അമിതവണ്ണവും ശരീരഭാരവും കുറക്കാൻ പാർശ്വഫലങ്ങൾ ഇല്ലാത്ത 51 പ്രകൃതിദത്തമാർഗങ്ങൾ
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിധം കൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല ഇത്. വിവിധ തരം രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാവും.
കൂടാതെ ആത്മവിശ്വാസത്തിനു സംഭവിക്കുന്ന ഇടിവ് വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. വിവിധ ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഉറങ്ങുമ്പോഴുള്ള ശ്വാസ തടസ്സം, ചില തരം അര്‍ബുദങ്ങള്‍, മുട്ടു തേയ്മാനം, നട്ടെല്ലിനും ഡിസ്‌കിനും വേദന, ഉപ്പൂറ്റിയില്‍ അമിതമായ വേദന, എന്നിങ്ങനെ പൊണ്ണത്തടി മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ അനവധിയാണ്.
ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) 30ല്‍ കൂടുന്നത് പൊണ്ണത്തടിയാണ്, 25നും 30 നുമിടയില്‍ വരുന്നതു അമിതഭാരവും.
പുരുഷന്മാരില്‍ അരയുടെ ചുറ്റളവ് 40 ഇഞ്ചില്‍ കൂടുന്നതും സ്ത്രീകളില്‍ 35 ഇഞ്ചില്‍ കൂടുന്നതും ഹൃദ്രോഗസാധ്യത ഏറെയുണ്ടെന്നതിന്റെ സൂചനയാണ്. പ്രായക്കൂടുതല്‍, പാരമ്പര്യം, പുകവലി, ബി.പി, കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, പ്രമേഹം തുടങ്ങിയ അപകടഘടകങ്ങളില്‍ രണ്ടോ അതിലധികമോ ഉണ്ടെങ്കില്‍ ഹൃദ്രോഗസാധ്യത ഏറെയാണ്.
അമിതവണ്ണമുള്ളവർ ശരീരത്തില്ലെ ഹോര്‍മോണ്‍ തകരാർ , തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം, അഡ്രിനാലിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തുടങ്ങിയ പരിശോധന ചെയ്യാൻ മറക്കരുത്.
ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിനുള്ള വ്യായാമങ്ങളിലേർപ്പെടുകയാണ് ഉത്തമം.
താഴെപറഞ്ഞിട്ടുള്ള 51 മാർഗങ്ങളിൽ നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുത്തുകൊണ്ട് തികഞ്ഞ ലക്ഷ്യബോധത്തോടെ പരിശ്രമിച്ചാൽ ആരെയും ആകർഷിക്കുന്ന ശരീരഭംഗിയും ആരോഗ്യവും നിങ്ങൾക്കും കൈവരിക്കാൻ സാധിക്കും
1.വ്യായാമം
ഭാരം കുറക്കാന്‍ കൊതിക്കുന്നവര്‍ നിര്‍ബന്ധമായും വ്യായാമം പ്രാധാന്യത്തോടെ എടുക്കണം. ഓട്ടം, സൈക്ളിംഗ്, കിക്ക് ബോക്സിംഗ്, നീന്തല്‍, ടെന്നീസ്, ജോഗിംഗ്, സ്റ്റെയര്‍കേസുകള്‍ കയറല്‍, യോഗ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് ഗുണപ്രദമായ വ്യായാമങ്ങളാണ്.
2.നല്ല ഉറക്കം
ഭാരം കുറക്കണമെങ്കില്‍ നന്നായി ഉറങ്ങുന്ന കാര്യത്തില്‍ ഒട്ടും ഉപേക്ഷ വിചാരിക്കരുത്. ഉറക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന അമിനോ ആസിഡായ ഗെര്‍ലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും കൊഴുപ്പ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട് കൊതി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിലെ പ്രശ്നങ്ങള്‍ മൂലം കുടവയറടക്കം പല പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു
3.പ്രാതല്‍ പ്രധാനം
ദിവസവും പ്രാതലിന് പ്രോട്ടീന്‍, ധാതു സമ്പന്നമായ ഭക്ഷണം കഴിക്കുക. ഇതുവഴി മറ്റു ഭക്ഷണങ്ങള്‍ കഴിക്കാതെ ദിവസം മുഴുവന്‍ ഉന്‍മേഷവാനായിരിക്കാന്‍ കഴിയും.കൊഴുപ്പ്കളഞ്ഞ ഇറച്ചി, കശുവണ്ടി, കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ട് എന്നിവ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഉദാഹരണമാണ്
4.പച്ചക്കറികളും പഴങ്ങളും
ദിവസം കുറഞ്ഞത് അഞ്ചുതവണയെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം.
വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ മുഖ്യഭക്ഷണമാക്കുക.
5.ഭക്ഷണക്രമം
കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ദിവസം മൂന്ന് തവണ നല്ല രീതിയില്‍ കഴിക്കുകയോ അല്ലെങ്കില്‍ ആറുതവണ ചെറിയ രീതിയില്‍ കഴിക്കുകയോ ചെയ്യുക. ഭക്ഷണം ഉപേക്ഷിക്കുകയോ ക്രമം തെറ്റി കഴിക്കുകയോ ചെയ്യരുത്. ഇത് ഭാരം കുറക്കാനുള്ള ശ്രമങ്ങള്‍ക്ക് വില്ലനാകുന്നതിനൊപ്പം അസിഡിറ്റിയടക്കം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.
6.വെള്ളം കുടിക്കുക
വെള്ളം ധാരാളമായി കുടിക്കാന്‍ ഒരിക്കലും മറക്കരുത്.ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇത് വഴി പെട്ടെന്ന് തന്നെ തടി കുറക്കാം. ഓഫീസിൽ വാട്ടർ ബോട്ടിൽ സമീപത്ത് സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും
7.പഞ്ചസാര കുറക്കുക
പഞ്ചസാരയുടെ ഉപയോഗം, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.പഞ്ചസാരക്ക് പകരം തേൻ ഉപയോഗിക്കാം. മധുരപ്രിയരാണെങ്കില്‍ അളവ് കുറച്ച് ദിനവും കഴിക്കുക, ആഴ്ചയവസാനം ആഗ്രഹം മുഴുവൻ തീർക്കാൻ ശ്രമിക്കരുത്.
8.ലഘുവായ അത്താഴം
അരി ഭക്ഷണം കുറച്ച് കഴിയ്ക്കുക. രാത്രി അത്താഴം വളരെ ലഘുവാക്കുന്നതാണ് കൂടുതല്‍ നല്ലത്. നേരത്തെ അത്താഴം കഴിയ്‌ക്കേണ്ടത് ദഹനത്തിനും ഇതു വഴി വയര്‍ ചാടാതിരിയ്ക്കാനും പ്രധാനമാണ്.
9.വെളിച്ചെണ്ണ ഉപയോഗിക്കുക
വെളിച്ചെണ്ണ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറക്കുവാൻ സഹായിക്കും. കൂടാതെ ഇത് എല്ലാ വിധത്തിലും ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്നു. ശരീരത്തില്‍ ഒരിടത്തും കൊഴുപ്പ് അടിഞ്ഞിരിക്കാതെ അതിനെയെല്ലാം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കി കഴിക്കാവുന്നതാണ്. സ്ഥിരമായി ഇത് കഴിക്കുന്നത് തടി കുറക്കുന്നതിന് സഹായിക്കുന്നു.
ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ പ്രഭാത ഭക്ഷണത്തോടൊപ്പവും ഒരു സ്പൂണ്‍ ഉച്ച ഭക്ഷണത്തോടൊപ്പവും ഒരു സ്പൂണ്‍ അത്താഴത്തിനോടൊപ്പവും ശീലമാക്കൂ. ഇത് ആരോഗ്യത്തിനും അമിതവണ്ണം കുറക്കുന്നതിനും സഹായിക്കുന്നു.
നാലോ അഞ്ചോ ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരിനോടൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുക. എല്ലാ ദിവസവും രാവിലെ ഇത് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ തടി കുറക്കാന്‍ സഹായിക്കുന്നു.
10.ഉയര്‍ന്ന കാലറിയുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
ബേക്കറി ഉല്‍പ്പന്നങ്ങള്‍, ബ്രെഡ്, ബിസ്ക്കറ്റുകള്‍ തുടങ്ങി ഉയര്‍ന്ന കാലറിയുള്ള ഭക്ഷണ സാധനങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റില്‍ പ്രകൃതിദത്താ ഉള്ള പോഷകത്തെയും നാരുകളെയും പാചകത്തിലൂടെയും മറ്റും നീക്കിയാണ് ഇത്തരം ഭക്ഷണം തയാറാക്കുന്നത്. ശരീരത്തിന് ഒട്ടും ഗുണമില്ലാത്ത കാലറിയാല്‍ നിറഞ്ഞതായിരിക്കും ഈ ഭക്ഷണ പദാര്‍ഥങ്ങള്‍. ഇത്തരം ഭക്ഷണം ധാരാളം കഴിച്ചാല്‍ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, കുടവയര്‍ എന്നിവ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവ കഴിച്ച് അധികം വൈകാതെ വീണ്ടും വിശക്കുകയും ചെയ്യും.
11.മദ്യപാനം നിർത്തുക
മദ്യപാനത്തില്‍ നിന്ന് നിര്‍ബന്ധമായും ഒഴിഞ്ഞു നില്‍ക്കണം. ഒരു ഗ്ളാസ് ആല്‍ക്കഹോളില്‍ 90 കാലറി ഊര്‍ജമാണ് ഉള്ളത്.
12.സുഗന്ധവ്യഞ്ജനങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക.
കറുവാപ്പട്ട, ഏലക്കാ,ജീരകം, കറുത്ത കുരുമുളക്, വെളുത്തുള്ളി എന്നിവ ഭാരം നിയന്ത്രിക്കാന്‍ വളരെ ഉപകാരപ്രദമാണ്.കുരുമുളക് മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും വിശപ്പ് കുറക്കുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ തടി കുറയുന്നു.
13.പാലും പാലുൽപ്പന്നങ്ങളും
കൊഴുപ്പ് നീക്കിയ പാല്‍, കുറഞ്ഞ കൊഴുപ്പുള്ള പാല്‍ക്കട്ടി, പനീര്‍,യോഗര്‍ട്ട് തുടങ്ങിയവ ഭാരം കുറക്കാന്‍ സഹായിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
14.അര്‍ധരാത്രിയിൽ ഭക്ഷണം ഒഴിവാക്കുക
അര്‍ധരാത്രി ഭക്ഷണം കഴിക്കുന്ന ശീലവും കഴിക്കുന്ന ഭക്ഷണത്തിന്‍റയും അതിലടങ്ങിയ കലോറിയുടെയും അളവുകള്‍ തമ്മിലെ പൊരുത്തക്കേടുകളും അമിത വണ്ണത്തിന് വഴിയൊരുക്കും.
15.വെറും വയറ്റില്‍ വെള്ളം കുടിക്കുക
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു.അത് വഴി തടി കുറക്കാൻ സഹായിക്കുന്നു.
16.നിന്ന് ശീലിക്കുക
ദിവസേന ഇരിക്കുന്ന സമയം കുറച്ച് പകരം നിന്ന് നോക്കാം. അങ്ങനെ ശീലിക്കുമ്പോൾ വൈകാതെ തന്നെ തടി കുറയുന്നത് കാണാം.
നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിഞ്ഞു തീരുന്നതായാണ് കണ്ടെത്തലില്‍ പറയുന്നത്. അതായത് 65 കിലോ ഗ്രാം ശരീര ഭാരമുള്ളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
17.ഗ്രീൻ ടീ ശീലമാക്കുക
ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റ് തടി കുറക്കാന്‍ സഹായിക്കുന്നു.ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റാബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
18.ഇഞ്ചിചായ
തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ.ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും.
ഇഞ്ചി ചായ കൊണ്ട് അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്
19.കൊക്കോ പൗഡര്‍
കൊക്കോ പൗഡര്‍ കൊണ്ട് തടി കുറക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറച്ച് ശരീരത്തിലെ കൊഴുപ്പൊതുക്കുന്നതിന് കൊക്കോ പൗഡര്‍ നിത്യവും ഉപയോഗിക്കാവുന്നതാണ്.
20.മത്തന്‍കുരു
മത്തന്‍ കുരു കഴിക്കുന്നത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.
21.കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കുക
കോഴിയിറച്ചി ഉൾപ്പെടെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. പയർ, ഉഴുന്ന്, കടല എന്നിവയും ശരീരവണ്ണം കൂടാൻ കാരണമാകും. ഇവയ്ക്കു പകരം കാബേജ്, കാരറ്റ്, കോളിഫ്ലവർ, അമര, ബീൻസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
22.ഭക്ഷണം ചവച്ചരച്ചു കഴിക്കുക
ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക. വാരി വലിച്ച് കഴിച്ചാൽ വയർ നിറഞ്ഞെന്ന തോന്നൽ തലച്ചോറിലേക്കെത്തുന്നത് വൈകും.
23.നല്ല ശ്രദ്ധയോടെ ആഹാരം കഴിക്കുക
ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.അത് തടി കൂടാൻ സാഹചര്യമൊരുക്കും.
24.ടെൻഷൻ കുറക്കുക
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വർധിക്കാന്‍ കാരണമാകും. നല്ല പാട്ടുകൾ കേൾക്കുകയും യോഗ, മെഡിറ്റേഷൻ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
25.മധുരം കുറഞ്ഞ ജ്യൂസ് കുടിക്കാം
ജ്യൂസ് തടികുറയ്ക്കാൻ നല്ലതാണ്. എന്നാൽ മധുരം ചേർത്ത ജ്യൂസുകൾ ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്.
26.ഓട്സ് കഴിക്കാം
കലോറി കുറഞ്ഞതും ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്‌സ്. രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.
27.കുടംപുളി ഉപയോഗിക്കുക
കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുവാൻ സഹായിക്കും. .
28.തേനും നാരങ്ങജ്യൂസും.
നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
29. മഞ്ഞൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
30. ചായയും കാപ്പിയും കുറക്കുക
ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം
31.നടത്തം ശീലിക്കുക
രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാൻ ശ്രമിക്കുക ഓഫീസിലായിരിക്കുമ്പോൾ വാഷ്റൂം ഉപയോഗിക്കേണ്ടി വന്നാൽ അകലെയുള്ള വാഷ്റൂമിലേക്ക് പോകാന്‍ ശ്രമിക്കുക.
റിമോട്ട് ഒഴിവാക്കി ടിവിയുടെ അടുത്തെത്തി ചാനലുകൾ മാറ്റുക
ഫോണിലായിരിക്കുമ്പോള്‍ നടന്നുകൊണ്ട് സംസാരിക്കുക
32.ആവിയിൽ വേവിച്ച ഭക്ഷണം പ്രധാനമാക്കുക
പുറത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി ഗ്രിൽ ചെയ്തവയും സ്റ്റീം ചെയ്ത ആഹാര സാധനങ്ങളും കഴിക്കാൻ ശ്രമിക്കുക.
33. തണ്ണിമത്തൻ കഴിക്കാം
തണ്ണിമത്തൻ കഴിക്കുന്നത് തടികുറയാൻ സഹായകമാകും.
34.കലോറി നോക്കി ഭക്ഷണം തിരഞ്ഞെടുക്കുക.
ടിന്നിലടച്ച ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നതിനുമുമ്പ് ലേബൽ വായിച്ചുനോക്കി കലോറി മനസിലാക്കുക.
35. വീട്ടുജോലികളിലൂടെ ലഘുവ്യായാമം.
വാഷിംഗ് മെഷിൻ പരമാവധി ഒഴിവാക്കി കൈകൊണ്ട് അലക്കുക
ഡിഷ് വാഷറിനു പകരം കൈകൊണ്ട് പാത്രങ്ങൾ കഴുകുക.
കുളിക്കുമ്പോൾ ഷവർ ഉപയോഗിക്കാതെ താഴെ നിന്നു കോരി കുളിക്കുക.
36.സൂപ്പ് കുടിക്കുക
ഊണിന് മുമ്പ് സൂപ്പ് കുടിച്ചാല്‍ ആഹാരം കഴിക്കുന്നത് കുറയ്‌ക്കുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും കൂടുതലുള്ള കൊഴുത്ത സൂപ്പുകള്‍ ഒഴിവാക്കുക.
37.തണുത്ത വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക.
38.യോഗ ശീലിക്കുക
യോഗ ചെയ്യുന്നത് ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള മനശക്തി നല്‍കും. ആവശ്യമുള്ളത് മാത്രമെ കഴിക്കുകയുള്ളു.
39.ആഹാരത്തിന്‌മുൻപ് പഴം കഴിക്കുക
കട്ടിയായ ആഹാരത്തിന് അരമണിക്കൂര്‍ മുമ്പ് പഴങ്ങള്‍ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒഴിഞ്ഞ വയറ്റില്‍ പഴം കഴിച്ചാല്‍ ദഹന സംവിധാനത്തെ വിഷവിമുക്തമാക്കുകയും ശരീര ഭാരം കുറയ്‌ക്കുന്നതിനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും.
40.ത്രിഫല ചൂർണം കഴിക്കുക
ത്രിഫല ചൂർണം ചൂടുവെള്ളത്തിൽ ചേർത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുൻപും അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞും കഴിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും. തേനിൽ ചാലിച്ചും ത്രിഫല ചൂർണ്ണം കഴിക്കാവുന്നതാണ്. ഇത് കഴിച്ച് തുടങ്ങുന്നതോടെ ശരീരത്തിലെ മാലിന്യങ്ങൾ മലത്തിലൂടെയോ ത്വക്കിലൂടെയോ പുറത്തു പോകുന്നു. ത്രിഫല ചൂർണ്ണം കഴിച്ച് തുടങ്ങിയ ശേഷം ശരീരത്തിലുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നതിന്റെ സൂചനയാണ്. അതേസമയം കൂടിയ അളവിൽ ത്രിഫല കഴിക്കുന്നത് വയറിളക്കത്തിന് കാരണമായേക്കാം
42.കറുവപ്പട്ട വെള്ളം കുടിക്കാം
അമിത വണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം ശീലമാക്കാം. അതല്ലെങ്കിൽ കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും അമിത വണ്ണത്തെ പ്രതിരോധിക്കാൻ സഹായിക്കും.
43.കറുവപ്പട്ടയും തേനും:
ഇവ രണ്ടും ചേർത്തു കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗങ്ങളിലൊന്നാണ്. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അര സ്പൂണ്‍ തേനിൽ ചാലിക്കുക. ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തില്‍ ഈ മിശ്രിതം ലയിപ്പിച്ചു ശേഷം ഉറങ്ങുന്നതിനു ഏകദേശം അര മണിക്കൂർ മുമ്പ് കുടിക്കാം. ഇത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും.
44.ക്യാരറ്റ് ജ്യൂസ് കുടിക്കാം
വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
45.ലൈം ജ്യൂസ്
മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.
46.ചെറുനാരങ്ങയും ഇഞ്ചിയും
തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.കുറച്ചു ദിവസം തുടരുക .അമിതവണ്ണം കുറക്കാൻ വളരെഗുണം ചെയ്യും.
47.നാരങ്ങ, ഇഞ്ചി, കുക്കുമ്പർ മിശ്രിതം
ഒരു നാരങ്ങ ചെറുതായി മുറിച്ചത്, കുക്കുമ്പര്‍ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒന്നര ലിറ്റര്‍ വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചി. എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തില്‍ ഏടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഒരു ദിവസം മുഴുവന്‍ വെച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.
48.നാരങ്ങനീര് ചേർത്ത് ഓറഞ്ച് ജ്യൂസ്.
ഒരു നാരങ്ങയുടെ നീര്, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ട് കപ്പ് ഓറഞ്ച് ജ്യൂസ്, ഉപ്പ് പാകത്തിന്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ്, എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്ത് അതില്‍ ഐസ്‌ക്യൂബ് ഇട്ട് കുടിക്കാം. ഇത് ദിവസവും രാവിലേയും വൈകിട്ടും കുടിച്ചാല്‍ ഏത് കുറയാത്ത തടിയും കുറയും.
49.കട്ടന്‍ചായയും നാരങ്ങയും
കട്ടന്‍ ചായയില്‍ അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ദിവസവും നാരങ്ങാ നീര് ചായയില്‍ ചേര്‍ത്ത് കഴിച്ചാൽ ഇത് ശരീരത്തില്‍ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
50.നാടൻ നെയ്യ് വെറും വയറ്റിൽ കഴിക്കാം
ഒമേഗ 3, ഒമേഗ 6, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ നെയ്യിൽ നിറഞ്ഞിരിക്കുന്നു. ദിവസവും ഇത് വെറും വയറ്റില്‍ കഴിക്കുന്നത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നെയ്യിലെ ബ്യൂട്ടിറിക് ആസിഡും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പുകളെ തകര്‍ത്ത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. പക്ഷേ, നെയ്യ് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അത് അളവില്‍ കൂടുതലാവുമ്പോള്‍ ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് മിതമായി കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഒഴിഞ്ഞ വയറ്റില്‍ ഒരു ടീസ്പൂണ്‍ എല്ലാ ഗുണങ്ങളും നല്‍കും
51. ക്യത്യമായ ഡയറ്റ്
ക്യത്യമായ ഡയറ്റ് ചെയ്തില്ലെങ്കിൽ തടി കുറയില്ലെന്നതാണ് സത്യം.
രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം കുടിക്കേണ്ടത് ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങ നീരും, ഒരു സ്‌പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും.
8 മണിക്ക് പ്രഭാത ഭക്ഷണംകഴിക്കാം
മുട്ടയുടെ വെള്ള - 2 എണ്ണം
ബ്രഡ് - 2 എണ്ണം
അല്ലെങ്കില്‍
പാല്‍ - 1 കപ്പ് ( പാല്‍പാട മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം)
കോണ്‍ഫ്‌ളക്‌സ്/ ഓട്‌സ്/- 1 കപ്പ്
അല്ലെങ്കില്‍
ഉപ്പ് മാവ് - 1 കപ്പ്
ഗോതമ്പ് ബ്രഡ് - 2 എണ്ണം
11 മണിക്ക്( വേണമെങ്കിൽ )
കട്ടന്‍ കാപ്പിയോ ചായയോ കുടിക്കാം(മധുരമില്ലാതെ) - 1 കപ്പ്
ഉച്ചയ്‌ക്ക് 1 മണിക്ക്
ചോറ് - 1/2 പ്ലേറ്റ്
ചപ്പാത്തി - 1 എണ്ണം
സാലഡ് - 1 കപ്പ്
തൈര് - 100 ഗ്രാം
വൈകുന്നേരം 4 മണിക്ക്...
ഗ്രീന്‍ ടീ (മധുരമില്ലാതെ)- 1 കപ്പ്
ലൈറ്റ് ബിസ്‌ക്കറ്റ് - 2 എണ്ണം
രാത്രി 7 മണിക്ക് അത്താഴം
വെജിറ്റബിള്‍ സൂപ്പ് - 1 കപ്പ്/ സാലഡ് - 1 കപ്പ്
മുട്ടയുടെ വെള്ള - 3 എണ്ണം
രാത്രി ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പേ 1 കപ്പ് പാല്‍ കുടിക്കുക. ( പാല്‍പാട മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം)
ഡയറ്റ് ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം...
1. രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പേ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. രാത്രി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.കഴിവതും 8 മണിക്ക് ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.
2.ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക.
3. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം.
4. എണ്ണ പലഹാരങ്ങള്‍, സ്വീറ്റ്‌സ്, പ്രോസസ്‌ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
5. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാതിരിക്കരുത്.
6. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്‌ക്ക് വെള്ളം കുടിക്കാതിരിക്കുക.
Note :മറ്റെന്തെങ്കിലും അസുഖമോ ചികിത്സയോ ഉള്ളവർ ഭക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കും, കടുത്തവ്യായാമത്തിൽ ഏർപ്പെടുന്നതിനുമുന്പും വിദഗ്ദ്ധ വൈദ്യോപദേശം തേടേണ്ടതാണ്.
.