Saturday, October 12, 2019

Ranjini -Malayalam story രഞ്ജിനി

രഞ്ജിനി
*******************




സത്യം പറയാല്ലോ.. എനിക്കീ സംഗീതം, പാട്ട് തുടങ്ങി ഒന്നിന്റെയും എബിസിഡി അറിയില്ല.. വെറുതെ നാടകം.. അഭിനയം തുടങ്ങി പല തരത്തിലുള്ള കോമാളിത്തരങ്ങളും.. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെയ്തിട്ടുണ്ട്..
പക്ഷെ.. സംഗീതോപകരണങ്ങൾ വിൽക്കാനുള്ള  ശ്രമത്തിൽ .. പല പ്രഗത്ഭരെയും കാണാൻ അവസരം കിട്ടി.
ഒരിക്കൽ ഞാൻ  ഒരു   പാട്ടുമാഷടെ വീട്ടിൽ എത്തുമ്പോൾ അവിടെ  ഒരു പാട്ടിന്റെ കംപോസിംഗ് ജോലി ആയിരുന്നു.   ശ്രുതിപെട്ടി വിറ്റിട്ട്.. ആ പൈസ വാങ്ങി വേഗം സ്ഥലം  വിടാലോ.. എന്ന് ഉദ്ദേശിച്ചാണ് ഞാൻ അവിടെ എത്തിയത്.
എന്നെ കണ്ടപ്പോൾ  ആ മാഷ് പറഞ്ഞു .. ജെപി. . ഒന്ന് വെയിറ്റ്  ചെയ്യു ട്ടോ വരികൾ.. ശരി ആകുന്നില്ല.. ഇപ്പൊ പിടുത്തം വിട്ടാൽ ഇവനെ പിന്നെ കിട്ടില്ല.. പാട്ട് കംപോസ്  ചെയ്യുന്ന ആളെ കാണിച്ചു കൊണ്ടാണ് അയാൾ പറയുന്നത്..
ശരി മാഷെ എന്ന് പറഞ്ഞ് കൊണ്ട്.. ഞാൻ മനസ്സില്ലാമനസ്സോടെ ഇരുന്നു .കാരണം.. ഒരുപാട് ശിഷ്യർ ഉള്ള മാഷാണ്.. ആഴ്ചയിൽ ഒരിക്കലെങ്കിലും ഓർഡർ.. തരുന്ന മാഷ്.. പിണക്കാൻ പറ്റില്ലല്ലോ.. . ഞാൻ വെറുതെ കേട്ടിരിന്നു .. ഇവരുടെ വരികളും.. ഈണവും ശരിയാകുന്നേയില്ല.. ..എനിക്ക്  സഹികെട്ടു.. ഞാൻ കേറി ഇടപെട്ടു.. മാഷേ.. ആ വരി ഇങ്ങനെ ആക്കി നോക്കൂ.. എന്ന് പറഞ്ഞു.. അത് അവർ രണ്ടുപേർക്കും
 ബോധിച്ചു. ആ പാട്ട് വേണ്ടരീതിയിൽ ആയി.പിന്നീട്ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ   മാഷ് എന്നോട് ചോദിച്ചു..
ജെ. പി.. മൂകാംബിക പോയിട്ടുണ്ടോ...?
ഞാൻ പറഞ്ഞു..
ഇല്ല മാഷേ.. എന്തെ?
നീ ഒന്ന് പോയിട്ട് വാ.. നിന്റെ ഉള്ളിൽ ഒരു
പാട്കഴിവുകൾ  ഉണ്ട്. മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ.. നിനക്ക്.. ഇനിയും.. ഒരുപാട്പലതും ചെയ്യാൻ പറ്റും..
അങ്ങനെ ഞാൻ ഒരു ദിവസം  ഒറ്റക്ക്.. കൊല്ലൂർ മൂകാംബികയെ കാണാൻ പുറപ്പെട്ടു. ഒരു ഏപ്രിൽ മാസത്തിൽആയിരുന്നു ആ യാത്ര. .. .. കോഴിക്കോട് ബസ്സ്റ്റാൻഡിൽ വന്നു.ഒരു ചാറ്റൽ മഴ ഉണ്ടായിരുന്നു.
സീറ്റ്‌ റിസർവേഷനു വേണ്ടി  കൂപ്പൺ എടുക്കാൻ പറഞ്ഞു.. കൂപ്പൺ എടുത്തു.. സൈഡ് സീറ്റ് തന്നെ കിട്ടി.. ഒരു പച്ച നിറത്തിൽ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ്.. എന്റെ അടുത്ത സീറ്റ്‌ ഒഴിഞ്ഞു കിടന്നു. അവിടെ ആര് വരും എന്ന ഒരു ചിന്ത എന്നെ അലട്ടികൊണ്ടിരുന്നു.. ബസ് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി.. അപ്പോൾ ഒരു സ്ത്രീ.. വേഷം മഞ്ഞ ചുരിദാർ.നെറ്റിയിൽ ഒരു ഭസ്മകുറി.. കണ്ടക്ടർ എന്റെ സീറ്റ് കാണിച്ചു.. അവർ എന്റെ അടുത്ത് വന്നിരുന്നു.. എന്നെ ക്കാൾ പ്രായം.. കുറച്ചുമാത്രം കൂടുന്ന പോലെ തോന്നി..

അവർ  അടുത്ത് വന്നിരുന്നതും ഞാൻ ഒന്ന്  അന്ധാളിച്ചു.ഏതെങ്കിലും തടിമാടൻമാരോ അല്ലെങ്കിൽ  വയസ്സന്മാരോ വരുമോ..? വന്നാൽ അവർ ഉറക്കംതൂങ്ങി എന്റെ മേലെ വീഴും.. എന്റെ ഉറക്കവും പോകും..പിന്നെ  ഇരിക്കപ്പൊറുതി ഉണ്ടാവുകയില്ല..  പക്ഷെ ഒരു പെണ്ണ്.. എന്റെ അടുത്ത് വന്നിരിക്കും എന്ന് ഞാൻ ചിന്തിച്ചേ ഇരുന്നതല്ല.. വേറെ സീറ്റ്‌ ഇല്ലാത്തോണ്ട് കണ്ടക്ടർ.. ആ സീറ്റ്‌ കൊടുത്തതാണ്.. അവൾ അടുത്തിരിന്നതും ഞാൻ സൈഡിലേക്ക് ഒന്ന് കൂടി ഒതുങ്ങി.. കാരണം പണ്ട് ഒരു അനുഭവം ഉണ്ട്..
ഒരു ദിവസം  എറണാകുളത്തുനിന്നും..ഒറ്റപ്പാലത്തേക്ക്  വൈകുന്നേരം 6മണിക്ക്  കന്യാകുമാരി ബാംഗ്ലൂർ  ട്രെയിനിൽ ഓടികയറി..അതിനു ഒറ്റപ്പാലം എത്തിയാൽ..വീട്ടിൽ എത്താനുള്ള..  എട്ടേ കാലിനുള്ള ലാസ്റ്റ് ബസ് കിട്ടും..  അന്ന് നല്ല ക്ഷീണവും ഉണ്ടായിരുന്നു.രാവിലെ പാലാരിവട്ടം, കലൂർ, പള്ളിമുക്ക്, തേവര, ഫോർട്ട്‌ കൊച്ചി എന്നിവിടങ്ങളിൽ കറങ്ങി തിരിഞ്ഞു.. ഓടി സ്റ്റേഷനിൽ എത്തിയതാണ്.
എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടാനുള്ള വെപ്രാളം.. വണ്ടിയിൽ കയറി  നാലുപാടും നോക്കുമ്പോൾ ചെറിയ ഒരു ഒരു ഒഴിവ് കണ്ടു..ഒരു..ഉണ്ടക്കണ്ണി കൊച്ചമ്മ.. കവിളൊക്കെ വീർത്തു.. ചുരുണ്ട മുടിയുടെ ഇറക്കം കഴുത്തൊപ്പം വെച്ചു വെട്ടിയൊതുക്കി ഒരു മാതിരി ഒക്കെ  സ്റ്റൈൽ കൂടിയ ഒരു ലേഡി..  ഒറ്റനോട്ടത്തിൽതന്നെ അറിയാം  ഒരു.. പൊങ്ങച്ചക്കാരി.. കണ്ണടയും ലിപ്സ്റ്റിക്കും, ടീ ഷർട്ട്‌ ജീൻസ് തുടങ്ങി  എല്ലാം കൊണ്ടും.. തനി കൊച്ചമ്മ ലുക്ക്‌.. എനിക്കാണെങ്കിൽ നിൽക്കാൻ വയ്യ ഇരുന്നേപറ്റൂ.. ഞാൻ ചാടി കേറി ഇരുന്നു.. ട്രെയ്നിൽ പിന്നെ ആണോ പെണ്ണോ എന്ന് നോക്കേണ്ട കാര്യം ഇല്ലല്ലോ ഒഴിവുള്ളിടത്തു കേറി ഇരിക്കാലോ .. ഞാൻ ഇരുന്നു.. എന്റെ ആ ഇരുപ്പ്..ആ  അയമ്മക്ക് ഇഷ്ടായില്ല എന്ന് എനിക്ക് അപ്പോഴേ.. തോന്നി.. ഞാൻ വല്ലാതെ ക്ഷീണിതൻ ആണ്..  രാവിലെ മുതൽ വെയിൽകൊണ്ടതിന്റെ ഭാഗമായുള്ള ക്ഷീണം.. നോട്ടത്തിലും ഗന്ധത്തിലും ഉണ്ടായിരിക്കാം..  . എന്തായാലും ഞാൻ  അതൊന്നും  മൈൻഡ് ചെയ്തില്ല.. ഇരുന്ന പാടെ ബാഗ് മടിയിൽ വെച്ച്.. അതിന്റെ മേലെ തല ചായ്ച്ചു.. വളരെ വേഗം ഒന്ന് മയങ്ങി..
ഇടക്കെന്തോ ബഹളം കേട്ട് ഞാനുണർന്നു.. നോക്കുമ്പോൾ ആ സ്ത്രീ എന്റെ നേരിൽ വിരൽ ചൂണ്ടി അട്ടഹസിക്കുന്നു.. കാഴ്ച്ചക്കാരും കേൾവിക്കാരുമായി കംപാർട്മെന്റിലെ ചില യാത്രക്കാരും.. ചെറുപ്പക്കാരും വയസ്സൻ മാരും വയസ്സികളും എന്ന് വേണ്ട.. എല്ലാവരും....
ട്രെയിൻ തൃശൂർ എത്താറായിരുന്നു
കാരണം എന്താന്ന് വെച്ചാൽ എന്റെ
കൈമുട്ട് ആ കൊച്ചമ്മയുടെ മാറിൽ എവിടെയോ കൊണ്ടു എന്ന്.. സത്യായിട്ടും ഞാൻ അറിയാത്ത കാര്യാട്ടോ..
പിന്നെ അന്ന് എന്റെ അവസ്ഥ.. ഞാൻ ഒറ്റപ്പാലം എത്തുന്ന വരെ.. എന്താ പറയാ....


അവൻ ഉറക്കം നടിക്കാ..അല്ലാതെ  അവന്റെ മുട്ട് കൈ.. ഇങ്ങനെ വെറുതെ നീണ്ടു പോകില്ല എന്നിങ്ങനെ..എന്തൊക്കെയോ ..കൂടി നിന്നവരിൽ  ചിലർ...

 സത്യത്തിൽ എനിക്കൊന്നും.. മനസ്സിലായില്ല ട്ടോ.. ..
 ഞാൻ.. എന്താ എന്ന് ചോദിച്ചു.. അപ്പോഴേക്കും ആ കൊച്ചമ്മ. .. വീണ്ടും ഒരു പുലിയായി മാറി..

ഓ പാവം അവൻ ഒന്നും അറിഞ്ഞിട്ടില്ല.. വന്ന ഇരുന്ന മുതൽ തുടങ്ങിയതാ അവന്റെ ഇളക്കം.. ഞാൻ കുറെ ക്ഷമിച്ചു എന്നിങ്ങനെ ഒക്കെ..

അത് കേട്ടതും ഒരു 50 വയസ്സ് തോന്നിക്കുന്ന.. ഒരു നരച്ച.   മീശക്കാരൻ.. എന്താടാ നിനക്ക് അമ്മേം പെങ്ങൻ മാരെയും തിരിച്ചറിയില്ലേ.  ട്രെയിനിൽ ആണോടാ നിന്റെ തോന്നിവാസം എന്നിങ്ങനെ ഒക്കെ ഒച്ച വെച്ചുകൊണ്ടിരുന്നു..

 ഞാൻ ഒന്നും ചെയ്തില്ല സാർ  .. എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ.. വേറൊരുത്തൻ.. ഇങ്ങോട്ട് എണീക്കേടാ..   എന്നൊരു  അട്ടഹാസം.. ആകെ  കൂടി എന്തോ ഒരു  പന്തികേട്..വല്ലാത്ത  ഒരു ഭയവും തോന്നി.. ഞാൻ പതുക്കെ എണീറ്റു.  ഞാൻ എണീറ്റതും ആ കൊച്ചമ്മ വീണ്ടും ഇരുന്നു.. പക്ഷേ വേറൊരു രസം എന്താന്ന് വെച്ചാൽ എന്നോട് ആ ആക്രോശിച്ച ആ 50 വയസ്സ് കാരൻ വേഗം തന്നെ.. ഞാൻ ഇരുന്നിരുന്ന സ്ഥാനത്തു ചാടികേറി ഇരുന്നു.. ഒരു പക്ഷെ.. അയാൾ അത് വരെ നിന്ന് നിന്നു മടുത്തക്ഷീണം കൊണ്ടാവാം..വേഗം ഇരുന്നത്. ഇരുന്നതും.. ആ കൊച്ചമ്മയോട് എന്തൊക്കെയോ ലോഹ്യം പറയാൻ നോക്കുന്നുണ്ടായിരുന്നു... ഞാൻ കൂടുതൽ ഒന്നും കാണാൻ നിന്നില്ല..വെറുതെ ആകെ കൂടെ വഷളായി..  ..ഉറക്കവും മയക്കവും പോയി..വേഗം  ബാഗും എടുത്തുകൊണ്ടു ഡോറിന്റെ അടുത്തു വന്നുനിന്നു..ഡോറിൽ ഉള്ള രണ്ടുകമ്പികളിൽ ബലമായി പിടുത്തമിട്ടുകൊണ്ടു ഡോർ സ്റ്റെപ്പിൽ ഇരുന്നു.. വിഷമം മാറാനായി..  പുറംകാഴ്ചകളിൽ ശ്രദ്ധ കൊടുത്തു..
വേഗത്തിൽ മുന്നോട്ട് ചീറി പായുന്ന ട്രെയിനിനെ നോക്കി പരിഹസിച്ചുകൊണ്ടു അതിനേക്കാൾ വേഗത്തിൽ പിന്നോട്ടോടുന്ന മരങ്ങളും മലകളും മറ്റു നാട്ടുകാഴ്ചകളും..

നേരം ഇരുട്ടി തുടങ്ങുന്നു... പടിഞ്ഞാറുമുങ്ങിത്താഴുന്ന  സൂര്യന്റെ വിമ്മിഷ്ടം..അങ്ങിങ്ങായി    കാണാം..പാടത്തു മിന്നാമിന്നുകൾ... ഗതിയറിയാതെ.. മിന്നിയും കെട്ടുംലക്ഷ്യമില്ലാതെയെങ്ങോട്ടോ..  പറക്കുന്ന പോലെ..
ഉത്രാളി കാവിലെ ദീപങ്ങൾ അങ്ങിങ്ങായി.. കെട്ടണഞ്ഞു കൊണ്ടിരിക്കുന്നു...
റെയിൽപാളത്തിന്റെ വശത്തുള്ള..
 ചെറിയ കുടിലുകൾ... മണിമന്ദിരങ്ങൾ എന്നിവയും..  എന്റെ കാഴ്ചക്കും ചിന്തക്കു മൊപ്പം ഓടി മറയുന്നു.

 ആകെ കൂടി ഒരു അസ്വസ്ഥത.. വയ്യ.. ക്ഷീണം കൂടുന്ന പോലെ..
ഇങ്ങനെ ഒരു അനുഭവം... ആദ്യം.. അതോണ്ടാവും..
എന്തായാലും ഒറ്റപ്പാലം വന്നു. ലാസ്റ്റ്  ബസ് കിട്ടാൻ ഒന്ന് ഓടിയെ പറ്റൂ.. 2മിനുട്ട് മാത്രം ബാക്കി. ഓടാൻ തോന്നിയില്ല.. നേരെ അരമന ബാറിൽ കയറി.. രണ്ട് ബിയർ രണ്ട് പെഗ് M.C. ഏതാണ്ട് മുക്കാൽ മണിക്കൂർ അവിടെ.. പിന്നെ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക്.. അതിലെല്ലാം അന്നത്തെ സങ്കടം ഒതുക്കി..


ഇനിയും അത് പോലെ വയ്യ.. പോകുന്നത് മൂകാംബികയിലേക്ക്.. ഒരു പരിചയവും ഇല്ല..ആദ്യയാത്ര..  അതുമല്ല.. അവിടെ ദർശനം കിട്ടാൻ അമ്മയുടെ പ്രത്യേക വിളി വേണമത്രേ..യാത്രയിൽ  ഇടക്ക് എപ്പോ വേണമെങ്കിലും അമ്മ തിരിച്ചയക്കുമത്രേ..
അവിടെ ദർശനം കിട്ടണമെ..
വഴിയിൽ തടസ്സം ഉണ്ടാകരുതെ.. എന്ന പ്രാർത്ഥനയും വേവലാതിയും  എന്റെ ഉള്ളിൽ ഉണ്ട്.. അങ്ങനെ..ആ ചിന്തയിൽ...  ഇരിക്കുമ്പോൾ ആണ് ഇവൾ എന്റെ തൊട്ടടുത്തുവന്നിരിക്കുന്നത്..

.. ബസ്സിലെ ആ ഇരുണ്ട വെളിച്ചത്തിൽ.. അവളെ ഞാൻ ഒന്ന് നോക്കി.. മുഖം ആകെ കൂടി ഒരു ഇരുണ്ടനിറം...തലമുടി നന്നായി വകഞ്ഞു.നെറുകയിൽ നിന്നും ഒരു വരമ്പുപോലെ പിന്നോട്ട് പോകുന്നു.  നെറ്റിയിലെ ആ ഭസ്മകുറിയും.. ചുരിദാറിന്റെ മഞ്ഞനിറവും.. നീളമുള്ള കണ്ണുകളും അവളിൽ ഒരു വശ്യമനോഹാരിത തോന്നിപ്പിച്ചു...  പാദസരം വല്ലാതെ കിലുങ്ങുന്നുണ്ടായിരുന്നു.. ആ പാദസരത്തിന് വീതി ഒരല്പം കൂടി പോയില്ലേ എന്ന്..അടുത്ത ദിവസം ഞങ്ങൾ  മൂകാംബികയിലെ സൗപര്ണികയിൽ.. കുളിക്കുന്ന സമയത്തു എനിക്ക് തോന്നി പോയി.. അതോടൊപ്പം മറ്റൊന്ന് കൂടി ഞാൻ ശ്രദ്ധിച്ചു.. മുഖം പോലെ ഇരുണ്ടതല്ല അവളുടെ കൈകാലുകൾ.. നല്ല വെളുപ്പ് നിറം..
അവൾ ബാഗ് എല്ലാം ഒതുക്കി വെച്ചു.. ഞാൻ പരമാവധി ഒതുങ്ങിമാറി ഇരിക്കുകയാണ്.ട്രെയിനിൽ ആയാലും ബസിൽ ആയാലും.. അടുത്തിരിക്കുന്നവരെ പരിചയപെടുന്ന ശീലം ഞാൻ പണ്ടേ നിർത്തിയതാണ്... കാരണം.. പെണ്ണാണെങ്കിൽ.. ഒരു പേര് ചോദിച്ചാൽ പോലും അവരുടെ ഒരു നോട്ടമുണ്ട്..നമ്മൾ വശീകരിക്കാനും പീഡിപ്പിക്കാനും നോക്കി നടക്കുന്ന ഒരാൾ എന്ന പോലെ.. ആണുങ്ങൾ ആണെങ്കിലോ.. നമ്മൾ എന്തോ അടിച്ചുമാറ്റാൻ വേണ്ടി ലോഹ്യം കൂടുന്ന പോലെയും.. അതോണ്ട്.. ഞാൻ ഞാനായി.. എന്റെ പാടായി.. എന്ന് പറഞ്ഞപോലെ.. തൊട്ടടുത്തു ആരി രുന്നാലും.. കൂടുതൽ ലോഹ്യത്തിന് ആരോടും പോകാറില്ല.
ബാഗെല്ലാം.. ഒതുക്കി അവൾ എന്നെ നോക്കി.. ചെറുതായൊന്നു ചിരിച്ചു.. ആ ഇരുണ്ടമുഖത്തിൽ നിന്നും വിരിഞ്ഞ ചിരിയിൽ അവളുടെ വെളുത്ത പല്ലുകൾ എന്ത് മനോഹരമായിരുന്നെന്നോ...
നിങ്ങൾ എടെക്കാ..?
തനി കോഴിക്കോട് ഭാഷ..
ഞാൻ അതിശയിച്ചു പോയി..
ആദ്യായിട്ടാണ് യാത്രയിൽ ഒരു പെണ്ണ് ഇങ്ങോട്ട് കേറി പരിചയപെടാൻ വരുന്നത്..
എന്തായാലും ഞാൻ മറുപടി കൊടുത്തു..
മൂകാംബിക...
അതെയോ.. ഞാനും.. എന്നവൾ.. അപ്പോഴേക്കും കണ്ടക്ടർ ടിക്കറ്റ്മായി എത്തി..
ഞങ്ങൾ ടിക്കറ്റ് എടുത്തു.. അപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി... അവൾ അറ്റൻഡ് ചെയ്തു..
അമ്മാ.. ബസ് കിട്ടി ട്ടോ... നിങ്ങള് ചോറ് കഴിച്ചാ... മോളോ... അവള് ഏടെ...
മോളൂ.. അമ്മക്ക്.. ബസ് കിട്ടി ട്ടാ.. മോൾക്ക്‌ എന്താ വേണ്ടേ..
ആ ശരി
പാവ കുട്ടില്ലേ.. അമ്മ കൊണ്ടരാം..
അമ്മമ്മ..കഥ പറയും ട്ടോ.. ഒറങ്ങിക്കോ.. അമ്മ നാളെ വിളിക്കാം ചക്കരേ.. ഉമ്മ.. ഉമ്മ......

അവൾ ഫോൺ ഡിസ്കണക്ട്   ചെയ്തു എന്റെ മുഖത്ത്നോക്കി ഒന്ന് ചിരിച്ചു..
ഞാൻ ചോദിക്കാതെ തന്നെ തുടർന്നു... മോളാണ്.. അവൾക്ക് .. എന്നെ കാണാഞ്ഞാൽ നല്ല വാശിയാണ്.. കാലിന് സുഖമില്ല... പണ്ട് പോളിയോ വന്നതാ... അല്ലെങ്കിൽ കൂടെ കൂട്ടാമായിരുന്നു.. പാവം അമ്മ.. ഞാൻ എത്തുന്ന വരെ.. കുറച്ചു കഷ്ടപ്പെടും.. അല്ല ഇങ്ങടെ പേര് സ്ഥലം ഒന്നും പറഞ്ഞില്ല.. ഏതായാലും മൂകാംബിക വരെ ഒരുമിച്ചല്ലേ.. എന്തേലും പറയാം.. ഉറക്കം വരുന്ന വരെ..

അത് കേട്ടതും..
 ഞാൻ പേരും സ്ഥലവും.. കുടുംബകാര്യങ്ങളും എല്ലാം പറയാൻ തുടങ്ങി.. അത് ശ്രദ്ധയോടെ കേട്ടതിനു ശേഷം അവളും അവളെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാൻ തുടങ്ങി.. അവൾ ഒരു ഡാൻസ് ടീച്ചർ ആണ്.. കൊയിലാണ്ടിക്കടുത്തു.. തിക്കോടി ആണത്രേ അവളുടെ വീട്.. വീട്ടിൽ
അവളുടെ അമ്മയും മോളും മാത്രേ ഉള്ളൂ... പിന്നെ ഒരു ചേച്ചിയുള്ളത് ഹസ്ബൻഡ് നൊപ്പം ബോംബയിൽ ആണ്.. ഇത് മൂന്നാം തവണയാണ് മൂകാംബിക യിൽ എത്തുന്നത്.. ഇവിടെ വന്നു പോകുമ്പോൾ.. ഒരു പ്രത്യേക എനർജി കിട്ടുന്നുണ്ട്.. പണ്ട്.. മറ്റാരോ പറഞ്ഞിട്ടാണ് ആദ്യമായി മൂകാംബികയിൽ വരുന്നത്.. എന്നിങ്ങനെ ഒക്കെ... ഇതിനിടയിൽ അവൾ ചോദിച്ചു.. ങ്ങള് S.S.L.C..ഏത് വർഷായിരുന്നു..

ഞാൻ.. .അത്.. 93-94..
അതെയോ.. അപ്പോൾ ഞാൻ നിന്നെക്കാളും മൂന്നു വയസ്സിനു കൂടുതൽ ആണ് ട്ടോ... ആദ്യായിട്ടാണോ.. മൂകാംബികയിൽ വരുന്നത്  അതെ എന്ന് ഞാനും.. എന്നാ വേഗം ഉറങ്ങിക്കോ..  കുടജാദ്രിക്ക് വരുന്നില്ലേ...? അവിടെയും കൂടി പോയാലെ യാത്ര പൂർണ്ണമാകൂ .. എന്നും പറഞ്ഞു അവൾ ഉറക്കം തുടങ്ങി.. ..അവിടെ ചെന്നാലുള്ള കാര്യമാണ് പറയുന്നത്.... എന്താകും അവൾ ഉദ്ദേശിച്ചത്.. കേവലം ഈ ബസ് യാത്രയിൽ.. ഈ ബന്ധം അവസാനിക്കുന്ന പോലെതോന്നുന്നില്ല..  ആ ചിന്ത എന്നെ അലട്ടാതിരുന്നില്ല..  .. പക്ഷേ അവൾ.. കുറച്ചു.. ബോൾഡ് എന്ന്.. തന്നെ പറയാം എങ്കിലും.. എന്തോ ഒരിത്..  ഒരു പിടിയും  കിട്ടുന്നില്ല...

പിന്നെ ഞാൻ ഉണർത്താൻ പോയില്ല.. അവൾ ഉറങ്ങട്ടെ എന്ന് വിചാരിച്ചു.. ജനലിലെ ഷട്ടർ താഴ്ത്തി.. അതിലേക്ക് ഞാൻ തല ചായ്ച്ചു മയങ്ങാൻ തുടങ്ങി.. ഇടക്കെല്ലാം ബസ് സഡൻ ബ്രേക്ക്‌ ഇടുമ്പോൾ ഞാൻ അറിയാതെ ഉറക്കത്തിൽ നിന്നും വിട്ടുണർന്നു.. ആ സമയം ആദ്യമായി മംഗലാപുരത്തിന്റെയും ഉഡൂപ്പിയുടെയും ചില മനോഹരദൃശ്യങ്ങൾ ബസിന്റെ മുൻഗ്ലാസ്സിലൂടെ നോക്കികണ്ടു. മംഗലാപുരം സിറ്റി എത്തുമ്പോൾ തന്നെ ഉണക്കമീനിന്റെ അസഹ്യമായ ഗന്ധം.. കുറെ ഡ്രൈ ഫിഷ് കമ്പനി റോഡിനു ഇരുവശവും ഉണ്ട്.. തിരിച്ചു വരുന്ന വഴിയാണ് ഞാൻ എല്ലാം കാണുന്നത്.. കടലും ബോട്ടും മത്സ്യകമ്പനികളും തുടങ്ങി എല്ലാം...

പുലർച്ചെ ഏതാണ്ട് 4മണി ആയിക്കാണും.. ഒരു മയക്കത്തിൽ ആയിരുന്ന എന്നെ രഞ്ജിനി തട്ടിയുണർത്തി.. പരിഭ്രമത്തോടെ കണ്ണുതുറന്ന എന്നോട് അവൾ ചിരിച്ചമുഖത്തോടെ..
എത്തി ട്ടോ മൂകാംബികയിൽ എന്ന് പറഞ്ഞു..
ഞാൻ വേഗം ചാടിപിടഞ്ഞെഴുന്നേറ്റു.. അവളോടൊപ്പം ബസിൽ നിന്നും ഇറങ്ങി...
ഒരു ലോഡ്ജ് എടുക്കാനുള്ള പ്ലാൻ ആയിരുന്നു എന്റെ...
ശരി എന്നാ പിന്നെ കാണാം എന്ന് പറഞ്ഞു ഞാൻ അവളോട് യാത്ര പറഞ്ഞു...
അപ്പോൾ അവൾ..
ഇനി എവിടെക്കാ..?

അല്ല ഒരു റൂം എടുക്കണം... ഇവിടെ ലോഡ്ജ് ഏതെങ്കിലും കിട്ടില്ലേ.. എന്ന് ഞാൻ..

പിന്നെന്താ ഇഷ്ടം പോലെ ലോഡ്ജ് ഉണ്ട്.. കിട്ടും.. എന്തിനാ ഇനിപ്പോ ലോഡ്ജ് എന്ന്  അവൾ..

അല്ല മണി നാല് അല്ലെ ആയുള്ളൂ.. കുറച്ചുനേരം ഒന്നുറങ്ങലോ.. പിന്നെ ഒന്ന് ഫ്രഷ്.. ആവേണ്ടേ...

അപ്പൊ എന്നെ ഒറ്റക്കാക്കി പോകാനുള്ള പ്ലാൻ ആണല്ലേ.. യാത്രയിൽ ഞാൻ ഉറക്കം തൂങ്ങി.. വല്ലാതെ ശല്യം ചെയ്തുല്ലേ... എന്ന് ചോദിച്ചുകൊണ്ട് അവൾ ഒന്ന് ചിരിച്ചു

ഞാൻ വല്ലാത്ത ആശയ കുഴപ്പത്തിൽ ആയി..
ആദ്യമായി
മൂകാംബിക ദേവിയെ കാണാൻഎത്തിയ ഞാൻ.. ഇവളുടെ കൂടെ ലോഡ്ജിൽ.. ഒരുമിച്ചുകൂടേണ്ടിവരുമോ???

അങ്ങനെ ആകെ കൂടി..അവളുടെ ഉദ്ദേശ്യം എന്തെന്ന്..  ഒരു പിടിയും കിട്ടാതെ ഞാൻ അവളെ അൽപനേരം മിഴിച്ചുനോക്കിനിന്നു.. അത് കണ്ടപ്പോൾ അവൾക്കൊരു ചിരി.. എന്താ നീ..പേടിച്ചോ.. നിന്റെ കൂടെ ലോഡ്ജിലേക്ക് ഞാനും വരുമെന്നുള്ള പേടി ല്ലേ... ഞാൻ ദേവസ്വം ഗസ്റ്റ് ഹൗസ് ബുക്ക്‌ ചെയ്തിട്ടുണ്ട്... റൂം ഒന്നുമല്ല ഡോർമിറ്ററി.. ഒരു ബെഡ് കിട്ടും.. ഉറങ്ങാം.. കുളിക്കാം.. നമ്മൾ അറിയാത്ത പലരും കൂടെ ഉണ്ടാകും..എന്ന ഒരു അസൗകര്യം മാത്രം..  150/- രൂപയെ വരൂ.. നീ ഒരു ലോഡ്ജിൽ റൂം എടുക്കുകയാണെങ്കിൽ 500/-രൂപയെങ്കിലും വേണ്ടിവരും.. വേണമെങ്കിൽ എന്റെ കൂടെ വന്നോ.. അവിടെ കിട്ടുമോ എന്ന് നോക്കാം... കിട്ടിയില്ലെങ്കിൽ പോരെ ലോഡ്ജ്.. പിന്നെ ഇനി ഉറങ്ങാനൊന്നും നോക്കേണ്ട... വേഗം കുളിച്ചു അമ്പലത്തിൽ തൊഴാം.. അതിനു ശേഷം.. കുടജാദ്രിയിൽ പോകാം... എന്നാൽ നാളെ പുലർച്ചെ കോഴിക്കോട് എത്താം... അല്ല നിനക്ക് ഇന്നിവിടെ തങ്ങാൻ.. എന്തെങ്കിലും പ്ലാൻ ഉണ്ടോ...

അങ്ങനെ ഒന്നുമില്ല എന്ന് ഞാൻ...

എന്നാൽ പോരെ എന്ന് അവൾ..
അങ്ങനെ അവൾ പറഞ്ഞത് കേൾക്കാം എന്ന് തോന്നി.. അവളുടെ പിന്നാലെ ഞാനും നടന്നു.. K.S.R.T.C.ബസിന്റെ അടുത്ത് തന്നെ ആയിരുന്നു വിശാലമായ ദേവസ്വം ഗസ്റ്റ് ഹൗസ്..
അവിടെ ചെന്നു.. എനിക്ക്.. വേണ്ടി അവൾതന്നെ  സംസാരിച്ചു..
റിസപ്ഷനിൽ പേര് വിവരങ്ങളും പൈസയും കൊടുത്തു.
ആയാൾ എനിക്കുള്ള  റൂം കാണിച്ചു തന്നു. കൂടെ അവളും വന്നു.
ഇനി ഉറങ്ങാനൊന്നും നിൽക്കേണ്ട ട്ടോ.. വേഗം റെഡി ആകാൻ നോക്ക്. ഇപ്പൊ 4:15 ആയി 5മണിക്ക് ഞാൻ റെഡി ആയി വരും. എന്നും പറഞ്ഞുകൊണ്ട് അവൾ അവൾക്ക് ബുക്ക്‌ ചെയ്തിരുന്ന ഏതോ റൂമിലേക്ക് നടന്നുനീങ്ങി. എനിക്ക് കിട്ടിയ റൂമിൽ ഏതാണ്ട് 5പേര് ഉണ്ടായിരുന്നു. ഒരു തമിഴൻ ഒഴികെ ബാക്കി എല്ലാവരും മലയാളികൾ തന്നെ. തൃശ്ശൂർ, കോട്ടയം, കൊല്ലം തുടങ്ങി പല ഭാഗത്തുനിന്നുള്ളവർ. എല്ലാവരും നേരത്തെ തന്നെ കുളിച്ചൊരുങ്ങുന്ന തിരക്കിൽ. തമിഴൻ മാത്രം.. പതുക്കെ കണ്ണു തുറന്നു എഴുന്നേൽക്കാൻ തുടങ്ങുന്നേയുള്ളു.
ഞാൻ പിന്നെ കിടക്കാനൊന്നും പോയില്ല.. വേഗം ഫ്രഷ് ആവാം എന്ന് തോന്നി ഡ്രസ്സ്‌ മാറ്റി . അപ്പോഴേക്കും  ചായവേണോ എന്ന് ചോദിച്ചുകൊണ്ട് ഒരു പയ്യൻ വന്നു. അവനും മലയാളി. കോഴിക്കോട് കാരൻ. ഒരു ചായ വാങ്ങിക്കുടിച്ചു. പെട്ടെന്ന് തന്നെ കുളിയെല്ലാം കഴിച്ചു ഡ്രസ്സ്‌ മാറ്റി. മൂകാംബികയല്ലേ... ദർശനത്തിനായി മുണ്ട് കരുതിയിരുന്നു. ബാഗ് എല്ലാം ഒരു മൂലക്ക് ഒതുക്കി പുറത്തേക്കിറങ്ങി.സമയം 5മണി ആയി. ഇറങ്ങി മെയിൻ ഹാളിൽ എത്തിയപ്പോൾ  പറഞ്ഞപോലെ അവൾ റെഡി ആയി എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു നീലകരയുള്ള സെറ്റ് സാരിയും നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം.
എന്നെ കണ്ടതും

ആ നീ വേഗം റെഡി ആയി..ല്ലേ.. ഇനി ഉറക്കത്തിൽപെടുമോ.. എന്ന് ആലോചിച്ചുഇരിക്കായിരുന്നു ട്ടോ... വാ പോകാം എന്ന് പറഞ്ഞു അവൾ നടന്നു.. അവളോടൊപ്പം ആ ഇരുണ്ട വെളിച്ചത്തിൽ ഞാനും.. വഴിവാണിഭക്കാർ.. കച്ചവടം തുടങ്ങി... ചില കടകൾ തുറന്നു ചിലതിന്റെ ഷട്ടർ പൊക്കാൻ തുടങ്ങുന്നു അങ്ങിനെ പലതും കണ്ടും നോക്കിയും ഞങ്ങൾ ക്ഷേത്രത്തിൽ എത്തി... അതിനുള്ളിൽ എത്തിയതും എന്റെ പ്രതീക്ഷകളും കണക്ക് കൂട്ടലുകളും ആകെ താളം തെറ്റി ട്ടോ...


മൂകാംബികക്ഷേത്രം.. അവിടെ.. എത്തുന്ന വരെ എന്റെ പ്രതീക്ഷ.. ഒരു വലിയ ക്ഷേത്രം ആവും എന്നായിരുന്നു. വിശാലമായ ചുറ്റുമതിൽ ചുറ്റി ഉള്ളിലേക്ക് പ്രവേശിച്ചതും എന്റെ അതുവരെ ഉള്ള എല്ലാ പ്രതീക്ഷക്കും നേർ വിപരീത മായിരുന്നു.നമ്മുടെ നാട്ടിൻപുറത്തുള്ള ചില അമ്പലങ്ങളെക്കാൾ  വളരെ ചെറിയ ഒരു ക്ഷേത്രം. ഇത് തന്നെ യാണോ..ഇത് വരെ പലരും എന്നോട് വർണിച്ചുകൊണ്ടിരുന്ന  ആ മൂകാംബിക ക്ഷേത്രം.എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ആ ആശയക്കുഴപ്പത്തോടെ
രഞ്ജിനിയുടെ മുഖത്തേക്കൊന്നുനോക്കി. എന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ അവൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു. സംശയം വേണ്ട.. ഇവിടെ  തന്നെയാണ് അമ്മ കുടി കൊള്ളുന്നത്. ഞാനും ആദ്യം വരുമ്പോൾ ഇത് പോലെ അന്തം വിട്ടു പോയി. ക്ഷേത്രത്തിന്റെ വലിപ്പത്തിലല്ലോ കാര്യം.. പ്രതിഷ്ഠയുടെ ശക്തിയിലല്ലേ.. നീ നടക്കൂ.. ക്യു വിൽ തിരക്ക് കൂടുന്നു.. എന്ന് പറഞ്ഞു അവൾ ദർശനത്തിലുള്ള വാരിയിലേക്ക് നടന്നു. അവളോടൊപ്പം ഞാനും ആ വരിയിൽ കൂടി. സ്റ്റീൽ കമ്പികളാൽ വേലിയൊരുക്കിയ ആ വരിയിൽ ഏതാണ്ട് മൂന്നുപേർക്ക് നിരയായി നിൽക്കാമായിരുന്നു.വരി  മുൻപിൽ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്നു. നട അടച്ചത് കൊണ്ടാണ് വരി നീങ്ങാത്തത് എന്ന് അവൾ പറഞ്ഞു. അത് പോലെ ഇവിടെ ഇടയ്ക്കിടെ നട അടക്കും. കുറച്ചു നേരം പൂജ അതു കഴിഞ്ഞു തുറക്കും. പിന്നേം അടക്കും. അങ്ങനെ ഒക്കെ ആണ്
മൂകാംബികക്ഷേത്രം.. അവിടെ.. എത്തുന്ന വരെ എന്റെ പ്രതീക്ഷ.. ഒരു വലിയ ക്ഷേത്രം ആവും എന്നായിരുന്നു. വിശാലമായ ചുറ്റുമതിൽ ചുറ്റി ഉള്ളിലേക്ക് പ്രവേശിച്ചതും എന്റെ അതുവരെ ഉള്ള എല്ലാ പ്രതീക്ഷക്കും നേർ വിപരീത മായിരുന്നു.നമ്മുടെ നാട്ടിൻപുറത്തുള്ള ചില അമ്പലങ്ങളെക്കാൾ  വളരെ ചെറിയ ഒരു ക്ഷേത്രം. ഇത് തന്നെ യാണോ..ഇത് വരെ പലരും എന്നോട് വർണിച്ചുകൊണ്ടിരുന്ന  ആ മൂകാംബിക ക്ഷേത്രം.എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ആ ആശയക്കുഴപ്പത്തോടെ
രഞ്ജിനിയുടെ മുഖത്തേക്കൊന്നുനോക്കി. എന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ അവൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു. സംശയം വേണ്ട.. ഇവിടെ  തന്നെയാണ് അമ്മ കുടി കൊള്ളുന്നത്. ഞാനും ആദ്യം വരുമ്പോൾ ഇത് പോലെ അന്തം വിട്ടു പോയി. ക്ഷേത്രത്തിന്റെ വലിപ്പത്തിലല്ലോ കാര്യം.. പ്രതിഷ്ഠയുടെ ശക്തിയിലല്ലേ.. നീ നടക്കൂ.. ക്യു വിൽ തിരക്ക് കൂടുന്നു.. എന്ന് പറഞ്ഞു അവൾ ദർശനത്തിലുള്ള വരിയിലേക്ക് നടന്നു. അവളോടൊപ്പം ഞാനും ആ വരിയിൽ കൂടി. സ്റ്റീൽ കമ്പികളാൽ വേലിയൊരുക്കിയ ആ വരിയിൽ ഏതാണ്ട് മൂന്നുപേർക്ക് നിരയായി നിൽക്കാമായിരുന്നു.വരി  മുൻപിൽ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്നു. നട അടച്ചത് കൊണ്ടാണ് വരി നീങ്ങാത്തത് എന്ന് അവൾ പറഞ്ഞു. അത് പോലെ ഇവിടെ ഇടയ്ക്കിടെ നട അടക്കും. കുറച്ചു നേരം പൂജ അതു കഴിഞ്ഞു തുറക്കും. പിന്നേം അടക്കും. അങ്ങനെ ഒക്കെ ആണ് എന്നും.
നട തുറക്കുന്നതും കാത്തു കൊണ്ട് അവളോടൊപ്പം ആ തിരക്കിൽ അമ്പലത്തിനു ചുറ്റും കണ്ണോടിച്ചു ഞാൻ അക്ഷമനായി നിൽക്കുകയാണ്. അതിനടയിൽ ഞാൻ ഒന്ന് ശ്രദ്ധിച്ചു.
ആ നീണ്ട വരിയിൽ അധികവും കേൾക്കുന്നത് മലയാളം തന്നെ.. ഇടക്ക് തമിഴും. വല്ലപ്പോഴും മാത്രം കന്നഡ.
ഇതെന്താ ഇവിടെ മലയാളികൾമാത്രം ഇത്രയും എന്ന ഒരു ചിന്ത എന്നിലുണ്ട്. രഞ്ജിനിയോട് പിന്നീട് ചോദിക്കാം എന്ന് വിചാരിച്ചു.
അങ്ങനെ ആ വരിയിൽ ദർശനം കാത്തു കാത്തു നിൽകുമ്പോൾ എനിക്കൊരു ഉറക്കം തൂങ്ങൽ.. ഒന്ന് കോട്ടുവായിട്ടു. അത് കണ്ടപ്പോൾ അവൾ..

ഉറക്കം വരുന്നു ല്ലേ...? നമുക്ക് അമ്മയെ കാണും വരെ എന്തെങ്കിലും സംസാരിക്കാം എന്നായി.
ആവാം എന്ന് ഞാനും.
ഞാൻ ചോദിച്ചു.
ഇതെന്താ.. ഇവിടെ മലയാളികൾ മാത്രം ഇത്രയും കൂടുതൽ..?

അപ്പൊ നിനക്ക് മൂകാംബിക ദേവിയുടെ കഥ അറിയില്ലേ..?

ഇല്ല.. ഞാൻ ആദ്യായിട്ടല്ലേ.. എന്ന് ഞാൻ.
ശ്രീ ശങ്കരാചാര്യർ മലാളികൾക്ക് വേണ്ടി തപസ്സുചെയ്തു പ്രത്യക്ഷപെടുത്തിയ ദേവിയാണ് മൂകാംബിക. കഥ കേൾക്കാൻ താല്പര്യമുണ്ടോ നിനക്ക്...?

പിന്നെന്താ.. പറയൂ..

അവൾ ആ കഥ അല്ലെങ്കിൽ ഐതിഹ്യം പറയാൻ  തുടങ്ങി.

"മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക.. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ എന്നിവയിലെല്ലാം ഉയർച്ചയും ഉണ്ടാകുമത്രെ.

 കേരളത്തിൽ വിദ്യാദേവിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു സരസ്വതി ദേവി പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയതാണ് എന്നാണ് പരക്കെ  വിശ്വസിക്കപ്പെടുന്നത്. അത്
കൂടാതെ മറ്റൊരു ഐതിഹ്യവും ഉണ്ട്.
കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദുർഗ്ഗാദേവിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവന്നു. ആ അവസരത്തിൽ തന്നെ കംഹാസുരൻ എന്നൊരു അസുരനും അമരത്വം നേടാനായി ഇതേ പ്രദേശത്തിൽ  പരമശിവനെ തപസ്സു ചെയ്തുവന്നിരുന്നുവത്രേ. ദീർഘതപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ ലോകരക്ഷക്ക് വേണ്ടി
ആ വരം ചോദിക്കാതിരിക്കാനായി     സരസ്വതിദേവി കംഹാസുരനെ  മൂകനാക്കി. അങ്ങനെ കംഹാസുരന്  മൂകാസുരൻ  എന്ന പേരുകിട്ടി.
ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു.

 ഒടുവിൽ   ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നും പറയപ്പെടുന്നു.
എന്നിരുന്നാലും ശങ്കരാചാര്യരുടെ കഥയാണ് അധികം ആളുകളും വിശ്വസിക്കുന്നത് .അത് കൊണ്ടു തന്നെ ഏറ്റവും കൂടുതൽ ഭക്തർ നമ്മുടെ നാട്ടിലുള്ളവർ തന്നെ.

അവൾ കഥ പറഞ്ഞു നിർത്തിയപ്പോഴേക്കും അമ്പലത്തിനുള്ളിൽ നിന്നും മണിയടി നാദം കേട്ടു. ഞങ്ങൾ പതുക്കെ വരിക്കൊപ്പം നീങ്ങി ദർശനത്തിനായി.....


അങ്ങനെ ഉള്ളിൽ നിന്നും കേട്ട ആ മണിനാദത്തോടൊപ്പം..ആ നീണ്ട വരിയോടൊപ്പം ..  ഞങ്ങളും മൂകാംബികയുടെ തിരുനടയിൽ എത്തി..ഞാൻ കൈകൂപ്പി പ്രതിഷ്ഠയിലേക്ക് നോക്കി.. രഞ്ജിനി പറഞ്ഞപോലെ തന്നെ ആദ്യം കാണുന്നത്  ശിവന്റെ
സ്വയംഭൂലിംഗം. അതിനു ഏകദേശം ഒരടി ഉയരം കാണും.  അതിനു പുറകിൽ  ശംഖ്,  ചക്രം, ഗധ എന്നിവകയ്യിലേന്തി   പഞ്ചലോഹത്തിൽ നിര്‍മിച്ച മൂകാംബിക  ദേവീ വിഗ്രഹം. ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണത്രേ അത്.
ഏതാണ്ട് നാലടിയോളം  ഉയരം വരുന്ന ആ വിഗ്രഹം ഇരിയ്ക്കുന്ന രൂപത്തിലാണുള്ളത്. കിഴക്കോട്ട് ദർശനമായിട്ടാണ് ദേവിയുടെ ഇരുപ്പ്.
ശ്രീകോവിലിനകത്ത് ആകെ കൂടി ആ ഒരു മുറിയേയുള്ളൂ.     ദർശനം കഴിഞ്ഞു പടിഞ്ഞാറേ  നടവാതിലിലൂടെ ഞങ്ങൾ പുറത്തിറങ്ങി. ചുറ്റും ഒന്ന് പ്രദക്ഷിണം വെക്കാം വാ എന്ന് പറഞ്ഞു. ഞാനും അവളുടെ ഒപ്പം നടന്നു. നടക്കുന്നതിനിടക്ക് വഴിപാട് കൌണ്ടർ. അവിടെ കുറേപേർ വരിയായി നിൽക്കുന്നുണ്ട്.

കുടജാദ്രിയിൽ പോയി വന്നിട്ട് നമുക്ക് വീണ്ടും വരാം. വഴിപാട് എല്ലാം അപ്പോൾ ചെയ്യാം. ഇപ്പൊ നല്ല തിരക്കാണ് എന്നവൾ.

ഉം എന്ന് ഞാനും.

പ്രദക്ഷിണിത്തിനിടയിൽ  സരസ്വതി മണ്ഡപത്തിനടുത്തെത്തി.മണ്ഡപത്തിൽ
സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുണ്ട്.

 ചിലങ്കയും നൃത്തവേഷങ്ങളും എല്ലാമായി ഉടുത്തൊരുങ്ങി നിൽക്കുന്ന ഒട്ടനേകം പെൺകുട്ടികളും ആൺകുട്ടികളുംഅരങ്ങേറ്റത്തിനും അല്ലാതെ ദേവിയുടെ മുൻപിൽ വെറുതെ ഒന്ന്..നർത്തനം ചെയ്യാനും എത്തിയവർ  . വേറെ ചിലർ മണ്ഡപത്തിൽ ഇരുന്നു പാടുന്നു. ചില കുട്ടികളുടെ നാവിൽ സ്വർണമോതിരം കൊണ്ടു എഴുതുന്ന ചില കന്നഡ പണ്ഡിതർ. കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നു.
ഞാനും ഒന്ന് ചുവട് വെക്കട്ടെ
എന്ന് പറഞ്ഞു അവൾ ആ  മണ്ഡപത്തിലെ തിരക്കൊഴിഞ്ഞ ഒരു ഭാഗത്തു നിന്ന് ഏതാനും ചുവടുകൾ വെച്ചു.അതിമനോഹരം തന്നെ ആയിരുന്നു അവളുടെ ആ നർത്തനം.

 അവിടെ നിന്നും ഇറങ്ങിയിട്ട്  അവൾ  എന്നോട് ചോദിച്ചു.

നീ ഒന്നും ചെയ്യുന്നില്ലേ. ഏതായാലും സംഗീതോപകരണം വിൽക്കുന്നതല്ലേ.. ഒരു പാട്ട് പാടിക്കോ.. ഇനിയുള്ള പാട്ടുകൾ നന്നാവും.

"ഞാൻ പാട്ടൊന്നും പാടാറില്ല.. എനിക്കറിയില്ല "
അതെയോ നീ പാട്ട് കാരനാന്നാ ഞാൻ വിചാരിച്ചേ.. അപ്പൊ കലയുമായി നിനക്ക് ഒരു ബന്ധവും ഇല്ലേ..?
ഞാനാകെ വല്ലാതായി.. അവളുടെ മുൻപിൽ ഞാൻ ചെറുതാവുന്നോ എന്ന ഒരു തോന്നൽ... എങ്ങനെ പിടിച്ചുനിൽക്കണം എന്ന് ഒരു നിമിഷം ചിന്തിച്ചു.. എന്തെങ്കിലും പറയണ്ടേ..
ഞാൻ നാടകത്തിൽ അഭിനയിക്കും.. പിന്നെ.. കവിത ഒക്കെ എഴുതാറുണ്ട്..

"ആഹാ
പിന്നെന്താ.. നീ കേറി എന്തെങ്കിലും ജപിക്കൂ.. ഗുണം കിട്ടും..

എന്താ ജപിക്കുക.. ഒരു പിടിയും കിട്ടുന്നില്ല..ആ ആശയക്കുഴപ്പത്തിൽ..  അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്.
അപ്പോൾ അവൾ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.

"നിനക്ക് ദേവി മന്ത്രം അറിയില്ലേ.. സർവ്വ മംഗളമംഗല്യേ... എന്നത്..?
 "
ആ അത് അറിയാം..

എന്നാൽ അത് ജപിച്ചോ...
ഞാൻ വേഗം മണ്ഡപത്തിൽ കയറി തിരക്കൊഴിഞ്ഞ മൂലയിൽ ഇരുന്നു. കണ്ണടച്ചുപിടിച്ചു. ആ മന്ത്രം ജപിച്ചു.

ഓം..സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ..
കണ്ണ് തുറന്നു നോക്കുമ്പോൾ
അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ.

ആ വാ നമുക്ക് നീങ്ങാം എന്ന് പറഞ്ഞു അവൾ നടന്നുതുടങ്ങി കൂടെ ഞാനും.

നടക്കുന്നതിനിടെ അവൾ പറഞ്ഞു. കലാകാരന്മാരുടെയെല്ലാം  ഇഷ്ടസ്ഥലമാണ് മൂകാംബിക ക്ഷേത്രവും ഈ സരസ്വതിമണ്ഡപവും.
  നമ്മുടെ ഗാനഗന്ധർവ്വൻ   യേശുദാസ് എല്ലാ വർഷവും അദ്ദേഹത്തിന്റെ പിറന്നാൾ  ദിവസം   ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. അതുപോലെ  പ്രശസ്തരായ പല എഴുത്തുകാർ,  നർത്തകർതുടങ്ങിയവരും മുടങ്ങാതെ എല്ലാ വർഷവും വരുന്നുണ്ട്.  ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് വളരെ  പുണ്യകരമാണത്രെ.
.
എനിക്കിവിടെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഉണ്ട്.
എന്നാലും ഇവിടെ എത്തി ചുവട് വെച്ചതിനു ശേഷം എനിക്ക് നല്ല അനുഭങ്ങളാണ്‌ട്ടോ. ഡാൻസ് പഠിക്കാൻ ഇഷ്ടം പോലെ കുട്ടികൾ. കൂടാതെ ഇടയ്ക്കിടെ ചില സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടുന്നുണ്ട്. സാമ്പത്തിക മായും മറ്റു തരത്തിലും പല മുന്നേറ്റങ്ങളും ഉണ്ടായി. നൃത്തം തന്നെയാണ് എന്റെ ജീവിതം.

അപ്പോൾ രഞ്ജിനിയുടെ ഹസ്ബൻഡ്..?
എന്റെ ആ ചോദ്യം കേട്ടതും ആരോ  പിടിച്ചുനിർത്തിയത് പോലെ അവൾ ഒന്നുനിന്നു. എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ വേഗം മുഖം തിരിച്ചു. ആ വേഗം വാ..

അവൾക്ക് എന്റെ ആ ചോദ്യം ഇഷ്ടപ്പെടാതെ വന്നുവോ എന്ന ഒരു തോന്നൽ എനിക്കുണ്ടായി.എങ്കിലും അവളോടൊപ്പം വീണ്ടും നടക്കവേ ആ  അമ്പലം ഒന്നാകെ നോക്കി കണ്ടു.നമ്മുടെ കേരളീയശൈലിയിൽ ചെമ്പുമേഞ്ഞാണ് ഇതിന്റെ മേൽക്കൂര പണി തീർത്തിട്ടുള്ളത്.  വഴിയിൽ  ശങ്കരപീഠം കാണിച്ചു തന്നു.  ശങ്കരാചാര്യരുടെ ഒരു പ്രതിമയും അവിടെയുണ്ട് ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എഴുതിയത് ഇവിടെ വച്ചാണത്രെ.
പ്രദക്ഷിണം കഴിഞ്ഞു കിഴക്കേ നടവാതിലിൽ എത്തി. അവിടെ നല്ല ഉയരത്തിലുള്ള  സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിൽ  ഏതാണ്ടത്രയും വലിപ്പമുള്ള ഒരു  ദീപസ്തംഭവുണ്ട് .
  അവിടെ നിന്നും  പുറത്തിറങ്ങിയപ്പോൾ നെറ്റിയിൽ ഭസ്മം കൊണ്ടു മൂന്നു കുറി വരച്ച  ലക്ഷണമൊത്ത നല്ല  ഒരു ആനക്കുട്ടി നിൽക്കുന്നു. അതിനു  ചിലർ പഴവും പൈസയുമൊക്കെ  കൊടുക്കുന്നു. അവരെയെല്ലാം ആനക്കുട്ടി  തുമ്പികൈ കൊണ്ടു  അവരുടെ നെറുകയിൽ തൊട്ട് അനുഗ്രഹിക്കുന്നുണ്ട്. ഞാനും അവളും പത്തു രൂപ കൊടുത്തു അതു പോലെ അനുഗ്രഹം വാങ്ങി. ഗണപതി ആണത്രേ.
അവിടെ നിന്നും
ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ ഒഴുകിപ്പോകുന്ന അഗ്നിതീർത്ഥം എന്ന പേരുള്ള ആ ഒരു കൊച്ചു അരുവിക്കരയിൽ എത്തി.  കുടജാദ്രിയിൽ നിന്നും ഒഴുകി വരുന്ന ആ കൊച്ചരുവിയുടെ ഒഴുക്കിന്റെ നാദവും സൗന്ദര്യവും കുറച്ചുനേരം ആസ്വദിച്ചു.
അവിടെ വട്ടമിട്ടുപാഞ്ഞു നടക്കുന്ന പുലർകാറ്റ് ഞങ്ങളെ തൊട്ടുതഴുകി. വല്ലാത്ത ഒരു കുളിർ അനുഭവപെട്ടു.

"ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചുള്ള ഒരു നദിയുണ്ട് സൗപർണ്ണിക.കുടജാദ്രി പോയി വന്നിട്ട് നമുക്ക് അവിടെ പോയി കുളിക്കാം. മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം കിട്ടും. "

ആവാം എന്ന് ഞാനും.

അപ്പോഴേക്കും നേരം ആറുമണി ആവുന്നു.. നേരിയ വെളിച്ചം പരക്കുന്നു.  ആ ഇരുണ്ട വെളിച്ചത്തിൽ  വ്യക്തമല്ലെങ്കിലും
ക്ഷേത്രത്തിന്റെ നാലുവശവും   ചുറ്റിനിൽക്കുന്ന മനോഹരമായ  മലകളുടെ ദ്ര്യശ്യം കുറച്ചുനേരം ആസ്വദിച്ചു.

വാ പോകാം.. കുടജാദ്രിക്ക് ഏതാണ്ട് 2മണിക്കൂർ യാത്രചെയ്യണം. ജീപ്പ് ഉണ്ട്. ഒരാൾക്ക് 350/-രൂപയാണ് അവർ വാങ്ങിക്കുന്നത്. എന്നെല്ലാം നടക്കുന്നതിനിടെ അവൾ  പറഞ്ഞുകൊണ്ടിരുന്നു.

 പറഞ്ഞത് പോലെ ഏതാനും ജീപ്പുകൾ വരിവരിയായി നിർത്തിയിട്ടിട്ടുണ്ട്. മുന്നിൽ നിർത്തിയ ജീപ്പിനരികിൽ എത്തി. ഡ്രൈവർ കന്നഡക്കാരനാണെങ്കിലും നന്നായി മലയാളം സംസാരിക്കാൻ അറിയാം.

ഇപ്പോൾ രണ്ട് പേർ ആയി. കേറി ഇരിക്ക്. ആളു വരട്ടെ എന്ന് പറഞ്ഞു.
ജീപ്പിൽ 8പേര് ആയാൽ മാത്രമേ അവർ വണ്ടി എടുക്കുകയുള്ളൂ.
എന്നാ നമുക്കൊരോ ചായ കുടിച്ചാലോ എന്നവൾ..
ആവാം എന്ന് പറഞ്ഞു ജീപ്പ് സ്റ്റാൻഡിന്റെ മുൻപിൽ തന്നെ. ഒരു ഹോട്ടൽ ഉണ്ട്. ഹോട്ടൽ സരോവരം. അവിടെ കയറി ഓരോ ചായ കുടിച്ചു. ബില്ല് കൊടുക്കുമ്പോൾ രണ്ട് ചായ എന്ന് ഞാൻ പറഞ്ഞു.
അപ്പോൾ അവൾ അടുത്ത് വന്നു വേണ്ട എന്റെ ചായയുടെ പൈസ ഞാൻ കൊടുത്തോളം. തന്റെ മാത്രം കൊടുത്താൽ മതി എന്നായി.

"ഒരു ചായ 10രൂപ അതിനിത്ര കണക്കു നോക്കണോ സാരല്ല്യ ഞാൻ കൊടുക്കാം. "

ജയാ പ്ലീസ് വേണ്ട, എനിക്ക് അതിഷ്ടമില്ല. ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞു അവൾ 10രൂപ എടുത്തു കൊടുത്തു.

പിന്നെ ഞാൻ നിർബന്ധിക്കാൻ പോയില്ല. ഓരോരുത്തർ ഓരോ രീതി.. വീണ്ടും ജീപ്പിനരികെ എത്തി. അപ്പോൾ ജീപ്പിൽ നാലു പേർ ആയി കഴിഞ്ഞിരുന്നു. ഞങ്ങൾ അടക്കം 6പേർ ആയി. ഞങ്ങൾ പിൻസീറ്റിൽ പരസ്പരം അഭിമുഖമായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടുപേർ കൂടി എത്തി.

ഓക്കേ പോകാം എന്ന് പറഞ്ഞു ഡ്രൈവർ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു. കുടജാദ്രിമലനിരകളെ ലക്ഷ്യമാക്കി പുലർകാല മഞ്ഞിലൂടെ ജീപ്പ് കുതിച്ചു.


കുടജാദ്രിയിലേക്ക് അവിടുന്ന്
ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഞങ്ങൾക്ക്   ജീപ്പിന്റെ പിൻസീറ്റിൽ അറ്റത്തായി തന്നെ സീറ്റ്‌ കിട്ടിയത് കൊണ്ട് യാത്രയിലെ  പ്രകൃതിഭംഗി നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.
ആദ്യത്തെ 20 കിലോമീറ്റർ നല്ല റോഡ് ആയിരുന്നു. എങ്കിലും ഇടയ്ക്കിടെ വലിയ വളവുതിരിവുകൾ.
ചിലയിടങ്ങളിൽ റോഡ് സൈഡിൽ  ആനയുടെ ഫോട്ടോയുള്ള കന്നടയിൽ എഴുതിയ ചില ബോർഡുകൾ,
ഇടയ്ക്കിടെ കാണുന്ന കമുകിൻ തോട്ടങ്ങൾ. മഞ്ഞുനിറഞ്ഞ പുൽക്കാടുകളും മരങ്ങളും തുടങ്ങി വനത്തിനു നടുവിലൂടെയുള്ള ആ യാത്ര മനോഹരമായ പല  കാഴ്ചകളും സമ്മാനിച്ചു. ഇടക്കൊക്കെ ചെറിയ ചെറിയ ഗ്രാമങ്ങളും കണ്ടു.  .യാത്രയിൽ അപൂർവമായി കടന്നു വരുന്ന ചില വാഹനങ്ങൾ വഴിയോരങ്ങളിലും മരങ്ങളിലും ചില വീടുകളുടെ മേൽക്കൂരകളിലും  നിറയെ കുരങ്ങൻമാരെയും കാണാനിടയായി.
ആ യാത്ര ഞാൻ നന്നായി ആസ്വദിക്കുന്നു എന്ന് മനസ്സിലാക്കിയാവും രഞ്ജിനി പറയാൻ തുടങ്ങി.
ജയാ ഇതിനേക്കാൾ മനോഹമായ മറ്റൊരുയാത്രാമാർഗം ഉണ്ട്.

"അതേതാ..?
കൊല്ലൂരിൽ നിന്നും
 കുറച്ച് ദൂരം ബസിൽ പോയി അവിടെ നിന്നും  വനത്തിലൂടെ  നടന്ന് പോകാം.  ഒരു 4മണിക്കൂർ നടന്നാൽ കുടജാദ്രി എത്തും.

4മണിക്കൂർ നടക്കാനോ അതും വനത്തിലൂടെ?

ആ അത് നല്ല രസമാണ്.
കാട്ടിൽ എത്ര നടന്നാലും മടുക്കില്ല. ഞാൻ രണ്ടാമത്തെ തവണ വന്നപ്പോൾ ആ വഴിയാണ് കുടജാദ്രികയറിയത്. പക്ഷേ അപ്പോൾ നാട്ടിൽ നിന്നും ഞങ്ങൾ കുറച്ചു പേർ ഒരുമിച്ചാണ് വന്നത്. അന്ന് രണ്ടു ദിവസം ഇവിടെ ചിലവഴിച്ചു. പക്ഷെ ഒന്നുണ്ട് കാട്ടിലൂടെ നടക്കുമ്പോൾ ഇടക്കൊക്കെ അട്ടയുടെ കടി കൊള്ളേണ്ടി വരും. എന്നാലും നല്ല ഒരു അനുഭവംതന്നെയാണ് ട്ടോ.

ആദ്യത്തെ 20കിലോമീറ്റർ പിന്നിട്ട പ്പോൾ റോഡ് കുറച്ചുമോശമായി.  അതിനു ശേഷം 10 കിലോമീറ്റർ അത്ര നല്ല റോഡ് അല്ല.. നിറയെ കുണ്ടും കുഴികളും. അതും പിന്നിട്ടപ്പോൾ ഒരു check പോസ്റ്റ്‌. ജീപ്പ് നിർത്തി ഡ്രൈവർ ഇറങ്ങി. ചെക്ക്പോസ്റ്റിൽ ഒരാൾക്ക് 25 രൂപ വീതം എൻട്രൻസ് ഫീസും കൊടുത്തു വന്നു. വീണ്ടും യാത്ര. ശേഷിക്കുന്ന 10 കിലോമീറ്റർ ദൂരം ശരിക്കും മലകയറ്റം തന്നെ . റോഡ് ഇല്ല എന്ന് തന്നെ പറയാം.
 കുത്തനെയും വളവും തിരിവോടും കൂടിയ ഒരു മൺപാത . പലയിടത്തും പൊട്ടിപൊളിഞ്ഞും കല്ലുകൾ അങ്ങിങ്ങായി ചിതറികിടന്നുമൊക്കെ.  അതിലൂടെ നടന്നും ബൈക്കിലുമായി  സാഹസികമായി മല കയറുന്ന   നിരവധി ആളുകളെ കണ്ടു. മലക്കിരുവശവുമുള്ള
കാഴ്ചകൾ ആസ്വദിച്ചു ജീപ്പിൽ ആടിയുലഞ്ഞുള്ള യാത്രയിൽ.  ഒരല്പംഭയം തോന്നിപ്പോയി യാത്രക്കിടയിൽ ജീപ്പിലിരിക്കുന്നവർ പലപ്പോഴും  പിടിവിട്ട് അങ്ങോട്ടുമിങ്ങോട്ടും കൂട്ടി മുട്ടി. ജീപ്പ് ഒരു വശത്തേക്ക് മറിഞ്ഞുപോകുമോ എന്ന് പലപ്പോഴും ഭയന്ന് പോയി.  മലയിറങ്ങി വരുന്ന ജീപ്പുകൾ ക്ക് സൈഡ് ഒതുക്കാൻ വേണ്ടി ഡ്രൈവർമാർ വളരെയധികം പാട്പെടുന്നുണ്ടായിരുന്നു.
നാട്ടിലെ ഉത്സവത്തിന് മരണക്കിണറിൽ കാറോടിക്കുന്ന അഭ്യാസിയെ പോലെ തോന്നിപ്പോയി ജീപ്പ് ഡ്രൈവറുടെ പ്രകടനം കണ്ടപ്പോൾ.

ചെറിയ ചെറിയ ഏതാനും അമ്പലങ്ങൾ  ഉള്ള ഒരു കുന്നിൻമുകളിൽ
ജീപ്പ് യാത്ര അവസാനിച്ചു. പിന്നീടവിടുന്നു നടന്നു വേണമത്രേ മലകയറാൻ
ആ അമ്പലത്തിൽ ഇരിക്കുന്ന പൂജാരി  . അവിടെ വരുന്ന ഓരോ ആളെയും  അമ്പലത്തിലെയ്ക്കു ക്ഷണിയ്ക്കുന്നുണ്ട്. കന്നഡയും മലയാളവും കൂട്ടികലർത്തി കഥകളും ഐതിഹ്യവും പറഞ്ഞുതന്നു.  ഒടുക്കം പൂജകളുടെ നിരക്കും. ഞങ്ങൾ വഴിപാട് ഒന്നും കഴിക്കാൻ നിന്നില്ല ഒടുക്കം മൂകാംബികക്ക് പൂജിച്ച ചരട് ആണെന്ന് പറഞ്ഞു ഓരോന്ന് തന്നു. അതിനു  10 രൂപ വീതം വാങ്ങി. .ആ അമ്പലത്തിനു  തൊട്ടുമുകളിലുള്ള മറ്റൊരു  ചെറിയക്ഷേത്രംശ്രീ ഭദ്രകാളി ക്ഷേത്രം, ദേവിയുടെ  മൂലസ്ഥാനം' ആയി കരുതപ്പെടുന്നു.  ഭക്തർക്ക് എത്തി ചേരാൻ ബുദ്ധിമുട്ട് ആയതു കൊണ്ടാണത്രെ പിന്നീട് കൊല്ലൂരിൽ പ്രതിഷ്ട നടത്തിയത്. ക്ഷേത്രത്തിനു തൊട്ടടുത്തായി നിറഞ്ഞു നിൽക്കുന്ന ഒരു കുളമുണ്ട്. കുളത്തിന്റെ അരികിലുള്ള ചെറിയ ദ്വാരത്തിലൂടെ മലമുകളിൽ നിന്നും വരുന്ന വെള്ളം ഒഴുകിയിറങ്ങുന്നു. ജീപ്പ് പാർക്ക്‌ ചെയ്തിരുന്നസ്ഥലത്തു
 ഒരു ചെറിയ കടയുണ്ടായിരുന്നു. അവിടെ നിന്നും കുപ്പി വെള്ളം വാങ്ങി. മറ്റൊന്നു കൂടെ ശ്രദ്ധയിൽപെട്ടു. ആ പരിസരത്ത് കുറെ പട്ടികൾ തമ്പടിച്ചിരിക്കുന്നു. ഒറ്റക്ക് മലകയറുന്ന ഭക്തർക്ക് വഴികാട്ടിയായി രാത്രിയിൽ പോലും ഏതെങ്കിലും പട്ടി ജ്ഞാനപീഠംവരെ മുന്നിൽ നടക്കുമത്രേ. പിന്നീടുള്ള മലകയറ്റത്തിൽ ആ കാഴ്ച ഞാനും കണ്ടു. ഒറ്റപ്പെട്ടു നടക്കുന്നയാത്രികർ പലരുടെയും മുന്നിൽ ഒരു പട്ടി നടക്കുന്നുണ്ട്. വഴി രണ്ടായി തിരിയുന്ന പല സ്ഥലത്തും അവർക്ക് വേണ്ടിയുള്ള കാത്തുനിൽപ് പോലെ.

 ഒന്നരമണിക്കൂറിനുള്ളിൽ എല്ലാവരും തിരികെ എത്തണം
ജീപ്പ് ഡ്രൈവർ എല്ലാവരോടുമായി പറഞ്ഞു.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ശങ്കര പീഠത്തിലേക്കുള്ള കയറ്റം തുടങ്ങി. താഴെ നിന്നും നോക്കുമ്പോൾ മരങ്ങളും കാടും നിറഞ്ഞ ചെങ്കുത്തായ കയറ്റം.മരക്കമ്പുകളിലും  വേരുകളിലും പിടിച്ചു പിടിച്ചു വളരെ പ്രയാസപ്പെട്ടു തന്നെ കേറണം.  കുറച്ചു ദൂരം കയറിയപ്പോഴേക്കും ക്ഷീണം തോന്നി തുടങ്ങി. അൽപനേരം വീതിയുള്ള ഒരു മരവേരിൽ ഞങ്ങൾ വിശ്രമത്തിനായി ഇരുന്നു.ഒറ്റക്കായും കൂട്ടായും മുകളിലേക്ക് കയറുന്നവരും തിരിച്ചിറങ്ങുന്നവരും ഞങ്ങളെ നോക്കി ചിരിച്ചു കടന്നുപോയി.   വീണ്ടും ഞങ്ങൾ ശ്രമം തുടങ്ങി. തെന്നി വീഴാൻ പോകുമ്പോൾ  പരസ്പരം കൈപിടിച്ചു താങ്ങായി മാറി. ഏതാണ്ട് പകുതിയെത്തി കാണും.
 പോകുന്ന വഴിയുടെ വീതിയും കുറഞ്ഞു കുറഞ്ഞു വരുന്നു …ഒരു വന്മലയുടെ ചെരിവിലൂടെയാണ് ചെറിയ നടപ്പാത. താഴോട്ട് നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം പച്ചപ്പാർന്ന കാടുകൾ, മുകളിലോട്ടു നോക്കിയാലും ഇടതൂർന്ന കാടുകൾ.അഗാധതമായ താഴ്ചയില്‍ നിന്നും പുകഞ്ഞുകയറിവരുന്ന കോടമഞ്ഞ്..ഉദയസൂര്യന്റെ പ്രകാശത്തില്‍ മഞ്ഞിന്റെ  വെട്ടിത്തിളക്കം എന്ത് മനോഹരമായിരുന്നെന്നോ ..ഇടയ്ക്കിടെ വെയിൽ ഞങ്ങളിൽ ചൂടേൽപിച്ചു രസിച്ചു. ആ ചൂടിൽ ഞങ്ങൾ ഒന്ന് ക്ഷീണിക്കുമ്പോൾ പൊങ്ങിവരുന്ന മഞ്ഞു ഞങ്ങളെ തൊട്ട് തലോടി കുളിരേകി.   കൈയിലുള്ള വെള്ളമെല്ലാം കുടിച്ചുതീർന്നിരുന്നു.

എന്നാലും നടവഴിയിൽ
പലഭാഗത്തായി  കുട്ടികളും വൃദ്ധരും
 നാരങ്ങാവെള്ളം,  മോര്  കക്കരിക്ക,  തണ്ണിമത്തൻ തുടങ്ങിയവ , വില്പനക്കായി വെച്ചിട്ടുണ്ട്.ഞങ്ങളും
 പലപ്പോഴായി പലതും    വാങ്ങി.
 മുകളിലേക്കു അടുക്കുംതോറും തണുപ്പ് കൂടി വരുന്നു.  എപ്പോഴും താഴെ നിന്നും കാറ്റടിക്കുന്നുണ്ടാകും. നടപ്പിന്റെ എല്ലാ ക്ഷീണവും കാറ്റ് ഒപ്പിക്കൊണ്ടുപോകുന്നുണ്ടായിരുന്നു. ഒരു വശം ഇടതൂർന്ന കാട്. മറു വശം  തൊട്ടുരുമ്മി നിൽക്കുന്ന വിശാലമായ മലനിരകൾ.
കുറച്ചുകൂടി കയറിയപ്പോള്‍ മലഞ്ചെരുവിൽ നിന്നും കുറച്ചുള്ളിലേക്ക് മാറി  കാടിനോട്  ചേര്‍ന്ന് ഒരു ഗുഹ.ഗണപതി ഗുഹ എന്നാണത്രെ അതിനുപറയുക. ഒരു ചെറിയ ഗണപതി വിഗ്രഹം ഉണ്ട് ആ ഗുഹയിൽ. അവിടെയും ഒരു പൂജാരി ഉണ്ടായിരുന്നു. ഇടവഴിയിൽ പലരും നീണ്ട ധ്യാനത്തിലിരിക്കുന്നത് കണ്ടു. നിരവധി സന്യാസിമാർ തപസ്സുചെയ്ത സ്ഥലമാണത്രെ കുടജാദ്രി.
കുറച്ചുകൂടി നടന്നു ചെങ്കുത്തായ ഇടുക്കിലേക്കുള്ള വഴി കണ്ടു അതിലൂടെ  ഇറങ്ങിയാൽ ചിത്രമൂലയിലെത്താം.  ഒരു പറയിടുക്കിലെ ചെറിയ ഗുഹയിൽ ശങ്കരാചാര്യർ തപ്സിരുന്നു എന്ന് കരുതപ്പെടുന്നു അതാണ് ചിത്രമൂല.  ഗുഹയുടെ താഴെ നിന്ന് പിണച്ചുകെട്ടി ഉണ്ടാക്കിയ ചെറിയ ഏണിയിൽ കൂടി, ഏകദേശം പതിനഞ്ചടി ഉയരത്തിൽ കയറിയാണ്, ചിത്രമൂലയിലെ ഗുഹയിലെത്തുക.അത് നമ്മളെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു ജ്ഞാനപീഠം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അതെ ഞങ്ങൾ അവിടെ എത്തി.
ശങ്കരാചാര്യരുടെ മുന്നിൽ ദേവി പ്രത്യക്ഷപെട്ട ജ്ഞാനപീഠത്തിൽ.
കൃഷ്ണശിലകൾ അടുക്കി ചേർത്ത് വെച്ച  ചെറിയൊരു ക്ഷേത്രരൂപമാണ് ജ്ഞാനപീഠം.
പാറയിൽ കൊത്തിയുണ്ടാക്കിയ ക്ഷേത്രം. അല്പം തണുപ്പോടുകൂടിയ ശാന്തമായ അന്തരീക്ഷം ആണ് അവിടെ.. അധികം തിരക്കൊന്നും ഇല്ലായിരുന്നതിനാൽ അവിടെ കയറി അല്പം നേരം ഇരിക്കാൻ സാധിച്ചു..
ഞങ്ങൾ അവിടെ നടവാതിലിനു സമീപം നിലത്തിരുന്നു. അകത്തിരുന്ന പൂജാരി ആ ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞു തന്നു. അതിനു ശേഷം കുറച്ചു നേരം ആ ക്ഷേത്രത്തിനു ചുറ്റും നടന്നു.

ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ അങ്ങകലെയുള്ള  കൊല്ലൂർ മൂകാംബിക ക്ഷേത്രത്രം വളരെ ചെറിയ രൂപത്തിൽ  കാണാം.
മൂന്നു വശങ്ങളിലായി കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മലഞ്ചെരുവുകൾ താഴ്‌വാരം..  മനസ്സിനു അത്രയും കുളിർമയേകുന്ന അത്തരമൊരു
കാഴ്ച എന്റെ ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു.

സഹ്യപർവ്വതത്തിലെ ആ ഉയർന്ന കൊടുമുടിയിൽ അങ്ങനെ നിൽക്കുമ്പോൾ നേരം പോകുന്നതറിയില്ല.മറ്റെല്ലാം മറന്നുപോകും. കണ്ണിൽ തെളിയുന്നത്  നമുക്ക് താഴെ പരന്നു നിറഞ്ഞ പ്രകൃതിയുടെ വിശാലസൗന്ദര്യം മാത്രം.  മനസ്സും ശരീരവും മറ്റേതോ ഉയർന്നതലത്തിൽ എത്തിയ പ്രതീതി. ആർക്കായാലും തപസ്സും ധ്യാനവുമായി അവിടെതന്നെ കൂടിയാലോ എന്ന് തോന്നിപോകും.
ഞാനങ്ങനെ ആ സുഖത്തിൽ ലയിച്ചു നിൽകുമ്പോൾ രഞ്ജിനി എന്നെ തട്ടിയുണർത്തി.

 "മതി. വാ ഇനി നമുക്കിറങ്ങാം. നമ്മുടെ പഴയലോകത്തേക്ക്തന്നെ. ഇനിയും വൈകിയാൽ ആ  ജീപ്പ് ഡ്രൈവറുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും.
അങ്ങനെ ഞങ്ങൾ ആ കൊടുമുടിയോട് വിട പറഞ്ഞു. താഴോട്ടിറങ്ങാൻ തുടങ്ങി.
അപ്പോൾ എന്റെ മനസ്സിൽ ആദ്യമേ തോന്നിയിരുന്ന ഒരു സംശയം അവളോട് ചോദിച്ചു.
ഈ ശങ്കരാചാര്യർ കേരളത്തിലേക്ക് കൊണ്ടുപോകാൻ വേണ്ടിയല്ലേ ദേവിയെ തപസ്സുചെയ്തു പ്രത്യക്ഷപെടുത്തിയത്. പിന്നെന്താ അത് ചെയ്യാതെ ഇവിടെതന്നെ പ്രതിഷ്ഠിച്ചത്..?

"അതോ അതിനു കാരണം  ഉണ്ട്. ദേവി ഒരു നിബന്ധനവെച്ചിരുന്നു.കേരളത്തിൽ എത്തുന്നവരെ  ശങ്കരാചാര്യർ മുന്നിൽ നടക്കണം. ദേവി പിന്നിലും. അവിടെ എത്തുന്ന വരെ പിന്നോട്ട് തിരിഞ്ഞുനോക്കരുത്. നോക്കിയാൽ പിന്നെ ആ സ്ഥലത്തുതന്നെ എന്നെ പ്രതിഷ്ഠിക്കേണ്ടി വരും. ശങ്കരാചാര്യർ സമ്മതിച്ചു. അങ്ങനെ അവർ  ഇറങ്ങി തുടങ്ങി. പക്ഷേ താഴെ നമ്മൾ ജീപ്പ് ഇറങ്ങി യ സ്ഥലമുണ്ടല്ലോ.. നേരത്തെ കണ്ട ആ മൂല സ്ഥാനം. അവിടെ എത്തിയപ്പോൾ ദേവി ശങ്കരാചാര്യരെ ഒന്ന് പരീക്ഷിക്കാൻ വേണ്ടി തന്റെ ചിലമ്പിന്റെ കിലുക്കം  ഒന്ന് നിർത്തി.

 പിന്നിൽ നിന്നും ചിലമ്പൊലി കേൾക്കാതായപ്പോൾ ദേവി ഒപ്പം വരുന്നില്ലേ എന്ന സംശയത്താൽ ശങ്കരാചാര്യർ ഒന്ന് തിരിഞ്ഞു നോക്കി. അങ്ങനെ ആ നിബന്ധന തെറ്റിയതു കൊണ്ട് ദേവിയെ ഇവിടെതന്നെ പ്രതിഷ്ഠിക്കേണ്ടി വന്നു. അതാണ് കഥ. "

"ഛെ വല്ലാത്ത കഷ്ടമായി പോയി അല്ലെ..? "

ഉം.. എങ്കിലും കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ ദേവീക്ഷേത്രങ്ങളുടെയും ഉത്ഭവം മൂകാംബികയിൽ നിന്നു തന്നെയാണ്. മൂകാംബികയെ ദർശിച്ചാൽ കേരളത്തിലെ എല്ലാ ദേവീക്ഷേത്രങ്ങളും ദർശിച്ച പോലെയാണത്രെ.

"ആണോ.. ഇത് പുതിയ അറിവാട്ടോ "

ഹ ഹ.. അങ്ങനെ എന്തൊക്കെ അറിവുകൾ.. നമുക്കായി ബാക്കി കിടപ്പുണ്ട്.. ഇനിയുള്ള ജീവിതത്തിൽ..
അത് വിട്.. സൂക്ഷിച്ചു ഇറങ്ങാൻ നോക്ക്.. വഴുക്കൽ ഉണ്ടാകും എന്ന് പറഞ്ഞു അവൾ മുൻപേ നടന്നു...

കയറ്റം പോലെ തന്നെ  ഇറക്കവും  ചിലപ്പോളെല്ലാം പ്രയാസമായിതോന്നി. പലപ്പോഴും ബാലൻസ് തെറ്റി മുന്നോട്ടു ആഞ്ചികൊണ്ടിരുന്നു. ഇറങ്ങുന്ന വഴിയിൽ ചില മരക്കൊമ്പുകളിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാമ്പുകൾ അത് പോലെ..വേഴാമ്പൽ തുടങ്ങി  ചില പ്രത്യേകതരം പക്ഷികൾ എന്നിവയെയൊക്കെ കാണാൻ കഴിഞ്ഞു. ഇടക്ക് വല്ലാത്ത ക്ഷീണം തോന്നിയപ്പോൾ ഒരു ചെറിയ പാറക്കല്ലിൽ അൽപനേരം ഇരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ.. ഞങ്ങൾക്ക് തണലൊരുക്കിയ ആ വലിയ വൃക്ഷത്തിൽ നിന്നും ഒരു ഉണങ്ങിയ കായ..എന്റെ മടിയിലേക്ക് പൊട്ടി വീണു.. ഏതാണ്ട് ഒരു മാതളനാരകത്തിന്റെ വലിപ്പം തോന്നിക്കും. വീഴ്ചയിൽ അതിന്റെ ഒരുവശത്തിലെ  തോട് പിളർന്നുപോയിരുന്നു.. ഇതെന്ത് കായയാണ് അറിയുമോ എന്ന് ചോദിച്ചു ഞാൻ അവൾക്ക് നീട്ടി.. അവൾ എനിക്കും അറിയില്ല എന്ന് പറഞ്ഞുകൊണ്ട് അത് പിളർക്കാൻ തുടങ്ങി.. ഉള്ളിൽ ഒരു പഞ്ഞി പോലെ അതു മാറ്റിയപ്പോൾ നിറയെ കറുത്ത നിറത്തിലുള്ള ഉരുണ്ട കുരുക്കൾ.
കൗതുകത്തോടെ അവൾ അതുചെയ്യുമ്പോൾ
 ഞാൻ ചോദിച്ചു...

"രഞ്ജിനി ഹസ്ബന്റിന്റെയും മോളുടെയും കൂടെ ഇവിടെ വന്നിട്ടുണ്ടോ...?
അത് കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു വിഷാദഭാവം പോലെതോന്നിച്ചു.. എന്നിട്ട് എന്നെ ഒന്ന് തിരിഞ്ഞുനോക്കി.. പിന്നെ മുഖം തിരിച്ചു.   കുറച്ചു നേരം ആ കായയിലേക്ക് തന്നെ നോക്കിയിരുന്നു.. എന്നിട്ട്  ആ
 കായയിലെ ഓരോ കുരുവും  പറിച്ചെടുത്തു മുന്നിലുണ്ടായിരുന്ന ഒരു പാറകല്ലിനിടയിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു..
 അൽപനേരത്തിനു ശേഷം.. ഞാൻ വീണ്ടും

"രഞ്ജിനിയെ ഞാൻ വീണ്ടും  വെറുതെ വിഷമിപ്പിച്ചുവോ..? "

" ഇല്ല ജയാ.. ഞാൻ വന്നിട്ടില്ല..  ഇനിയൊരിക്കലും.. അതുണ്ടാവില്ല.. പക്ഷേ. മോളെ കൊണ്ടുവരും ഞാൻ.. എന്നെങ്കിലും..

"എന്താ രഞ്ജിനി എനിക്കൊന്നും മനസ്സിലാകുന്നില്ല..? "

നീ മനസ്സിലാക്കണമെന്ന് എനിക്ക് നിർബന്ധം ഇല്ല..എനിക്ക് ഹസ്ബൻഡ് ഉണ്ട്.. എന്നാൽ അത് എന്റേതല്ല..  എനിക്ക് മോളുണ്ട്.. അതും എന്റേതല്ല.. ഞാൻ  ഇവിടെ  വന്നത്.. ഒരു ആശ്വാസത്തിനാണ്.. മനസ്സിനും.. ശരീരത്തിനും.. ആദ്യം അത് നടക്കട്ടെ.. "

അത് കേട്ടപ്പോൾ
ഞാനാകെ വല്ലാതായി..

"രഞ്ജിനിയെ വിഷമിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചില്ല ട്ടോ.. ഇത്രയും അടുത്തു പരിചയപെട്ട സ്ഥിതിക്ക്.. ഒന്നറിയാൻ തോന്നി അതോണ്ടാ..

കുഴപ്പമില്ല ജയാ.. ഞാൻ ആരോടും എന്റെ.. ഇത്തരം കാര്യങ്ങൾ പങ്ക്വെക്കാറില്ല...വെറുതെ ദുഃഖം പറഞ്ഞു മറ്റുള്ളവർക്ക് കൂടി എന്തിനാ.. വിഷമം കൊടുക്കുന്നത്..
 യാത്ര തുടങ്ങിയ മുതൽ നീ കൂടെ യുണ്ട്.. നിന്നെ ഞാൻ മനസ്സിലാക്കി..നീ..കുറേ  ചോദിച്ചു. നിന്നോട് എല്ലാം പറയാം.. മടക്കയാത്രയിൽ.. നിനക്ക് വേറെ പ്ലാൻ എന്തെങ്കിലും ഉണ്ടോ.. നേരെ നാട്ടിലേക്ക് തന്നെ അല്ലെ..?

'അതെ..

ഓക്കേ.. എന്നാൽ ഇറങ്ങാൻ നോക്കാം..

ഞങ്ങൾ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും മണി 11 കഴിഞ്ഞിരുന്നു.. ജീപ്പിൽ എല്ലാവരും ഞങ്ങൾക്കു വേണ്ടി വെയ്റ്റിംഗ്.. നല്ല വിശപ്പ് ഉണ്ട്.. ഒരു കുപ്പി വെള്ളവും ബിസ്ക്കറ്റും വാങ്ങി ജീപ്പിൽ കയറി..ഞങ്ങൾ  നേരം വൈകിയതിന്റെ അതൃപ്തി ഡ്രൈവറുടെ മുഖത്ത് കാണാം.. ജീപ്പ് തിരിച്ചു.. കൊല്ലൂരിലേക്ക്.. ഇനി ആ ചെങ്കുത്തായ മലയിറക്കം.. പേടിയോടെ.. ജീപ്പിന്റെ കമ്പികളിൽ പിടി മുറുക്കി.....


ജീപ്പിലെ ആ ആദ്യത്തെ 10 കിലോമീറ്ററോളം ഉള്ള മലയിറക്കം ഉണ്ടല്ലോ..അത്  കയറ്റത്തെക്കാൾ ഭയാനകം ആയിരുന്നു എന്ന് പറയാം.  സൈഡിൽ ഉള്ള ഏതെങ്കിലും  കൊക്കയിൽ വണ്ടി മറിയുമോ എന്ന് തോന്നിപോകും. അങ്ങനെ പേടിച്ചു പേടിച്ചുള്ള യാത്ര.. ഒരു വിധം ടാറിട്ട റോഡിൽ എത്തി. പകുതി ജീവൻ കിട്ടിയ ആശ്വാസം. രഞ്ജിനിയും മറ്റു യാത്രക്കാരും ഉറക്കം തൂങ്ങുന്നു. എനിക്കും ഉറക്കം വരുന്നുണ്ട്. ശരീരം മൊത്തം ഒരു വേദന.. ഞാനും ഒന്ന് മയങ്ങി. പിന്നീടുള്ള യാത്ര ഒന്നും ഓർമ്മയില്ല. ഡ്രൈവറുടെ ശബ്ദം കേട്ടു കണ്ണുതുറന്നു.വരുന്ന വഴിയിൽ ഏതോ ഒരു ഗ്രാമത്തിൽ വണ്ടി നിർത്തി യിരിക്കുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. വാച്ചിൽ നോക്കി. മണി പന്ത്രണ്ടര.. വേഗം പുറത്തിറങ്ങി. ഹോട്ടൽ എന്ന് പറയാനൊന്നും പറ്റില്ല. ഒരു ചെറിയ വീടിന്റെ മുറ്റത്തുകുറച്ചു   പന്തലൊരുക്കിയിട്ടുണ്ട്.
ഡസ്കും ബഞ്ചും.. നല്ല ചൂടുള്ള ചോറും കറികളും. നല്ല വിശപ്പുള്ളതു കൊണ്ടോ എന്തെന്നറിയില്ല.. നല്ല രുചി തോന്നി. നമ്മുടെ നാടൻ രീതിയിൽ തന്നെ ഉള്ള ഭക്ഷണമായിരുന്നു. അവിടെ എത്തുന്നത് മിക്കവാറും മലയാളികൾ തന്നെ ആണല്ലോ.. അത് കൊണ്ട് അവരും ആ രീതി പഠിച്ചിരിക്കാം.ചോറിനൊപ്പം സാമ്പാർ.. പക്ഷേ സാമ്പാറിലെ ഉരുളകിഴങ്ങിന് നല്ല വലിപ്പം.. നേർപകുതി മുറിച്ചപോലെ.. തക്കാളി മുറിച്ചിട്ടേയില്ല ചതച്ചത് പോലെ..പയറ് അല്ല അത് പോലെ വേറെ എന്തോ അതു കൊണ്ട് ഒരു ഉപ്പേരി.. നാരങ്ങ അച്ചാർ..മല്ലിയില ആണെന്ന് തോന്നുന്നു അത് കൊണ്ടുണ്ടാക്കിയ പച്ച നിറത്തിലുള്ള ചമ്മന്തി.. പിന്നെ ഒരു പപ്പടവും.. ഇതൊക്കെ ആയിരുന്നു ഉച്ചഭക്ഷണം.. നന്നായി കഴിച്ചുട്ടോ..
 അവളുടെ രീതി അറിയാവുന്നത് കൊണ്ട് അവളുടെ പൈസ കൊടുക്കാൻ നിന്നില്ല.. ഞാൻ എന്റെ മാത്രം കൊടുത്തു..
അവിടുന്ന് ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര തിരികെ കൊല്ലൂരിൽ എത്തി..
ജീപ്പ് ഇറങ്ങി..പൈസ കൊടുത്തു റൂമിലേക്ക്  നടക്കുമ്പോൾ അവൾ പറഞ്ഞു. ജയാ നമുക്ക് ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് പോകാം.. വൈകിയാൽ പിന്നെ ബുദ്ധിമുട്ടാവും..

അങ്ങനെ രണ്ടു കോഴിക്കോട് ടിക്കറ്റ് ബുക്ക്‌ ചെയ്തു..
നമുക്ക് കുറച്ചു നേരം റസ്റ്റ്‌ എടുക്കാം.. ഒരു 5മണിയോടെ സൗപർണികയിൽ പോകാം.. അതിനു ശേഷം വീണ്ടും അമ്മയെ തൊഴുകാം..കൃത്യം 5മണിക്ക് ഹാളിൽ ഉണ്ടാകണം..  എന്താ?

ആയിക്കോട്ടെ.. എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. റൂമിൽ എത്തി പുല്പായയിൽ ഒന്ന് മയങ്ങി.
ഞാൻ 4മണിക്കേ എഴുന്നേറ്റു.. അവൾ എത്തിയിട്ടില്ല.. പുറത്തുപോയി ഒരു ചായ കുടിച്ചു വന്നപ്പോഴേക്കും അവൾ അവിടെ ഉണ്ടായിരുന്നു.

ആ നീ നേരെത്തെ റെഡി ആയോ.. തോർത്ത്‌ എടുത്തില്ലേ..?

"ഉണ്ട് അരയിൽ കെട്ടിയിരിക്കുകയാ.. "

ഓക്കേ ന്നാ വാ പോകാം..

അവിടുന്ന് കുറച്ചുദൂരം നടക്കാൻ ഉണ്ട് സൗപർണികയിലേക്ക്.. പോകുന്നവഴിയിൽ ഇരു വശവും ലോഡ്ജ്.. ആശ്രമം.. ശങ്കരാചാര്യരുടെ പേരിലും അല്ലാതെ വേറെ പല പേരിലും ഉള്ള മഠങ്ങൾ.. എന്നിവയൊക്കെ കണ്ടു.. അവിടെ നിന്നും കുറച്ചു ഉള്ളിലേക്ക് നടന്നു.. സൗപർണികയിൽ എത്തി... ഏതാണ്ട് അരക്ക് മീതെ മാത്രമേ വെള്ളം ഉള്ളൂ.. മഴക്കാലത് വെള്ളം കൂടുമത്രേ.. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേക കടവൊന്നുമില്ല.. മരക്കൊമ്പുകളാലും.. വള്ളികളാലും.. നദിക്ക്കൂടൊരുക്കിയിരുന്നു.. അതിലെല്ലാം കുരങ്ങൻമാർ ചാടികളിച്ചും.. കലപില കൂട്ടിയും ബഹളമുണ്ടാക്കുന്നുണ്ട്.. ഞങ്ങൾ വേഗം മുങ്ങിനിവർന്നു.. ഡ്രസ്സ്‌ ഒന്ന് മുറുക്കി പിഴിഞ്ഞു അതു തന്നെ ധരിച്ചു.. അതിനു തൊട്ടടുത്തായുള്ള ആ ചെറിയ കുന്നിലൂടെ.. വളഞ്ഞുപുളഞ്ഞുള്ള വഴിയിലൂടെ നടന്നു.. സുപർണ ഗുഹ കാണാൻ.

കുടജാദ്രിയിലെ ഗണപതിഗുഹയിൽ ദീർഘകാലമായി തപസ്സ് ചെയ്യുകയായിരുന്ന മൂകാസുരന്റെ മുൻപിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടുവത്രെ.   ഇതറിയാതെ മൂകാസുരൻ  തപസ്സിൽ തന്നെ മുഴുകി. അസുരനെ ഉണർത്താൻ
ബ്രഹ്മാവ്  കമണ്ഠലുവിലെ ജലം മൂകാസുരന്റെ മുഖത്ത് തളിച്ച് ഉണർത്തുകയും ജലം കുടിക്കാൻ നൽകുകയും ചെയ്തു. വെള്ളം കുടിച്ചശേഷം ബാക്കി വന്ന ജലം മൂകാസുരൻ നിലത്തൊഴിച്ചെന്നും അതിൽ നിന്നാണ് നദി ഉണ്ടായതെന്നുമത്രെ വിശ്വാസം.   അങ്ങനെ  സുപർണൻ എന്നു പേരായ ഗരുഡൻ  ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടുവത്രേ.  അങ്ങനെ അവിടുത്തെ കാഴ്ചകളെല്ലാം കണ്ടു ഞങ്ങൾ വീണ്ടും ക്ഷേത്രത്തിൽ കയറി.. തൊഴുതു വലം വെച്ച് വന്നു അവൾ വഴിപാട് കൗണ്ടറിൽ വരിയിൽ നിന്നു.
ഞാൻ ഇവിടെ ഇരിക്കാം..വഴിപാട് ചെയ്തു വരൂ..  എന്ന് പറഞ്ഞു തിരക്കൊഴിഞ്ഞ ഒരു സ്ഥലം നോക്കുമ്പോൾ അവൾ ചോദിച്ചു..
"അപ്പോൾ നീ വഴിപാട് ഒന്നും ചെയ്യുന്നില്ലേ..?

"ഇല്ല.. എനിക്കതിലൊന്നും വിശ്വാസം ഇല്ല "

"വിശ്വാസം ഇല്ലേ..? അപ്പോൾ നീ എന്തിനാ.. ഇങ്ങോട്ട് വന്നത്..? "


വിശ്വാസത്തെ പറ്റിയുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.
"ആ എല്ലാം വഴിയെ പറയാം. വേഗം വഴിപാട് കഴിച്ചുവരൂ അല്ലെങ്കിൽ നമ്മുടെ ബസ് മിസ്സ്‌ ആകും. "
അവൾ എന്നെ ഒന്ന് ഇരുത്തിനോക്കികൊണ്ട് കൗണ്ടറിലേക്ക് നീങ്ങി. ഞാൻ അവളെയും കാത്തു ഒരു തിരക്കൊഴിഞ്ഞ മൂലയിൽ ഇരുന്നു. ഏതാണ്ട് അരമണിക്കൂർ സമയം അവൾ ആ തിരക്കിൽ നിന്നു കുറെ വഴിപാട് രസീതുകളുമായി വന്നു. ചില രസീതുകൾ ക്ഷേത്രത്തിൽ  പലയിടത്തായി ഏല്പിച്ചു. കുറച്ചു പ്രസാദങ്ങൾ എന്തൊക്കെയോ ഡബ്ബയിലും കവറിലുമായി വാങ്ങി. ഞാൻ പതുക്കെ അടുത്തെത്തി.

"കഴിഞ്ഞോ നമുക്കിറങ്ങാം.. എന്തെങ്കിലും ഭക്ഷണം കഴിക്കേണ്ടേ..?

"ആ കഴിക്കാം "
വീണ്ടും സരോവരം ഹോട്ടലിൽ കയറി ഓരോ മസാലദോശയും ചുടുപാലും കുടിച്ചു. തിരിച്ചു റൂമിൽ പോയി ഡ്രസ്സ്‌ മാറി ബാഗ് എടുത്തു  ബസ് സ്റ്റാൻഡിലെത്തി.
ബസിൽ കയറിയപ്പോൾ അവൾ പറഞ്ഞു.
"ജയാ എനിക്ക് സൈഡ് സീറ്റ് വേണം.. എനിക്ക് പെട്ടന്ന് ഉറക്കം വരും. "
ഞാൻ സമ്മതിച്ചു. കുറച്ചുസമയത്തിനുള്ളിൽ കണ്ടക്ടർ വന്നു ടിക്കറ്റ് പരിശോധിച്ചു. ബസ് യാത്ര ആരംഭിച്ചു. ആ ഇരുണ്ട വെളിച്ചത്തിൽ റോഡിനിരുവശവുള്ള കാടുകൾ പറങ്കിമാവിൻ തോട്ടങ്ങൾ.. ഇടയ്ക്കിടെ കാണുന്ന ഓടുമേഞ്ഞ ചെറിയ വീടുകൾ.. അങ്ങനെ ഓരോന്ന് നോക്കിയിരിക്കുമ്പോൾ അവൾ ചോദിച്ചു..
"ജയാ എന്താ നിനക്ക് വഴിപാടിൽ ഒന്നും വിശ്വാസം ഇല്ല എന്ന് പറഞ്ഞത്..?

ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു..
"എല്ലാം ഒരു വഴിപാട് ആയതുകൊണ്ടുതന്നെ.. "

"മനസ്സിലായില്ല...
പിന്നെ എന്തിനാ നീ ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടെ വന്നത്..?

"എനിക്ക് വരാൻ തോന്നി വന്നു.. അത്രേ ഉളളൂ..
"
ദൈവത്തിലും ഭക്തിയിലും  വിശ്വാസം ഇല്ലാത്തവർക്ക് വരാനും പോകാനും എത്ര സ്ഥലം വേറെയുണ്ട്.. ഇത്രയും ദൂരം വരണമായിരുന്നോ..?

അത് കേട്ടപ്പോൾ ഞാൻ ഒന്നു ചിരിച്ചു.. പിന്നെ ചോദിച്ചു..
എന്താണ്.. ദൈവവും ഭക്തിയും..?

"അതിപ്പോ നമ്മൾ അടിയുറച്ചു വിശ്വസിക്കുക.. പ്രാർത്ഥിക്കുക.. നമ്മുടെ സങ്കടങ്ങളും വിഷമങ്ങൾക്കും.. പരിഹാരം കിട്ടും.. അത് തന്നെ.. അല്ലാതെന്താ...

"രഞ്ജിനിയുടെ വിശ്വാസം രഞ്ജിനിനിലനിർത്തൂ..
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം.. എന്നിൽ തന്നെ യാണ്.. ദൈവം.. ഞാൻ തന്നെ യാണ് ദൈവം.. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന ത്രിമൂർത്തി ഭാവം ദൈവം മനുഷ്യന് മാത്രം നൽകിയ ഒരു അനുഗ്രഹമാണ്. അതെനിക്കും കിട്ടിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കൊണ്ട് എന്റെ ദൈവം ഞാൻ തന്നെ എന്ന്.. സാരം "

"ഓ. ഹോ.. വലിയ യുക്തിവാദി ആണല്ലോ.. പിന്നെന്തിനാ ഇത്രയും ദൂരം യാത്രചെയ്തു..മൂകാംബിക ക്ഷേത്രത്തിൽ  വന്നേ.. അത് പറയൂ.. "

"ഓരോ സ്ഥലം.. സമയം.. ഇതിനൊക്കെ അതിന്റെതായ പ്രസക്തി ഉണ്ട്.. ശാസ്ത്രീയമായും അല്ലാതെയും. അങ്ങനെ ഉള്ള ഒരു ക്ഷേത്രത്തിൽ ചെല്ലുമ്പോൾ.. അവിടെ ഒരു ആൽമരം ഉണ്ടെങ്കിൽ.. അതിനുചുവട്ടിൽ ഇരിക്കുമ്പോൾ.. അതിൽ നിന്നുംവരുന്ന കാറ്റ് അതിനു ഒരു പ്രത്യേകശക്തി, അതു പോലെ അവിടുത്തെ കൊടിമരം, ശുദ്ധചന്ദനം, തീർത്ഥം, പുഷപങ്ങൾ, മണിയടിനാദം എന്നിവയെല്ലാം നമ്മുടെ ശരീരത്തിലും മനസ്സിലും പലവിധമാറ്റങ്ങൾ ഉണ്ടാക്കുന്നു. ചില ഔഷധമായും, അതുപോലെ കാന്തികശക്തിയാലും.
അതുകൊണ്ട് മാത്രം ഞാൻ ഇവിടെ വന്നു. ഈ സ്ഥലത്തിനും അതുപോലെ എന്തൊക്കെയോ ശക്തി ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അനുഭവിച്ചു.
 അത്രേ ഉള്ളൂ അല്ലാതെ.. പുഷ്പ്പാഞ്ജലി, ശത്രുദോഷം, പാപപരിഹാരം.. എന്നതിലൊന്നും എനിക്ക് വിശ്വാസമില്ല. അതിനുവേണ്ടി ഒരു തരത്തിലുമുള്ള വഴിപാട് കഴിക്കാനും  താല്പര്യവുമില്ല.
എനിക്ക് ഒട്ടനേകം പേരെ അറിയാം.. ഭക്തിയും ദൈവവും എന്തെന്നറിയാത്ത കുറെ വിഡ്ഢികൾ നമുക്ക് ചുറ്റുമുണ്ട്. അവർ വഴിപാട് ഭക്തി എന്ന് പറഞ്ഞു കാലം കഴിക്കും.. അതിനു വേണ്ടി തോന്നിയ പോലെ ചിലവഴിക്കും.. എന്നാലോ അവരെ ആശ്രയിക്കുന്ന അച്ഛനും അമ്മയ്ക്കും, ഭാര്യക്കും കുട്ടികൾക്കും.. വേണ്ട ചികിത്സയോ ഇഷ്ടഭക്ഷണമോ അല്ലെങ്കിൽ.. മറ്റു സന്തോഷങ്ങൾ കൊടുക്കുവാനോ.. താല്പര്യം ഉണ്ടാകില്ല. അതു പോലെ ചില സ്ത്രീകൾ അവർക്ക് വേണ്ടത് ഒരുക്കികൊടുക്കുന്ന ഭർത്താവിനെയും കുടുംബത്തെയും.. പുല്ലുവില ആകും എന്നാലോ നിത്യവും നാമജപവും അമ്പലം ചുറ്റലും ആയിരിക്കും.
എന്നെ സംബന്ധിച്ച് ദൈവം ഞാൻ തന്നെ.എന്നെ സൃഷ്ടിച്ചവർ, എന്റെ സൃഷ്ടികൾ അതുപോലെ എനിക്കുചുറ്റുമുള്ളവർ.. അങ്ങനെ  എന്നെ ആശ്രയിക്കുന്നവർ ആരുമാകട്ടെ അവരെ സംരക്ഷിക്കുക.. അതു വഴി സൃഷ്ഠി സ്ഥിതി എന്ന ദൈവത്തിന്റെ ഭാഗം.. ഞാൻ നിർവഹിക്കുന്നു.. പിന്നെ വെറുതെ ഉപദ്രവമായി മാറുന്ന ചില നീച പ്രവൃത്തികൾ അത് എത്ര അടുത്തവരിൽ നിന്നായാലും അവരെ ഒതുക്കുക എന്ന ദൈവത്തിന്റെ സംഹാര ഭാവവും.. ഞാൻതന്നെ ചെയ്യേണ്ടി വരും.. ഞാൻ തന്നെ ദൈവം.. അതാണ്.. "
ഇതെല്ലാം പറയുമ്പോൾ അവൾ എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്..
"നീ എന്തൊക്കെയോ പറഞ്ഞു.. എനിക്ക് മുഴുവനും പിടികിട്ടുന്നില്ല... ഞാൻ വിചാരിച്ചപോലെ അല്ല നീ എന്ന് മാത്രം മനസ്സിലായി.. ഉം ശരി.. ശരി.. "

ഞാൻ വെറുതെ ഒന്നുചിരിച്ചു. അൽപനേരം പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ വീണ്ടും അവളോട് ചോദിച്ചു.അതൊക്കെ പോട്ടെ..  നീ ഇടക്കെന്തൊക്കെയോ കടങ്കഥ പറഞ്ഞിരുന്നു.. മോൾ, ഹസ്ബൻഡ്.. നിന്റെ അല്ല എന്നിങ്ങനെയൊക്കെ.. പറ്റുമെങ്കിൽ.. ഷെയർ ചെയ്യാമോ..?
അത് കേട്ടപ്പോൾ അവൾ കുറച്ചുനേരം തലകുനിച്ചിരുന്നു.. പിന്നെ എന്നെ ഒന്ന് നോക്കി... ആ കഥ.. അവളുടെ ജീവിതകഥ പറയാൻതുടങ്ങി.


ജയാ എന്റെ കഥ.. ഒരു കടങ്കഥ തന്നെ... എല്ലാവരെയും പോലെ നിനക്കും അത്രപെട്ടെന്ന് പിടികിട്ടില്ല.. സ്വന്തം ചേച്ചി.. കൂടപ്പിറപ്പ്.. ചതിച്ചു എന്നൊക്കെ പറഞ്ഞാൽ ആരാ വിശ്വസിക്കാ...?

"എന്തെങ്കിലും ആകട്ടെ.. ഒന്ന് പറയൂ.... "

ഞാൻ തൃപ്പൂണിത്തുറ R. L. V. കോളേജിൽ ഭരതനാട്യത്തിൽ... B. A.അവസാനവർഷം പഠിക്കുന്ന കാലത്താണ്.. എനിക്ക് വിവാഹാലോചന വരുന്നത്.. ബോംബയിൽ നിന്ന്.. ഒരു മധുസൂദനൻ... അതാണ് അയാളുടെ പേര്.. ആലോചന കൊണ്ടുവന്നത് എന്റെ ചേച്ചി.. അവൾക്ക് അവിടെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ജോലി.  ഞങ്ങളുടെ വകയിലുള്ള ഒരു അമ്മാവൻ അവിടെ ഉണ്ടായിരുന്നു. അങ്ങനെ അവൾക്ക് ഒരു കമ്പനിയിൽ.. പ്രൈവറ്റ് സെക്രട്ടറി.. അങ്ങനെ എന്തോ ഒരു ജോലികിട്ടി. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്.. കുറച്ചുകാലം അവളുടെ വരുമാനം കൊണ്ടാണ്.. ഞാനും അമ്മയും എന്റെ പഠിപ്പുമെല്ലാം നടന്നുപോയത്..ഇടക്കെല്ലാം അവൾ വരും.. ഒരാഴ്ച വീട്ടിൽ നിൽക്കും പോകും..വരുമ്പോൾ.. . കുറെ ഡ്രസ്സ്‌, പലഹാരങ്ങൾ തുടങ്ങി പലതും കൊണ്ടുവരും.. നല്ല സന്തോഷങ്ങൾ... ആയിരുന്നു ആ കാലം... വന്നാൽ അധികം ദിവസം നിൽക്കാതെ പോകുകയും ചെയ്യും...
 ഇതിനിടയിൽ അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞു.. ഏതോ ഉത്തരേന്ത്യക്കാരൻ.. അയാളെ ഇത് വരെ ഞങ്ങളാരും കണ്ടിട്ടില്ല ട്ടോ. .. പിന്നീട്.. മോൾക്ക് ഒരു വയസ്സുള്ളപ്പോളാണ് അവൾ വീട്ടിൽ എത്തുന്നത്.. നല്ല വിഷമത്തോടെആയിരുന്നു ആ വരവ്... കാരണം  അവളെ..  അയാൾ ഉപേക്ഷിച്ചു പോയി..എന്നറിയാൻ കഴിഞ്ഞു. ഒരുമാസം അവൾ വീട്ടിൽ നിന്നു.. കുഞ്ഞിന്റെ ചിരിയും കളിയ്ക്കുമൊപ്പം.. ആ ദുഃഖം ഞങ്ങൾ മറന്നു.
പിന്നെ മോളെയും കൂട്ടി അവൾ പോയി... പതിവ് പോലെ ഞങ്ങൾക്കുള്ള പൈസ അയച്ചിരുന്നു.. ഏതാണ്ട് ഒരു വർഷം.. അവൾ നാട്ടിൽ വന്നതേയില്ല.. പിന്നെ ഒരു ദിവസം അവൾ വിളിച്ചു.. മോൾക്ക് സുഖമില്ല നാട്ടിൽ വരുന്നു എന്ന് പറഞ്ഞു.. മോളെയും കൂട്ടി എത്തി..മോൾക്ക് നല്ല പനി..  പിന്നെ കുറച്ചു ദിവസം മോളെ കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.. അവിടെ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ മോളുടെ ഒരു കാലിന്റെ ശേഷി നഷ്ടപെട്ടിരുന്നു.
വീണ്ടും ചേച്ചിഒരു മാസത്തോളം വീട്ടിൽ നിന്നു.. അതിനിടയിൽ പറഞ്ഞു.. ബോംബയിൽ അവളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾ ഉണ്ട്.. നല്ല ആളാണ്.. വിവാഹം ആലോചിച്ചുകൊണ്ടിരിക്കുന്നു...  നിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അയാൾ വരും എന്ന്.. അങ്ങനെ ഒരുദിവസം അയാൾ വന്നു.. പരസ്പരം ഇഷ്ടപ്പെട്ടു. .. ചെറിയ രീതിയിൽ.. ഒരു വിവാഹം അടുത്തുള്ള അമ്പലത്തിൽ വെച്ചുനടന്നു.. ഏതാണ്ട് 15ദിവസം എന്നോടൊപ്പം.. അതിനുശേഷം.. ലീവ് ഇല്ല പോയിട്ട് രണ്ടുമാസത്തിനുള്ളിൽ.. വരാം.. അവിടെ ഫാമിലി റൂം ഒക്കെ ശരി ആക്കീട്ട്.. എന്നെയും കൂട്ടി പോകാം എന്നും പറഞ്ഞു പോയി...

അതിനു പിന്നാലെ.. 15 ദിവസത്തിനു ശേഷം ചേച്ചിയും.. വണ്ടി കയറി.. മോൾക്ക് ഒന്ന് സുഖാവട്ടെ.. രണ്ടുമാസത്തിനുള്ളിൽ തിരിച്ചുവരാം എന്ന് പറഞ്ഞു.. ഞാനും അമ്മയും മോൾക്ക് ഒരു കുറവും വരുത്താതെ പരിചരിച്ചു  .. പക്ഷെ അവർ തിരിച്ചു വന്നില്ല എന്ന്.. മാത്രമല്ല.. എന്നെയോ അമ്മയെയോ.. എന്തിനു അവളുടെ മോളെയോ ഇത് വരെ വിളിച്ചിട്ടില്ല... മോളുടെ..ഇപ്പോഴത്തെ  വിചാരം ഞാനാണ് അവളുടെ അമ്മ എന്നാണ്.. അങ്ങനെ ഇരിക്കട്ടെ..
പിന്നെ വേറെ പലരിൽനിന്നും ഞാനറിഞ്ഞു.. എന്റെ ഭർത്താവ് എന്ന് വേഷം കെട്ടിയ അയാളുടെ കൂടെയാണ് ഞങളുടെ എല്ലാമെല്ലാമായ ചേച്ചി.. ഇന്ന് ജീവിക്കുന്നത്.. ഈ കാലിന് ശേഷിയില്ലാത്ത.. കുഞ്ഞിനെ ഒഴിവാക്കാനുള്ള.. ഒരു നാടകം അതായിരിക്കണം അവൾ ആസൂത്രണം ചെയ്തത്.. ഉം.. എന്തായാലും അവൾ സുഖമായിരിക്കട്ടെ.... അതാണ് ഞാൻ സൂചിപ്പിച്ചത്... മോൾ എന്റെ അല്ല.. അതു പോലെ ഭർത്താവും.. എന്ന് പറഞ്ഞുകൊണ്ട് അവൾ സീറ്റിലേക്ക്.. തല ചായ്ച്ചു കൊണ്ട് പതുക്കെ കണ്ണടച്ചു...

"ഇതെല്ലാം കേട്ടപ്പോൾ എനിക്ക് വിശ്വസിക്കണോ വേണ്ടയോ എന്നൊരു തോന്നൽ.. ആകെ കൂടെ.. ഒരു ശ്വാസംമുട്ടുന്ന പോലെ...
ഞാൻ തുടർന്നു..
"രഞ്ജിനി.. ഇത് ഒരുകടങ്കഥ തന്നെ.. വിശ്വസിക്കാൻ പറ്റുന്നില്ല... "
വിശ്വസിക്കണം എന്ന് നിർബന്ധം ഇല്ല ജയാ.. നീ ചോദിച്ചോണ്ട് പറഞ്ഞു അത്രേ ഉളളൂ.. കണ്ണടച്ചു കൊണ്ട്തന്നെ അവൾ പറഞ്ഞു... "


കുറച്ചു നേരം ഞാൻ മൗനം പാലിച്ചു.. വീണ്ടും അവളെ വിളിച്ചു...

"രഞ്ജിനി... എന്തായാലും ശരി.ഓരോ കാലത്ത്.. ഓരോന്ന് . സംഭവിച്ചു.. അതൊക്കെ മറന്നുകൊണ്ട്.. അടുത്ത ഒരു ജീവിതം അതിനെ കുറിച്ച് ആലോചിച്ചുകൂടെ... "

"അപ്പൊ മോളോ...? "

നിന്റെ.. അമ്മയില്ലേ രഞ്ജിനീ.. അവർ നോക്കില്ലേ ഇടക്ക് നീയും.. അങ്ങനെ ഒന്ന് ശ്രമിക്കൂ "

അവൾ കണ്ണ് തുറക്കാതെ തന്നെ ഒന്ന് ചിരിച്ചു.. എന്നിട്ട് ചോദിച്ചു.. എന്തിനാ.. ജയാ ഇനിയൊരു വിവാഹം...?

അങ്ങനെ ചോദിച്ചാൽ.. ഒറ്റവാക്കിൽ ഉത്തരം തരാൻ എനിക്കറിയില്ല... എങ്കിലും നമ്മൾ നമ്മുടെ ചില ആവശ്യങ്ങൾ.. I mean.. ശരീരം അതിനും ചില ആവശ്യങ്ങൾ ഉണ്ടാകും.. അതു നിറവേറ്റാൻ.. പിന്നെ നമുക്ക് നമ്മുടെ എന്ന് പറയാൻ നമ്മുടെ സ്വന്തം മക്കൾ ഇതൊക്കെ....

അതു കേട്ടപ്പോൾ അവൾ കണ്ണു തുറന്നു.. എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെ തുടങ്ങി..
"നീ ആദ്യം പറഞ്ഞത്... ശരീരത്തിന്റെ ആവശ്യം.. ലഹരി അല്ലെ... അതില്ലാതെയും ലഹരി കിട്ടും ജയാ... നമ്മുടെ കോൺസെൻട്രേഷൻ ഒന്ന് മാറ്റിയാൽ മതി.. ഞാൻ മാറ്റിക്കഴിഞ്ഞു.. ഇപ്പോൾ എനിക്ക് ശരീരത്തിനോ മനസ്സിനോ എന്തെങ്കിലും അസ്വസ്ഥത വരുന്ന സമയം.. ഞാൻ എന്റെ ചിലങ്ക അണിഞ്ഞു... ആ ലഹരി കിട്ടുന്നവരെ... ഒരു നൃത്തം... അതിലൂടെ ഞാൻ എല്ലാം മറക്കും.. പൂർണസംതൃപ്തി വരും..
പിന്നെ ഒരു അമ്മയാകാൻ എനിക്ക് കഴിയില്ല.. വേറെ ചില പ്രശനങ്ങൾ കാരണം..അടുത്തിടെ ഒരു സർജറി കഴിഞ്ഞു.  ഒരു കുഞ്ഞിനെ സ്വീകരിക്കാനും നിലനിർത്താനും ഉള്ള ആ ഒരു ഭാഗം എന്റെ ശരീരത്തിൽ ഇല്ല... ഇതൊന്നും അറിയാതെ എന്റെ അമ്മ ഇപ്പോഴും മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.. പാവം...
എന്റെ മുഖം കറുത്ത് കരിവാളിച്ചിരിക്കുന്നത് നീ ശ്രദ്ധിച്ചോ..? മുഖക്കുരു മാറാൻ വേണ്ടി ചേച്ചി തന്ന മരുന്ന് തേച്ചപ്പോൾ ഉണ്ടായതാ.. അതുപോലെ തടി കൂടാനും ഒന്ന് കൂടി വെളുക്കാനുമുള്ള ഒരു മരുന്ന് കഴിക്കാനും തന്നു... അതു കൊണ്ടാണ് എനിക്ക് അമ്മയാകാൻ പറ്റാതെ വന്നത് എന്ന് Dr. മാർ പറയുന്നു. പക്ഷെ ഞാൻ അതു വിശ്വസിക്കുന്നില്ല.. അവളുടെ കുഞ്ഞിനെ നോക്കാൻ വേണ്ടി... അവളുടെ സുഖജീവിതത്തിനായി.. അവളുടെ സ്വന്തം അനുജത്തിയോട് അവൾ ഇങ്ങനെ ചെയ്യുമോ... ഒരിക്കലും ചെയ്യില്ല എന്ന് പറയുന്നതോടൊപ്പം അവളുടെ കണ്ണിൽനിന്നും നീരുറവകൾ ഇറങ്ങിവരുന്നുണ്ടായിരുന്നു...
ഞാൻ പതുക്കെ മുഖം തിരിച്ചു...
അല്പം നേരം കഴിഞ്ഞപ്പോൾ അവൾ വിളിച്ചു...
ജയാ.. ഞാൻഒന്ന്  ഉറങ്ങാൻ പോകുകയാ..
ബസ് കോഴിക്കോട്.എത്തുന്ന സമയം 6മണിക്കാണ്.. എനിക്ക് കൊയിലാണ്ടി ഇറങ്ങണം.. നീ 5മണിക്ക് മൊബൈലിൽ അലാറം വെക്ക്.. ഏതാണ്ട് 5മണി കഴിഞ്ഞാൽ കൊയിലാണ്ടി എത്തും എന്നെ വിളിക്കണം.. അതും പറഞ്ഞു അവൾ വീണ്ടും കണ്ണടച്ചു.
ഞാൻ 5മണിക്ക് മൊബൈലിൽ അലാറം വെച്ചു.. ബസ് മംഗളൂരു സിറ്റിയിൽ എത്തിയിരുന്നു. പട്ടണവും.. കപ്പലുകളും, fish കമ്പനികളും കണ്ടുകൊണ്ട് കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്നു.. നല്ല ഉറക്കം വരുന്നില്ല.. അവളുടെ കഥ ചോദിക്കേണ്ടായിരുന്നു എന്ന് വരെ.. തോന്നിപ്പോയി... പിന്നെ പതുക്കെ എങ്ങിനെയോ മയങ്ങി.. ഇടക്കുണരും.. കുപ്പിയിൽ കരുതിയ വെള്ളം കുറച്ചു കുടിക്കും.. രഞ്ജിനീ ഉറക്കത്തിൽ തന്നെ.. ഒരു കുഞ്ഞുകുട്ടിയുടേത്പോലെ ശാന്തമായ ഉറക്കം... ഞാൻ വീണ്ടും മയങ്ങി... അങ്ങനെ 5മണി ആയി.. പോക്കറ്റിലെ മൊബൈൽ അലാറം അടിച്ചു.. ഞാൻ അവളെ തൊട്ടുണർത്തി..
അവൾ ചാടിപിടഞ്ഞെഴുന്നേറ്റു.. ബാഗ് എല്ലാം എടുത്തു മടിയിൽ വച്ചു.. ബസ് കൊയിലാണ്ടി ടൗണിൽ എത്താറായിരുന്നു.. അവൾ എഴുന്നേറ്റു.. എന്നിട്ട് എന്നെ നോക്കി..
ജയാ ഞാൻ ഇറങ്ങുന്നു...

"ഉം.. ശരി.. രഞ്ജിനീ നിന്റെ നമ്പർ തന്നില്ല..? "
അതു കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു.. നമ്പറോ.. എന്തിനാ ജയാ അത്.. അതൊന്നും വേണ്ട... അതുണ്ടായാൽ നമുക്ക് ഇടയ്ക്കിടെ വിളിക്കാൻ തോന്നും.. പിന്നെ ആ ബന്ധം വളരും.. അങ്ങനെ ഒരു ബന്ധം വളർത്താൻ എനിക്കാഗ്രഹമില്ല.. യോഗം ഉണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നോക്കി.. അയ്യോ ടൌൺ എത്തി ഞാൻ ഇറങ്ങട്ടെ.. ബൈ.. എന്ന് പറഞ്ഞു അവൾ ഇറങ്ങി... "

അങ്ങനെ ആ" ഒരു കൊല്ലൂർ യാത്രയിൽ" ഓർക്കാപുറത്തുകിട്ടിയ.. ആ നല്ല കൂട്ടുകാരി വിടപറഞ്ഞു.. അവിടുന്ന് വീട്ടിൽ എത്തുന്ന വരെയുള്ള യാത്രയിലും.. അതിനുശേഷമുള്ള ഏതാനും ദിവസങ്ങളിലും.. അവളുടെ ജീവിതം ആ കടങ്കഥ.. അത് മാത്രമായിരുന്നു എന്റെ മനസ്സിൽ..
പിന്നീട് അന്നുമുതൽ ഇന്ന് വരെയും.. ആ വഴിയിൽ യാത്രചെയ്യുമ്പോൾ കൊയിലാണ്ടി ടൗണിൽ എത്തുമ്പോൾ.. ഞാൻ വെറുതെ ബസ്സ്റ്റാൻഡിലും പരിസരത്തും ഒന്ന് കണ്ണോടിക്കും.. അവളുണ്ടോ.എന്ന ആകാംക്ഷയിൽ.. . അവളെ ഒരു നോക്കു കാണാൻ.. അതെ രഞ്ജിനി എന്ന ആ ദുഖപുത്രിയെ കാണാൻ.. പക്ഷെ ഇതുവരെയും.. കാണാൻ കഴിഞ്ഞില്ല..

കഥ അവസാനിച്ചു.

No comments:

Post a Comment