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ കുളക്കടവിൽ എത്തും. രാധമ്മ ..അവിടെ കുളത്തിലെ കല്പടവിൽ ഇരുന്ന് ..കുളത്തിലേക്ക് ചെറുകല്ലുകൾ ഏറിയും ...ഓളം വെട്ടലിൽ തലപൊക്കിനോക്കുന്ന ..മത്സ്യങ്ങളെ കാണുമ്പോൾ രാധമ്മ പൊട്ടിച്ചിരിക്കും ...വേറെ ചില നേരത്തു പാടവരമ്പിലൂടെ നട്ടുച്ചക്ക് രാധമ്മ ഒറ്റയ്ക്ക് നടക്കും .
.ഇട്ടിയമ്മ ..പാവം ആ വൃദ്ധ രാധമ്മയുടെ പിന്നാലെ ഓടി ..ഓടി ക്ഷീണിച്ചു ...ഇതിനിടയിൽ ..പലപ്പോഴും ദിവസങ്ങളോളം രാധമ്മ പല മെന്റൽ ഹോസ്പിറ്റലിലും അഡ്മിറ്റ് ആയി ..കുറച്ചു ഭേദമാകുമ്പോൾ വീട്ടിൽ വരും ..എന്നാലും പലപ്പോഴും ..
ഉറക്കത്തിൽ രാധമ്മ വാതിൽ തുറന്ന് ഇറങ്ങുന്നത് ഇട്ടിയമ്മ അറിയാതെ ആയി ..
രാധമ്മയുടെ അസുഖം അവളുടെ മനസ്സിനായിരുന്നു എങ്കിലും അതിന്റെ ഭാഗമായി അവളുടെ ശരീരം അല്പം ശോഷിച്ചു ...എന്നാലും ആ നിറ സൗന്ദര്യത്തിന് വലിയ കോട്ടമൊന്നും ..പറയാനുണ്ടായിരുന്നില്ലത്രെ ..അവളെ നോട്ടമിട്ടുകൊണ്ട് ചില കഴുകന്മാർ ആ പടിപ്പുര വാതിലിനു ചുറ്റും വട്ടമിട്ടി രുന്നത് ആരും അറിഞ്ഞിരുന്നില്ല ..
ഒരു രാത്രി ...നേരം വൈകിയ നേരത്തു ഇട്ടിയമ്മ നല്ല ഉറക്കത്തിൽ ....രാധമ്മ പടിപ്പുര വാതിലിൽ ആകാശം നോക്കിയിരിക്കുകയായിരുന്നു ..നല്ല ...ഇടിയും മഴയും ...ആ നേരത്തു ഇറച്ചികൊതി പൂണ്ട ആ നാലുകഴുകൻമാർ അവിടെയെത്തി ...
അവളുടെ വായ് പൊത്തിപിടിച്ചുകൊണ്ട് അവളെ പെരിയകള ത്തിലെ കുളപ്പുരയിലേക്ക് വലിച്ചിഴച്ചു ...അവിടെ അവൾ പിച്ചിച്ചീന്തപെട്ടു ..ഒരു കരുണയുമില്ലാതെ ...ആ കാറ്റും പെരുമഴയും മാംസദാഹമുള്ള കഴുകന്മാർക്ക് സഹായമൊരുക്കി ..രാധമ്മയുടെ ദയനീയമായ നിലവിളി ഇടിയുടെയും മഴയുടെയും ശബ്ദത്തിൽ ആരും കേട്ടില്ല ..മകളെ കാണാതെ അർധരാത്രിക്ക് ഉറക്കവിട്ടുണർന്ന ആ അമ്മ കാണുന്നത് നൂൽബന്ധമില്ലാതെ കുളക്കടവിൽ .എങ്ങി കരയുന്ന മകളെയാണ് ..ശരീരമാസകലം ..നഖക്ഷതങ്ങളാലും ദന്തക്ഷതങ്ങളാലും ഉള്ള മുറിവുകളും ..ചോരപ്പാടുകളും ..ആ അമ്മ ആ കാഴ്ചയിൽ .. കുഴഞ്ഞു വീണു ..വീണത് കുളത്തിന്റെ ആഴങ്ങളിലേക്ക് ..അങ്ങിനെ ആ ..ആയുസ്സും വിടപറഞ്ഞു ..പെരിയകളത്തിന്റെ അവസാനത്തിനു അന്ന് തുടക്കം കുറിച്ചു ...
അന്നുമുതൽ ..തുടങ്ങിയതാണത്രേ നമ്മുടെ രാധമ്മയുടെ ..ഊരു തെണ്ടൽ ...ലക്ഷ്യമില്ലാതെ ...ഓര്മയില്ലാതെ .. .
അമ്മമ്മയും അമ്മായിയും കഥ പറഞ്ഞു നിർത്തി .....
രാധേമ്മ കഥ അവസാനിച്ചു .
By
JP Kalluvazhi
No comments:
Post a Comment