Monday, September 9, 2019

Helmet -ഹെൽമെറ്റ്‌ ഒരു പിഴയല്ല

ഹെൽമെറ്റ്‌



ഇരുചക്ര വാഹന യാത്രികര്‍ അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ പേറുന്ന ഭാഗമാണ് ശിരസ്സ്. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന്‍ സാധ്യത ഏറെയാണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാധ്യത 42 ശതമാനത്തോളവും കുറയും എന്നാണ് 2008ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

തലച്ചോറിന്റെ പരിക്കുകള്‍ മാത്രമല്ല നട്ടെല്ലിനുള്ളിലെ സുഷുംന നാഡിക്കേല്‍ക്കുന്ന പരിക്കുകള്‍ കുറയ്ക്കാനും ഹെല്‍മെറ്റ് ഉപയോഗിക്കുന്നതു വഴി സാധിക്കും.  .

ഹെല്‍മെറ്റ് ധരിക്കുന്നത് കേള്‍വിയെ ബാധിക്കും എന്നതു തെറ്റായ ധാരണയാണ്. ഹെല്‍മെറ്റ് ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും. എന്നാല്‍, സ്വരഭേദങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ചെവിയുടെ പ്രവര്‍ത്തനത്തെ ഹെല്‍മെറ്റ് തടസ്സപ്പെടുത്തുന്നില്ല. അതിനാല്‍ വാഹനം ഓടിക്കുന്ന ആള്‍ കേള്‍ക്കേണ്ട ശബ്ദങ്ങള്‍ കേള്‍ക്കാനും തിരിച്ചറിയാനും ഹെല്‍മെറ്റ് തടസ്സമാവുന്നില്ല.
  വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അതിപ്പോൾ ചെറിയ ദൂരം സഞ്ചരിക്കുമ്പോള്ലാണെങ്കിലും  അപകടം ഉണ്ടായേക്കാം. ആയതിനാല്‍ മുന്‍കരുതല്‍ എല്ലായ്‌പ്പോഴും ആവശ്യമാണ്.


. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.

വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റ്കള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.

പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.

പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില്‍ നിന്ന് പരിരക്ഷ കിട്ടാന്‍ വേണ്ടി ചിലര്‍ വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്‍മെറ്റ്കള്‍ തലയോടിനെ വെയിലില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല്‍ പുറമേ ഉരസല്‍ മൂലമുള്ള പരുക്ക് തടഞ്ഞേക്കാം എന്നാല്‍ തലയോടിനും മസ്തിഷ്‌കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയുകയില്ല.ആയതിനാല്‍ ഇത് സംരക്ഷണത്തിനു ഉപയോഗയോഗ്യം അല്ല.

 ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ് ധാരിയെ കാണാന്‍ സഹായിക്കുന്നു  അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു.   അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു. ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റ്‌നെ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

ഹെല്‍മെറ്റ് ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തന ക്ഷമത കുറയും. അകമേയുള്ള  പ്രതിരോധ സംവിധാനങ്ങള്‍ക്ക്  പ്രവര്‍ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവം.ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.


തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.വീഴ്ച യുടെ ആഘാതത്തിൽ തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ക്ക് ഇടയിലുള്ള രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ മാരകമായ ആന്തരിക രക്തസ്രാവം ഉണ്ടാവാനിടയുണ്ട്

ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്‌നുള്ളത്. പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക എന്നതാണ്.

നഗരങ്ങളിലെ ഇടവഴികളിലും ഊടുവഴികളിലും ഹെൽമറ്റ് തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളുമായി പൊലീസ് വരുന്നു. ട്രാഫിക് നിയമപാലനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പ്രധാനറോഡുകളിൽ മാത്രമല്ല, ഇടറോഡുകളിലും ഹെൽമറ്റ് വെക്കാത്തവരെ പിടികൂടുകയാണ് ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറയുടെ ലക്ഷ്യം. നിലവിൽ വളവിലും തിരിവിലും മറഞ്ഞു നിന്ന് ബൈക്കുകൾ പിടികൂടുന്ന പൊലീസിന്റെ രീതി ഇതോടെ ഇല്ലാതാവും.

കേരളത്തില്‍ ഏറ്റവും അധികം പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ലംഘനം ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയാണ്. 100 രൂപയായിരുന്നു ഇതിന് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ആയിരം രൂപയാണ് പിഴ. മാത്രമല്ല, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്.

.ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ് ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്.

No comments:

Post a Comment